ADVERTISEMENT

‘എരിവിന്റെ രാജാവ്’ എന്നറിയപ്പെടുന്ന മുളകിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ലല്ലോ. പച്ചമുളകായും ഉണങ്ങിയ മുളകായും മുളകു പൊടിയായും സത്തുമായുമൊക്കെ ഉപയോഗിച്ചു വരുന്ന ഈ വിള നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എരിവ് മാത്രമല്ല, ജീവകം ‘സി’യുടെയും ഉറവിടമായ ഈ വിള നിത്യേനയുള്ള വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒന്നാണ്. 

ഇനങ്ങൾ 

സ്വദേശികളും വിദേശികളുമായ ഒട്ടനവധി ഇനങ്ങൾ മുളകിൽ കണ്ടുവരുന്നുണ്ട്. പൂന്തോട്ടങ്ങൾ അലങ്കരിക്കുന്ന അലങ്കാര മുളക് മുതൽ ഒട്ടും എരിവില്ലാത്ത ‘പാപ്രിക്ക’ ഇനങ്ങൾ വരെ ഇതിലുൾപ്പെടും. എന്നാൽ, കേരളത്തിലെ വീട്ടുവളപ്പുകളിൽ കൂടുതലും നാടൻ ഇനങ്ങളാണു കണ്ടുവരുന്നത്. നാടൻ ഇനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരുമുണ്ട്. വലുപ്പത്തിലും നിറത്തിലും ആകൃതിയിലും എരിവിന്റെ അളവിലുമൊക്കെ വ്യത്യാസമുള്ള ഒട്ടേറെ നാടൻ ഇനങ്ങളുണ്ട്. 

chilli-kanthari
കാന്താരി മുളക്

ചൂന മുളക് / കാന്താരി

തണലുള്ള സ്ഥലങ്ങളിലും അടിക്കാടുകളിലുമൊക്കെ താനെ മുളച്ചുയരുന്ന ചൂന മുളക് പല ആയുർവേദ ഔഷധങ്ങളിലും ഉപയോഗിച്ചു വരുന്നുണ്ട്. പച്ചകാന്താരി, നീല കാന്താരി എന്നീ പേരുകളിൽ അറിയപ്പെടുന്ന വളരെ ചെറിയ ഇത്തരം മുളകിന് നല്ല ഡിമാൻഡ് ആണ്. പക്ഷികൾ വഴി ഇതിന്റെ വിത്തുകൾ വീണ് തൈകൾ താനേ മുളച്ചു വരും. മുകളിലേക്കു വരുന്ന ഇത്തരം മുളക്, പ്രത്യേകിച്ച് പരിപാലനങ്ങളൊന്നുമില്ലാതെ തന്നെ നല്ല വിളവ് തരും.

ഇതിനു പുറമെ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന ഇനമാണ് വെള്ള കാന്താരി. ആനക്കൊമ്പിന്റെ നിറത്തിലുള്ള ഈ മുളക് പാൽമുളക്, സൂര്യകാന്താരി എന്നൊക്കെ അറിയപ്പെടുന്നുണ്ട്. പ്രത്യേക മണവും രുചിയിലുമുള്ള ഇത്തരം മുളക് ‘വടകപ്പുളി’ നാരങ്ങയുമായി ചേർത്ത് അച്ചാറുണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലമായാൽ വൈറസ് മൂലവും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ശല്യം മൂലവും ഇലകൾ കുരുടിച്ച് വിളവ് കുറയും. അതിനാൽ എല്ലാ വർഷവും മഴക്കാലാരംഭത്തോടെ തൈകൾ പറിച്ചു നടണം. പടർന്ന് വളരുന്നതിനാൽ രണ്ടടി (60 cm) എങ്കിലും അകലം നൽകണം. കേരളകാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിൽ നിന്നും ‘വെള്ളായണി സമൃദ്ധി’ എന്ന മേൽത്തരം വെള്ള കാന്താരിയിനം പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളില്‍ ഇടവിളയായി കമുകിൻ തോട്ടങ്ങളിലോ, വാഴത്തോട്ടങ്ങളിലോ കാന്താരി തൈകൾ നടാവുന്നതാണ്. തണലുള്ള സ്ഥലങ്ങളിൽ, ജലസേചന സൗകര്യമുണ്ടെങ്കിൽ കൃഷി ചെയ്യാം. 

