ADVERTISEMENT

അന്താരാഷ്‌ട്ര സുഗന്ധവ്യഞ്‌ജന വിപണി ഹോളി ഡേ മൂഡിലേക്ക്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ന്യൂ ഇയർ ആഘോഷങ്ങൾ വരെ ആവശ്യമുള്ള ഉൽപ്പന്നങ്ങൾക്ക്‌ മുൻകൂർ കച്ചവടങ്ങൾ ഉറപ്പിച്ച്‌ രംഗത്തുനിന്നു പിൻവലിഞ്ഞു. വാങ്ങലുകാർ ജനുവരി രണ്ടാം വാരത്തിൽ മാത്രമേ രാജ്യാന്തര മാർക്കറ്റിൽ തിരിച്ചെത്തൂ. ഇന്ത്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുഖ്യ സുഗന്ധവ്യഞ്‌ജന കയറ്റുമതി രാജ്യങ്ങളിലെ വിപണികളിലും വരുന്ന ഏതാനും ദിവസങ്ങളിൽ മ്ലാനത അനുഭവപ്പെടാം. 

ഉത്സവ ദിനങ്ങളായതിനാൽ ഇന്ത്യൻ മാർക്കറ്റിലും ഇടപാടുകളുടെ വ്യാപ്‌തി ചുരുങ്ങും. കുരുമുളകിനും ചുക്കിനും ഏലത്തിനുമെന്നുവേണ്ട കാപ്പി അടക്കമുള്ള കാർഷിക വിളകളുടെ വിദേശ വ്യാപാര രംഗം ഇനി 2024ൽ മാത്രം പുനരാരംഭിക്കൂ. സീസൺ അവസാനിച്ചതിനാൽ കയറ്റുമതി വിപണിയിൽ പ്രിയമേറിയ പല ഉൽപ്പന്നങ്ങളുടെയും ലഭ്യത കുറഞ്ഞത്‌ ഒരു പരിധി വരെ വിലത്തകർച്ചയെ തടയാൻ ഉപകരിക്കുമെന്നത്‌ കർഷകർക്ക്‌ ആശ്വാസം പകരും. 

കയറ്റുമതി ഓർഡറുകളുടെ അഭാവം മറയാക്കി വില ഇടിക്കാനുള്ള എല്ലാ അടവുകളും വാങ്ങലുകാർ മുന്നിലുള്ള രണ്ടാഴ്‌ചകളിൽ നടത്തുമെന്ന കാര്യം വ്യക്തമാണ്‌. ക്രിസ്‌മസ്‌ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ ചെറുകിട കർഷകർ ഇനിയുള്ള ദിവസങ്ങളിൽ നീക്കം നടത്തും. കരുതലോടെ മാത്രം ഉൽപ്പന്നങ്ങളുമായി വിപണിയെ സമീപിച്ചില്ലെങ്കിൽ മനസിൽ കണക്കുകൂട്ടിയ വില സ്വന്തമാക്കാൻ ഉൽപാദകർ ക്ലേശിക്കേണ്ടിവരും. 

രാജ്യാന്തര മാർക്കറ്റിലേക്കു തിരിഞ്ഞാൽ കുരുമുളക്‌ കയറ്റുമതിയുടെ ചുക്കാൻ നിയന്ത്രിക്കുന്ന വിയറ്റ്‌നാമിൽ ലഭ്യത കുറഞ്ഞെന്നാണ്‌ അവിടെ നിന്നുള്ള വിവരം. ചെറുകിട കർഷകരുടെ കൈവശം ഇനി കാര്യമായി മുളകില്ലെന്ന്‌ വ്യക്തമായതോടെ കയറ്റുമതി സമൂഹം സംഘടിതരായി ഉൽപ്പന്ന വില ഉയർത്താനുള്ള ശ്രമത്തിലാണ്‌. ഒക്‌ടോബറിനെ അപേക്ഷിച്ച്‌ നവംബറിൽ മുളകുവില ഉയർന്നു. നേരത്തെ ടണ്ണിന്‌ 3400 ഡോളറിനെ ചുറ്റി പറ്റി നീങ്ങിയ വിയറ്റ്‌നാം മുളക്‌ വില കഴിഞ്ഞ മാസം 3800 ഡോളറായി. ഡിസംബർ ആയതോടെ ചരക്ക്‌ ക്ഷാമം മൂലം നിരക്ക്‌ 4100 ഡോളറിലെത്തി. ഈ വിലയ്‌ക്കും ആഭ്യന്തര മാർക്കറ്റിൽ ലഭ്യത കുറഞ്ഞതായാണ്‌ വിവരം.

