ADVERTISEMENT

പൈനാപ്പിൾ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കർഷകശ്രീ ഓൺലൈൻ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പൈനാപ്പിൾ കൃഷി എന്തുകൊണ്ടു നഷ്ടമാകുന്നു എന്ന വിഷയത്തിൽ 4 കാര്യങ്ങളാണ് പങ്കുവച്ചത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതും കർഷകരെ ഏറെ വലയ്ക്കുന്നതുമായ വിഷയമാണ് പാട്ടത്തുക കുത്തനെ ഉയർന്നത്. പാട്ടത്തുക ഉയർന്നതുമൂലം സാധാരണക്കാരും ചെറുകിട കർഷകരുമാണ് കൃഷി ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നത്. ഇനി കൃഷി ചെയ്താൽത്തന്നെ ചെലവിന് അനുസരിച്ചുള്ള വരുമാനം കിട്ടുന്നുമില്ല. 

കോവിഡ്–19 പൈനാപ്പിൾ മേഖലയിൽ ഉണ്ടാക്കിയ തകർച്ചയുടെ ആഘാതം ഏറ്റുവാങ്ങിയ ഒരു യുവകർഷകനാണ് വാഴക്കുളം സ്വദേശിയായ അഭിജിത്ത് അനിൽ. ഇപ്പോൾ തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പാട്ടത്തുകയാണ് തങ്ങളേപ്പോലുള്ള ചെറുകിട കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു. പൈനാപ്പിൾ മേഖലയിലെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

‘എന്തുകൊണ്ട് പൈനാപ്പിൾ കൃഷിയിൽ നഷ്ടം സംഭവിക്കുന്നു? ഉയർന്ന പാട്ടം തന്നെയാണ് കാരണം. പാട്ടം ഇത്ര ഉയരാനുള്ള കാരണം കർഷകർ തന്നെയാണ്. ചെറുകിട കൃഷിക്കാർക്ക് സ്ഥലം കിട്ടാതിരിക്കാൻ വലിയ വലിയ കൃഷിക്കാർ ഉയർന്ന പാട്ടത്തിന് സ്ഥലമെടുക്കുന്നു. കൃഷിയില്ലാതെ മുന്നോട്ട് പോവാൻ  പറ്റാതെ വരുമ്പോൾ സ്വഭാവികമായും ചെറുകിട കൃഷിക്കാരും ഉയർന്ന പാട്ടത്തിന് സ്ഥലമെടുക്കാൻ നിർബന്ധിതരാവുന്നു. കയ്യിൽ ഇട്ടുമൂടാൻ സ്വത്ത് ഉള്ള കൃഷിക്കാർ ഉയർന്ന പാട്ടത്തിനും ചെയ്യുമ്പോൾ അവർക്ക് വില കുറഞ്ഞുപോയാലും തട്ട് കിട്ടുന്നില്ല. അതേസമയം ഉള്ളതെല്ലാം പണയം വെച്ചും ലോൺ എടുത്തും കൃഷി ചെയ്യുന്ന സാധാരണ കൃഷിക്കാർ അടിമുടി തകർന്ന് പോവുകയാണ് ചെയ്യുന്നത്. ഉള്ള തോട്ടത്തിന് പാട്ടം കൊടുക്കാനും പണിയിക്കാനും പോലും പറ്റാത്ത അവസ്ഥ വരും. ഈ അവസ്ഥ നന്നായി ഇപ്പൊ അനുഭവിക്കുന്നവനാണ് ഞാൻ. ചക്കയ്ക്ക് ആവറേജ് വില കിട്ടിയിരുന്ന സമയത്തും ഇതിൽ നിന്നും വലിയ ലാഭം ഒന്നും ഇല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 365 ദിവസവും ഈ പെടാപാട് പെടുന്നതിന് നമുക്ക് എന്ത് പ്രയോജനമാണുള്ളത് എന്ന് വെറുതെ ഒന്ന് കർഷക സുഹൃത്തുക്കൾ ചിന്തിച്ചു നോക്ക്. ചെറുകിട കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ ബാധ്യതകൾ ഓരോ വർഷവും  ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. ആകെയുള്ള 9 സെന്റ് സ്ഥലവും വീടും ബാങ്കിൽവച്ച് ലോൺ എടുത്ത് കൃഷി ചെയ്ത് ആത്മഹത്യ ചെയ്ത എന്റെ അച്ഛൻ തന്നെ ചെറുകിട കൃഷിക്കാരുടെ പ്രതിസന്ധിക്ക് ഉദാഹരണമാണ്. 

ഒരാഴ്ച 30 രൂപ വില വന്നപ്പോൾ കൃഷിക്കാർ വീണ്ടും ഉയർന്ന പാട്ടത്തിന് സ്ഥലമെടുത്ത് തുടങ്ങി. വില വീണ്ടും 17ലേക്ക് എത്തിയത് അവരും അറിയുന്നില്ല പറമ്പ് ഉടമസ്ഥരും അറിയുന്നില്ല. പ്ലാറ്റ്ഫോം വെട്ടി, കുഴിയെടുത്ത് പറമ്പ് ഉടമസ്ഥൻ പറയുന്ന റബ്ബർ തൈ വാങ്ങി വെച്ചുകൊടുത്ത് മൂന്നര കൊല്ലം നോക്കി എടുത്ത് കൊടുക്കുന്നതിന്റെ കൂടെ എന്തിന് ഇത്രയും ഭീമമായ തുക പാട്ടം നൽകണം? വെറുതെ നമ്മുടെ ബാധ്യത വർധിപ്പിച്ച് നാട്ടുകാർക്ക് ലാഭം ഉണ്ടാക്കി കൊടുക്കണോ? കൃഷിക്കാരെല്ലാം സ്വയം ചിന്തിച്ച് ഒരു തീരുമാനമെടുക്കണം. ഇനി മുതൽ ഒരു നിശ്ചിത പാട്ടത്തിന് മുകളിലേക്ക് ആരും സ്ഥലമെടുക്കുന്നില്ല എന്ന്. ആദ്യമെല്ലാം ബുദ്ധിമുട്ടായിരിക്കും. എങ്കിലും കുറച്ച് കഴിയുമ്പോൾ നമുക്ക് സ്ഥലം കിട്ടിത്തുടങ്ങും. ഈ കൃഷിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ അഭ്യർഥനയായി മാത്രം ഇത് കണ്ടാൽ മതി. കൃഷി നേടിത്തന്ന വീടും സ്ഥലവും വിറ്റ് കൃഷി ഉണ്ടാക്കിയ ബാധ്യത തീർക്കാൻ നിക്കുകയാണ്... ഇനിയും ഈ രീതിയിൽ ആണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ കൃഷി നിർത്തുകയേ നിർവാഹമുള്ളൂ. 

കാശുള്ള വീട്ടിലെ യുവാക്കൾ മാത്രം പൈനാപ്പിൾ കൃഷി ചെയ്യട്ടെ... ഞങ്ങളെ പോലുള്ളവർ കൃഷി ചെയ്യാനുള്ള താൽപര്യവും ആഗ്രഹവും മനസിൽ കുഴിച്ചുമൂടി കൂലിപ്പണിക്ക് ഇറങ്ങട്ടെ...’

English summary: The truth behind the loss of pineapple cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT