ADVERTISEMENT

ഏറെ ഔഷധഗുണമുള്ള ചെടിയാണ് മുരിങ്ങ. നമ്മുടെ പൂർവികർക്ക് അതു നന്നേ ബോധ്യമുള്ളതുകൊണ്ടാണ് മുരിങ്ങ വീട്ടുവളപ്പിലും തൊടികളിലും സ്ഥാനം പിടിച്ചത്. 

മുരിങ്ങയുടെ ഇല, പൂവ്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നന്ന്. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ്  മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.

മുരിങ്ങയിലയിലുള്ള വൈറ്റമിൻ–സി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായകരമാണ്. നാരുകൾ അടങ്ങിയതിനാൽ ശോധനയ്ക്കു നന്ന്.  മുരിങ്ങയില സ്ഥിരം കഴിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കും. കുട്ടികളുടെ ശരീരപുഷ്ടിക്കും, കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നതു ഫലപ്രദമാണ്.

മുരിങ്ങയിലത്തോരൻ ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും, മുലയൂട്ടുന്നവർക്കു മുലപ്പാൽ വർധിക്കാനും, പുരുഷബീജത്തിന്റെ ശരിയായ വളർച്ചയ്ക്കും സഹായകം. മുരിങ്ങയില തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ തടയുന്നു. മുരിങ്ങയില  ജ്യൂസ് ഉപ്പിട്ടു കുടിച്ചാല്‍ വായുകോപം ഒഴിവാക്കാം. ചർമരോഗങ്ങളും അകാലനരയും ഇല്ലാതാക്കി ചെറുപ്പം നിലനിർത്താനും ഇതു സഹായിക്കുന്നു. ഹൃദയം, വൃക്ക, കരൾ മുതലായ അവയവങ്ങളുടെ ആരോഗ്യത്തിനും, മൂലക്കുരു തടയുന്നതിനും ഉപകാരപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ, നീര് വലിയുകയും വേദന കുറയുകയും ചെയ്യും. മുരിങ്ങയില ഇട്ടു വേവിച്ച വെള്ളത്തിൽ ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ജീവിതശൈലീ രോഗങ്ങൾ തടയും. 

മുരിങ്ങയിലച്ചായ ശരീരവേദനയ്ക്കു ശമനമുണ്ടാക്കും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാല്‍ മതി. ഇതിനായി മുരിങ്ങയില തണ്ടോടെ അടര്‍ത്തിയെടുത്ത് പേപ്പറിൽ അമർത്തിപ്പൊതിഞ്ഞുവച്ച് എട്ട് മണിക്കൂ റിനുശേഷം എടുത്തു കുടഞ്ഞാൽ അനായാസം ഇലകൾ തണ്ടിൽനിന്നു വേർപെട്ടു കിട്ടും. ഇങ്ങനെ പൊടിച്ചെടുത്ത പൊടി, വായു കടക്കാത്ത ടിന്നുകളിലോ കവറുകളിലോ സൂക്ഷിച്ചുവയ്ക്കാം.

അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ മുരിങ്ങ അമിതമായി കഴിച്ചാൽ ദഹനക്കേടും വയറിളക്കവുമുണ്ടാകാം.  മുരിങ്ങ അബോർട്ടീവ് മെഡിസിൻകൂടി ആയതിനാൽ ഗർഭാവസ്ഥയിലെ ആദ്യമാസങ്ങളിൽ ഇതു കഴിക്കരുത്. 

ചെടിമുരിങ്ങ തയാറാക്കുന്ന വിധം 

നല്ലയിനം വിത്തുകൾ തിരഞ്ഞെടുത്ത്, 6 മുതൽ 8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തിടുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിത്തുകൾ ഒഴിവാക്കേണ്ടതാണ്. പിന്നീട് ചകിരിച്ചോർമിശ്രിതത്തിൽ വിത്തുകൾ പാകി നനയ്ക്കുക. രണ്ടാഴ്ച വളർച്ചയാകുമ്പോൾ മാറ്റി ചട്ടിയിലേക്ക് നടുക. ചട്ടികൾ തയാറാക്കുമ്പോൾ ചുണ്ണാമ്പ് ചേർത്ത മണ്ണ് ഉപയോഗിക്കുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ആട്ടിൻകാഷ്ഠം മിശ്രിതം  നൽകാം. ഒരടി ഉയരം എത്തുമ്പോൾ അറ്റം നുള്ളിക്കൊടുക്കുന്നത് വശങ്ങളിലെ ശിഖരങ്ങൾ വേഗത്തില്‍ വളരാനും  വിളവ് വർധിക്കാനും സഹായിക്കും. ഒരു പൊടിക്കൈ എന്ന നിലയ്ക്ക് കഞ്ഞിവെള്ളം ചെറുചൂടോടെ കടഭാഗത്തു തട്ടാതെ തടത്തിൽ ഒന്നരാടം ഒഴിച്ചുകൊടുക്കുന്നതു കൊള്ളാം. മാതൃസസ്യത്തിൽനിന്നു കമ്പ് മുറിച്ച് നട്ടും മുരിങ്ങ വളർത്താം. വെള്ളം  കെട്ടിനിൽക്കാതിരിക്കാൻ മണ്ണ് കയറ്റിയിടുന്നതു നന്ന്.

English summary: Medicinal values of moringa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT