ADVERTISEMENT

പരമാവധി 8 മാസം മാത്രം വിളദൈർഘ്യമുള്ള, സീസണിൽ മാത്രം കൃഷി ചെയ്യാറുള്ള ഇഞ്ചിയും മഞ്ഞളും സ്ഥിരവരുമാനമേകുന്ന കൃഷിയാക്കി മാറ്റാൻ സാധിക്കുമോ? വിലയിൽ വലിയ ഏറ്റക്കുറവുണ്ടാവാറുള്ള ഈ രണ്ടിനങ്ങളിൽനിന്നും തൃപ്തികരമായ തോതിൽ വരുമാനം കിട്ടണമെങ്കിൽ കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യണമെന്ന പരിമിതിയുണ്ട്. തുണ്ടുകൃഷിയിടങ്ങൾ നിറഞ്ഞ കേരളത്തിൽ അതു സാധ്യമല്ലാത്തതുകൊണ്ടാണ് ഇഞ്ചിക്കർഷകർ മറുനാടുകളിലേക്കു പോകുന്നത്. എങ്കിലും ലഭ്യമായ സാഹചര്യങ്ങളിൽ ഇഞ്ചിയെ ആദായവിളയാക്കാവുന്ന ചില തന്ത്രങ്ങൾ അറിയാം.

സ്ഥലം കണ്ടെത്തുമ്പോൾ

വലിയ തോതിൽ കൃഷി ചെയ്താലേ ഇഞ്ചിയും മഞ്ഞളുമൊക്കെ കർഷകന്റെ ജീവിതാവശ്യങ്ങൾ നിറ വേറ്റുന്ന വരുമാനസ്രോതസ്സായി മാറൂ. അതുകൊണ്ടുതന്നെ 5 ഏക്കറെങ്കിലും കൃഷിചെയ്താൽ  മാത്രമേ ഈ വിളകളെ ഉപജീവനമാർഗമാക്കാനും എന്തെങ്കിലും സമ്പാദിക്കാനും സാധിക്കൂ.  

തരിശായി കിടക്കുന്ന പറമ്പുകളും വലിയ തെങ്ങിൻതോപ്പുകളുമൊക്കെ ഇഞ്ചി /  മഞ്ഞൾകൃഷിക്കായി തയാറാക്കാം. വെള്ളക്കെട്ടിനു സാധ്യതയുണ്ടോയെന്നു പരിശോധിക്കണം. അങ്ങനെ വന്നാൽ കുമിൾബാധയ്ക്കും ചീയലിനും സാധ്യതയേറും. വിശേഷിച്ച് കാലം തെറ്റിയ മഴ അപ്രതീക്ഷിതമായി കടന്നുവരുന്ന സാഹചര്യത്തിൽ. ഒരു ഏക്കറിൽ തനിവിളയായി ചെയ്താൽ  10–15 ടൺ വീതം മഞ്ഞളും ഇഞ്ചിയും വിളവെടുക്കാമെന്നാണ് പൊതുവെ കണക്കാക്കുന്നത്.  അതായത്, ഉപയോഗിക്കുന്ന നടീൽവസ്തുക്കളുടെ 10–15 ഇരട്ടി വിളവ്. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ ഓരോ കൃഷിയിൽനിന്നും കുറഞ്ഞത് എത്ര വരുമാനം കണ്ടെത്തണമെന്ന കാര്യത്തിൽ കൃഷിക്കാരന് നിശ്ചയമുണ്ടായിരിക്കണം.  

ഉദാഹരണമായി  ഒരു ഏക്കറിൽ ഇഞ്ചിക്കൃഷി ചെയ്തെന്നു കരുതുക. ഏകദേശം 2 ലക്ഷം രൂപയോളം ഉൽപാദനച്ചെലവുണ്ടാകും. ഒരു കിലോ ഇഞ്ചിക്കു കുറഞ്ഞത് 20 രൂപ വില  പ്രതീക്ഷിക്കാം.  ഏറ്റവും മോശം സാഹചര്യത്തിൽപോലും  10,000 കിലോ ഉൽപാദനം നേടുന്ന കൃഷിക്കാര്‍ക്ക് നഷ്ടം വരില്ലെന്നു സാരം.  ഇനി കിലോയ്ക്ക് 20 രൂപപോലും വില ലഭിക്കാത്ത സാഹചര്യമുണ്ടായലോ? തൈ/ വിത്തിഞ്ചി ഉൽപാദനം പോലുള്ള അധികവരുമാനമാർഗങ്ങൾ ഒരു പരിധി വരെ സ്വീകരിക്കാം.  മഞ്ഞളാണ് കൃഷി ചെയ്യുന്നതെങ്കിൽ ഏക്കറിനു പരമാവധി ഒരു ലക്ഷം രൂപ ഉൽപാദനച്ചെലവ് പ്രതീക്ഷിക്കാം. കിലോയ്ക്ക് 10 രൂപ മാത്രം  കിട്ടിയാൽപോലും ഇത്രയും തുക തിരിച്ചുപിടിക്കാൻ  100 ക്വിന്റൽ ഉൽപാദനം  നേടണം. ഇത്  അസാധ്യമായ കാര്യമല്ലതാനും.  ഇപ്രകാരം ഉൽപാദനലക്ഷ്യത്തോടെ കൃഷി ചെയ്യുന്നവർക്ക് ചെലവ്  നിയന്ത്രിക്കാനും കഴിയും. നിശ്ചിത തുകയിലധികം  മുടക്കേണ്ടിവരാത്ത വിധത്തിൽ വിളപരിപാലനം ക്രമീകരിക്കാനാവും. എന്നാൽ ഈ തന്ത്രം ഒരു പരിധിയിലധികം  ഫലപ്രദമാവണമെന്നില്ല. രണ്ടു വിളകളുടെയും മൊത്തം കൃഷിച്ചെലവിന്റെ ഗണ്യമായ പങ്കും ആദ്യ ആഴ്ചകളിൽതന്നെ വേണ്ടിവരുമെന്നതാണ് കാരണം.  

കൃഷിക്കു പറ്റിയ ഇനങ്ങള്‍

ഇഞ്ചിയിലും മഞ്ഞളിലും  വ്യത്യസ്ത ഇനങ്ങൾ ലഭ്യമാണ്. കർഷകന്‍ തന്റെ സാഹചര്യത്തിനും വിപണിക്കും യോജിച്ചവ തിരഞ്ഞെടുക്കണം. ഏതു വിപണിക്കുവേണ്ടിയാണ് ഉൽപാദനമെന്ന് കൃഷിയിറക്കും മുന്‍പ് നിശ്ചയമുണ്ടാകുന്നത് യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കും. ചുക്ക് വിൽക്കാൻ ആഗ്രഹിക്കുന്നവർ അതിനു യോജിച്ച ഇനങ്ങൾ കണ്ടെത്തുമ്പോൾ കറിയിഞ്ചി വിപണിയിൽ നോട്ടമുള്ളവർ റിയോഡി ജനീറോപോലുള്ള ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. വിലത്തകർച്ചയുണ്ടായാല്‍   ഇഞ്ചി ഉണങ്ങി ചുക്കുണ്ടാക്കി പിന്നീട് വില ഉയരുമ്പോൾ വില്‍ക്കാം.  വരദ, മഹിമ എന്നിവ ചുക്കിനു പറ്റി യ ഇനങ്ങളാണ്. എന്നാൽ 6 മാസത്തിലധികം ചുക്ക് സംഭരിച്ചു സൂക്ഷിക്കാനുള്ള സാഹചര്യം കർഷകർ ക്കുണ്ടാവില്ല. കറിയിഞ്ചിക്കുള്ള ഇനങ്ങൾ ചുക്കാക്കിയാൽ വലിയ നഷ്ടമാകും. ഇവയില്‍  ജലാംശം കൂടുതലാണെന്നതുതന്നെ കാരണം. കുർകുമിൻ കൂടുതലടങ്ങിയ പ്രതിഭപോലുള്ള മഞ്ഞൾ ഇനങ്ങൾ സംസ്കരണ വ്യവസായത്തിനു കൂടുതൽ യോജിച്ചതാണ് മഴക്കുറവുള്ള സ്ഥലങ്ങൾക്കു യോജിച്ച ഇനങ്ങളും തൈലം വേർതിരിച്ചെടുക്കാൻ യോജിച്ച ഇനങ്ങളുമൊക്കെ ഇപ്രകാരം കണ്ടെത്താം.

വിളവൈവിധ്യവും സാധ്യതകളും 

ഇഞ്ചിവർഗത്തിൽപ്പെട്ട മലയിഞ്ചി, കോലിഞ്ചി, മാങ്ങാ ഇഞ്ചി എന്നിവയും കസ്തൂരി മഞ്ഞൾ, കരിമഞ്ഞൾ എന്നിവയും കൃഷി ചെയ്യാം. ഒരു ഇനത്തിനു വില താഴ്ന്നാലും മറ്റിനങ്ങൾ നഷ്ടസാധ്യത കുറയ്ക്കുമെന്നതാണ് ഇതിന്റെ മെച്ചം. എന്നാൽ ഇത്തരം സവിശേഷവിളകൾക്ക് സവിശേഷ വിപണികൾ മാത്രമാണുണ്ടാവുക. ഒളിഞ്ഞിരിക്കുന്ന ഇത്തരം വിപണിസാധ്യകതൾ കണ്ടെത്തിയാല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാം. കസ്തൂരിമഞ്ഞൾ പൊടിയാക്കി കിലോയ്ക്ക് 3000 രൂപ നേടുന്നവരെക്കുറിച്ച് കഴിഞ്ഞ ലക്കത്തിൽ വായിച്ചിട്ടുണ്ടാകും. ചെറിയ വിപണികളായതിനാൽ ഇത്തരം വിളകൾ മാത്രമായി കൃഷി ചെയ്യുന്നതും ബുദ്ധിയല്ല. ഇഞ്ചിക്കും മഞ്ഞളിനുമൊപ്പം അധികവരുമാനസാധ്യതയാക്കാമെന്നു മാത്രം. 

