അടുക്കളത്തോട്ടത്തിൽ അനിവാര്യമാണ് വാഴ. പലയിനം വാഴകളുണ്ടെങ്കിലും കൃഷിസ്ഥലത്തിനും നമ്മുടെ ആവശ്യത്തിനും ആരോഗ്യത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കണം. നല്ല വെയിൽ കിട്ടുന്നിടത്തു നേന്ത്രനാകാം. തണൽ കൂടിയ ഇടമെങ്കില്‍ പൂവൻവാഴയാണ് ഉചിതം. ഇനമേതായാലും സൂചിക്കന്നു മാത്രമേ നടാവൂ. സൂചിപോലെ നീണ്ടിരിക്കുന്ന ഇവയാണ് നന്നായി വളർന്നു നല്ല വിളവ് നല്‍കുന്നത്.
ഏതു തരം തൈകളാണെങ്കിലും 2 കുഴികൾ തമ്മിൽ 2 മീറ്റർ എങ്കിലും ഇടയകലം നൽകിയേ പറ്റൂ. 2 അടി വലുപ്പത്തിലുള്ള കുഴിയെടുത്ത് അര കിലോ പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണുമായി നന്നായി ചേർത്തിളക്കി രണ്ടാഴ്ചയിടുക. തുടര്‍ന്ന് മേൽമണ്ണും നന്നായി പൊടിഞ്ഞ ജൈവവളവും (ചാണകമോ ആട്ടിൻകാട്ടമോ കോഴിക്കാഷ്ഠമോ മണ്ണിരക്കംപോസ്റ്റോ ഇവയുടെ മിശ്രിതമോ) ചേർത്ത് കുഴി നിറയ്ക്കണം. ഏറ്റവും മുകളില്‍ ഒരു ചെറിയ കുഴിയെടുത്ത് അതിൽ തൈ നടാം. വൈകുന്നേരം നടുന്നതാണ് നല്ലത്. നട്ട ഉടനെ തണലും നനയും നല്‍കണം.
നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യ വളപ്രയോഗം. 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 350 ഗ്രാം എല്ലുപൊടിയും– ഇതാണ് ഒന്നാം മാസത്തിലെ കണക്ക്. 5 ഗ്രാം സോറാക്സ് ഒരു ലീറ്റർ വെള്ളം എന്ന കണക്കിൽ വാഴയിലയിൽ സ്‌പ്രേ ചെയ്യുന്നത് ബോറോണ്‍കുറവു മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. ഒന്നര മാസത്തിൽ 100 ഗ്രാം മഗ്നീഷ്യം സൾഫേറ്റും 2 മാസത്തിൽ 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 250 ഗ്രാം എല്ലുപൊടിയും ചേർക്കണം. കാത്സ്യം കുറവുള്ള മണ്ണാണെങ്കിൽ രണ്ടര മാസത്തിൽ 150 ഗ്രാം വീതം പൊടിഞ്ഞ കുമ്മായം ചേർക്കാം. 3, 4, 5 മാസങ്ങളിൽ 100 ഗ്രാം യൂറിയയും പൊട്ടാഷും ചേർക്കുന്ന ത് വാഴക്കൃഷിക്ക് ഏറെ പ്രധാനമാണ്. വാഴയില ചുരുണ്ടു വരുന്നുവെങ്കില്‍ സോറാക്സ് സ്‌പ്രേ 3, 4 മാസങ്ങളിൽ ആവർത്തിക്കുന്നതു കൊള്ളാം.