chilli-mali
മാലി മുളക്

മാലി മുളക് 

തൃശൂർ, ഇടുക്കി, ജില്ലകളിലെ ചില കർഷകർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരിനമാണ് മാലിമുളക്. നെയ്മുളക്, കരണംപൊട്ടി മുളക് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഇനത്തിന് പ്രത്യേക മണവും രുചിയും എരിവുമുണ്ട്. പച്ച, വെള്ള, വയലറ്റ് എന്നീ നിറങ്ങളിലും പല ആകൃതികളിലും മാലി മുളക് കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും എരിവു കൂടിയ മുളകിനമായ ‘‘കരോലിന റീപ്പർ’’ ഈ വിഭാഗത്തിൽപ്പെട്ടയിനമാണ്. ഒരു വീട്ടിൽ രണ്ടോ മൂന്നോ ചെടികൾ ഉണ്ടായാൽ തന്നെ ധാരാളം മുളക് ലഭിക്കും. മത്സ്യം, മാംസം കൊണ്ടുള്ള വിഭവങ്ങളിൽ ചേർക്കാം. കാന്താരിയുടെ പോലെ തന്നെ തണുപ്പുള്ള സ്ഥലങ്ങളിൽ നടാവുന്ന ഇനം. പടർന്നു വളരുന്നതിനാൽ 2–2.5 അടി (60m- 75cm) അകലത്തിൽ നടാവുന്നതാണ്. മാലി മുളകിന്റെ മേൽത്തരം ഇനമായ ‘‘വെള്ളായനി തേജസ്സ്’’ കാർഷികസർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. 

മേൽത്തരം ഇനങ്ങൾ

കൂടുതൽ വിളവ് നൽകുന്ന, ബാക്ടീരിയൽ വാട്ടരോഗ പ്രതിരോധശേഷിയുള്ള ഉജ്ജ്വല, അനുഗ്രഹ എന്നീയിനങ്ങൾ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുലകളായി മുളകുണ്ടാകുന്ന ഉജ്ജ്വല എന്നയിനം നല്ല എരിവുള്ളതും അത്യുൽപാദനശേഷിയുള്ളതുമാണ്. പൂന്തോട്ടങ്ങളിൽ അലങ്കാരമുളകായും നടാവുന്നതാണ്. ഇളംപച്ചനിറത്തിലുള്ള എരിവ് കുറഞ്ഞ ഇനമാണ് അനുഗ്രഹ. ഇതിനു പുറമെ വെള്ളായനി അതുല്യ, കീർത്തി, ജ്വാലാസഖി, ജ്വാലാമുഖി എന്നിവയും അത്യുൽപാദന ശേഷിയുള്ളവയാണ്. ഇവ കൂടാതെ മുളകിന്റെ ഗ്രാഫ്ത് തൈകളാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നത്. ‘സീയറ’ പോലെയുള്ള ചില ഹൈബ്രിഡ് ഇനങ്ങൾ ബാക്ടീരിയ വാട്ടരോഗ പ്രതിരോധ ശേഷിയുള്ള ‘ഉജ്ജ്വല’ എന്നയിനത്തിൽ ഗ്രാഫ്ത് ചെയ്തശേഷം പോളി ഹൗസുകളിലും മറ്റും കൃഷി ചെയ്തുവരുന്നുണ്ട്. ഇത്തരം തൈകൾ  കേരള കാർഷികസർവകലാശാലയുടെ വെള്ളാനിക്കരയിലെ ഹൈടെക് ഫാമിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. 

