ADVERTISEMENT

ഉത്സവകാല വാങ്ങലുകൾ പുർത്തിയാക്കി ഉത്തരേന്ത്യൻ ഇടപാടുകാർ മുഖ്യ സുഗന്ധവ്യഞ്‌ജന വ്യാപാര രംഗത്ത്‌ നിന്നും പിൻമാറിയതോടെ കുരുമുളകിന്‌ വിലത്തകർച്ച. ദീപാവലി ആഘോഷ വേളയിലെ ഡിമാൻഡ് മുന്നിൽക്കണ്ടുള്ള മുളകു സംഭരണം പൂർത്തിയാക്കിയതോടെ വിപണി ശക്തമായ ചാഞ്ചാട്ടത്തിന്റെ പിടിയിൽ അകപ്പെട്ടു. നാടൻ മുളകിന്റെ ലഭ്യത ചുരുങ്ങി നിൽക്കുന്ന സന്ദർഭത്തിലാണ്‌ ഒരു വിഭാഗം ഇടപാടുകാർ വിപണിയെ പിന്നോക്കം വലിച്ചത്‌. 

കേരളത്തിലും കർണാടത്തിലും കഴിഞ്ഞവാരം കുരുമുളകിന്‌ കനത്ത തിരിച്ചടി നേരിട്ടു. അന്തർസംസ്ഥാന ഇടപാടുകാർ സംഘടിതമായി നടത്തിയ നീക്കത്തിന്‌ മുന്നിൽ പിടിച്ചു നിൽക്കാൻ ചെറുകിട വ്യാപാരികൾക്കായില്ല. അതേസമയം ഇവിടെ അനുഭവപ്പെട്ട കനത്ത വിലത്തകർച്ച ഉത്തേരേന്ത്യയിലെ പല മാർക്കറ്റുകളിലും പ്രതിഫലിച്ചില്ല. കൃത്രിമമായി പഴയ വിലയിൽ ഉൽപ്പന്ന വില ഉയർത്തി നിർത്തി സ്‌റ്റോക്ക്‌ വിറ്റുമാറുകയാണവർ. നേരത്തെ ഇറക്കുമതി നടത്തിയ വിയറ്റ്‌നാം, ബ്രസീലിയൻ ചരക്ക്‌ ദക്ഷിണേന്ത്യൻ കുരുമുളകുമായി കലർത്തിയാണ്‌ അവർ ചെറുകിട വിപണികളിൽ ഇറക്കുന്നത്‌. ദീപാവലി വേളയായതിനാൽ ചൂടപ്പം പോലെ ഉൽപന്നം വിറ്റഴിക്കാനും അവർക്കാവുന്നുണ്ട്‌. നമ്മുടെ കുരുമുളക്‌ വിലയിലും ഏതാണ്ട്‌ 50‐60 ശതമാനം താഴ്‌ന്ന നിരക്കിൽ ഇറക്കുമതി നടത്തിയ ചരക്കായതിനാൽ വ്യവസായികളെ സംബന്ധിച്ച്‌ വൻ ലാഭത്തിലാണ്‌ മുളക്‌ വിറ്റുമാറുന്നത്‌. 

ഒക്‌ടോബർ മധ്യം മുതൽ 63,000 രൂപയെ ചുറ്റിപ്പറ്റി നീങ്ങിയ ഗാർബിൾഡിന്‌ പൊടുന്നനെ 62,000ലെ താങ്ങ്‌ നഷ്ടപ്പെട്ടത്‌ ഒരുവിഭാഗം മധ്യവർത്തികളെ സമ്മർദ്ദത്തിലാക്കി. അവർ സറ്റോക്ക്‌ നില കുറയ്ക്കാൻ നടത്തിയ തിരക്കിട്ട നീക്കങ്ങൾ വിപണിയെ കൂടുതൽ പിരിമുറുക്കത്തിലാക്കി. നവംബർ ആദ്യ ദിനം ക്വിന്റലിന്‌ 200 രൂപ കുറഞ്ഞ മുളകുവില തൊട്ടടുത്ത ദിവസം 400 രൂപ താഴ്‌ന്നത്‌ ഇടനിലക്കാരെ വിൽപ്പനയിലേക്ക്‌ തിരിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ തുടർന്നുള്ള രണ്ടു ദിവസങ്ങളിയായി 1000 രൂപ വാങ്ങലുകാർ ഇടിച്ചു.  ഉൽപാദകമേഖലയെ വിൽപ്പനയിലേക്ക്‌ തിരിക്കാനുള്ള ശക്തമായ നീക്കത്തിനു പിന്നിൽ അന്തർസംസ്ഥാന ഇടപാടുകാർ തന്നെയാണ്‌. 

