മുത്തശ്ശിമാവിനെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെത്തി; പ്രായം 235+ അല്ല, അതുക്കും മേലെ!

HIGHLIGHTS
  • 4.73 മീറ്റർ ചുറ്റളവുള്ള മാവിന് ശാഖകൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ ചില കേടുകളുണ്ട്
mango-tree-1
രണ്ടു നൂറ്റാണ്ടിലേറെ പ്രായമുള്ള മാവിനെക്കുറിച്ച് പഠിക്കാനെത്തിയ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും സിൽവികൾച്ചർ വിഭാഗം മേധാവിയുമായ ഡോ. പി.സുജനപാൽ, ജൂനിയർ സയന്റിസ്റ്റ് ഡോ. സി.കെ.ആദർശ്, കൺസൽട്ടന്റ് എം.സുമോദ് എന്നിവർക്കൊപ്പം സ്ഥലമുടമ തോമസ് വള്ളിക്കാപ്പിലും ഭാര്യ സിമ്മിയും.
SHARE

മാവുമുത്തശ്ശിയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെത്തി. കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് സമീപം എടക്കരയിലെ വള്ളിക്കാപ്പിൽ വീടിനു മുറ്റത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാവിന്റെ പ്രായം നിർണയിക്കാനും അതുപോലെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പഠിക്കാനുമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും സിൽവികൾച്ചർ വിഭാഗം മേധാവിയുമായ ഡോ. പി.സുജനപാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പഠനത്തിനായി വള്ളിക്കാപ്പിൽ വീട്ടിലെത്തിയത്.

കേരളത്തിലെതന്നെ ഏറ്റവും വലിയ മാവുകളിലൊന്നായി ഇതിനെ കണക്കാക്കാമെന്ന് ഡോ. സുജനപാൽ കർഷകശ്രീയോടു പറഞ്ഞു. വണ്ണവും ഭൂപ്രകൃതിയും അപഗ്രഥിച്ചശേഷം ശാസ്ത്രീയമായി പ്രായം കണക്കാക്കുന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. അതുകൊണ്ടുതന്നെ കൃത്യമായ പ്രായം വൈകാതെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും 235 വയസിനു മുകളിൽ പ്രായമുണ്ടെന്നുതന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലൊരു പുരാതന മരം നശിക്കാതെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉടമ തോമസ് വള്ളിക്കാപ്പനെ അദ്ദേഹം പ്രശംസിച്ചു. ഇലകളുടെ വിന്യാസം, ശാഖകളുടെ ആരോഗ്യം തുടങ്ങിയവയൊക്കെ പരിഗണിച്ചാൽ വളരെ ആരോഗ്യമുണ്ട് ഈ മുത്തശ്ശിമാവിന്. അതുകൊണ്ടുതന്നെ ഇനിയും വളരെക്കാലം മികച്ച രീതിൽ നിലനിൽക്കാനും മാമ്പഴങ്ങൾ ഉൽപാദിപ്പിക്കാനും കഴിയുമെന്നും ഡോ. സുജനപാൽ കർഷകശ്രീയോടു പറഞ്ഞു.

mango-tree-2

മാവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടെന്ന് ജൂനിയർ സയന്റിസ്റ്റ് ഡോ. സി.കെ.ആദർശ്. 4.73 മീറ്റർ ചുറ്റളവുള്ള മാവിന് ശാഖകൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ ചില കേടുകളുണ്ട്. അത് കൂടുതൽ വ്യാപിക്കാതെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

വർഷങ്ങൾക്കു മുൻപ് തേയിലത്തോട്ടമായിരുന്ന അതായത് വള്ളിക്കാപ്പിൽ കുടുംബത്തിന്റെ മാവടി എസ്റ്റേറ്റ് എന്ന തേയിലത്തോട്ടത്തിന്റെ ഒരു ഭാഗമാണ് ഈ പ്രദേശമെന്ന് സ്ഥലമുടമ തോമസ് വള്ളിക്കാപ്പിൽ പറയുന്നു. ഇപ്പോൾ തേയില മാറി റബറാണുള്ളത്.

oldest-mango-tree-3

എല്ലാ വർഷവും മികച്ച വിളവ് ഈ നാട്ടുമാവ് തരുന്നുണ്ടെന്നും പ്രദേശവാസികൾക്ക് ശേഖരിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നതായും തോമസ്. 5 പേർ കൈകോർത്ത് നിൽക്കുന്നത്രയും വണ്ണമുണ്ട് മാവിന്. തേയിലയുണ്ടായിരുന്ന കാലത്ത് തോട്ടത്തിലെ തമിഴ് തൊഴിലാളികൾ മാവിന് ചുറ്റും കൈകോർത്തുപിടിച്ച് പ്രാർഥിക്കാറുണ്ടായിരുന്നു. മാവിനോട് പറയുന്ന ആഗ്രഹങ്ങൾ ഫലപ്രാപ്തയിൽ എത്തുമെന്നാണ് അവരുടെ വിശ്വാസം. അവരുടെ രീതി സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെ എത്തുമ്പോൾ തങ്ങളും സ്വീകരിക്കാറുണ്ടെന്നും തോമസ് പറയുന്നു.

oldest-mango-tree-1

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് പാലാ സെന്റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം സ്ഥലത്തെത്തി പഠനങ്ങൾ നടത്തുകയും 200 വർഷമെങ്കിലും പ്രായമുള്ളതായി അനൌദ്യോഗികമായി പറയുകയും ചെയ്തിരുന്നു. ആ കണക്കനുസരിച്ച് മാവിന് ഇപ്പോൾ 230 വയസിനു മുകളിൽ പ്രായമുണ്ട്. 

English summary: KFRI Scientists came to study about oldest mangotree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS