ADVERTISEMENT

കംപ്യൂട്ടർ നിയന്ത്രിത ഹൈടെക് തൊഴുത്തുകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലെ തൊഴുത്തുകളിൽ സോഫ്റ്റ്‌വെയര്‍ എത്തിയ കാര്യം പലരും അറിഞ്ഞിട്ടുണ്ടാവില്ല. അമ്പതും നൂറും ഉരുക്കളുള്ള സാദാ ഡെയറി യൂണിറ്റുകളിൽ അതൊന്നും പ്രായോഗികമാവില്ലെന്ന് കരുതുന്നവരാണേറെ. എന്നാൽ കേരളത്തിലെ ഏറ്റവും മികച്ച ഏതാനും ക്ഷീരസംരംഭങ്ങളുടെ നടത്തിപ്പിൽ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുതുടങ്ങിയിട്ടു മാസങ്ങളേറെയായി. അവയ്ക്കെല്ലാംതന്നെ പൊതുവായി ഒരു ഘടകമുണ്ട്– ഡോ. ഏബ്രഹാം മാത്യുവിന്റെ സാങ്കേതികോപദേശം. ഡെയറി മേഖലയിൽ രാജ്യാന്തരപരിചയവും പരിശീലനവും നേടിയിട്ടുള്ള അദ്ദേഹം തന്റെ ഡെയറി യൂണിറ്റുകളെ കൃത്യമായി നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതുമൊക്കെ സ്വയം രൂപകൽപന ചെയ്ത മാനേജ് യുവർ ഡെയറി എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ്.  

യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പരിചയപ്പെട്ട ചില ഡെയറി സോഫ്റ്റ്‌വെയറുകളിൽനിന്നാണ് ഇന്ത്യൻ സാഹചര്യങ്ങൾക്കു യോജിച്ചതുണ്ടാക്കാൻ പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. കൺസൾട്ടന്റിനു മാത്രമല്ല, ഫാം ഉടമയ്ക്കും ഉപയോഗിക്കുകയും പ്രയോജനമെടുക്കുകയും ചെയ്യാവുന്ന വിധത്തിലാണ് ഇത് തയാറാക്കിയിരിക്കുന്നതെന്ന് ഡോ. ഏബ്രഹാം മാത്യു ചൂണ്ടിക്കാട്ടി. അദ്ദേഹം മേൽനോട്ടം വഹിക്കുന്ന 7 തൊഴുത്തുകളിൽ ഇത് ഉപയോഗത്തിലുണ്ട്. കേവലം 20 മുതൽ 150 വരെ ഉരുക്കൾ ഉള്ളതാണ് ഈ  തൊഴുത്തുകള്‍.

English summary: പശുക്കൾക്ക് സുഖകരമായ അന്തരീക്ഷമൊരുക്കാൻ സ്വയംനിയന്ത്രിത സംവിധാനം: ആശ്വാസമായി സർവകലാശാലയുടെ ‘ആശ്വാസ’