ginger

നടീൽവസ്തുവും വിപണിസാധ്യതയും

ഇഞ്ചി– മഞ്ഞൾവിളകളുടെ കൃഷിച്ചെലവിൽ നാലിലൊരു ഭാഗം നടീൽവസ്തുക്കൾക്കാണ്. ഓരോ വിളവെടുപ്പിലെയും 10 ശതമാനം ഉൽപാദനം അടുത്ത കൃഷിക്കായി നീക്കിവയ്ക്കേണ്ടിവരുന്നത്  വരുമാനം കുറയാനിടയാക്കുന്നു. എന്നാൽ ഇത്തരം ഭൂകാണ്ഡങ്ങളുടെ തീരെ  ചെറിയ കഷണങ്ങൾ പ്രോട്രേകളിൽ വളർത്തി നടീൽവസ്തുക്കളാക്കുന്ന  രീതി പ്രചരിച്ചുവരുന്നുണ്ട്. സാധാരണ നടീൽവസ്തുക്കളുടെ മൂന്നിലൊന്നുമാത്രം വലുപ്പമുള്ള മഞ്ഞൾ /  ഇഞ്ചി കഷണങ്ങൾ പ്രോട്രേകളിലെ മാധ്യമത്തിൽ വളർത്തിയെടുക്കുകയാണ് ചെയ്യുക. ഇപ്രകാരം വളർന്നുകിട്ടുന്ന ഇഞ്ചി– മഞ്ഞൾ തൈകളിൽനിന്നു ആരോഗ്യമുള്ളവ തിരഞ്ഞെടുത്ത് കൃഷി ചെയ്യാം. എന്നാൽ വൻതോതിൽ ഏക്കറുകണക്കിനു കൃഷിചെയ്യുന്നവർക്ക് ഇതു പ്രായോഗികല്ല.

വിളവെടുത്ത ഇഞ്ചിയും മഞ്ഞളുമൊക്കെ ശരിയായ രീതിയിൽ വിത്തുപചാരം നടത്തി അടുത്ത കൃഷിക്കായി സൂക്ഷിച്ചാൽ നടീൽവസ്തുവിപണനത്തിലൂടെ വരുമാനം കണ്ടെത്താം. പച്ചയായി വിൽക്കുന്നതിലും കൂടുതൽ വിലയും ഡിമാൻഡും കണ്ടെത്താൻ ഇതു സഹായിക്കും. ഉണങ്ങി സൂക്ഷിച്ച വിത്തുകൾക്കൊപ്പം അവ ഗ്രോബാഗിൽ പാകി ചെറുതൈകളാക്കി വിൽക്കുന്നത് ഇന്നു വലിയ സാധ്യതയാണ്.  നഗര പ്രദേശ ങ്ങളിൽ ഇത്തരം ഇഞ്ചി ഗ്രോബാഗുകൾ വിതരണം ചെയ്താൽ വാങ്ങാൻ ആളുണ്ടാവും. 50 രൂപയ്ക്ക് അനായാസം വിൽക്കാനാവുന്ന ഇത്തരം ഇഞ്ചി– മഞ്ഞൾ ഗ്രോബാഗുകൾക്ക് പകുതി ഉൽപാദനച്ചെലവേ വേണ്ടിവരൂ. മുടങ്ങാതെ നനച്ചു പരിചരിക്കുന്ന ഗ്രോബാഗിൽനിന്നു 3 കിലോയോളം വിളവു കിട്ടുമെന്നതിനാൽ വാങ്ങുന്നവർക്കും ഇതു നേട്ടം. ഇഞ്ചിമുകുളങ്ങൾ പ്രോട്രേകളിൽ വളർത്തിയും നടീൽവ സ്തുക്കളുണ്ടാക്കാം.

