? എന്റെ പച്ചക്കറിത്തോട്ടത്തിലെ മത്തങ്ങകൾ വലുതായി വരുന്നതോടൊപ്പം ചീയുന്നതായി കാണുന്നു. എന്താണ് കാരണം. പരിഹാരം.
സി. മോഹൻകുമാർ, വാഴക്കാല
- മത്തൻ പൂവിട്ടു കായ്ക്കുന്നതോടെ മണ്ണുമായി നേരിട്ടു ബന്ധമില്ലാത്തവിധം പുതയിട്ട് അതിൽ വളർന്നു വരുന്നതിനു സാഹചര്യമൊരുക്കണം. അല്ലെങ്കിൽ കടലാസുകൊണ്ടുള്ള ഫ്രൂട്ട് കുഷനുകൾ (Fruit cushions) ഉപയോഗിക്കാം. കുമിൾരോഗമായ ചീയലിനെ പ്രതിരോധിക്കാൻ സ്യൂഡോമോണാസ് 20 ഗ്രാം/ലീറ്റർ എന്ന തോതിൽ തളിച്ചുകൊടുക്കാം. രോഗബാധ വ്യാപിക്കുന്നുണ്ടെങ്കിൽ ഇൻഡോഫിൽ – 2 ഗ്രാം/ലീറ്റർ എന്ന തോതിൽ തളിച്ചു കൊടുക്കുന്നതു നന്ന്. മണ്ണുമായി സമ്പർക്കം പരമാവധി ഒഴിവാക്കുന്നതിലൂടെ രോഗം വരാതെ നോക്കാം. ചിലപ്പോൾ മത്തൻ വലുപ്പം വച്ചു തുടങ്ങും മുൻപുതന്നെ കായീച്ചയുടെ ആക്രമണം ഉണ്ടാകാം. ഇതുമൂലം മത്തൻ കേടുവന്ന് ചീഞ്ഞുപോകുന്നു. മത്തനിലെ പെൺപൂവ് കായ് ആയി മാറുന്ന സമയത്തുതന്നെ ബട്ടർ പേപ്പർ, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് കായ്കൾ നല്ലവണ്ണം മൂടി വയ്ക്കണം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ടെങ്കിൽ കായീച്ചയ്ക്കെതിരെ ഫിറമോൺകെണി ഫലപ്രദമാണ്. കായ് ഉണ്ടാകാൻ തുടങ്ങുന്ന സമയത്തുതന്നെ ഫിറമോൺ കെണി വയ്ക്കേണ്ടതാണ്.