ADVERTISEMENT

മരിയ കുര്യാക്കോസിന്റെ ‘തേങ്ങ’ക്കമ്പനി പതിവായി തേങ്ങ വാങ്ങാറുണ്ട്. പക്ഷേ അവർക്ക്  അതിലെ ചകിരി വേണ്ട, കാമ്പും വേണ്ട, തേങ്ങാ വെള്ളവും ആവശ്യമില്ല. പിന്നെ എന്തൂട്ട് തേങ്ങയാണെന്നല്ലേ?  ചിരട്ട. മരിയ തേങ്ങ വാങ്ങുന്നത് ചിരട്ടയ്ക്കുവേണ്ടി മാത്രം. തേങ്ങാക്കമ്പനിയുടെ അസംസ്കൃത വസ്തുവാണത്. ചിരട്ട ഉപയോഗിച്ച് നാൽപതോളം ഉൽപന്നങ്ങളാണ് ഇവർ നിർമിക്കുന്നത്. അവ ഇതിനകം ഇരുപതിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.  

ഒരു ചിരട്ടയ്ക്ക് എത്ര പൈസ വിലയുണ്ട്? തേങ്ങയായി വാങ്ങുമ്പോൾ വിപണിവില മാത്രമാണ് നൽകുക. എന്നാൽ, പച്ചത്തേങ്ങയിൽനിന്നു ചിരട്ട വേർപെടുത്തി നൽകുന്നവർക്ക് 10 രൂപ വരെ നൽകും. കമ്പനിയുടെ ആവശ്യം മനസ്സിലാക്കി നിശ്ചിത വലുപ്പത്തിലും ആകൃതിയിലും നൽകാമെന്നു മുൻകൂട്ടി ധാരണയിലെത്തുന്നവർക്കാണ് ഇതു നല്‍കുക. അതേസമയം മരിയ ചിരട്ട വിൽക്കുമ്പോൾ മൂല്യം കുത്തനെ ഉയരും. 50 രൂപ മുതൽ 800 രൂപ വരെയാണ് ‘തേങ്ങ’ ബ്രാൻഡിലുള്ള ചിരട്ട ഉൽപന്നങ്ങളുടെ വില. പക്ഷേ, ചിരട്ട അതിനു മുൻപ് തേങ്ങാക്കമ്പനിയിലെ കലാകാരന്മാരുടെ കൈകളിലൂടെ കടന്നുപോകണം. അവർ ചിരട്ടയെ കരണ്ടിയും സ്പൂണും കപ്പും വൈൻ ഗ്ലാസുമൊക്കെയാക്കി മാറ്റുന്നു. അതോടെ അവയെല്ലാം ലോകവിപണിയിൽ ഏറെ മൂല്യമുള്ള പ്രകൃതി ഉൽപന്നങ്ങളായി മാറുകയായി. 4 വർഷത്തിനകം 1,20,000 ചിരട്ടകൾ ഇപ്രകാരം മൂല്യവർധന വരുത്തി വിറ്റഴിക്കാൻ കഴിഞ്ഞെന്ന് മരിയ പറയുന്നു. കഴിഞ്ഞ വർഷം മരിയ 95 ലക്ഷം രൂപയുടെ ചിരട്ടക്കച്ചവടമാണ് നടത്തിയത്.

