ADVERTISEMENT

ഇക്കഴിഞ്ഞ ദിവസം തൃശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറിയിലെ ക്ഷീരകർഷകൻ വല്ലച്ചിറക്കാരൻ തോമസിന്റെ ഫാമിലുണ്ടായ വൈദ്യുതിയപകടം പശു വളർത്തുന്ന ഓരോരുത്തരുടെയും ശ്രദ്ധപതിയേണ്ട സംഭവമാണ്. തൊഴുത്തിൽ ഉണ്ടായ ഷോര്‍ട്ട് സർക്യൂട്ട് അദ്ദേഹത്തിന്റെ നാലു കറവപ്പശുക്കളുടെ ജീവനാണ് ഒറ്റ നിമിഷംകൊണ്ട് കവർന്നത്. പുലര്‍ച്ചെ പശുക്കളെ കറക്കുന്നതിനിടയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ച് അപകടമുണ്ടായത്.

ഷോക്കേറ്റ നാലു പൈക്കളും നിമിഷം നേരം കൊണ്ട് പിടഞ്ഞു വീണു ചത്തു, തലനാരിഴയ്ക്കാണ് തോമസ് രക്ഷപ്പെട്ടത്. തൊഴുത്തിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച ഫാനിൽനിന്നാണ് അപകടമെന്നാണ് സംശയം. തൊഴുത്തിന്റെ മേല്‍ക്കൂരയും മറയും പുൽക്കൂടിന് മുന്നിലുള്ള ഫ്രെയിമും നിർമിച്ചത് ഇരുമ്പു ഷീറ്റും ഇരുമ്പ് പൈപ്പും കൊണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. 

ഈ ദുഃഖകരമായ അപകടം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ക്ഷീരസംരംഭകർ അറിയേണ്ടതുണ്ട്. വീടുകളിൽ സംഭവിക്കുന്ന വൈദ്യതി അപകടങ്ങൾ പോലെ പശുത്തൊഴുത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ വൈദ്യതി അപകടങ്ങളാണ് ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്. തൃശൂർ ജില്ലയിൽ തന്നെ താന്ന്യം തെക്ക് പണിക്കശ്ശേരിയിൽ 2021ൽ ഒരു ഡെയറി ഫാമിലുണ്ടായ അപകടത്തിൽ ആറ് കറവപ്പശുക്കൾ ഒറ്റയടിക്ക് ഷോക്കേറ്റ് ചത്തിരുന്നു.  

അശ്രദ്ധയോടെ സ്ഥാപിച്ച വൈദ്യതി കണക്ഷനുകളിൽ നിന്നും തീറ്റത്തൊട്ടിക്കു മുന്നിലെ ഇരുമ്പ് തണ്ടായം ഉൾപ്പടെ തൊഴുത്ത് നിർമിച്ചിരിക്കുന്ന ഇരുമ്പ് കമ്പികളിലേക്കു വൈദ്യതി പ്രവഹിച്ച് ഒട്ടേറെ പശുക്കൾക്ക് അപകടമേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ബന്ധങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കളുടെ മാത്രമല്ല ക്ഷീരകർഷകനും അപകടമുണ്ടാക്കും. പശുക്കളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും തൊഴുത്തിലേക്കു വേണ്ടി വരുന്ന വൈദ്യുതിയും വൈദ്യതസംവിധാനങ്ങളും കൂടും. അപ്പോൾ അതിനൊത്ത ജാഗ്രതയും ഓരോ ക്ഷീരസംരംഭങ്ങളിലും ഉണ്ടാവേണ്ടതുണ്ട്.

ചെറിയ ക്ഷീരസംരംഭങ്ങളിൽ വീടുകളിൽനിന്ന് അശ്രദ്ധയോടെ വയർ വലിച്ച് തൊഴുത്തിന്റെ മേൽക്കൂരയിൽ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇൻസുലേഷൻ കാലപ്പഴക്കം കൊണ്ടോ ഉര‍ഞ്ഞോ നഷ്ടപ്പെടാം. ഇൻസുലേഷൻ നഷ്ടമായ  വയറുകൾ വലിയ അപകടമുണ്ടാക്കും. വയറിനു താങ്ങുനൽകുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും അപകടമുണ്ടാക്കും. അപകടങ്ങൾ തടയാൻ തൊഴുത്തിലേക്കുള്ള വൈദ്യതിബന്ധങ്ങൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തിൽ സ്‌ഥാപിക്കരുത്. വൈദ്യുതി വയറുകളുടെ ഇൻസുലേഷനും കണക്ഷൻ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം. വൈദ്യത വയറുകളുടെ ഇൻസുലേഷൻ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആ വയർ മാറ്റി പുതിയത് ഘടിപ്പിക്കുക. പ്ലാസ്റ്റിക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയർ വലിക്കാൻ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒരു പരിധി വരെ തടയാം. വീട്ടിൽ നിന്ന് തൊഴുത്തിലേക്ക് വൈദ്യുതി എടുക്കുമ്പോൾ ഇടയിൽ ഒരു എംസിബി (Miniature Circuit Breaker) കൂടി നൽകുന്നത് പരിഗണിക്കാവുന്നതാണ്.