തൊഴുത്തിൽ സോഫ്റ്റ്‌വെയറിന് എന്താണ് കാര്യം? ക്ഷീരകർഷകന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നോ മെന്റർ എന്നോ ഈ സോഫ്റ്റ് വെയറിനെ വിശേഷിപ്പിക്കാം. ഫാം നടത്തിപ്പിന്റെ സമസ്തമേഖലകളിലും ഉപദേശം നൽകാൻ കഴിയുന്നതാണ് താൻ തയാറാക്കിയ സോഫ്റ്റ്‌വെയര്‍ എന്നു ഡോ. ഏബ്രഹാം മാത്യു പറയുന്നു. എന്നാൽ സമസ്ത മേഖലകളിലെയും കൃത്യമായ വിവരങ്ങൾ സോഫ്റ്റ്‌വെയറിനു പറഞ്ഞുകൊടുത്താലേ ഇതു സാധ്യമാകൂ. കൃഷിക്കാരന് ആത്മബന്ധമുള്ള കാര്യസ്ഥനാവണം സോഫ്റ്റ്‌വെയര്‍ എന്നു സാരം. അപ്പപ്പോൾ സ്ഥിതിവിവരങ്ങൾ കാതിലോതുന്ന സ്നേഹിതനാണിതെന്ന് ഡോ. ഏബ്രഹാം മാത്യു  ചൂണ്ടിക്കാട്ടി. നഷ്ടത്തിലേക്കാണോ ലാഭത്തിലേക്കാണോ ഫാമിന്റെ പോക്കെന്ന് നിസ്സംഗതയോടെ പറയാൻ അതിനു സാധിക്കും. കൃഷിക്കാരന്റെ മടിക്കുത്ത് ശോഷിപ്പിക്കുന്ന പശുക്കളെ ചൂണ്ടിക്കാണിക്കാനും  സാധിക്കും. എന്നാൽ അവയെ ഒഴിവാക്കണമോയെന്ന തീരുമാനം കൃഷിക്കാരന്റേതാണ്–ഡോക്ടർ ചൂണ്ടിക്കാട്ടി. നൽകുന്ന പരിപാലനത്തിന് ആനുപാതികമായ ഉൽപാദനമില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനും സോഫ്റ്റ്‌വെയറിന്റെ സഹായം തേടാം. പരിപാലനത്തിന്റെ തീവ്രത കുറയ്ക്കുകയോ  ഉരുക്കളെ പല ബാച്ചുകളായി തിരിച്ച്  യോജിച്ച പരിപാലനം നൽകുകയോ ചെയ്യാം. അമിതമായ തീറ്റ നൽകി സാമ്പത്തികനഷ്ടവും അന്തരീക്ഷ മലിനീകരണവും വർധിപ്പിക്കാതിരിക്കാനും അവന്റെ ഉപദേശം കേട്ടാൽ മതി. 

ഡെയറി യൂണിറ്റുകളിൽ സംഭവിക്കാവുന്ന അനർഥങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന പാഴൂർ പടിപ്പുരയെന്നു സോഫ്റ്റ്‌വെയറിനെ ഡോ. ഏബ്രഹാം മാത്യു വിശേഷിപ്പിക്കുന്നു. അതിനെ അപ്പാടെ വിശ്വസിക്കാൻ ക്ഷീരസംരംഭകനു കഴിയണമെന്നു മാത്രം. കന്നുകുട്ടികളെ ശാസ്ത്രീയമായി വളർത്തി തൊഴുത്തിലേക്കു നല്ല പശുക്കളെ കണ്ടെത്താനും ഇതു മതി. പശുക്കളുടെ ഊരും പേരും മുതൽ ഉൽപാദനവും വിപണനവും പ്രത്യുൽപാദനവും വംശഗുണവും പാരമ്പര്യവും സ്രോതസ്സുമൊക്കെ നിങ്ങൾക്കുവേണ്ടി ഓർമയിൽ സൂക്ഷിക്കാൻ ഒരു ഡെയറി സോഫ്റ്റ്‌വെയറിനു സാധിക്കും. ഏതാനും തലമുറകൾക്കു ശേഷം വിശദമായ പെഡിഗ്രി (വംശാവലി) സഹിതം കിടാരികളെ വിൽക്കാനും ഇത് ക്ഷീരകർഷകരെ സഹായിക്കും.

ഇപ്പോൾ കുറച്ചു ഫാമുകൾ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും സമീപ ഭാവിയില്‍ കേരളത്തിലെ ക്ഷീരകർഷകർ വ്യാപകമായി ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഡോക്ടർ ഏബ്രഹാം മാത്യുവിന് തെല്ലുമില്ല സംശയം.

dairy-management
ഡോ. ഏബ്രഹാം മാത്യുവിന്റെ സോഫ്റ്റ്‌വെയർ

മാനേജ് യുവർ ഡെയറി

തൊഴുത്തിലെ  ഓരോ പശുവിന്റെയും വംശാവലി, ഉൽപാദനം, ഉൽപാദനക്ഷമത, കറവക്കാലം, ബീജാധാനം, ചെന പിടിക്കൽ, പ്രസവം, കന്നുകുട്ടികളുടെ വളർച്ചനിരക്ക്,  പ്രതിരോധ കുത്തിവയ്പ് എന്നിങ്ങനെ ഒരായിരം വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഈ സോഫ്റ്റ്‌വെയറിൽ സംവിധാനമുണ്ട്. പതിനായിരം പശുക്കളെവരെ അനായാസം മാനേജ് ചെയ്യാം. ഇത്തരം വിവരങ്ങള്‍ ശരിയായി വിശകലനം ചെയ്തു നൽകുന്നതിലാണ് മാനേജ് യുവർ ഡെയറിയുടെ വിജയം.