മരിയ കുര്യാക്കോസ്
മരിയ കുര്യാക്കോസ്

യൂറോപ്പിൽനിന്ന് എംബിഎ എടുത്ത ഈ യുവസംരഭകയ്ക്ക് പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളോടും സാമൂഹിക സംരംഭങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ‘തേങ്ങ’യുടെ പിറവിക്കു കാരണം. പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത ഒരു സംരംഭം തുടങ്ങണമെന്നു മുംബൈയിൽ ജനിച്ചു വളർന്ന ഈ തൃശൂരുകാരി പഠനകാലത്തുതന്നെ ഉറപ്പിച്ചിരുന്നു. ബിസിനസിലൂടെ സാമൂഹിക സേവനം എന്ന ആശയമായി അത് വളർന്നു. വെറുമൊരു സംരംഭമെന്നതിനപ്പുറം സാമ്പത്തിക സുസ്ഥിരത നഷ്ടപ്പെടുത്താതെ സഹജീവികൾക്കു നന്മ ചെയ്യാനുള്ള അവസരമാണ് മരിയ ആഗ്രഹിച്ചത്. 2019ൽ ജോലിയിൽ പ്രവേശിച്ച ശേഷവും തന്റെ നിര്‍ദിഷ്ട സംരംഭത്തിനു ചേർന്ന പ്രകൃതിദത്ത ഉൽപന്നത്തിനു വേണ്ടി അന്വേഷണം തുടര്‍ന്നു. നാട്ടിൽത്തന്നെ നടത്തണമെന്നതിനാൽ നാളികേര ഉൽപന്നമാവും ഉചിതമെന്നു തോന്നി- ലഭ്യത ഒരു പ്രശ്നമാവില്ലല്ലോ. പക്ഷേ ഏതു വേണം - വെളിച്ചെണ്ണ മുതൽ തേങ്ങാവെള്ളം വരെ നൂറുകണക്കിന്  കേര ഉൽപന്നങ്ങളുണ്ടല്ലോ. മരിയ കാര്യമായി ഗൃഹപാഠം ചെയ്തു. ഒട്ടേറെ നാളികേര സംസ്കരണശാലകൾ സന്ദർശിച്ചു. തേങ്ങയുടെ എല്ലാ ഭാഗവും പ്രയോജനപ്പെടുത്തുന്ന സമ്പൂർണ സംസ്കരണശാലയാണ് ആദ്യം വിഭാവനം ചെയ്തത്. എന്നാൽ വലിയ മുതൽമുടക്ക് വേണ്ടിവരുന്ന അത്തരം സംരംഭം നവാഗതയ്ക്കു ചേരില്ലെ ന്നു തോന്നി. നാളികേര സംസ്കരണശാലകളിൽ പാഴാകുന്ന തേങ്ങാവെള്ളവും ഇളനീരുമൊക്കെ പരിഗണിച്ചെങ്കിലും വിപണിയിൽ ബഹുരാഷ്ട്ര കമ്പനികളോട് ഏറ്റുമുട്ടേണ്ടി വരുമെന്നതിനാൽ ഒഴിവാക്കി. തേങ്ങാവെള്ളത്തിന്റെ വിപണിപഠനത്തിനായി കുറച്ചു നാൾ സൂപ്പർ മാർക്കറ്റുകളിൽ സാംപിൾ വിതരണവും നടത്തിയിരുന്നു.  

നാളികേര സംസ്കരണശാലകൾ സന്ദർശിക്കുന്നതിനിടയിലാണ് പുറന്തള്ളപ്പെടുന്ന ചിരട്ട ശ്രദ്ധയിൽപെട്ടത്. ചിരട്ടയ്ക്കു പുതിയ മൂല്യം നൽകാനുള്ള ഗവേഷണമായി പിന്നെ. പ്രകൃതിസൗഹൃദ കട്ളറി എന്ന ആശയത്തിലേക്ക് എത്തിയത് അങ്ങനെയാണ്. ചിരട്ട കൊണ്ടുള്ള തവിയും മറ്റും കഴിഞ്ഞ തലമുറവരെ കേരളത്തിൽ സുപരിചിതമായിരുന്നല്ലോ. തവി മാത്രമല്ല, ചെറിയ പാത്രങ്ങൾ, ബൗളുകൾ, വൈൻ ഗ്ലാസ് എന്നിങ്ങനെ വ്യത്യസ്ത ചിരട്ട ഉൽപന്നങ്ങളുടെ സാധ്യത മരിയ തിരിച്ചറിഞ്ഞു. അവ സ്വന്തമായി രൂപകൽപന ചെയ്തു നോക്കുകയും ചെയ്തു.

thenga-maria-3

വീട്ടിൽ സ്വയം നടത്തിയ ഈ ഉൽപന്നവികസനത്തിൽ മരിയയ്ക്കു കൂട്ട് മാതാപിതാക്കൾ മാത്രമായിരുന്നു. അനുയോജ്യ വലുപ്പമുള്ള ചിരട്ട കണ്ടെത്തുന്നതും ഉരച്ചു വൃത്തിയാക്കുന്നതും ആവശ്യമായ രൂപമാറ്റം വരുത്തുന്നതുമൊക്കെ മരിയ തന്നെ. മുംബൈയിൽ മികച്ച ജോലിയുള്ള എംബിഎക്കാരി അവധിക്കാലത്ത് ചിരട്ട പെറുക്കി നടക്കുന്നതു കണ്ട് പലരും മൂക്കത്തു വിരൽ വച്ചു. പക്ഷേ മരിയയ്ക്കു തന്റെ ലക്ഷ്യം വ്യക്തമായിരുന്നതിനാൽ അതൊന്നും പ്രശ്നമായില്ല. ചിരട്ടസംരംഭത്തിനു മരിയ കണ്ടെത്തിയ മെച്ചങ്ങൾ പലതായിരുന്നു-അസംസ്കൃതവസ്തു കേരളത്തിൽ പ്രകൃതിദത്തമായി സുലഭം, പാഴാകുന്നതും പരിസര മലിനീകരണത്തിനിടയാക്കുന്നതുമായ വസ്തുവിന് ഉപയോഗം, നാളികേരത്തിന് അധിക മൂല്യം, പ്ലാസ്റ്റിക്കിനു പ്രകൃതിദത്ത ബദൽ, സർവോപരി സാധാരണക്കാരായ കലാകാരന്മാർക്കു  ജോലിയും വരുമാനവും. ചിരട്ട തന്നെ മതിയെന്ന് മരിയ ഉറപ്പിച്ചു.

