ADVERTISEMENT

കാര്യമായ പരിപാലനമൊന്നുമില്ലാതെ എളുപ്പത്തിൽ വീട്ടുവളപ്പിൽ വിളയിക്കാവുന്ന ആരോഗ്യഭക്ഷണമാണ് പപ്പായ. ഇതില്‍ വൈറ്റമിനുകളും ധാതുലവണങ്ങളും സമൃദ്ധം. ഒരു ഇടത്തരം പപ്പായയിൽ (275 ഗ്രാം) ഏതാണ്ട് 1.3 ഗ്രാം പ്രോട്ടീൻ, 30 ഗ്രാം അന്നജം, ഒരു ഗ്രാമിന് താഴെ കൊഴുപ്പ്, 119 കി. കാലറി ഊർജം, 4.7 ഗ്രാം നാരുകൾ, 21.5 ഗ്രാം പഞ്ചസാര എന്നിവ അടങ്ങുന്നു.

ഡെങ്കിപ്പനി പടർന്ന കാലത്ത് പപ്പായയുടെ പഴത്തെക്കാളേറെ ഇലയ്ക്കായിരുന്നു ആവശ്യക്കാർ. കൈമോ പപ്പയിൻ, കരോട്ടിൻ, വൈറ്റമിൻ സി എന്നീ ഘടകങ്ങൾക്ക് കൊതുകിന്റെ മുട്ടയെ നശിപ്പിക്കാൻ കഴിവുള്ളതായി വെളിപ്പെടുത്തലുണ്ട്. രക്തത്തിൽ പ്ലേറ്റ്ലറ്റ് കുറയുന്ന അവസ്ഥയ്ക്ക് ഇലകളുടെ സത്ത് പ്രതിവിധിയാണെന്നു കരുതുന്നു. കോശങ്ങളുടെ ആവരണത്തെ ശക്തിപ്പെടുത്താനും  ഇതിനു കഴിവുള്ളതായി കണക്കാക്കുന്നു. ഏതായാലും സൗന്ദര്യസംരക്ഷക ലേപനങ്ങളിൽ, പപ്പായസത്തിന് പ്രാധാന്യമുണ്ട്. തൊലിപ്പുറത്തുണ്ടാകുന്ന കറുത്ത പാടുകൾ നീക്കാന്‍ പപ്പായയുടെ സത്തിന്, വിശേഷിച്ച്, കുരുവിന്റെ സത്തിന് കഴിവുണ്ട്. തലമുടി വളരാന്‍ പപ്പായയിലെ ലൈകോപീന്‍ സഹായകമാണെന്നും ഗവേഷണഫലങ്ങൾ. താരൻ ശമിപ്പിക്കാനുള്ള കഴിവും പപ്പായയുടെ കുരുവിനുള്ളതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആർത്തവത്തിന് കാരണമാകുന്ന ഈസ്ട്രജൻ എന്ന ഹോർമോണിനെ ഉത്തേജിപ്പിക്കാൻ പപ്പായയ്ക്ക് കഴിവുണ്ട്.

പപ്പയിൻ എന്ന എൻസൈം ദഹനത്തിന് ഗുണകരമാണ്. ഈ എൻസൈം ഇറച്ചി പാകം ചെയ്യുമ്പോൾ ഇറച്ചിക്ക് മാർദവം നൽകാൻ സഹായകമാണ്. അതുകൊണ്ടാണ് ഇറച്ചി വേവിക്കുമ്പോൾ പലരും ഒരു കഷണം  പച്ച പപ്പായ ചേർക്കുന്നത്. പപ്പായയിൽ, സോഡിയം കുറവും പൊട്ടാസിയം കൂടുതലുമുള്ളതിനാല്‍  ഹൃദ്രോഗികൾക്ക് ഉത്തമ വിഭവമാണ്. എന്നാല്‍ അളവിൽ കൂടുതൽ പച്ച പപ്പായ കഴിച്ചാല്‍ ഇതിലുള്ള പപ്പയിൻ, കൈമോ പപ്പയിൻ, എൻഡോ പെപ്റ്റിഡേസ് എന്നീ എൻസൈമുകൾ അന്നനാളത്തില്‍ അസ്വസ്ഥതയുണ്ടാക്കാം. പപ്പായയുടെ ഇലയും അളവിൽ കൂടുതൽ കഴിക്കുന്നത് നാഡീവ്യൂഹത്തിന് ദോഷം വരുത്തും. ഇതിനു കാരണം, ഇവയിൽ അടങ്ങുന്ന ആൽക്കലോയിഡുകളാണ്. 

