ADVERTISEMENT

നാളികേരം കൊപ്രയാക്കാൻ പാകമായ പ്രായത്തിൽ വിളവെടുക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. കരിക്കിനെ കേരളത്തിലെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരിക്കുവിൽപനയ്ക്കു വേണ്ടി വിളവെടുക്കല്‍ ഇവിടെ പ്രചാരത്തിൽ വന്നിട്ടില്ല. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരുന്ന കരിക്കാണ് ഇവിടെ വിറ്റുപോരുന്നതില്‍ നല്ല പങ്കും. കരിക്കായി വില്‍ക്കുന്നത് കുറച്ചിലാണെന്ന മനോഭാവം നമുക്കുണ്ട്. കൂടാതെ, കരിക്കുകുലകൾ കയറിൽ കെട്ടി ഇറക്കുന്നതും  മറ്റും വലിയ പ്രയാസമായി നമ്മള്‍ കാണുന്നു. എന്നാൽ തേങ്ങയ്ക്കും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമെല്ലാം കുത്തനെ വിലയിടിയുന്ന ഇക്കാലത്ത് കരിക്കായി വില്‍ക്കുന്നതുതന്നെ മെച്ചം. 

കൊപ്ര, വെളിച്ചെണ്ണവിലയുടെ അടിസ്ഥാനത്തിലാണ് ഇവിടെ ഇന്നും തേങ്ങാവില നിർണയിക്കുന്നത്. വെളിച്ചെണ്ണവില ഏതു കാരണത്താല്‍ കുറഞ്ഞാലും അതു നാളികേരവിലയെ ബാധിക്കുന്നു. എന്നാൽ ഇതൊന്നും കരിക്കുവിലയെ തൊടുന്നില്ല. ഇളനീർവില എന്നും നാളികേരവിലയെക്കാൾ ഉയർന്നാണ് നിൽക്കുന്നത്. ഇപ്പോൾ കരിക്കിന് ഏറ്റവും കുറഞ്ഞ ചില്ലറവില 50 രൂപയാണ്. എന്നാൽ 16 –17 രൂപയ്ക്കു നാളികേരം കിട്ടും. കരിക്കിന്റെ ആവശ്യകത കൂടുകയുമാണ്. 

കരിക്കിനു പറ്റിയ അഞ്ചോ പത്തോ തെങ്ങു തിരഞ്ഞെടുക്കുന്നതും 7 മാസം പ്രായമായ കുലകൾ കയറിൽ കെട്ടി ഇറക്കുന്നതുമൊക്കെ വലിയ പ്രയാസമായി തോന്നാം. എന്നാല്‍ കരിക്കിന്റെയും തേങ്ങയുടെയും വില താരതമ്യം ചെയ്യുമ്പോള്‍  വിളവെടുപ്പിനു കൂടുതല്‍ ചെലവു വന്നാല്‍തന്നെ നഷ്ടമാവില്ല. കച്ചവടക്കാര്‍തന്നെ കരിക്കു വിളവെടുത്തുകൊള്ളും. മൊത്തം ഉല്‍പാദനത്തില്‍ ഒരു പങ്ക് കരിക്കായി പോകുമ്പോള്‍ വിപണിയിലേക്കു തേങ്ങ, കൊപ്രവരവു കുറയും. അത്  വെളിച്ചെണ്ണവില ഉയർത്തും. 

ബംഗാളിലെ കർഷകർ ഉൽപാദനത്തിന്റെ 90 ശതമാനവും ഇളനീരായാണ് വില്‍ക്കുന്നത്. മറ്റു പ്രധാന തെങ്ങുകൃഷി സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും  ഉൽപാദനത്തിന്റെ 25 ശതമാനത്തോളം കരിക്കായി വില്‍ക്കുന്നു. കേരളത്തിലെ കർഷകരും മനോഭാവം മാറ്റണം. എങ്കില്‍  വേനൽക്കാലത്തെങ്കിലും കരിക്കായി വിപണിയിലിറക്കി നല്ല വില നേടാനാവും. പ്രാദേശികമായി കർഷകർ സംഘടിച്ച് കരിക്ക് സംഭരിച്ച് തൊട്ടടുത്ത നഗരങ്ങളിൽ വിൽപനയ്ക്ക്  എത്തിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകും.  ഇത്തരം ചില കൂട്ടായ്മകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 

ഓരോ കൃഷിയിടത്തിലും ഇളനീർ വിളവെടുക്കാൻ പറ്റിയ തെങ്ങുകള്‍ അടയാളപ്പെടുത്തി മാറ്റിനിർത്തണം. ചാവക്കാട് ഓറഞ്ച്, മലയൻ യെല്ലോ, മലയൻ പച്ച എന്നീ കുറിയ ഇനങ്ങള്‍ കരിക്കിന് ഏറ്റവും യോജ്യമാണ്. ഇവയില്‍ വിളവെടുപ്പ് എളുപ്പവുമാണ്. ഉയരം കൂടിയ തെങ്ങുകൾക്കിടയിൽ  കരിക്കിന്റെ ആവശ്യത്തിനായി കുറച്ചു കുറിയ ഇനങ്ങളും നട്ടുവളർത്തണം. ആവശ്യത്തിന് ഉല്‍പാദനമുണ്ടെങ്കിലേ വിപണി പിടിക്കാന്‍ പറ്റുകയുള്ളൂ. 

കാര്‍ഷിക ഗവേഷകരോടും സ്ഥാപനങ്ങളോടും ഒരു വാക്ക്: ഇളനീർ വിളവെടുപ്പ് എളുപ്പമാക്കുന്ന ഉപകരണങ്ങളോ, സാങ്കേതികവിദ്യകളോ വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്‍ അടിയന്തരശ്രമം നടത്തണം.  

ഫോൺ: 9446054597

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com