ADVERTISEMENT

കമുകുകൃഷിയില്‍ കർഷകര്‍ക്കു താൽപര്യമേറുന്നു. വിലയിടിഞ്ഞ വിളകൾ പലതും വെട്ടി നീക്കി കൂടുതൽ കർഷകർ കമുകുകൃഷിയിലേക്കു മാറുകയാണ്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ  പരിപാലനവും ഉൽപാദന വർധനയ്ക്കുള്ള ഉപാധികളും ഭാവിസാധ്യതകളും സംബന്ധിച്ചു കർഷകർ അറിഞ്ഞിരിക്കണം. 

മെച്ചപ്പെട്ട ഇനങ്ങൾ

കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിന്റെ (സിപിസിആർഐ) വിറ്റൽ പ്രാദേശികകേന്ദ്രം പുറത്തിറക്കിയ ഇനങ്ങള്‍.

  • മംഗള: ഇടത്തരം ഉയരം, നട്ട് 3–ാം വർഷം മുതൽ കായ്പിടിത്തം, ശരാശരി വിളവ്. കമുകൊന്നിന് 3 കിലോ കൊട്ടടയ്ക്ക ഉൽപാദനം. 
  • ശതമംഗള: ഇടത്തരം ഉയരം, നട്ട് 3–4 വർഷത്തിനകം കായ്പിടിത്തം. ശരാശരി വിളവ് 3.96 കിലോ കൊട്ടടയ്ക്ക, സ്ഥിരതയുള്ള വിളവ്. ഇളം അടയ്ക്കയ്ക്കും കൊട്ടടയ്ക്കയ്ക്കും ഏറെ യോജ്യം.
  • സുമംഗള: ഉയരം കൂടിയ ഇനം. നട്ട് 4–5 വർഷത്തിനുള്ളിൽ കായ്പിടിത്തം. ശരാശരി വിളവ്  3.28 കിലോ കൊട്ടടയ്ക്ക.
  • ശ്രീമംഗള: ഉയരം കൂടിയ ഇനം. നട്ട് 5–ാം വർഷത്തിൽ കായ്ച്ചു തുടങ്ങും. ശരാശരി വിളവ്  3.18 കിലോ കൊട്ടടയ്ക്ക. ഉരുണ്ട് ദൃഢമായ അടയ്ക്ക.
  • മൊഹിത് നഗർ:  ഉയരം കൂടിയ ഇനം. സ്ഥിരമായി ഉയർന്ന വിളവ് നൽകുന്ന ഇനം. ശരാശരി വിളവ്  3.67 കിലോ കൊട്ടടയ്ക്ക.
  • സ്വർണമംഗള: ഉയരം കൂടിയ ഇനം. ശരാശരി വിളവ്  3.78 കിലോ കൊട്ടടയ്ക്ക.
  • മധുര മംഗള: ഉയരം കൂടിയ ഇനം, നട്ട് നാലാം വർഷം മുതൽ കായ്ച്ചു തുടങ്ങും, ഇളം അടയ്ക്ക സംസ്കരണത്തിനും കൊട്ടടയ്ക്കയ്ക്കും ഒരുപോലെ യോജിച്ചത്. ശരാശരി വിളവ്   3.54 കിലോ കൊട്ടടയ്ക്ക.
  • VTLAH-1: കുറിയ സങ്കരയിനം, ശരാശരി വിളവ് കമുകൊന്നിന് 2.54 കിലോ കൊട്ടടയ്ക്ക (ഹിരേ ഹള്ളി ഡ്വാർഫ് xസുമംഗള)
  • VTLAH-2: കുറിയ സങ്കരയിനം, ശരാശരി വിളവ് കമുകൊന്നിന്ന് 2.64 കിലോ കൊട്ടടയ്ക്ക (ഹിരേ ഹള്ളി ഡ്വാർഫ് x മൊഹിത് നഗർ)