പച്ച പപ്പായ ഗർഭിണികൾക്കും കുഞ്ഞിനും ദോഷമായേക്കാം. രക്തത്തിന്റെ കട്ടി കുറയ്ക്കാൻ മരുന്നു കഴിക്കുന്നവര്‍ ഡോക്ടറുടെ നിർദേശപ്രകാരമേ  പച്ച പപ്പായ കഴിക്കാവൂ. ഹൈപ്പോ തൈറോയിഡിസം  ഉള്ളവരും പച്ച പപ്പായ കഴിക്കുമ്പോൾ സൂക്ഷിക്കണം. പച്ച പപ്പായയുടെ കറ ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്; ശ്വാസംമുട്ടലും വലിവും വരാനും സാധ്യതയുണ്ട്.

പച്ച പപ്പായയിലെ കറ ഉണക്കി പൊടിച്ചെടുക്കുന്ന പപ്പയിൻ എന്ന ഉല്‍പന്നത്തിന് ധാരാളം വ്യാവസായിക സാധ്യതകളുണ്ട്. ഇഞ്ചിവിഭവങ്ങളുടെ സംസ്കരണത്തിനും മീനെണ്ണയുടെയും സൗന്ദര്യ സംരക്ഷക ഉൽപന്നങ്ങളുടെയും മറ്റും  നിർമാണത്തിലും ഇതിന്  ഉപയോഗമുണ്ട്. പട്ടുനൂലിന്റെ ഉൽപാദനത്തിലും ബിയർ, തോൽ നിർമാണത്തിലുമൊക്കെ  ഇതിന്  ആവശ്യമുണ്ട്. ഒട്ടേറെ മരുന്നുകളുടെ നിർമാണത്തിനും പപ്പയിൻ ഉപയോഗിക്കുന്നു. 

ബേക്കറി ഉൽപന്നങ്ങളായ ക്യാൻഡി, ബ്രഡിലും കേക്കിലും ചേർക്കുന്ന ട്യൂട്ടി ഫ്രൂട്ടി എന്നിവയെല്ലാം പച്ച പപ്പായ വിഭവങ്ങളാണ്. പഴുത്ത പപ്പായ ചേർത്ത് ഉണ്ടാക്കുന്ന ഹൽവ, ജാം എന്നിവയ്ക്കെല്ലാം സ്വാഭാവികമായി നല്ല നിറം ലഭിക്കുന്നതിനാൽ കൃത്രിമ നിറം ചേർക്കേണ്ടി വരുന്നില്ല. പച്ച പപ്പായകൊണ്ട് മലയാളികളുടെ ഇഷ്ടവിഭവങ്ങളായ തോരൻ, അവിയൽ, തീയൽ, പുളിങ്കറി, കിച്ചടി എന്നിവയെല്ലാം ഉണ്ടാക്കാം. വിനീഗർ ചേർത്ത് അച്ചാറും ഉണ്ടാക്കാം.

കൂർഗ് ഹണി ഡ്യൂ, അർക്ക സൂര്യ, റെഡ്‌ലേഡി, വാഷിങ്ടൺ, സി–ഓ 2,5,7 എന്നിവയെല്ലാം നമ്മുടെ നാട്ടിൽ സമൃദ്ധമായി കൃഷി ചെയ്യാവുന്ന ഇനങ്ങളാണ്. പപ്പായക്കൃഷിയിലെ പ്രധാന വിഷമം അവയുടെ ലിംഗ നിർണയമാണ്. ആൺചെടികളും പെൺചെടികളും ദ്വിലിംഗ പുഷ്പങ്ങൾ ഉള്ളവയും പപ്പായയിൽ കാണുന്നു. പൂത്തു കഴിഞ്ഞാൽ മാത്രമേ ഇവയെ തിരിച്ചറിയാനാവുകയുള്ളൂ. നീളമേറിയ ആൺ പൂവുകളുടെ എണ്ണം  പരിമിതപ്പെടുത്തി, പെൺപൂവുകളെ കൂടിയ തോതിൽ നിർത്തിയാൽ കൂടുതൽ കായ്കൾ ലഭിക്കും. ആരോഗ്യത്തിനും വരുമാനത്തിനും ഓരോ വീട്ടുവളപ്പിലും ഒന്നോ രണ്ടോ പപ്പായ നട്ടു വളർത്തേണ്ടതാണ്. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Health Benefits of Papaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com