നവംബറിൽ അവസാനിച്ച പതിനൊന്ന്‌ മാസക്കാലയളവിൽ വിയറ്റ്‌നാം മൊത്തം 2,45,665 ടൺ കുരുമുളക്‌ ഷിപ്പ്‌മെന്റ് നടത്തി. തൊട്ട്‌ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ കയറ്റുമതി 19.69 ശതമാനം ഉയർന്നു. ഏതാനും വർഷങ്ങളായി അവിടെ ഉൽപാദനം കുറയുന്നതിനാൽ പത്തായങ്ങളിൽ നീക്കിയിരിപ്പുണ്ടായ ചരക്കും വലിയോരു വിഭാഗം കർഷകർ വിപണിയിൽ ഇറക്കി. നവംബറിൽ വിയറ്റ്‌നാം 20,238 ടൺ ചരക്ക്‌ കപ്പൽ കയറ്റി.

ഈ വർഷത്തെ മൊത്തം കയറ്റുമതിയുടെ ഔദ്യോഗിക കണക്കുകളാണ്‌ വിയറ്റ്‌നാം കസ്റ്റംസ്‌ വിഭാഗത്തിൽ നിന്നും ലഭ്യമാകുന്നത്‌. ഇതിനു പുറമേ 20,000 മുതൽ 25,000 ടൺ ചരക്ക്‌ കള്ളക്കടത്തായി നീങ്ങിയിട്ടുണ്ട്‌. വിയറ്റ്‌നാം മുളക്‌ കബോഡിയിലേക്കും ചൈനയിലേക്കും കടത്തുന്ന സംഘങ്ങൾ വർഷങ്ങളായി അവിടെ പ്രവർത്തിക്കുന്നുണ്ട്‌. ആ നിലയ്‌ക്ക്‌ വിലയിരുത്തിയാൽ ഏകദേശം 2.75 ലക്ഷം ടൺ കുരുമുളക്‌ ഈ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ അവർ കയറ്റിവിട്ടു. വിയറ്റ്‌നാം കാർഷിക മേഖലയിൽ കരുതൽ ശേഖരം ചുരുങ്ങുന്നത്‌ വിപണിക്ക്‌ താങ്ങ്‌ പകരും. 

ഇന്തോനേഷ്യയിൽ ഉൽപാദനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാൽ വില ഇടിച്ച്‌ മുളക്‌ ഇറക്കുന്നതിൽ നിന്നും അവർ പിൻതിരിഞ്ഞു. നിലവിൽ 4200 ഡോളറാണ്‌ അവരുടെ നിരക്കെങ്കിലും ഈ വിലയ്‌ക്കും വിദേശ വ്യാപാരങ്ങൾക്ക്‌ അവർ തയാറാവുന്നില്ല. ബ്രസീലിയൻ മുളകിൽ ബാക്‌ടീരിയ കണ്ടെത്തിയതിനാൽ അമേരിക്കൻ ഇറക്കുമതിക്കാർ പുതിയ കരാറുകളിൽ നിന്നും അകന്നു.

വിയറ്റ്‌നാം വില ഉയർത്തുന്നത്‌ കണ്ട്‌ ബ്രസീലിയൻ കയറ്റുമതിക്കാർ ടണ്ണിന്‌ 300 ഡോളർ വർധിപ്പിച്ച്‌ 3600 ഡോളറാണ്‌ ഇപ്പോൾ രേഖപ്പെടുത്തുന്നത്‌. അമേരിക്കൻ ഇറക്കുമതിക്കാരെ സംബന്ധിച്ച്‌ ഏറ്റവും വേഗത്തിൽ കുരുമുളക്‌ ശേഖരിക്കാൻ പറ്റുന്ന രാജ്യം ബ്രസീലാണ്‌. ഡിസംബർ ഷിപ്പ്‌മെന്റിന്‌ അവർ ശ്രമിക്കുന്നുണ്ടെങ്കിലും ബ്രസീലിയൻ ബീ വൺ ക്വാളിറ്റിക്ക്‌ ആവശ്യക്കാർ കുറവാണ്‌. 