തൊഴുത്തിന്റെ മേൽക്കൂര നിർമിച്ച ഇരുമ്പ് പൈപ്പിൽ ചേർത്ത് വച്ച്  ട്യൂബ് ലൈറ്റ് സ്ഥാപിക്കരുത്. കേടായ ചോക്കിലൂടെ വൈദ്യുതി പ്രവഹിച്ച് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. ഫാമിലെ നനഞ്ഞ തറയിൽ നിന്ന് വൈദ്യതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ റബർ ഗംബൂട്ടുകൾ ധരിച്ചാൽ ഏറെ ഉചിതം. തൊഴുത്തിന് പുറത്ത് സ്‌ഥാപിച്ച എംസിബി, വയറിങ്,  സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയ്ക്കുള്ളിൽ വെള്ളം ഇറങ്ങാതിരിക്കാൻ വേണ്ട മുൻകരുതലും കൈക്കൊള്ളണം.

അശ്രദ്ധമായ നിർമാണം കൊണ്ടോ, ഇൻസുലേഷൻ തകരാറുകൊണ്ടോ വൈദ്യുതി പ്രവഹിക്കപ്പെടാൻ പാടില്ലാത്ത ഭാഗങ്ങളിലേക്കു വൈദ്യുതി പ്രവഹിച്ച്  വൈദ്യുതാഘാതം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള പ്രതിരോധമാണ് എർ‍ത്തിങ്. വൈദ്യുതിശൃംഖലയിലെ വൈദ്യുതി വാഹകരല്ലാത്ത ചാലകങ്ങളെ ഭൂമിയുമായി ബന്ധിപ്പിക്കാൻ എർ‍ത്തിങ് വഴി കഴിയുന്നു. വലിയ ഡെയറി ഫാമുകളിലെ എർത്തിങ് സംവിധാനം ഗുണമേന്മയോടെ നിർമിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് കന്നുകാലികളുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.  ജിഐ പൈപ്പ് /  കോപ്പർ റോഡ് ഉപയോഗിച്ചുള്ള എർത്തിങ് രീതിയാണ് ഫാമുകളിലെ എർത്തിങ്ങിൽ അവലംബിച്ചുപോരുന്നത്. ഉപ്പും ചിരട്ടക്കരിയും മിശ്രിതം ഉപയോഗിച്ച്  എർ‍ത്തിങ്ങിന്‌ വേണ്ട കുഴി നിറയ്ക്കാൻ ശ്രദ്ധിയ്ക്കുക. എർ‍ത്തിങ് പ്രതിരോധം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതും പ്രധാനം. ഫാമിന്റെ വലുപ്പവും ശേഷിയും അനുസരിച്ച് വിവിധ ഭാഗങ്ങളിലായി ഒന്നിലധികം എർ‍ത്തിങ് പ്രതിരോധം നൽകാവുന്നതാണ്. മതിയായ വൈദഗ്ധ്യമില്ലെങ്കിൽ സ്വയം പരീക്ഷണത്തിന് മുതിരാതെ തൊഴുത്തിലെ വയറിങ് ഉൾപ്പെടെയുള്ള  ഇലക്ട്രിക് ജോലികൾക്ക് യോഗ്യതയുള്ള ഒരു ഇലക്ട്രീഷ്യനെ തന്നെ ചുമതലപ്പെടുത്തുക. 

വൈദ്യുതിപോസ്റ്റുകൾ കന്നുകാലികളെ കെട്ടാനുള്ളതല്ല

ഫാമിലെ വൈദ്യുതി സുരക്ഷയുമായി നേരിട്ട് ബന്ധമില്ലെങ്കിലും  കന്നുകാലികൾക്ക്  വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കുന്ന ഒരു കാരണമാണ് വൈദ്യുതി പോസ്റ്റുകളിൽ കന്നുകാലികളെ കെട്ടുന്ന ശീലം. ഗ്രാമീണ പ്രദേശങ്ങളിൽ ഇങ്ങനെയുണ്ടായ അപകടങ്ങൾ ഏറെയാണ്. വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെ കെട്ടുന്നത് നിർബന്ധമായും ഒഴിവാക്കണം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com