ADVERTISEMENT

ജോലിയും ബിസിനസും വിട്ട് 5 വർഷം മുൻപ് 20 ഏക്കറിൽ തുടങ്ങിയ നെൽക്കൃഷി 60 ഏക്കറിലേക്കും പിന്നെ 300 ഏക്കറിലേക്കുമെത്തിയപ്പോൾ കൃഷി മാത്രമല്ല, ആത്മവിശ്വാസവും വളർന്നെന്നു സമീർ. തിരുവല്ല മാന്നാർ സ്വദേശി പി.സമീർ ഐടി വിട്ടാണ് കൃഷിയിലെത്തുന്നത്. 10 വർഷം ഗൾഫ്ജോലിയും തുടർന്ന് ചെന്നൈയിൽ സ്വന്തം ഐടി സംരംഭവുമായി കഴിഞ്ഞ സമീർ, സിവിൽ കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിനടുത്തുളള ബുധനൂരിൽ എത്തിയതാണ് വഴിത്തിരിവായത്. പ്രദേശത്തു തരിശു കിടന്ന പാടം ഏറ്റെടുത്തു കൃഷി ചെയ്തപ്പോൾ മോശമല്ലാത്തെ വരുമാനം ലഭിച്ചു. അതോടെ അടുത്ത സീസണിൽ കൃഷിവിസ്തൃതി 60 ഏക്കറിലെത്തി. വെള്ളക്കെട്ട് കൃഷിക്കു തടസ്സമായതോടെ അവിടം വിട്ട് ചേർത്തല പട്ടണക്കാട്ട് പുതിയ കൃഷിയിടം കണ്ടെത്തി. ഇന്ന് 2 പാടശേഖരങ്ങളിലായി 320 ഏക്കർ വരും സമീറിന്റെ നെൽകൃഷി. ഒരു നെല്ലും ഒരു മീനും പദ്ധതിപ്രകാരം കൃഷി നടക്കുന്ന വയലായതിനാൽ ഒരു സീസൺ നെൽകൃഷിക്കു ശേഷം പാടം മത്സ്യക്കൃഷിക്കു കൈമാറേണ്ടി വരും. എങ്കിൽ പോലും 4 മാസത്തിലൊതുങ്ങുന്ന നെൽക്കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ടെന്നു സമീർ.    

കാലാവസ്ഥ ചതിച്ചില്ലെങ്കിൽ (അതിനു സാധ്യത കൂടുതലാണ്) നെൽകൃഷിയിൽനിന്ന് ഏക്കറിന് ശരാശരി 25,000രൂപ ലാഭം പ്രതീക്ഷിക്കാം. പാട‌ശേഖരസമിതികളുടെ ഭാഗമായി നെൽകൃഷി ചെയ്യുന്നവര്‍ക്കു യന്ത്രവൽക്കരണം ഉൾപ്പെടെ സൗകര്യങ്ങൾ ലഭിക്കും. അതുവഴി അധ്വാനവും ചെലവും ഒട്ടൊക്കെ കുറയും. എന്നാൽ അരയോ ഒന്നോ ഏക്കറിൽ കൃഷി ചെയ്യുന്നവരുടെ സ്ഥിതി അതല്ല.  അധ്വാനം നോക്കുമ്പോൾ  വരുമാനം തീരെ ആകർഷകമല്ല. തൊഴിലാളിക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ യന്ത്രസഹായം കൂടി ലഭിക്കാത്ത പക്ഷം കൃഷി മതിയാക്കുകയേ വഴിയുള്ളൂ. സാധാരണക്കാരായ കർഷകർക്കിടയിൽ നെൽകൃഷി നഷ്ടമെന്ന പൊതുവികാരം രൂപപ്പെട്ടത് ഇങ്ങനെയാണ്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള നെൽകൃഷിയിലേക്കു വരുമ്പോൾ സാഹചര്യങ്ങൾ മാറും. 

