ADVERTISEMENT

യുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും കാലത്ത് അരിക്കു ക്ഷാമം വരികയും ചാമക്കഞ്ഞികൊണ്ടു തൃപ്തിപ്പെടുകയും ചെയ്ത കഷ്ടകഥ പറഞ്ഞ് സെന്റിമെന്റ്സുണ്ടാക്കാമെന്ന് കാരണവന്മാർ ഇനി കണക്കു കൂട്ടേണ്ടതില്ല. പുതുതലമുറയിലും റാഗിദോശയും ചാമക്കഞ്ഞിയുമൊക്കെ ശീലമായിക്കഴിഞ്ഞു. അരവയർ ചാമക്കഞ്ഞി മാത്രം കഴിച്ച് ജോലിക്കു പോകുന്നവരിൽ ഡോക്ടർമാരും എൻജിനീയർമാരും ന്യൂജെൻ ഐടി പിള്ളേരുമൊക്കെയുണ്ട്. ചെറുധാന്യ (Millets) വിഭവങ്ങളിലേക്കു തിരിയുന്നവരുടെ എണ്ണം സംസ്ഥാനത്തു ദിനംപ്രതി വർധിക്കുകയാണ്. അതിന് അനൃസൃതമായി പുതുസംരംഭകരുടെ കാര്യത്തിലും വിപണിയിലെത്തുന്ന ചെറുധാന്യവിഭവങ്ങളുടെ കാര്യത്തിലും കുത്തൊഴുക്കു തന്നെയുണ്ട്. 

graph

ജീവിതശൈലീരോഗങ്ങൾ പെരുകുന്ന നാടാണു നമ്മുടേത്. അതിനെ നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ഒട്ടേറെ. ചോറിന്റെ അളവു കുറച്ചതും അത്താഴത്തിനു ഗോതമ്പു മതിയെന്നു നിശ്ചയിച്ചതും ഓട്സിലേക്കു വഴിമാറിയതുമൊക്കെ ഈ ഉത്കണ്ഠകളുടെ ഭാഗമാണ്. കോവിഡ് വന്നതോടെ ആരോഗ്യത്തെക്കുറിച്ചുള്ള ആധി പെരുകി. നമ്മുടെ മാത്രം സ്ഥിതിയായിരുന്നില്ല അത്. കോവിഡിനുശേഷം രാജ്യത്താകെ, നാഗരിക ജീവിതം നയിക്കുന്നവരിൽ വിശേഷിച്ചും, ആരോഗ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ചു. ഫലപ്രദമായ ബദൽഭക്ഷണം കൺമുന്നിലുണ്ടായിട്ടും ആരുടെയും കണ്ണിലതു പെട്ടില്ല. മലയാളിയുടെ ചെറുധാന്യ വിഭവങ്ങളുപേക്ഷിച്ചിട്ട് അപ്പോൾ അര നൂറ്റാണ്ടെങ്കിലും പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ 2018 ദേശീയ ചെറുധാന്യ വർഷമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചപ്പോഴും നമ്മളതിനു പ്രത്യേകിച്ചൊരു പ്രാധാന്യം കണ്ടില്ല. നമുക്കു ചെറുധാന്യങ്ങളെന്നാൽ കുഞ്ഞുങ്ങൾക്കുള്ള റാഗിയും കിളികൾക്കുള്ള തിനയും മാത്രമായി. 

മുൻപേ നടന്നവർ
കർണാടകയിലും തമിഴ്നാട്ടിലും ഇതായിരുന്നില്ല സ്ഥിതി. റാഗിവിഭവങ്ങളെ ഒരുകാലത്തും കർണാടക കയ്യൊഴിഞ്ഞിരുന്നില്ല. തമിഴ്നാടിന്റെ ഗ്രാമീണമേഖലയിലും ഭക്ഷ്യശീലത്തിൽ ചെറുധാന്യങ്ങളുണ്ടായിരുന്നു. മാത്രമല്ല, ചെറുധാന്യക്കൃഷിയുടെ അവശിഷ്ടങ്ങൾ അവർ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തി. 2018ലെ ദേശീയ ചെറുധാന്യ വർഷാചരണത്തോടെ അവയുടെ വിപണിയും മൂല്യവും വർധിക്കുമെന്നു തിരിച്ചറിഞ്ഞ കർണാടക സംസ്കരണ സംരംഭങ്ങളിലേക്കും തിരിഞ്ഞു. ബെംഗളൂരു പോലുള്ള വൻനഗരങ്ങളിലെ പുതുതലമുറയെ ചെറുധാന്യങ്ങളുടെ ഗുണമേന്മയിലേക്ക് ആകർഷിക്കാനും അവർക്കായി. കോവിഡ് കഴിഞ്ഞു വിപണികൾ സജീവമായപ്പോൾ ചെറുധാന്യസംരംഭങ്ങളുടെ എണ്ണം കൂടി. കർണാടകയിൽനിന്ന് ഒട്ടേറെ ബ്രാൻഡുകൾ നമ്മുടെ വിപണികളിലുമെത്തി. 2021–22 മുതൽ നമ്മുടെ സംസ്ഥാനത്തും ചെറുധാന്യവിപണി വളർച്ചയിലാണ്. 2022–23 വർഷത്തിൽ ഈ രംഗത്ത് പുതുസംരംഭങ്ങളുടെ കുതിച്ചു ചാട്ടം തന്നെയുണ്ടായി. 2023 ഇന്റർനാഷനൽ ഇയർ ഓഫ് മില്ലറ്റ്സ് ആയി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതോടെ സംരംഭങ്ങൾ ടോപ് ഗിയറിലായി. ഇന്നു സംസ്ഥാനത്തു നടക്കുന്ന ഏതു കാർഷിക–ഭക്ഷ്യ മേളകളിലും മില്ലറ്റ് സംരംഭകരുടെ നിറസാന്നിധ്യമുണ്ട്.

ജൈവകൃഷി പ്രചാരകർക്കു  സ്വീകാര്യമായ വിളയിനമാണ് ചെറുധാന്യങ്ങളെന്നത് പ്രചാരം കൂട്ടിയ ഘടകമാണ്. ഏതാണ്ടു പൂർണമായും ജൈവരീതിയിൽത്തന്നെ വിളയിക്കുന്നവയാണു ചെറുധാന്യങ്ങൾ. ഒഡീഷയിലുൾപ്പെടെ രാജ്യത്തെ ചെറുധാന്യക്കർഷകരിൽ നല്ലൊരു പങ്ക് ഗ്രാമീണ ഗോത്രസമൂഹമാണെന്നത് അതിന്റെ തനിമയും മൂല്യവും വർധിപ്പിച്ചു. ഇന്നു സംസ്ഥാനത്തെ വാട്സാപ് ഗ്രൂപ്പുകളിലെല്ലാം, കൃഷിഗ്രൂപ്പുകളാവട്ടെ കുടുംബ ഗ്രൂപ്പുകളാവട്ടെ, ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെടുന്നത് ശുദ്ധഭക്ഷണത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണല്ലോ. അക്കൂട്ടത്തിൽ മുന്നിലുണ്ട് ചെറുധാന്യങ്ങളുടെ ആരോഗ്യക്കുറിപ്പുകൾ. 

കൊഴുപ്പും പ്രോട്ടീനും സമീകൃത അളവിലുള്ള ആരോഗ്യഭക്ഷണമാണ് ചെറുധാന്യങ്ങൾ. ഒപ്പം, നല്ലൊരളവ് ഭക്ഷ്യനാരുകള‌ും. ഗോതമ്പിലും ബാർലിയിലുമൊക്കെയുള്ള പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടൻ മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ ഗ്ലൂട്ടൻ രഹിത ഭക്ഷണം ആശ്രയം തന്നെ. ചെറുധാന്യങ്ങളിലെ സ്റ്റാർച്ച് കണികകൾക്ക് അരി, ഗോതമ്പ് എന്നിവയിലേതിനെക്കാൾ ഇരട്ടി വലുപ്പമുണ്ട്. ദഹനവേളയിൽ സാവകാശമേ അവ ഗ്ലൂക്കോസായി മാറൂ. അതുകൊണ്ടുതന്നെ പ്രമേഹക്കാർക്കു യോജിച്ച ‘ലോ ഗ്ലൈസെമിക് ഫുഡ്’ കൂടിയാണ് മില്ലറ്റ്. 

Image credit: : KrimKate/iStockPhoto
Image credit: : KrimKate/iStockPhoto

നമ്മുടെ വഴി
സംസ്ഥാന കൃഷി വകുപ്പ് പോഷകസമൃദ്ധി മിഷൻ ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ചെറുധാന്യക്കൃഷിക്കു കാര്യമായ പരിഗണന നൽകുന്നുണ്ട്. കൃഷിഭവനുകളും കെവികെകളുമൊക്കെ കൃഷിക്കായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ ആലുവ തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിൽ റാഗി, തിന, കമ്പം, സോർഗം എന്നിവയുടെ കൃഷി മിതമായ തോതിൽ നടക്കുന്നുണ്ട്. ഫാമിൽനിന്നു നേരിട്ടും ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴിയും വിൽപനയുമുണ്ട്. ഫാമുകൾക്കു പുറത്ത് ചെറുധാന്യകൃഷി വ്യാപിപ്പിക്കാൻ ഹെക്ടറിന് 20,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും കൃഷി വകുപ്പ് നടപ്പാക്കുന്നുണ്ട്.

സംസ്ഥാനത്തെ മുഴുവനാളുകളെയും ചെറുധാന്യക്കൃഷിക്കാരാക്കുന്നതിനു പകരം നിലവിൽ ചെറുധാന്യക്കൃഷിയുള്ള അട്ടപ്പാടിപോലെ, സുസ്ഥിരമായി കൃഷി തുടരാൻ കഴിയുന്ന പ്രദേശങ്ങളിൽ ശ്രദ്ധയൂന്നി കൃഷിയും അതിലുപരി മൂല്യവർധനയും ശക്തമാക്കാനുള്ള ശ്രമങ്ങളാണ് നമുക്കാവശ്യം. നമുക്കു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുക കൃഷിയെക്കാൾ മൂല്യവർധിത സംരംഭങ്ങളിലാണെന്ന് സംസ്ഥാനത്തെ മില്ലറ്റ് സംരംഭകരും വിപണി വിദഗ്ധരും പറയുന്നു. ഇവിടത്തെ സംരംഭകരിൽ നല്ല പങ്കും നിലവിൽ ഒഡീഷ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണു നിലവിൽ ചെറുധാന്യങ്ങൾ സംഭരിക്കുന്നത്. ഉൽപാദനച്ചെലവു പരിഗണിച്ചാൽ ലാഭകരമായും സമൃദ്ധമായും ചെറുധാന്യ വൈവിധ്യം ലഭ്യമാകുന്നതും അവിടങ്ങളിൽനിന്നുതന്നെ. ഏതായാലും, ചെറുധാന്യങ്ങളുടെ മൂല്യവർധനയിലും വിപണനത്തിലും മികച്ച സാധ്യതകളുണ്ടെന്നതിൽ സംശയമില്ല. മുൻ വർഷത്തെക്കാൾ 30–40% വരെ വളർച്ച ഈ വർഷമുണ്ടായി എന്ന് സംസ്ഥാനത്തെ മുൻനിര സംരംഭകർ തന്നെ പറയുന്നു.

millet-mill
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർചിലെ സംസ്കരണ യൂണിറ്റ്

കുത്തിയെടുക്കാൻ മില്ലുകൾ
പ്രാഥമിക സംസ്കരണം ആവശ്യമില്ലാതെ പാറ്റിയെടുത്ത് നേരിട്ടുപയോഗിക്കാവുന്ന മൂന്നിനങ്ങൾ (സോർഗം, റാഗി, കമ്പം - naked millets/major millets) ഒഴികെ ബാക്കിയുള്ള (minor millets) ചെറുധാന്യങ്ങളെല്ലാം മില്ലിൽ കുത്തിയെടുക്കേണ്ടതുണ്ട്. എന്നാൽ, കുത്താനോ കല്ലു നീക്കാനോ കാര്യമായ സൗകര്യങ്ങൾ സംസ്ഥാനത്തില്ല എന്നതാണ് നമ്മുടെ സംരംഭകർ നേരിടുന്ന പ്രതിസന്ധി. കൃഷിവകുപ്പിന്റെ കീഴിൽ അട്ടപ്പാടിയിലെ കർഷക കമ്പനിക്കു മാത്രമാണ് നിലവിൽ പൊതുമേഖലയിൽ ഈ സൗകര്യമുള്ളത്. കൂടുതൽ മില്ലുകൾ സ്ഥാപിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വാഗ്ദാനം. സ്വന്തമായി മിൽ സ്ഥാപിക്കാൻ പല സ്വകാര്യസംരംഭകരും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെറുകിട സംരംഭകർക്ക് ശരാശരി 4 ലക്ഷം രൂപ ചെലവിൽ പ്രാഥമിക സംസ്കരണത്തിനുള്ള യന്ത്രങ്ങൾ സ്ഥാപിക്കാനാകുമെന്ന് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച് (IIMR) അധികൃതർ പറയുന്നു. 

തമിഴ്നാട് മധുരയിലുള്ള ധാൻ ഫൗണ്ടേഷൻ (Dhan Foundation), കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന പെർഫ്യുറ ടെക്നോളജീസ് (Perfura Technolgies), കർണാടകയിലെ ഭവാനി ഇൻഡസ്ട്രീസ് (Bhavani Industries) തുടങ്ങി ചെറുധാന്യ സംസ്കരണത്തിനുള്ള യന്ത്രങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ ഇതിനായി ആശ്രയിക്കാമെന്നും ഐഐഎംആർ. 

millet-amma

മില്ലറ്റ് അമ്മ
ചെറുധാന്യ കയറ്റുമതിയിൽ  മുൻനിരയിലുള്ള 5 രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. 2022–23ൽ 75.46 മില്യൺ ഡോളറിന്റെ മില്ലറ്റ് നാം കയറ്റുമതി ചെയ്തെന്നാണു കണക്ക്. 2021–22ൽ നടന്നത് 62.95 മില്യൺ ഡോളറിന്റ കയറ്റുമതി. ഒറ്റ വർഷം കൊണ്ടുതന്നെ കയറ്റുമതിയിൽ ശ്രദ്ധേയമായ പുരോഗതിയാണു രാജ്യം കൈവരിച്ചത്. ചെറുധാന്യങ്ങളുടെ കൃഷിയിലും സംസ്കരണത്തിലും പ്രധാനമന്ത്രി തന്നെ നേരിട്ടു താൽപര്യമെടുക്കുന്നു എന്നതാണ് ശ്രദ്ധേയം. ചെറുധാന്യങ്ങളെ ‘ശ്രീ അന്ന’ എന്നദ്ദേഹം പുനർനാമകരണം ചെയ്യുകയുണ്ടായി. കർണാടക ചെറുധാന്യങ്ങളെ സംബോധന ചെയ്യുന്ന ‘സിരി ധാന്യ’ എന്ന പ്രയോഗമാണ് ‘ശ്രീ അന്ന’യുടെ ഉറവിടം. നിലവിൽ ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ മുന്നേറുന്നതും കർണാടക തന്നെ. നമ്മുടെ സംസ്ഥാനത്ത് ഒട്ടേറെ ഉപഭോക്താക്കളെ നേടിയിട്ടുള്ള ‘മില്ലറ്റ് അമ്മ’ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ ഉദാഹരണം. വ്യത്യസ്തവും കൗതുകകരവുമായ ഒട്ടേറെ മില്ലറ്റ് വിഭവങ്ങളാണ് ‘മില്ലറ്റ് അമ്മ’ വിപണിയിലെത്തിക്കുന്നത്. ചെറുകിട മില്ലറ്റ് സംരംഭങ്ങളിലേക്ക് കടന്നുവന്നിരിക്കുന്നവരിൽ നല്ലൊരു പങ്കും സ്ത്രീകളാണെന്ന കൗതുകമുണ്ട്. കുടുംബത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കരുതലും രുചിക്കൂട്ടുകൾ സൃഷ്ടിക്കാനുള്ള സാമർഥ്യവും അതിനു പിന്നിലുണ്ട്. ‘മില്ലറ്റ് അമ്മ’യുടെ പിന്നിലുമുള്ളത് സ്ത്രീശക്തി തന്നെ.

ഡൽഹിയിൽ നടന്ന ഗ്ലോബൽ മില്ലറ്റ്സ് കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. ചിത്രത്തിന് കടപ്പാട്: pmindia.gov.in
ഡൽഹിയിൽ നടന്ന ഗ്ലോബൽ മില്ലറ്റ്സ് കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. ചിത്രത്തിന് കടപ്പാട്: pmindia.gov.in

ചെറുകിടക്കാർ മാത്രമല്ല നെസ്‌ലെയും ബ്രിട്ടാനിയായും പോലുള്ള വൻകിട ബ്രാൻഡുകളും മില്ലറ്റിന്റെ പിന്നാലെയുണ്ട്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ഉയർന്നുവന്ന മില്ലറ്റ് സ്റ്റാർട്ടപ്പുകളും കുറവല്ല. ചെറുധാന്യ രംഗത്തേക്കു ചുവടു വയ്ക്കുന്ന കർഷക കമ്പനികളും ഒട്ടേറെ. മില്ലറ്റിന്റെ ഭാവിവിപണിയെ ശക്തമാക്കാൻ വൻകിടക്കാരുടെ വരവ് ഉപകരിക്കും. സമൂഹത്തിന്റെ മുകൾത്തട്ടിൽ അവതരിപ്പിക്കപ്പെടുന്ന ഒരുൽപന്നം ക്രമേണ താഴേത്തട്ടുവരെ സ്വാധീനം നേടുമെന്നും അതേസമയം താഴെത്തട്ടിൽ അവതരിപ്പിക്കപ്പെടുന്ന ഉൽപന്നം മുകൾത്തട്ടിലേക്ക് ഉയരാൻ പ്രയാസപ്പെടുമെന്നുമാണു ബിസിനസ് മതം. മില്ലറ്റിന്റെ കാര്യത്തിൽ നിലവിലത് പ്രീമിയം ഉൽപന്നമായാണ് വിപണിയിലെത്തുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ വാങ്ങൽശേഷി കൂടിയവരാണ് കൂടുതലായി ആകർഷിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ താമസിയാതെ മുഴുവൻ സമൂഹത്തിനും മില്ലറ്റിനോടു മമത വർധിക്കുമെന്ന് വിപണിവിദഗ്ധർ പറയുന്നു. 

കണക്കിലെ കലവറകൾ
ചെറുധാന്യങ്ങളുടെ ഉൽപാദനവും ഉപഭോഗവും മുഖ്യമായും നടക്കുന്നത് ആഫ്രിക്കയിലും ഏഷ്യയിലുമാണ്. നിലവിൽ ചെറുധാന്യങ്ങളുടെ ആഗോള വാർഷികോൽപാദനം 97.75 മില്യൺ ടൺ ആണ്. കൃഷി നടക്കുന്നത് 78.43 മില്യൺ ഹെക്ടറിൽ. അതിൽത്തന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി ചെയ്യപ്പെടുന്നത് സോർഗം (മണിച്ചോളം), വരക്, കമ്പം ഇനങ്ങൾ. തൊട്ടു പിന്നിൽ റാഗിയും തിനയുമുണ്ട്. ഉൽപാദനത്തിലും ഉപഭോഗത്തിലും ഒന്നാം സ്ഥാനം ‘ചെറുധാന്യങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന സോർഗത്തിനു തന്നെ. ആഗോള സോർഗം ഉൽപാദനത്തിന്റെ 47% സംഭാവന ചെയ്യുന്നത് ഇന്ത്യ, സുഡാൻ, നൈജീരിയ, നൈജർ, യുഎസ്എ എന്നീ 5 രാജ്യങ്ങൾ ചേർന്നാണ്. കമ്പത്തി(pearl millet)ന്റെ ഏറ്റവും വലിയ ഉൽപാദകരാജ്യം നമ്മൾ തന്നെ. ലോകത്താകെയുള്ള കമ്പം കൃഷിയിടത്തിന്റെ 31.5% നമുക്കു സ്വന്തം. മൊത്തം ഉൽപാദനത്തിന്റെ 46.7% കയ്യടക്കിയിരിക്കുന്നതും നമ്മൾതന്നെ. എത്യോപ്യ, എറിത്രിയ, നേപ്പാൾ, ചൈന, ഉഗാണ്ട, റഷ്യ, യുക്രെയ്ൻ, നോർത്ത് കൊറിയ, കസാക്കിസ്ഥാൻ, മ്യാൻമർ എന്നിങ്ങനെ ഈ രംഗത്തുള്ള രാജ്യങ്ങളെല്ലാം ഏതെങ്കിലുമൊക്കെ ചെറുധാന്യ ഇനങ്ങളിൽ മുൻനിര സ്ഥാനമുള്ളവരാണ്. 

നമ്മുടെ രാജ്യത്തേക്കു വന്നാൽ, 17.9 മില്യൺ ടൺ ആണ് നിലവിൽ വാർഷികോൽപാദനം. 12.7 മില്യൺ ഹെക്ടറിൽ കൃഷി നടക്കുന്നു. രാജ്യത്തിന്റെ ധാന്യക്കലവറയിൽ 6% ആണ് ചെറുധാന്യങ്ങളുടെ സംഭാവന. ഉൽപാദനത്തിൽ മുന്നിലുള്ളത് കമ്പമാണ്. 7.4 മില്യൺ ഹെക്ടറിൽ കൃഷി, 10.1 മില്യൺ ടൺ ഉൽപാദനം. 4.35 മില്യൺ ഹെക്ടറിൽ സോർഗം കൃഷി ചെയ്യുന്നു. 4.63 മില്യൺ ടൺ ഉൽപാദനം. റാഗിക്കൃഷി നടക്കുന്നത് 1.1 മില്യൺ ഹെക്ടറിൽ, വാർഷികോൽപാദനം 1.58 മില്യൺ ടൺ. ഇന്ത്യയിൽ ആകെ കൃഷിയിടത്തിന്റെ 95% കൃഷി ചെയ്യുന്നത് സോർഗവും കമ്പും റാഗിയും. കുതിരവാലിയും തിനയും ചാമയും കൂവരകും പിന്നിലുണ്ട്. ചെറുധാന്യക്കൃഷിയിൽ മുൻനിര സ്ഥാനമുള്ളത് രാജസ്ഥാനും മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കുമാണ്. ചെറുധാന്യക്കൃഷിയുടെ 35% നടക്കുന്നത് രാജസ്ഥാനിൽ. 23% മഹാരാഷ്ട്രയിലും 14% കർണാടകയിലും. മഹാരാഷ്ട്രയിലും കർണാടകയിലും സോർഗം തന്നെയാണ് മുഖ്യ ഇനം. റാഗിക്കൃഷി കൂടുതൽ നടക്കുന്നത് ഒഡീഷയിലും കർണാടകയിലും തമിഴ്നാട്ടിലും. മുൻകാലങ്ങളിൽ റാഗിയും ചാമയുമൊക്കെ നമ്മുടെ സംസ്ഥാനത്തും കൃഷി ചെയ്തിരുന്നെങ്കിലും പിന്നീടത് അട്ടപ്പാടിപോലെയുള്ള ഗോത്രമേഖലയിൽ മാത്രമായി ഒതുങ്ങി.

Image credit: :Olenaa/iStockPhoto
Image credit: :Olenaa/iStockPhoto

അനാഥരല്ല, ഇനി സനാഥർ 
കഴിഞ്ഞ 50 വർഷത്തിനിടയിൽ, മുൻപുണ്ടായിരുന്ന ചെറുധാന്യ കൃഷിവിസ്തൃതിയുടെ 56 ശതമാനവും ഇതരവിളകൾക്കായി വഴിമാറി എന്നാണു കണക്ക്. അതുകൊണ്ടുതന്നെയാണ് അനാഥവിളകൾ (orphan crops) എന്ന് അവ വിളിക്കപ്പെട്ടതും. എന്നാൽ, 2018 മുതൽ ഈ രംഗത്തു കേന്ദ്രസർക്കാർ നൽകുന്ന ശ്രദ്ധയും താൽപര്യവും ഈ വിളകളെ സനാഥരാക്കിയിട്ടുണ്ട്. ചെറുധാന്യങ്ങളുടെ പോഷകമേന്മയെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിൽ അവയ്ക്കു നൽകാൻ കഴിയുന്ന വലിയ നേട്ടങ്ങളെക്കുറിച്ചുള്ള  ഗവേഷണഫലങ്ങളാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ പ്രചോദിപ്പിച്ച ഘടകം. നെല്ലിൽനിന്നു വ്യത്യസ്തമായി, പരിമിതമായി മാത്രം വെള്ളം ആവശ്യമുള്ള ഭക്ഷ്യവിളയെന്നതും കാലാവസ്ഥമാറ്റത്തിന്റെ വെല്ലുവിളികൾക്കും യോജിച്ച ഇനമെന്നതും നിർണായകമായി.  

ഗ്രാമീണ ഭാരതത്തിന്റെ പോഷകസുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ചെറുധാന്യക്കൃഷിയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും ഉപഭോഗം വർധിപ്പിക്കാനുമായി 2018 നെ ‘മില്ലറ്റ് വർഷ’മായിത്തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാമിഷന്റെ കീഴിൽ മില്ലറ്റ് മിഷനും പ്രവർത്തനം തുടങ്ങി. സംസ്ഥാനങ്ങളെ ചെറുധാന്യക്കൃഷിക്കു പ്രേരിപ്പിക്കുകയും ചെയ്തു. മാത്രമല്ല, നമ്മുടെ വ്യത്യസ്തമായ കാലാവസ്ഥ സാഹചര്യങ്ങൾക്കിണങ്ങിയ, ഉൽപാദനക്ഷമത കൂടിയ തൊണ്ണൂറോളം വിത്തിനങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മില്ലറ്റ്സ് റിസർച് (IIMR) മുഖേന ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച് (ICAR) വികസിപ്പിക്കുകയും ചെയ്തു. ഭാരതം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ലോകഭക്ഷ്യകാർഷിക സംഘടന 2023നെ ‘ഇന്റർനാഷനൽ ഇയർ ഓഫ് മില്ലറ്റ്സ്’ ആയി പ്രഖ്യാപിച്ചത്.  കർണാടകയും ആന്ധ്രയും ഒഡീഷയും തമിഴ്നാടും ഈ മേഖലയുടെ സാധ്യതയെ ഗൗരവമായിത്തന്നെ കണ്ടു. തുടക്കത്തിൽത്തന്നെ 100 കോടിയുടെ മില്ലറ്റ് പദ്ധതിയാണ് ഒഡീഷ പ്രഖ്യാപിച്ചത്. കേരളത്തിൽ അട്ടപ്പാടി മില്ലറ്റ് ഗ്രാമം പോലുള്ള പദ്ധതികൾ ആരംഭിച്ചെങ്കിലും ഉൽപാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഏതായാലും കേന്ദ്രസർക്കാരിന്റെ നടപടികൾ ചെറുധാന്യക്കൃഷിയിൽ ചലനമുണ്ടാക്കി എന്നു വ്യക്തം. 2018–19ൽ 13.7 മില്യൺ ടൺ ആയിരുന്നു രാജ്യത്തിന്റെ വാർഷികോൽപാദനമെങ്കിൽ 2020–21ൽ അത് 17.9 മില്യൺ ടണ്ണായി വർധിച്ചു.