മാതൃവൃക്ഷങ്ങളുടെ എണ്ണം പരിമിതമായതുകൊണ്ട് ചില ഇനങ്ങളുടെ നടീൽവസ്തുക്കൾ  വിതരണം ചെയ്യുന്നതിന് സിപിസിആർഐയ്ക്കു പരിമിതികളുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പലരും സിപിസിആർഐ അംഗീകൃതം എന്ന ലേബലിൽ തൈകൾ കർഷകർക്ക് വിൽക്കുന്നതായി റിപ്പോർട്ടുണ്ട്. കർഷകർ ഇതു പ്രത്യേകം ശ്രദ്ധിക്കണം. മാതൃവൃക്ഷങ്ങളുടെ എണ്ണം വളരെക്കുറച്ചു മാത്രമായതുകൊണ്ട് കുറിയ സങ്കരയിനങ്ങളായ VTLAH-1, VTLAH-2 എന്നീ ഇനങ്ങളുടെ തൈകൾ കുറച്ചു മാത്രമേ സിപിസിആർഐ വിറ്റൽ പ്രാദേശികകേന്ദ്രത്തിൽനിന്നു  കൊടുക്കാൻ കഴിയുന്നുള്ളൂ. വിറ്റൽ പ്രാദേശികകേന്ദ്രത്തിൽനിന്നും കർണാടകയിൽതന്നെയുള്ള കിഡു ഉപകേന്ദ്രത്തിൽ നിന്നുമാണ് നടീൽവസ്തുക്കൾ കർഷകർക്കു നല്‍കുന്നത്.

Read also: കമുകു കൃഷിക്കു ഭാവിയുണ്ടോ? മറ്റു വിളകൾ വെട്ടിമാറ്റി കമുക് വയ്ക്കുന്നത് ബുദ്ധിയാണോ?

വിറ്റൽ കേന്ദ്രത്തിൽ നവംബർ മുതൽ ഫെബ്രുവരിവരെ വിത്തടയ്ക്കയും ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ തൈകളും ലഭ്യമാണ്.  അപേക്ഷ മുൻകൂറായി അയയ്ക്കേണ്ട വിലാസം: The Head, ICAR-CPCRI Regional Station Vittal, Dakshina Kannada District, Karnataka - 574 243. ഫോണ്‍: : 08255 239238 / 9623129737.  കിഡു ഉപകേന്ദ്രത്തിൽ നവംബർ മുതൽ ഫെബ്രുവരിവരെ വിത്തടയ്ക്ക വിതരണം ചെയ്യും. അപേക്ഷ മുൻകൂറായി അയയ്ക്കേണ്ട വിലാസം: Scientist-in-charge, KAR-CPCRI Research Centre, Kidu, Nettana (PO), Dakshina Kannada, Karnataka, Pin: 574 230. ഫോണ്‍: 08257-298224

തൈകൾ സ്വയം തയാറാക്കാം

Arecanut. Image credit: jimmy kamballur/iStockPhoto
Arecanut. Image credit: jimmy kamballur/iStockPhoto

പത്തു വർഷത്തിനുമേൽ പ്രായമുള്ളതും നേരത്തേ കായ്ച്ചു തുടങ്ങിയതും നന്നായി അടയ്ക്ക പിടിക്കുന്നതുമായ കമുകുകളാണ് വിത്തടയ്ക്ക ശേഖരിക്കാനുള്ള മാതൃവൃക്ഷമായി തിരഞ്ഞെടുക്കേണ്ടത്. നവംബർ മുതൽ ഫെബ്രുവരിവരെ  മാസങ്ങളിൽ ശേഖരിച്ച, നന്നായി വിളഞ്ഞു പാകമായതും 35 ഗ്രാമിലധികം തൂക്കമുള്ളതുമായ അടയ്ക്കകൾ പാകാം. 