യൂറോപ്യൻ രാജ്യങ്ങൾ ആഗോള സുഗന്ധവ്യഞ്‌ജന വിപണിയിൽ നിന്നും വൈറ്റ്‌ പെപ്പർ ശേഖരിക്കാൻ കഴിഞ്ഞ വാരങ്ങളിൽ ഉത്സാഹിച്ചു. വെളള കുരുമുളകിന്‌ ഇറക്കുമതി രാജ്യങ്ങളിൽ നിന്നും ഡിമാൻഡുള്ളതിനാൽ ഉൽപാദനം വർധിപ്പിക്കാൻ ഒരു വശത്ത്‌ ശ്രമം തുടരുകയാണ്‌. ആഗോള തലത്തിൽ തന്നെ ബ്രസീലിയൻ വൈറ്റ്‌ പെപ്പറിന്‌ പ്രിയമുണ്ടെങ്കിലും ഇക്കുറി അവരുടെ മൊത്തം ഉൽപാദത്തിൽ 20 ശതമാനം കുറവ്‌ സംഭവിച്ചതിനാൽ കാർഷിക മേഖല വെള്ള കുരുമുളക്‌ ഉൽപാദനത്തിന്‌ താൽപര്യം കാണിച്ചില്ല. ലഭ്യത കുറവ്‌ മൂലം അവരുടെ സാന്നിധ്യവും രാജ്യാന്തര മാർക്കറ്റിൽ കുറഞ്ഞു. 

വിയറ്റ്‌നാം വെള്ള കുരുമുളക്‌ 5500 ഡോളറിനും ഇന്തോനേഷ്യ 6075 ഡോളറിനും വിൽപ്പന നടത്തുന്നുണ്ട്‌. ഏറ്റവും ഉയർന്ന വില മലേഷ്യൻ വൈറ്റ്‌ പെപ്പറിനാണ്‌, അവർ ടണ്ണിന്‌ 7300 ഡോളറാണ്‌ ആവശ്യപ്പെടുന്നത്‌. പുതു വർഷം പിറക്കുന്നതോടെ വിലയിൽ കാര്യമായ ചാഞ്ചാട്ടങ്ങൾക്ക്‌ ഇടയുണ്ടെന്ന സൂചനയാണ്‌ സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര റീസെല്ലർമാരുടെ വിലയിരുത്തൽ.    

ചുക്ക്‌

അറബ്‌ രാജ്യങ്ങൾ ചുക്ക് വിപണിയുടെ ചലനങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയും ചൈനയും നൈജീരിയയും വിൽപ്പനക്കാരായി ആഗോള മാർക്കറ്റിലുണ്ടെങ്കിലും തിരക്കിട്ടുള്ള കച്ചവടങ്ങൾക്ക്‌ അറബികൾ തയ്യാറായില്ല. വിലക്കയറ്റം മുന്നിൽ കണ്ട്‌ ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചുക്ക്‌ അവർ നേരത്തെ ശേഖരിച്ചു. പുതുവർഷം പിറക്കുന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ആവശ്യകാരെത്തുമെന്ന നിഗമനത്തിലാണ്‌ മുഖ്യ ഉൽപാദക രാജ്യങ്ങളെല്ലാം. 

ചൈനീസ്‌ ചുക്കിന്റെ താഴ്‌ന്ന വില ഇന്ത്യൻ കയറ്റുമതിക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്‌. അതേസമയം അതിലും താഴ്‌ന്ന നിരക്കാണ്‌ നൈജീരിയ രാജ്യാന്തര വിപണിയിൽ രേഖപ്പെടുത്തുന്നത്‌. എന്നാൽ നൈജീരിയൻ ഇഞ്ചിയിൽ നാരിന്റെ അംശം ഉയർന്ന്‌ നിൽക്കുന്നതിനാൽ അത്‌ ചുക്കിലും അതേ രീതിയിൽ തന്നെ പ്രതിഫലിക്കുന്നത്‌ ഡിമാൻഡ് മങ്ങാൻ ഇടയാക്കുന്നു. 

ഇന്ത്യയിലേക്കു തിരിഞ്ഞാൽ മഹാരാഷ്‌ട്ര ചുക്ക്‌ ഉൽപാദനത്തിൽ ഏറെ മുന്നിലാണ്‌ സഞ്ചരിക്കുന്നത്‌. ഇഞ്ചി ഉൽപാദനത്തിൽ അവർ കൈവരിച്ച വിജയവും കുറഞ്ഞ കൂലിച്ചെലവും ഇഞ്ചി സംസ്‌കരണരംഗം സജീവമാക്കി. ആഗോള വിപണിയിൽ കൊച്ചിൻ ജിഞ്ചറിനുള്ള പ്രീയം അവസരമാക്കി മഹാഷ്‌ട്രയിൽ നിന്നുള്ള ചുക്ക്‌ വൻതോതിൽ കയറ്റുമതി നടക്കുന്നുണ്ട്‌. കൊച്ചിയിൽ മികച്ചയിനം ചുക്ക്‌ വില കിലോ 340 രൂപയാണ്‌.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com