മൂല്യവർധന സാധ്യതകൾ

6–8 മാസം കൊണ്ടു വിളവെടുപ്പ് നടക്കുന്ന ഇഞ്ചിയും മഞ്ഞളും തുടർന്നുള്ള 4 മാസങ്ങളിൽ സംസ്കരിച്ചു മൂല്യവർധന നടത്തുന്ന പക്ഷം കൃഷിക്കാർക്ക് ആഗ്രഹിക്കുന്ന വില നേടാം. മഞ്ഞളിനു വളരെ ലളിതമായ മൂല്യവർധന– പൊടിച്ചുവിൽക്കുക– മാത്രമാണ് വേണ്ടിവരിക.  മഞ്ഞളിന്റെ പ്രാഥമിക സംസ്കരണം രണ്ടു വിധത്തിൽ സാധ്യമാണ്. പരമ്പരാഗതരീതിയിൽ പുഴുങ്ങിയുണങ്ങുകയോ പച്ചമഞ്ഞൾ അരിഞ്ഞുണങ്ങുകയോ ആവാം. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടെങ്കിലും പരമാവധി കുർകുമിൻ  ലഭിക്കാനും സൂക്ഷിപ്പുകാലം കൂട്ടാനും പുഴുങ്ങുന്നതുതന്നെയാണ് മെച്ചമെന്ന് വിദഗ്ധർ.  പുഴുങ്ങാത്ത മഞ്ഞൾ പെട്ടെന്നുണങ്ങാന്‍ കനം കുറച്ച് അരിഞ്ഞാൽ മതി.  ഏറ്റവും ഡിമാൻഡുള്ള ഇഞ്ചിയുൽപന്നം ചുക്ക് തന്നെ. 

വിളവു കൂട്ടാന്‍ പത്രപോഷണം, നന

കൃഷി ആയാസരഹിതമാക്കുന്നതിനും ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായകമായ നൂതന വിളപരിപാലനരീതിയാണ് പത്രപോഷണം അഥവാ ഫോളിയാർ സ്പ്രേ. പോഷകക്കൂട്ടുകളുടെ ലായനി ഇലകളിൽ തളിച്ചുകൊടുക്കുന്നതുവഴി പോഷകങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ ചെടികൾക്കു ലഭ്യമാകുന്നു. പരമ്പരാഗത വളപ്രയോഗത്തെക്കാൾ അധ്വാനഭാരം കുറവാണെന്ന മെച്ചവുമുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കു വേണ്ടി പ്രത്യേകം തയാറാക്കിയ സൂക്ഷ്മമൂലകക്കൂട്ടുകൾ ലഭ്യമാണ്. അവ തളിച്ചാല്‍ ഉയർ ന്ന ഉൽപാദനക്ഷമത ഉറപ്പാക്കാം. കാപ്സ്യൂൾ രൂപത്തിലുള്ള ജീവാണുവളങ്ങളും അധ്വാനഭാരവും ചെലവും കുറയ്ക്കും. അമിതവളപ്രയോഗം മൂലമുള്ള ദോഷങ്ങൾ ഒഴിവാക്കാനുമാവും. മഴയെ ആശ്രയിച്ചാണ് കേരളത്തിൽ പൊതുവെ കൃഷി. എന്നാൽ നനസൗകര്യം ഏർപ്പെടുത്തി  മാർച്ച് മാസത്തി ൽ കൃഷിയിറക്കുന്നത് ഉൽപാദനക്ഷമത ഗണ്യമായി വർധിപ്പിക്കും ഇഞ്ചിക്കൃഷിയിൽ പൊതുവെ തളിനനയാണ് നല്ലത്. 

ചെലവ് ചുരുക്കാൻ

ഉൽപാദനച്ചെലവ് പരമവാധി കുറയ്ക്കാനുള്ള നടപടികളാണ് ഇഞ്ചി– മഞ്ഞൾ കൃഷിയുടെ തിളക്കം വർധിപ്പിക്കുന്നത്. നന്നായി പുതയിടുന്നതുവഴി കളശല്യം കുറച്ച് കൂലിച്ചലവ് ലാഭിക്കാം.  ശരിയായ ജൈവപുത നൽകിയ വാരങ്ങളിൽനിന്നു കള നീക്കാൻ ചെറിയ തുകയേ മുടക്കേണ്ടിവരൂ. പത്തേക്കറും അതിലധികവും  കൃഷിചെയ്യുന്നവർ യന്ത്രസഹായം തേടുന്നതു നന്ന്.  മണ്ണിളക്കാൻ മാത്രമല്ല, വാരം കോരാനും വിളവെടുപ്പിനുമൊക്കെ യന്ത്രങ്ങളാകാം.'

വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി.ശശികുമാർ (റിട്ട.), ഡോ. ലിജോ തോമസ്, ഡോ. ഡി.പ്രസാദ് (ഐഐഎസ്ആർ, കോഴിക്കോട്)

English summary:  Ginger and Turmeric Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com