പറിച്ചെടുത്ത ഉടനെ പാകണം. ഒന്നര മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും തയാറാക്കിയ തവാരണകളിലാണ് 5 സെ.മീ. അകലത്തിൽ കണ്ണ് വരത്തക്കവിധത്തിൽ പാകേണ്ടത്. 3 മാസം പ്രായമെത്തുന്നതോടെ പ്രാഥമിക നഴ്സറിയിൽനിന്നു തൈകൾ ദ്വിതീയ നഴ്സറിയിലേക്ക് മാറ്റി നടണം. നന്നായി പൊടിഞ്ഞ ചാണകപ്പൊടി സെന്റ് ഒന്നിന് 20 കിലോ എന്ന തോതിൽ  ചേർത്തു തയാറാക്കിയ ദ്വിതീയ നഴ്സറിയിൽ 30 സെ.മീറ്റർ അകലത്തിലാണ് തൈകൾ മാറ്റി നടേണ്ടത്. ദ്വിതീയ നഴ്സറിക്കു പകരം 25X15 സെ.മീറ്റർ വലുപ്പവും 150 ഗേജ് കട്ടിയുമുള്ള പോളിത്തീൻ ബാഗുകളിൽ മേൽമണ്ണും ചാണകപ്പൊടിയും മണലും 7:3:2 അനുപാതത്തിൽ നിറച്ച ശേഷം തൈകൾ നടാം.

ദ്വിതീയ നഴ്സറിയിൽനിന്നും ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുത്തു വേണം കൃഷിചെയ്യാൻ. 8 മാസം മുതൽ ഒരു വർഷം വരെ പ്രായമായ തൈകളാണ് നടാൻ ഉത്തമം. ഉയരം കുറഞ്ഞ, ചുരുങ്ങിയത് 5 ഓലകളുള്ള തൈകൾ തിരഞ്ഞെടുക്കുക.

നടീൽ

Arecanut. Image credit: ePhotocorp/iStockPhoto
Arecanut. Image credit: ePhotocorp/iStockPhoto

തൈകള്‍ തമ്മില്‍ നിർദേശിക്കുന്ന അകലം 2.7 മീ. x 2.7 മീ. ആണ്. 2 തൈകൾ തമ്മിൽ 9 അടി അകലം, ഈ അകലത്തിൽ ഒരേക്കറിൽ 550 തൈകൾ നടാം. സൂര്യാഘാതം തടയുന്നതിനായി തെക്കു വടക്കു വരികൾ പടിഞ്ഞാറ് ദിശയിലേക്ക് 35° ചരിച്ചു ക്രമീകരിക്കണം. മേയ്–ജൂൺ മാസത്തിൽ കാലവർഷാരംഭത്തോടെ തൈകൾ നടാം.  വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ സെപ്റ്റംബറില്‍  നടുന്നതാണ് നല്ലത്. 90 സെ.മീ. വീതം നീളവും വീതിയും ആഴവും ളള്ള കുഴികളെടുത്താണ് തൈ നടേണ്ടത്. ഇങ്ങനെ തയാറാക്കിയ കുഴിയുടെ 50 സെ.മീ. വരെ മേൽ‌മണ്ണും ചാണകപ്പൊടിയും മണലും ചേർത്ത് മൂടണം. അതിനുശേഷം കുഴിയുടെ നടുവിലായി തൈ നട്ട് കടഭാഗത്തിനു ചുറ്റും മണ്ണ് നേരിയ തോതിൽ അമർത്തി വയ്ക്കണം.