Image credit: : indiaphotos/iStockPhoto
Image credit: : indiaphotos/iStockPhoto

മികച്ച നേട്ടം മില്ലറ്റ്സ്
പ്രോട്ടീൻ, നാരുകൾ, സൂക്ഷ്മപോഷകങ്ങൾ, ധാതുക്കൾ, ബി വൈറ്റമിനുകൾ എന്നിവയുടെ സമൃദ്ധമായ സ്രോതസ്സാണ് ചെറുധാന്യങ്ങൾ. കമ്പം, വരക്, തിന എന്നിവയിൽ ഉയർന്ന അളവിൽത്തന്നെ പ്രോട്ടീനുണ്ട്. കൊഴുപ്പിന്റെ അളവ് കൂടുതലുള്ള ചെറുധാന്യമാണ് കമ്പം. അതുകൊണ്ടുതന്നെ ഊർജവും ശരീരതാപവും കൂട്ടാനായി ശീതകാലത്തു കമ്പം വിഭവങ്ങൾ ഉപയോഗിക്കാറുണ്ട്. കാത്സ്യം ഉയർന്ന അളവിലുള്ളതിനാൽ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ചെറുധാന്യവിഭവങ്ങൾ ഏറെ ഗുണകരം. കുഞ്ഞുങ്ങളിൽ എല്ലുകളുടെ വളർച്ചയ്ക്ക് റാഗി ഭക്ഷണം മികച്ചത്. 

  • ഗ്ലൂട്ടൻരഹിതം: ഭക്ഷണത്തിലെ ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഘടകത്തോടു ചുരുക്കം മനുഷ്യരിൽ കാണപ്പെടുന്ന അലർജിയാണു സീലിയാക് രോഗം. ഗോതമ്പ്, ബാർലി മുതലായ ഗ്ലൂട്ടനടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് സീലിയാക്ക് രോഗികളിൽ വയറിളക്കം, വയറുവേദന എന്നിവയ്ക്കു കാരണമാകുന്നുണ്ട്. ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്തതിനാൽ ചെറുധാന്യങ്ങൾ അവർക്കു സുരക്ഷിത ഭക്ഷണമാണ്.
  • പ്രമേഹത്തിനെതിരെ: ചെറുധാന്യവിഭവങ്ങൾ ശീലമാക്കുന്നതു പ്രമേഹത്തെ ചെറുക്കുമെന്നു പഠനങ്ങൾ. ചെറുധാന്യങ്ങളിലെ ഭക്ഷ്യനാരും കാർബോഹൈഡ്രേറ്റ് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. മാത്രമല്ല, ചെറുധാന്യങ്ങളിലെ ഫീനോളിക് ഘടകങ്ങൾ ഭക്ഷണശേഷമുണ്ടാകുന്ന അധികരിച്ച പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രമേഹാനുബന്ധ പ്രശ്നങ്ങളായ തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെ നിയന്ത്രിക്കാനും ചെറുധാന്യങ്ങൾ ഫലപ്രദം.
  • ഹൃദയാരോഗ്യത്തിന്: കൂടിയ അളവിൽ ഭക്ഷ്യനാരുകളുള്ള ഇനങ്ങളാണ് റാഗി, ചാമ, വരക്, സോർഗം, കമ്പം എന്നിവ. ഭക്ഷ്യനാരുകൾ ഭക്ഷണത്തിലെ കൊളസ്ട്രോൾ ആഗിരണം ചെറുക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കും. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും.  അമിത വണ്ണം തടയാനുമെല്ലാം ചെറുധാന്യങ്ങൾ ഗുണം ചെയ്യും.
  • പ്രീബയോട്ടിക് ഗുണങ്ങൾ: ചെറുധാന്യങ്ങളിലുള്ള ഭക്ഷ്യനാരുകൾ വൻകുടലിൽ കാണപ്പെടുന്ന ഗുണകരമായ ബാക്ടീരിയകൾക്കു ഭക്ഷണമാകുകയും അവയുടെ വളർച്ച ത്വരിതപ്പെടുത്തി ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.

വിവരങ്ങൾക്കു കടപ്പാട്: ഡോ.ജിനു ജേക്കബ്, ഡോ. വി.എം.മാലതി (ശാസ്ത്രജ്ഞർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com