? വെണ്ട നട്ട് കായ് ആകുമ്പോഴേക്കും ഇലകളിൽ കറുപ്പുനിറത്തിലുള്ള പൊട്ടുകൾ വന്ന് നശിച്ചുപോകുന്നു. എങ്ങനെ നിയന്ത്രിക്കാം.
വി. ശിവശങ്കരൻ, പഴയന്നൂർ
മഴക്കാലത്ത് വെണ്ടച്ചെടിയിൽ സാധാരണ കണ്ടുവരുന്ന കുമിൾരോഗമാണ് കറുത്തപുള്ളികളായി കാണുന്നത്. സെർകോസ്പോറ (cercospora) എന്ന കുമിളാണ് ആക്രമണകാരി. കറുത്തപൊട്ടിൽ നിറയെ ഈ കുമിളിന്റെ രേണുക്കളാണ്. പെട്ടെന്ന് ഇതു വ്യാപിക്കുകയും ഇലകൾ കരിഞ്ഞു പോകുകയും ചെയ്യും. വല്ലാതെ കേടുവന്ന ഇലകൾ നീക്കി നശിപ്പിക്കണം. അല്ലെങ്കിൽ അവയിലെ കുമിളുകൾ രോഗം പടർത്തും. രോഗബാധ രൂക്ഷമാണെങ്കിൽ ടെബുകോണാസോൾ (Tebuconazole) എന്ന കുമിൾനാശിനി (ഫോളിക്കൽ എന്ന ബ്രാൻഡിൽ ലഭ്യമാണ്) 1.5 മില്ലി/ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിലെടുത്ത് ഇലകളിൽ തളിച്ചു കൊടുക്കണം. ഇലകളുടെ അടിയിലും കൂടി വീഴുന്ന രീതിയിൽ വേണം തളിക്കാൻ. ഈ കുമിൾനാശിനി തളിക്കുന്നതിനു മുൻപ് പാകമായ കായ്കൾ വിളവെടുക്കാൻ മറക്കരുത്. ഇതിനു ശേഷം 10 ദിവസം കഴിഞ്ഞ് ട്രൈക്കോഡെർമ (ലിക്വിഡ്)– 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് രോഗബാധ പൂർണമായി നിയന്ത്രിക്കാൻ സഹായിക്കും. ട്രൈക്കോഡെർമ പ്രയോഗം 10 ദിവസത്തിലൊരിക്കൽ തുടരാം.
English summary: Okra disease management