കൃത്യമായ ആവർത്തനക്കൃഷി മിക്ക കമുകുതോട്ടങ്ങളിലും അനുവർത്തിക്കാറില്ല. പല  കാരണങ്ങളാല്‍ കമുകുകൾ നശിക്കുമ്പോൾ പകരം പല ഘട്ടങ്ങളിലായി തൈകൾ നടുകയാണ് പതിവ്, അതുകൊണ്ടുതന്നെ പല പ്രായത്തിലും ഉയരത്തിലുമുള്ള മരങ്ങൾ ഒരേ തോട്ടത്തിൽ  കാണാം. ഇത് ഉൽപാദനക്ഷമതയെ ബാധിക്കും. പ്രായാധിക്യവും രോഗ,കീടബാധയും മൂലം വിളവു തീരെ നശിച്ച മരങ്ങൾ മുറിച്ചു മാറ്റി പുതിയ തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ കൃത്യമായ അകലം പാലിക്കുക. 

വളപ്രയോഗം

Arecanut. Image credit: Insite Digital Creations/Shutterstock
Arecanut. Image credit: Insite Digital Creations/Shutterstock

നല്ല വിളവിനു സന്തുലിത വളപ്രയോഗം പ്രധാനം. നനയ്ക്കുന്ന തോട്ടങ്ങളിൽ രാസവളപ്രയോ ഗം രണ്ടു തുല്യ ഗഡുക്കളായി നടത്താം. ശുപാർശിത അളവിന്റെ പകുതി ഫെബ്രുവരി മാസത്തിൽ തടത്തിൽ വിതറി മണ്ണുമായി ചേർത്തു കൊടുക്കണം. സെപ്റ്റംബർ–ഒക്ടോബർ മാസത്തിൽ കമു കിനു ചുറ്റും ഒരു മീറ്റർ വീതിയും 15 മുതൽ 25 സെന്റിമീറ്റർ വരെ ആഴവുമുള്ള തടം തുറന്ന് പച്ചില വളവും ജൈവവളവും ചേർക്കുന്നതിനോടൊപ്പം ബാക്കി  രാസവളവും നൽകണം.

മൂന്നു വർഷത്തിനുമേൽ പ്രായമുള്ള കമുകൊന്നിന് പ്രതിവർഷം 100 ഗ്രാം നൈട്രജൻ, 40 ഗ്രാം ഫോസ്ഫറസ്, 140 ഗ്രാം പൊട്ടാഷ് എന്നീ അളവിലാണ് ശുപാർശ. ഇതിനായി 200 ഗ്രാം യൂറിയ, 200 ഗ്രാം രാജ്ഫോസ്, 230 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ നൽകിയാൽ മതിയാകും. ശുപാർശ ചെയ്തിട്ടുള്ള അളവിന്റെ മൂന്നിലൊന്ന് തൈ നട്ട് ഒന്നാം വർഷവും മൂന്നിൽ രണ്ടുഭാഗം രണ്ടാംവർഷവും മൂന്നാം വർഷം മുതൽ മുഴുവൻ അളവ് രാസവളങ്ങളും നൽകണം.

നന

ആവശ്യത്തിന് വെള്ളം കിട്ടാതെയുള്ള വരൾച്ചസമാന  സാഹചര്യം കമുകിന്റെ വളർച്ചയെയും ഉൽപാദനത്തെയും ബാധിക്കും. നവംബർ–ഡിസംബർ  മാസത്തിൽ ആഴ്ചയിലൊരിക്കലും ജനുവരി–ഫെബ്രുവരി മാസങ്ങളിൽ 6 ദിവസത്തിലൊരിക്കലും മാർച്ച് മുതൽ മേയ് വരെ 4 ദിവസത്തിലൊരിക്കലും നനയ്ക്കണം. ഓരോ തവണ നനയ്ക്കുമ്പോഴും മരമൊന്നിന്ന് 175 മുതൽ 200 ലീറ്റർ വെള്ളം ലഭിക്കണം.