thenga-maria-1

ചിരട്ടപ്പാത്രങ്ങളിൽ പേരും മറ്റും കൊത്തിവയ്ക്കാൻ കഴിഞ്ഞത് ഒരു മുന്നേറ്റമായെന്നു മരിയ. സമ്മാനമായി നൽകുന്നതിന് കോർപറേറ്റ് സ്ഥാപനങ്ങള്‍ ഇത്തരം അക്ഷരങ്ങൾ വരഞ്ഞ ചിരട്ടപ്പാത്രങ്ങൾ ബള്‍ക്ക് ആയി വാങ്ങുമെന്നു തോന്നി. അത്തരം ചില സ്ഥാപനങ്ങളിലേക്കു സാംപിൾ അയച്ചു കൊടുത്തപ്പോൾ മികച്ച പ്രതികരണം. നാലിടത്തേക്കു സാംപിൾ അയച്ചപ്പോൾ 2 കക്ഷികള്‍ ഓർഡര്‍ തന്നു. അതോടെ കൂടുതൽ ചിരട്ട സംസ്കരിക്കാമെന്ന ആത്മവിശ്വാസമായി.  ആയിടയ്ക്കാണ് ഒരു കാർഷിക പ്രദർശനത്തിൽ ആലപ്പുഴയിലെ ഒരു കരകൗശല വിദഗ്ധ കുടുംബത്തെ പരിചയപ്പട്ടത്. മരിയയുടെ ഉൽപന്നങ്ങൾക്ക് സമാനമായ സ്പൂണുകളും മറ്റുമായിരുന്നു  അവരും നിർമിച്ചിരുന്നത്.  ഉൽപന്ന നിർമാണത്തിൽ വൈദഗ്ധ്യമുണ്ടെങ്കിലും വിപണി കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു അവർ.  മരിയയിലെ സാമൂഹിക സംരംഭക ഉണർന്നു പ്രവർത്തിച്ചു. അവരുടെ ഉൽപന്നങ്ങളെല്ലാം തേങ്ങക്കമ്പനി ഏറ്റെടുത്തു. മാത്രമല്ല, കമ്പനി നിർദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ചിരട്ടപ്പാത്രങ്ങളും മറ്റും നിർമിച്ചു നൽകിയാൽ സ്ഥിരമായി വാങ്ങാമെന്ന് ഉറപ്പും നൽകി. ചിരട്ടയുൽപന്നങ്ങൾ നിർമിക്കുന്ന മറ്റു കലാകാരന്മാരും ഇക്കാര്യമറിഞ്ഞു. വിപണനപിന്തുണ തേടി അവരും മരിയയുടെ അടുത്തെത്തി. ഇന്ന് 12 കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ 36 പേർ തേങ്ങാക്കമ്പനിയിലൂടെ വരുമാനം കണ്ടെത്തുന്നു. തൃശൂരിൽ കമ്പനി നേരിട്ടു നടത്തുന്ന ഉൽപാദന യൂണിറ്റുമുണ്ട്. 

ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ 3 വലുപ്പങ്ങളിലാണ് ചിരട്ടപ്പാത്രങ്ങൾ നിർമിക്കുന്നത്. ശരാശരി 500 മില്ലി ഉള്ളളവുള്ള ഇടത്തരം പാത്രങ്ങൾക്ക്  11–12 സെ.മി. വ്യാസം പ്രതീക്ഷിക്കാം. നമ്മുടെ നാട്ടിലെ ചിരട്ട ഉപയോഗിച്ച് അവ നിർമിക്കാനാകും. എന്നാൽ, ചിലപ്പോൾ 900 മില്ലി വ്യാപ്തമുള്ള പാത്രങ്ങൾക്കും ഓർഡർ ലഭിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ വലുപ്പമേറിയ ചിരട്ട ലഭിക്കുന്ന ജംബോ തേങ്ങ വിയറ്റ്നാമിൽനിന്ന് ഇറക്കുമതി ചെയ്യും.  

thenga-maria-6

എല്ലാ തേങ്ങകളുടെയും ചിരട്ട കമ്പനി വാങ്ങാറില്ല. നിശ്ചിത അളവിലുള്ള പൊതിച്ച തേങ്ങ വിപണിയിൽനിന്നു വാങ്ങിയശേഷം അതിന്റെ കാമ്പും വെള്ളവും നീക്കി ചിരട്ട എടുക്കുകയാണ് ചെ യ്യുക. കാമ്പ് കൊപ്രയാക്കി വിൽക്കും.

ഫോൺ: 8075698276    

വെബ്സൈറ്റ്: www.thengacoco.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com