ADVERTISEMENT

തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സി.എസ്.ശ്രീലക്ഷ്മി സംരംഭകയാകാൻ കാരണം കോവിഡാണ്. സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. കോവിഡ് കാലത്തു വീട്ടിലിരിക്കുമ്പോഴാണ് യുട്യൂബിൽ പ്രകൃതിദത്ത ഉൽപന്നങ്ങൾകൊണ്ടുള്ള സോപ്പ്നിർമാണം പരിചയപ്പെട്ടത്. നേരെ പോയി 630 രൂപയുടെ സോപ്പ്കിറ്റ് വാങ്ങി. നിർമിച്ച സോപ്പിന്റെ ചിത്രം സ്വന്തം ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തപ്പോൾ ചില്ലറ ഓർഡറുകളെത്തി. അതോടെ പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളുടെ സാധ്യത ബോധ്യമായി. 

എന്നാൽ അതുകൊണ്ടുമാത്രം സംരംഭം തുടർവിപണി നേടണമെന്നില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. സംരംഭകന്റെ തനതു കണ്ടെത്തൽ കൂടി ചേരുമ്പോഴാണ് ഏത് ഉൽപന്നത്തിനും പുതുമ കൈവരുന്നത്. സോപ്പും ലിപ്ബാമുമൊക്കെ ഉണ്ടാക്കാനുള്ള പാഠങ്ങൾ യുട്യൂബിൽ ഒട്ടേറെയുണ്ട്. എന്നാൽ, നമ്മുടെ ഉൽപന്നത്തിൽ ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന എന്തു പുതുമ കൊണ്ടുവരാം എന്നാണ് ഓരോ സംരംഭകനും ചിന്തിക്കേണ്ടത്; അത് ഭക്ഷ്യവിഭവമായാലും സൗന്ദര്യവർധക ഉൽപന്നമായാലും. 

sreeelakshmi-3

ഓരോ ഉൽപന്നത്തിന്റെയും ചേരുവയില്‍ പ്രയോഗിക്കുന്ന മനോധർമമാണ് തന്റെ ഉൽപന്നങ്ങളുടെ സ്വീകാര്യതയ്ക്കു കാരണമെന്നു ശ്രീലക്ഷ്മി. ഉദാഹരണത്തിന്, സ്ട്രോബറി സോപ്പ്. സ്ട്രോബറിയുടെ സുഗന്ധം മുന്നിട്ടുനിൽക്കുമെങ്കിലും പരിചിതമായതും എന്നാല്‍ തിരിച്ചറിയാനാവാത്തതുമായ ചില പൂക്കളുടെയും പഴങ്ങളുടെയും സുഗന്ധം കൂടി അതിനുണ്ട്. ഇത് ഉപഭോക്താവിനെ ആകർഷിക്കും. ഓരോ സൗന്ദര്യവർധക ഉൽപന്നത്തിലും ഇത്തരം രഹസ്യക്കൂട്ടുകളുണ്ട്. ഒട്ടേറെ പരീക്ഷണങ്ങളിൽനിന്നാണ് അതിലേക്ക് എത്തുന്നത്. ക്ഷമയും അഭിരുചിയുമുള്ള ഏതു സംരംഭകനും  ഇത് സാധ്യമാക്കാം. മറിച്ച് അനുകരണത്തിനു പോയാല്‍ സംരംഭം പരാജയപ്പെടും. കറ്റാർവാഴസോപ്പിൽ തുടങ്ങിയ ശ്രീലക്ഷ്മി തുടർന്ന് പപ്പായ, സ്ട്രോബറി ഉൾപ്പെടെയുള്ള പഴങ്ങളും ദന്തപ്പാല, മഞ്ഞൾ തുടങ്ങിയ ഔഷധികളും പ്രയോജനപ്പെടുത്തി എവർലി എന്ന ബ്രാൻഡിൽ സോപ്പ്, ഫെയ്സ് വാഷ്, ഫെയ്സ് ക്രീം തുടങ്ങി പലതരം ഉല്‍പന്നങ്ങള്‍ തയാറാക്കുന്നു. കർഷകരിൽനിന്നാണ് അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നത്.

ചെറുകിട സംരംഭകര്‍ക്ക് ഓൺലൈൻ വിപണിയും പ്രദർശന വിപണനമേളകളും വൻ സാധ്യതയാണ് നൽകുന്നതെന്ന് ശ്രീലക്ഷ്മി. ബെംഗളൂരുവിൽ മാത്രം അപ്പാർട്മെന്റുകൾ കേന്ദ്രീകരിച്ചും അല്ലാതെയും  ആഴ്ചയില്‍ ഒന്നും രണ്ടും വിപണനമേളകൾ ഉണ്ടെന്ന് നിലവിൽ ഇപ്പോള്‍ അവിടെ താമസിക്കുന്ന ശ്രീലക്ഷ്മി പറയുന്നു. കേരളത്തിലും പുറത്തും നടക്കുന്ന മേളകളൊന്നും ഒഴിവാക്കാറില്ല. തിരുവനന്തപുരത്തു കേരളീയത്തിലും അവസരം ലഭിച്ചു. 630 രൂപയിൽ തുടങ്ങിയ ശ്രീലക്ഷ്മിക്ക് വൻ മുതൽമുടക്കോ വലിയ നിര്‍മാണശാലയോ ഇല്ലാതെ തന്നെ പ്രതിവർഷം ലക്ഷങ്ങൾ വിറ്റുവരവുണ്ട്. വെല്ലുവിളികള്‍ നേരിടാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്നവര്‍ക്ക് ഈ രംഗത്ത് ഇനിയും ഇടമുണ്ടെന്ന് ശ്രീലക്ഷ്മി ഓർമിപ്പിക്കുന്നു.

ഫോൺ: 9746461312

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com