ഉത്സവ സീസണായതിനാൽ ഡൽഹി, കൽക്കത്ത, മധ്യപ്രദേശ്‌, രാജസ്ഥാൻ, മഹാരാഷ്‌ട്ര ഭാഗങ്ങളിലെ സുഗന്ധവ്യഞ്‌ജന വിപണികല്ലൊം തന്നെ ഒരാഴ്‌ചയിലെറെയായി സജീവമാണ്‌. ഈ വാരം വിൽപ്പനതോത്‌ വീണ്ടും ഉയരുമെന്നാണ്‌ അവരുടെ വിലയിരുത്തൽ. കൈവശമുള്ള നാടൻ ചരക്കിൽ ഏറിയ പങ്കും ഈ അവസരത്തിൽ വിറ്റഴിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണവർ. 

ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞ് നവംബർ രണ്ടാം പകുതിയിൽ മാത്രമേ അവർ കേരളത്തിലേക്ക്‌ ശ്രദ്ധേതിരിക്കൂ. വാങ്ങലുകാർക്ക്‌ ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു, അടുത്ത ബയ്യിങിന്‌ ഇറങ്ങുമ്പോൾ ഉൽപന്ന വില പരമാവധി താഴ്‌ന്ന തലത്തിൽ എത്തി നിൽക്കണം. എന്നാൽ മാത്രമേ അവർക്ക്‌ ക്രിസ്‌സ്‌-ന്യൂ ഇയർ വേളയോട്‌ അനുബന്ധിച്ച്‌ വിപണിയെ വീണ്ടും ഉയർത്തി മുളക്‌ വിറ്റുമാറാൻ.

ഇതിനിടെ കൃഷി മന്ത്രാലയം അടുത്ത സീസണിലെ വിളവ്‌ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടതായും വിപണി വൃത്തങ്ങൾ. ഉൽപാദകമേഖലയുമായി പുലബന്ധം പോലുമില്ലാത്തവർ ഊതീവീർപ്പിച്ച കണക്കുമായാണ്‌ രംഗത്ത്‌ ഇറങ്ങിയിട്ടുള്ളത്‌. കർണാടകത്തിൽ അരക്ഷം ടണ്ണിന്‌ മുകളിൽ ഉൽപാദനം അവർ വിലയിരുത്തുമ്പോൾ കേരളത്തിൽ 35,000 ടൺ അവർ കണക്കാക്കുന്നു. 

പിന്നിട്ട ഏതാനും വർഷങ്ങളായി കാലാവസ്ഥ വ്യതിയാനം മൂലം ഇവിടെ വിളവ്‌ ഗണ്യമായി കുറയുകയാണ്‌. മുളകുവില ഓഗസ്റ്റ്‌ മുതൽ ഉയർന്നതിനാൽ കാർഷിക മേഖല ഇക്കുറി തോട്ടങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ട്‌. ഇതിനിടെ തുലാമഴയുടെ വരവ്‌ ഉൽപാദകരിൽ ചെറിയ ആശങ്കപരത്തിയെങ്കിലും കാര്യമായ കൃഷിനാശം ഒന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. തുലാം രണ്ടാം പകുതിയിലും മഴ ഇതേ നിലയിൽ തുടരുമെന്നാണ്‌ പല കർഷകരും കണക്ക്‌ കൂട്ടുന്നത്‌. അതേസമയം മഴ ശക്തമായാൽ തിരികളിൽ നിന്നും മണികൾ അടർന്നു വീഴുന്ന അവസ്ഥയാവും, അത്‌ മൊത്തം ഉൽപാദനത്തിൽ വീണ്ടും വിള്ളലുളവാക്കാം. 

ഒക്‌ടോബർ ഒന്ന്‌ മുതൽ നവംബർ ആറ്‌ വരെയുള്ള ഏറ്റവും പുതിയ വിലയിരുത്തലിൽ സംസ്ഥാനത്ത്‌ സാധാരണയിലും അൽപ്പം കൂടുതൽ മഴ ലഭിച്ചതായി കണക്കാക്കുന്നു. അതേസമയം വയനാട്‌ ജില്ലയിൽ തുലാവർഷം കനിഞ്ഞില്ല. സംസ്ഥാനത്ത്‌ ഈകാലയളവിൽ 400 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. 