Read also: തരിശു നിലം വാങ്ങി, കൃഷി ചെയ്ത് വിൽപന; ഇത് സ്കറിയാപിള്ളയുടെ വേറിട്ടൊരു വരുമാന വഴി

തോട്ടത്തിൽ ജലലഭ്യത കുറവെങ്കിൽ തുള്ളിനനയാക്കാം. ഈ  രീതിയിൽ പ്രതിദിനം  16–24 ലീറ്റർ വെള്ളം നൽകിയാൽ മതി. 20 മുതൽ 44 ശതമാനം വരെ വെള്ളം ലാഭിക്കാം. ഒരു തടത്തിൽ രണ്ടോ മൂന്നോ ഡ്രിപ്പുകൾ അഥവാ മൈക്രോ ട്യൂബ് ക്രമീകരിച്ചാൽ മതി. മഴക്കാലം തുടങ്ങും മുൻപ് ഡ്രിപ് ലാറ്ററലുകൾ കമുകിലേക്ക് കയറ്റി കെട്ടിവയ്ക്കണം. തുള്ളിനനയുമായി താരതമ്യം ചെയ്യുമ്പോൾ സ്പ്രിങ്ക്ലർ രീതിക്ക് കാര്യക്ഷമത കുറവാണ്. മാത്രമല്ല, സ്പ്രിങ്ക്ലർ  നനയുള്ള തോട്ടങ്ങളിൽ അന്തരീക്ഷ ആർദ്രത വർധിച്ച് കീട, രോഗബാധയും കളവളർച്ചയും കൂടും. എന്നാൽ ഇടവിളകളോ നഴ്സറികളോ ഉണ്ടെങ്കിൽ  ഈ രീതിയോ പരമ്പരാഗത രീതിയോ അനുവർത്തിക്കാം.

തണലൊരുക്കൽ

വേനൽക്കാലത്ത് കഠിനമായ വെയിലേറ്റ് കമുകുതടിയിൽ വിള്ളലുണ്ടാകും. ഇങ്ങനെ പൊട്ടിക്കീറിയ തടിയുടെ വിള്ളലുകളിൽ കുമിൾ വളരാം. കൂടാതെ കീടങ്ങൾ മുട്ടയിട്ട് പെരുകി വിള്ളലിന്റെ ആക്കം കൂടുകയും ചെയ്യും, തടിപൊട്ടൽകൊണ്ട് ശക്തി ക്ഷയിച്ച കമുകുകൾ കാലവർഷക്കാറ്റിൽ മറിഞ്ഞു വീഴും. സൂര്യാഘാതം ചെറുക്കുന്നതിനും തടിപൊട്ടൽ ഒഴിവാക്കുന്നതിനും ഡിസംബർ മുതൽ മേയ് വരെ സൂര്യതാപം തട്ടുന്ന തടിഭാഗം  പാളയോ ഓലയോകൊണ്ടു പൊതിയുക. തോട്ടത്തിന്റെ തെക്കുപടിഞ്ഞാറ് അതിർത്തിയിൽ വേഗത്തിൽ വളരുന്ന തണൽ മരങ്ങൾ നടുന്നതും നന്ന്.  4–5 വർഷം പ്രായമുള്ള തോട്ടങ്ങളിൽ വാഴ ഇടവിളയാക്കുന്നത് തണൽ നൽകും. ചുവട്ടിൽ ജൈവാവശിഷ്ടങ്ങൾ പുതയിടുന്നത് ജലാംശം നിലവിർത്തുന്നതിനും മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കുന്നതിനും സഹായിക്കും. കമുകിന്റെ ഓല, അടയ്ക്കാത്തൊണ്ട്, ഉണക്കപ്പുല്ല്, പച്ചിലകൾ തുടങ്ങിയവയൊക്കെ പുതയിടാൻ ഉപയോഗിക്കാം. 