sameer-2

യന്ത്രവൽക്കരണം, തൊഴിലാളികളുടെ വിനിയോഗം എന്നിവയെല്ലാം നേരിട്ടു നിയന്ത്രിച്ച് കൃഷിയെ ഒരു സംരംഭമാക്കുകയാണ് സമീറിനെപ്പോലെയുള്ള പുതു കൃഷിക്കാർ. എങ്ങനെയൊക്കെ ചെലവു നിയന്ത്രിക്കാമെന്നു കണ്ടെത്തിയും നഷ്ടസാധ്യത മുൻകൂട്ടിക്കണ്ടു പോംവഴി നോക്കിയും 100 ശതമാനം ബിസിനസ് കാഴ്ചപ്പാടോടെ തന്നെയാണ് നെൽകൃഷിയെ സമീപിക്കുന്നതെന്നു സമീർ. അങ്ങനെ വരുമ്പോൾ കൃഷിയിടവിസ്തൃതിക്ക് അനുസൃതമായി കൃഷിച്ചെലവു കുറയും, ലാഭം കൂടും. ഒറ്റ വിളയിനം മാത്രമായതിനാൽ കൃഷി മുതൽ വിളവെടുപ്പുവരെയുള്ള ഘടകങ്ങൾ ചിട്ടയായി ഏകോപിപ്പിക്കാം. നെല്ലിൽ മുതൽ മുടക്കുന്നത് നേട്ടമായി മാറുന്നത് ഈ ബിസിനസ് കാഴ്ചപ്പാടിന്റെ ഫലമെന്നും സമീർ.

ഡ്രോൺ നൽകിയ നേട്ടം

പത്തു ലക്ഷം രൂപ വീതം വില വരുന്ന 3 ഡ്രോണുകൾ സമീറിനു സ്വന്തം.  വാടകയ്ക്കു നൽകിയും അതിലൂടെ  വരുമാനമുണ്ട്. നെൽകൃഷിയിൽ ഡ്രോൺ വഴി  വളപ്രയോഗം സൃഷ്ടിച്ച മാറ്റം ചില്ലറയല്ലെന്നു സമീർ. ഏക്കറിന് ശരാശരി 800 രൂപയാണ് ഡ്രോൺ വളപ്രയോഗത്തിനു ചെലവ്. ഒരു തൊഴിലാളിക്ക്  ഒരേക്കർ പാടത്ത് വളം തളിക്കാൻ 2 മണിക്കൂർ ആവശ്യമെങ്കിൽ ഡ്രോണിന് 6–7 മിനിറ്റു മതി. വളത്തിന്റെ അളവ് നാലിലൊന്നായി കുറയ്ക്കാമെന്നത് അതിലും വലിയ നേട്ടം. തൊഴിലാളി തളിക്കുന്നതിനെക്കാൾ കൃത്യതയോടെ, അൽപം പോലും പാഴാകാതെ ഡ്രോൺ കാര്യം നടത്തും. തൊഴിലാളിയുടെ സമയവും സൗകര്യവും കാത്തിരിക്കുകയും വേണ്ടാ. 

sameer-3

നേട്ടം നാട്ടുകാർക്കും

കൃഷിയില്ലാതിരുന്ന കാലത്ത് വെള്ളക്കെട്ടു മൂലം പ്രദേശത്തെ ജനങ്ങൾ വെള്ളക്കുഴിയിൽ കഴിയേണ്ടിയിരുന്നു.  കൃഷിയായപ്പോൾ മുഴുവൻ പാടശേഖരത്തിന്റെയും പുറം ബണ്ട് കെട്ടി ബലപ്പെടുത്തി പമ്പിങ് തുടങ്ങി. അതോടെ വെള്ളക്കെട്ടൊഴിഞ്ഞു. ഇന്നു സമീർ കൃഷി തുടരേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്.

സമീർ
സമീർ

ഇൻഷുറൻസ് നിർബന്ധം

ഒന്നും രണ്ടുമല്ല ഈ സീസണിൽ സമീറിന്റെ 200 ഏക്കർ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. നിനയ്ക്കാതെ പെയ്ത മഴയിൽ അധ്വാനം പാഴായതിന്റെ നിരാശയുണ്ടെങ്കിലും ഇൻഷുറസ് നൽകുന്ന ആശ്വാസം കൃഷി തുടരാൻ കരുത്തെന്ന് സമീർ. കാലാവസ്ഥമാറ്റത്തിന്റെ ഇക്കാലത്ത് കൃഷി ഇൻഷുർ ചെയ്യുക അനിവാര്യമാണ്. കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും നൽകുന്ന ധൈര്യം ചെറുതല്ലെന്നു സമീർ. 

ഫോൺ: 9061726629

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com