ചുക്ക്‌

ദീപാവലി കഴിയുന്നതോടെ വടക്കേന്ത്യൻ സംസ്ഥാനങ്ങൾ തണുപ്പിന്റെ പിടിയിൽ പൂർണമായി അകപ്പെടുമെന്നത്‌ ചുക്ക്‌ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കും. ഇക്കുറി റെക്കോർഡ്‌ വില ചുക്കിന്‌ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ. പിന്നിട്ട ഏതാനം ആഴ്‌ചകളായി വിപണിയിൽ ചുക്ക്‌ വരവ്‌ ചുരുങ്ങിയതിന്‌ മുഖ്യകാരണവും സ്‌റ്റോക്കിസ്‌റ്റുകൾ ചരക്ക്‌ പിടിച്ചതാണ്‌. കാർഷിക മേഖലകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഉൽപ്പന്നത്തിന്റെ നീക്കിയിരിപ്പ്‌ നന്നേ കുറഞ്ഞുവെന്ന  വിലയിരുത്തലാണ്‌ പുറത്ത്‌ വരുന്നത്‌.   

ജനുവരി അവസാനം വരെ ശൈത്യകാലം നീളുമെന്നതിനാൽ രാജ്യത്തിന്റെ ഏതാണ്ട്‌ ഏല്ലാ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളും ചുക്കിനോട്‌ അമിത താൽപര്യം കാണിക്കാം. ഇതിനിടെ മൂപ്പ്‌ കുറഞ്ഞ ഇഞ്ചി വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നുണ്ട്‌. ഇത്‌ മുഖ്യമായും പച്ചക്കറി വിപണി ലക്ഷ്യമാക്കി ഉൽപാദിപ്പിക്കുന്നതാണ്‌. കഴിഞ്ഞ സീസണിൽ ഇഞ്ചി ഉൽപാദനത്തിൽ സംഭവിച്ച കുറവ്‌ വൻ വിലക്കയറ്റത്തിന്‌ ഇടയാക്കി. ഇഞ്ചി വിലക്കയറ്റം കണ്ട്‌ ചുക്ക്‌ ഉൽപാദകരിൽ വലിയപങ്കും രംഗത്ത്‌ നിന്നും അകന്ന്‌ നിന്നു. കർണാടകം കേന്ദ്രീകരിച്ചാണ്‌ ചുക്ക്‌ സംസ്‌കരണം മുഖ്യമായും നടക്കുന്നത്‌. കേരളത്തെ അപേക്ഷിച്ച്‌ കൂലിച്ചെലവിലെ കുറവ്‌ തന്നെയാണ്‌ ഉൽപാദകരുടെ ശ്രദ്ധ ആ മേഖലയിലേക്ക്‌ തിരിച്ചത്‌. കൂർഗ്ഗിലും ഹസ്സനിലും ചിക്കമംഗലൂരിലും ഇഞ്ചിക്കൃഷി വ്യാപകമാണ്‌.

കൊച്ചിയിൽ ഇടത്തരം ചുക്ക്‌ 32,500 രൂപയിൽ വിപണനം നടക്കുമ്പോൾ മികച്ചയിനങ്ങൾ 34,000 രൂപയിലെത്തി. വില കൂടുതൽ ആകർഷകമായി മാറുമെന്ന പ്രതീക്ഷ സ്‌റ്റോക്കിസ്‌റ്റുകൾ നിലനിർത്തുന്നു. ഇതിനിടയിൽ കയറ്റുമതി സമൂഹം ബെസ്‌റ്റ്‌ ചുക്കിനായി ഉൽപാദന മേഖലകളിൽ അന്വേഷണം വ്യാപകമാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ചുക്കിന്‌ അന്വേഷണങ്ങളുണ്ട്‌. ദുബായ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഇറക്കുമതിസ്ഥാപനങ്ങൾ ചരക്കിനായി രംഗത്ത്‌ എത്തി. ദക്ഷിണേന്ത്യൻ ചുക്കിന്‌ മാത്രമല്ല, വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ചുക്കിന്റെ സ്ഥിതിഗതികളും അവർ വിലയിരുത്തുന്നുണ്ട്‌. രാജ്യാന്തര മാർക്കറ്റിൽ ചൈനയും നൈജീരിയയും ശക്തമായ സാന്നിധ്യം തുടരുകയാണ്‌. വില ഇടിച്ച്‌ വിദേശ ഓർഡറുകൾ കൈയിൽ ഒതുക്കാനുള്ള അവരുടെ നീക്കങ്ങൾക്കു മുന്നിൽ പലപ്പോഴും ഇന്ത്യൻ കയറ്റുമതിക്കാർ പതറുന്നു. ചുക്ക്‌ ക്ഷാമം തന്നെയാണ്‌ ഇന്ത്യൻ എക്‌സ്‌പോർട്ടർമാരെ പിന്നോക്കം വലിക്കുന്നത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com