വിലയുണ്ട് പക്ഷേ

Arecanut. Image credit: Sravan T S/iStockPhoto
Arecanut. Image credit: Sravan T S/iStockPhoto

വാണിജ്യവിള എന്ന നിലയിൽ കമുകുകൃഷിയുടെ സാധ്യതകളും പരിമിതികളും വിലയിരുത്തി ഇന്ത്യയിൽ കൃഷിവിസ്തൃതിയും അടയ്ക്കയുടെ ഉൽപാദനവും നിയന്ത്രിച്ചു നിർത്തുന്നതിനുള്ള നയസമീപനങ്ങളും മാർഗനിർദേശങ്ങളും 1976–ലെ ദേശീയ കാർഷിക കമ്മീഷനും പിന്നീട് കമുകു കൃഷി  വികസനവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട വിദഗ്ധസമിതികളും കൃത്യമായി മുന്നോട്ടു വച്ചിരുന്നു. പക്ഷേ ആകർഷകമായ വില കാരണം കർഷകർ കൂടുതൽ സ്ഥലത്തേക്ക് കമുകുകൃ ഷി വ്യാപിപ്പിച്ചു. വിസ്തൃതി നിയന്ത്രണം സാധ്യമല്ലാതായി.  ഈ പ്രവണത  തുടരുന്നു. കമുകു കൃഷിക്ക് യോജ്യമല്ലാത്ത നെൽപാടങ്ങളിലും  ഉയർന്ന കുന്നിന്‍പ്രദേശങ്ങളിലും തെങ്ങിൻതോപ്പുകളില്‍  ഇടവിളയായും കമുകുകൃഷി വിസ്തൃതിയറുന്നു. ഇത്  ദീർഘകാലാടിസ്ഥാനത്തിൽ കമുകുകൃഷിയുടെ സുസ്ഥിരവികസനത്തെ  ബാധിക്കും.

നേട്ടം നൽകും ഫെർട്ടിഗേഷൻ

തുള്ളിനനയ്ക്കൊപ്പം രാസവളങ്ങൾ കൂടി കലർത്തി നൽകുന്ന ഫെർട്ടിഗേഷൻ  വളപ്രയോഗത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.  ഈ രീതിയില്‍ രാസവളങ്ങളുടെ അളവ് 2 മുതൽ  50 ശതമാനം വരെ കുറയ്ക്കുകയും ചെയ്യാം. വലിയ കമുകുതോട്ടങ്ങളിൽ ഈ രീതിയിൽ രാസവളപ്രയോഗം നടത്തുന്നതിനായി തുള്ളിനനസംവിധാനങ്ങളോടൊപ്പം പ്രധാന പമ്പ്, ഫെർട്ടിലൈസർ ടാങ്ക്, ചെറിയ പമ്പ് എന്നീ ഘടകങ്ങൾ കൂടി വേണം, തോട്ടം ചെറുതെങ്കിൽ വാക്വം ഇൻജക്‌ഷൻ(വെൻചൂറി) സംവിധാനം ക്രമീകരിച്ച് ഫെർട്ടിഗേഷൻ ഏർപ്പെടുത്താം.

കായ്ക്കുന്ന കമുകുകൾക്ക് ശുപാർശ ചെയ്യുന്ന രാസവളങ്ങളുടെ 75 ശതമാനം ഫെർട്ടിഗേഷൻ വഴി നൽകാം. കമുകൊന്നിന് വർഷം 75:30:105 എന്ന തോതിൽ യഥാക്രമം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഫെർട്ടിഗേഷൻ രീതിയിൽ നൽകാം. ഇതിനായി 136 ഗ്രാം യൂറിയ, 65 ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റ്, 175 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ രാസവളങ്ങൾ ചേർക്കണം. ഡിസംബർ മുതൽ മേയ് വരെ 9 തവണകളായോ (20 ദിവസത്തിലൊരിക്കലാണ് ഫെർട്ടിഗേഷനെങ്കിൽ) 18 തവണകളായോ (10 ദിവസത്തിലൊരിക്കലാണ് ഫെർട്ടിഗേഷനെങ്കിൽ) രാസവളങ്ങൾ നൽകാം. കായ്ച്ചു തുടങ്ങാത്ത കമുകുകൾക്ക് പൊതുവേ നൽകേണ്ട രാസവളങ്ങ ളുടെ 50 ശതമാനം മാത്രം ഫെർട്ടിഗേഷൻ രീതിയിൽ നൽകിയാൽ മതി.