chilli-anugraha
അനുഗ്രഹ

കൃഷി രീതികൾ

വിത്ത് പാകി ഏകദേശം 25 ദിവസം മുതൽ 30 ദിവസം വരെ പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്. ഏപ്രിൽ–മേയ് മാസങ്ങളിൽ വിത്ത് പാകി മഴയ്ക്കു മുമ്പ് തന്നെ തൈ പറിച്ചു നടാം. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലും തൈകൾ നടാവുന്നതാണ്. നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം ഉണക്കിപ്പൊടിച്ച കാലിവളം ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടമാക്കി നടാനുള്ള ചാലുകളിൽ വിതറണം. പിന്നീട് മണ്ണുമായി ചേർത്തിളക്കണം. ചാലുകളിലോ, തടത്തിലോ, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ സമം ചേർത്ത് മണ്ണുമായി ഇളക്കി ചേർത്ത ശേഷം 45– 60 സെ.മീ അകലത്തിലായി തൈകൾ നടാം. മൺചട്ടികളിലും ചാക്കുകളിലുമൊക്കെ പോട്ടിങ് മിശ്രിതവും ജൈവവളക്കൂട്ടും ചേർത്ത് തൈകൾ നടാൻകഴിയും. സ്ഥലപരിമിതിയുള്ളവർക്ക് മട്ടുപ്പാവിലും കൃഷി ചെയ്യാം. 

വെയിൽ ഉണ്ടെങ്കിൽ തൈകൾക്ക് തണൽ കൊടുക്കുകയും നിത്യേന നനയ്ക്കുകയും വേണം. ഒരാഴ്ച കഴിഞ്ഞാൽ തണൽ മാറ്റാം. ചെടികളുടെ കടയ്ക്കൽ വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്. നട്ട് ഒരു മാസം കഴിഞ്ഞാൽ ജൈവവളക്കൂട്ട് ചെടികൾക്ക് ചുറ്റും ഇട്ട് മണ്ണിളക്കി കൊടുക്കാം. ഒപ്പം നനച്ചു കൊടുക്കുകയും വേണം. പൊടിച്ച കടലപ്പിണ്ണാക്ക്, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം, വെർമി കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ചേർത്താൽ മതി. കോഴിക്കാഷ്ഠം കുറഞ്ഞ തോതിൽ ഇട്ടശേഷം നന്നായി നനയ്ക്കണം. ചെടികളുടെ വളർച്ചയ്ക്കനുസരിച്ച് വളം ഇടയ്ക്കിടയ്ക്ക് ചേർക്കാം. നന്നായി പൂവിടുന്നതിന് ചാരമോ, പൊട്ടാഷ് വളമോ കൊടുക്കണം. മഴ കുറയുന്നതോടെ നനച്ചു കൊടുക്കേണ്ടതാണ്. വീട്ടാവശ്യത്തിന് കൃഷി ചെയ്യുമ്പോൾ ജൈവകൃഷിരീതിയാണ് നല്ലത്. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർ രാസവളങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. കൃത്യതാകൃഷിയിൽ രാസവളങ്ങൾ ലായനി രൂപത്തിലാണ് നൽകുന്നത്. 

കേരളത്തിലെ കാലാവസ്ഥയിൽ പച്ചമുളകായിട്ടാണ് അധികവും വിളവെടുക്കുന്നത്. എന്നാൽ വരണ്ട കാലാവസ്ഥയുള്ള പാലക്കാട്, ചിറ്റൂർ മേഖലയിൽ ഓണക്കാലം വരെ പച്ചമുളകായി വിളവെടുത്ത് പിന്നീട് പഴുത്ത മുളക് ശേഖരിച്ച് ഉണക്കിയെടുക്കുന്നുണ്ട്. ഫെബ്രുവരി– മാർച്ച് മാസങ്ങളോടെ വളർച്ച മുരടിച്ച് വിളവ് കുറയും. 

കീടരോഗനിയന്ത്രണം

മുളക് കൃഷി ചെയ്യുമ്പോൾ ഉള്ള ചില പ്രധാന പ്രശ്നങ്ങളാണ് ഇല കുരുടിപ്പ്, കടചീയൽ, ചെടികളുടെ വാട്ടം എന്നിവ. 

  • ഇല മുരടിപ്പ്

ഇലകൾ ചെറുതായി, ചുരുങ്ങുകയും വളർച്ച മുരടിക്കുന്നതായും കാണാം. മഴക്കാലം കഴിയുന്നതോടെയാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. പുതിയ ഇലകൾ വീതികുറഞ്ഞ് താഴേക്കു വളഞ്ഞ് സഞ്ചിപോലെയാകുകയും ചെയ്യുന്നത് മണ്ഡരികളുടെ (മൈറ്റുകൾ) ആക്രമണം മൂലമാണ്. ഇലയുടെ അടിയിൽ ഇവ കൂട്ടത്തോടെ ഇരുന്ന് നീരൂറ്റിക്കുടിക്കുന്നതു മൂലമാണ് ഇലകൾ ചുരുണ്ടു വരുന്നത്. ഇലകളുടെ അടിഭാഗത്ത് വെള്ളം ശക്തിയായി സ്പ്രേ ചെയ്യുന്നതും തണുത്ത കഞ്ഞിവെള്ളത്തിൽ ഇളംതണ്ടും ഇലകളും മുക്കിയെടുക്കുന്നതും ഇവയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. സൾഫെക്സ് 4 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും മണ്ഡരികളെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. 