ഡെയറി യൂണിറ്റിന്റെ സാമ്പത്തിക സുസ്ഥിരത വ്യക്തമാക്കുന്ന ഒട്ടേറെ സൂചകങ്ങൾ ഇതിലൂടെ ലഭിക്കും. ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ്, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള, ഒന്നാം പ്രസവത്തിന്റെ ശരാശരി വയസ്സ്, ശരാശരി കറവക്കാലം, കറവ നമ്പർ, ശരാശരി ഉൽപാദനം, ബീജാധാനത്തിന്റെ വിജയശതമാനം, വറ്റുകാല ദൈർഘ്യം, വിത്തുകാളയുടെ ജനിതക സംഭാവന, വംശാ വലി എന്നീ വിവരങ്ങൾ ഏതാനും ക്ലിക്കുകളിലൂടെ നൽകും.  ഉപയോഗിച്ചു തുടങ്ങുന്ന ഘട്ടത്തിൽ എല്ലാ ഉരുക്കളുടെയും വിശദാംശങ്ങൾ ചേർത്തു നൽകുന്നതിന്റെ ആയാസം മാത്രം. പിന്നീട് 100 പശുക്കളുള്ള ഫാമിൽപോലും  വിവരങ്ങൾ ചേർക്കാനായി 10 മിനിറ്റേ വേണ്ടിവരികയുള്ളൂ. 

English summary: ഹോട്ടല്‍ വെയ്സ്റ്റിനു പകരമെന്ത്: പന്നി വളർത്തൽ സംരംഭകൻ മാത്തുക്കുട്ടിക്കു പറയാനുള്ളത് 

പാൽവിപണനത്തിനും ഇൻവോയ്സ് തയാറാക്കലിനും അനുബന്ധ കാര്യങ്ങൾക്കുമൊക്കെ ഇത് പ്രയോജനപ്പെടും. ഓരോ ഉപഭോക്താവിനും പ്രത്യേകം നിരക്ക് നിശ്ചയിച്ച് ബില്ല് തയാറാക്കാൻ പോലും  സംവിധാനമുണ്ട്. ചെന പരിശോധന സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ ചേർക്കാന്‍ കഴിയുന്ന ഈ സോഫ്റ്റ്‌വെയർ  പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനും  പ്രത്യുതൽപാ ദനക്ഷമത കുറഞ്ഞവയെ ഒഴിവാക്കാനും സഹായകമാണ്. ഡെയറി സംരംഭങ്ങളുടെ ലാഭക്ഷമത കൂട്ടുന്ന കാര്യങ്ങളാണിതൊക്കെ. പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി നമ്മുടെ പശുവളർത്തൽ ക്രമീകരിക്കാനാവശ്യമായ ഡാറ്റ ലഭിക്കുന്നതിനും സോഫ്റ്റ്‌വെയര്‍ ഉപകരിക്കും. 

മറ്റൊരു പ്രധാന പ്രയോജനം തീറ്റ റേഷൻ നിശ്ചയിക്കുന്നതിലാണ്.  ഓരോ പശുവിന്റെയും ഉൽപാദനക്ഷമതയും ഉൽപാദനകാലവുമൊക്കെ പരിഗണിച്ച് യോജ്യമായ തീറ്റക്കൂട്ട് നിശ്ചയിക്കാനും ഇതു സഹായകരം. പ്രാദേശികമായി ലഭ്യമായ വിഭവങ്ങളിൽനിന്നു വേണ്ടതു മാത്രം തിരഞ്ഞെടുത്ത് തയാറാക്കാവുന്ന ഈ തീറ്റക്കൂട്ട് പിന്നീട് വിലവർധന, ദൗർലഭ്യം, ബദൽവസ്തുക്കളുടെ ലഭ്യത തുടങ്ങിയ കാരണങ്ങൾ മൂലമേ മാറ്റേണ്ടതുള്ളൂ. അപ്പോൾ ഫലപ്രദമായ ബദൽ നീർദേശിക്കാനും ഈ സോഫ്റ്റ്‌വെയറിനു കഴിയും. 

ഫോൺ: 9846427930

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Software to Make Dairy Farm Profitable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com