ഇടവിളകളിലൂടെ ഇരട്ടി വരുമാനം

ഏകവിളയാക്കുന്നതിനുപകരം  യോജ്യമായ ഇടവിളകൾ കൂടി കമുകിനൊപ്പം കൃഷി ചെയ്ത് വരുമാനം വർധിപ്പിക്കാം. കുരുമുളക്, വാഴ, കൊക്കോ എന്നിവയാണ് പറ്റിയ ഇടവിളകൾ. ചേന, കൈതച്ചക്ക, വെറ്റില എന്നിവയും ഔഷധസസ്യങ്ങളും ഇടവിളകളാക്കാം. കമുകുതൈ നടുന്നതിനൊപ്പം വാഴ ഇടവിളയാക്കുന്നത് തൈകൾക്ക് തണൽ ലഭ്യമാകുന്നതിനും അധിക വരുമാനത്തിനും സഹായകമാകും. നാലു കമുകുകളുടെ മധ്യത്തിലാണ് വാഴ നടേണ്ടത്. ആദ്യ വർഷത്തെ കുല വെട്ടിയ ശേഷം അതേ ചുവട്ടിൽ 2 വാഴകൾ കൂടി വളരാൻ അനുവദിച്ച് വിളവെടുക്കാം. 3 വർഷം കഴിയുമ്പോൾ പുതുതായി വാഴ നടണം. റോബസ്റ്റ, കർപ്പുരവള്ളി, മൈസൂർ പൂവൻ എന്നിവ ഇടവിളകളായി  യോജ്യം. 

കമുകിന് 6–8 വർഷം പ്രായമെത്തുമ്പോൾ മിശ്രവിളയായി കുരുമുളകു നടാം. കുരുമുളകിന്റെ വേരു പിടിപ്പിച്ച രണ്ടു വള്ളികൾ വടക്കുഭാഗത്തായി കമുകിന്റെ തടിയിൽനിന്ന് 45 സെ.മീ. വിട്ട് നടുക. ഈ രീതിയിൽ ഒരു ഹെക്ടർ കമുകുതോട്ടത്തിൽ 1300 കുരുമുളകു വള്ളികൾ വളർത്താം. 4 വർഷം പ്രായമായ കമുകുതോട്ടത്തിൽ കൊക്കോ മിശ്രവിളയായി കൃഷി ചെയ്യാം. 4 കമുകുകളുടെ നടുവിലാണ് കൊക്കോ നടേണ്ടത്. ഇടവിട്ടുള്ള വരികൾക്കിടയിൽ 2.7 മീറ്റർ x 5.4 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 650 കൊക്കോ നടാം. ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്ത് കമുകിനൊപ്പം പശു വളർത്തൽ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള സമ്മിശ്രകൃഷി സമ്പ്രദായവും വരുമാനം വർധിപ്പിക്കും. കമുകിനും ഇടവിളകൾക്കും  വെവ്വേറെ പരിചരണമുറകൾ ചെയ്താലേ  ബഹുവിളക്കൃഷി വിജയിക്കുകയുള്ളൂ. 

തയാറാക്കിയത്:

ഡോ. സി.തമ്പാൻ, ഡോ. ഡാലിയാമോൾ, ഡോ. സി.ടി.ജോസ്, ഡോ.എൻ.ആർ.നാഗരാജ്, പി.എസ്.പ്രതിഭ, തവപ്രകാശ പാണ്ഡ്യൻ, എ.ഭവിഷ്യ (കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെയും കർണാടക വിറ്റലിലെ പ്രാദേശികകേന്ദ്രത്തിലെയും ശാസ്ത്രജ്ഞർ)

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Arecanut Cultivation Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com