ഇതുപോലെ തന്നെ ഇലകൾ ചെറുതായി മുകളിലോട്ട് വളഞ്ഞ് മലർത്തിവച്ച് കപ്പുപോലെ ആകുന്നത് ഇലപ്പേനുകളുടെ (ത്രിപ്സ്) ആക്രമണം മൂലമാണ്. ഇവയെ നിയന്ത്രിക്കാൻ 5 % വേപ്പിൻ കുരു സത്ത് ലായനിയോ 2%  വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതമോ തളിച്ച് കൊടുക്കാവുന്നതാണ്. 

ഇളംതണ്ടിലും പുതിയ ഇലകളിലും തവിട്ടു നിറത്തിലോ, കറുത്ത നിറത്തിലോ ഉള്ള എഫിഡുകൾ (മുഞ്ഞ) കൂട്ടമായി നീരുകുടിക്കുന്നതു കൊണ്ടും ഇലചുരുളൽ വരാം. ചെറിയ കമ്പുകൾകൊണ്ട് അമർത്തി അവയെ കൊല്ലുകയും ആവശ്യമെങ്കിൽ പുകയിലകഷായം തളിക്കുകയും ചെയ്താൽ മതി. 

ചിലപ്പോൾ മുളകുപൊടിയും തളിരിലകൾ ചെറുതാകുകയും ഇലകളിൽ മഞ്ഞ, പച്ച് എന്നീ നിറങ്ങൾ ഇടകലർന്ന് കാണപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വൈറസ്ബാധ മൂലമുള്ള ‘മൊസേക്’ രോഗമാകാം. ഇത്തരം ചെടികൾ പറിച്ചു മാറ്റി നശിപ്പിക്കുകയോ, കുരുടിച്ച ഇലകളും തണ്ടുകളും മുറിച്ചു മാറ്റുകയോ ചെയ്യണം. രോഗം പരത്തുന്ന ഇലപ്പേൻ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കണം. ഉജ്ജ്വല, കീർത്തി എന്നീ മുളകിനങ്ങളിൽ വൈറസ് ബാധ താരതമ്യേന കുറവാണ്. 

  • കടചീയലും ചെടികളുടെ വാട്ടവും

തൈകൾ മുതൽ വലിയ ചെടികൾ വരെ വാടിപ്പോകുന്നതായി കാണാം. തവാരണകളിൽ തൈചീയൽ ഒഴിവാക്കാൻ വിത്ത് സ്യൂഡോമൊണാസ് പൊടിയുമായി ചേർത്ത ശേഷം പാകണം. നന നിയന്ത്രിക്കണം. ട്രൈക്കോഡെർമ ചേർത്ത കാലിവളം തവാരണകളിൽ ചേർത്തു കൊടുക്കണം. 

പറിച്ചു നട്ട തൈകൾ ഉണങ്ങിപോകുന്നത് കുമിളിന്റെ ആക്രമണം മൂലമോ, ബാക്ടീരിയ മൂലമോ ആകാം. ബാക്ടീരിയ വാട്ട രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ (ഉജ്ജ്വല) കൃഷി ചെയ്യുക, ട്രൈക്കോഡർമ ചേർത്തു കാലിവളം ഉപയോഗിക്കുക, ഗ്രാഫ്റ്റ് ചെയ്തു മുളകിൻ തൈകൾ നടുക എന്നിവ ചെയ്യാവുന്നതാണ്. ചെടികളുടെ ചുറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്.

വിലാസം: ഡോ. പി. ഇന്ദിര, പ്രൊഫസർ (റിട്ട.), കെഎയു, വെള്ളാനിക്കര

English summary:  Chilli Farming Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com