ADVERTISEMENT

‘‘കലങ്കാരിയുടെ തൊപ്പിയിലെ തൂവലാണ് അടയ്ക്കാ ചായങ്ങൾ’’– രാജ്യാന്തര പ്രശസ്ത  കലങ്കാരി കലാകാരൻ പിച്ചുക ശ്രീനിവാസിന്റെ  അഭിപ്രായം കമുകു കർഷകർക്ക് പുതിയൊരു വാതിൽ തുറക്കുകയാണ്. ആന്ധ്രയിൽ പരമ്പരാഗതമായി നെയ്തുണ്ടാക്കുന്ന കലങ്കാരി കോട്ടൺ തുണിത്തരങ്ങളെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല.  സസ്യജന്യമായ ചായക്കൂട്ടുകൾ തുണിയില്‍ പെയിന്റ് ചെയ്തോ ബ്ലോക്ക് പ്രിന്റിങ് നടത്തിയോ നിർമിക്കുന്ന വസ്ത്രങ്ങളാണ് കലങ്കാരി. പ്രകൃതിദത്ത നിറങ്ങൾക്കായി കളിയടയ്ക്കയിൽനിന്നുള്ള ചായം കൂടുതൽ ഉപയോഗിക്കുന്നുണ്ട് കലങ്കാരി കലാകാരന്മാര്‍. വസ്ത്രനിർമാണവ്യവസായമാകെ ഈ പ്രകൃതിസൗഹൃദ ചായം ഉപയോഗിച്ചാല്‍ അതു കര്‍ഷകര്‍ക്കു നല്‍കുന്ന നേട്ടം എത്ര വലുതാതിരിക്കുമെന്നു സൂചിപ്പിക്കുകയായിരുന്നു ശ്രീനിവാസ്.  

രാസവസ്തുനിര്‍മിതിമായ കൃത്രിമച്ചായങ്ങള്‍ തുണിവ്യവസായത്തിലെ തൊഴിലാളികള്‍ക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നതു രഹസ്യമല്ല. അതുപോലെ വ്യവസായ യൂണിറ്റുകളുടെ സമീപപ്രദേശങ്ങളില്‍ ജലമലിനീകരണത്തിനും ഇതിടയാക്കുന്നു. പ്രകൃതിദത്ത നിറക്കൂട്ടുകൾ ഉപയോഗിക്കുന്ന പക്ഷം ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാവും. ഏതായാലും ഈ രംഗത്ത് അടുത്ത കാലത്തായി നല്ല മുന്നേറ്റമുണ്ട്. 

arecanut-colour-2

കർണാടകയിലെ സാഗരയ്ക്കു സമീപം ഹെഗ്ഗോഡുവിലുള്ള ചരകാ ട്രസ്റ്റ് എന്ന വനിതാ സഹകരണസംഘം തുണിനിര്‍മാണത്തില്‍ അടയ്ക്കാച്ചായം  ഉൾപ്പെടെയുള്ള പ്രകൃതിദത്ത വർണവസ്തുക്കൾ ഉപയോഗിക്കുന്നതിൽ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. പ്രകൃതിദത്ത ചായങ്ങള്‍ അവരുടെ തുണിത്തരങ്ങള്‍ക്കു  വിപണിയില്‍ വേറിട്ട പ്രതിച്ഛായതന്നെ നല്‍കുന്നു. പരുത്തികൊണ്ടുള്ള കൈത്തറി വസ്ത്രങ്ങളാണിവരുടെ ഉല്‍പന്നങ്ങള്‍.

ട്രസ്റ്റിന്റെ കളിയടയ്ക്കാസംസ്കരണയ‌ൂണിറ്റിലെ ഉപോൽപന്നമായ അടയ്ക്കാസിറപ്പ് അഥവാ ‘അധികെ ചൊഗരു’വാണ് തുണികൾക്ക് നിറം നൽകാന്‍ ഉപയോഗിക്കുന്നത്. വർഷം തോറും 2000–3000 ലീറ്റർ സിറപ്പാണ് അവര്‍ക്കു വേണ്ടത്. അവരുടെ ദേശി എന്ന വിപണനവിഭാഗം ഈ വസ്ത്രങ്ങൾ ഓൺലൈനായി ആവശ്യക്കാരിലെത്തിക്കുന്നു.  

കളിയടയ്ക്ക തൊണ്ടുപൊളിച്ച്  വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം അടയ്ക്ക സുപാരിനിർമാണത്തിനെടുക്കുന്നു. ചോറ് പാകം ചെയ്യുമ്പോൾ കഞ്ഞിവെള്ളമെന്നപോലെ ശേഷിക്കുന്നതാണ് അധികെ ചൊഗരു. ഒരു കിലോ കളിയടക്കയ്ക്ക് 600–700 രൂപ വിലയുള്ളപ്പോൾ അതിലെ കറയിറങ്ങിയ അധികെ ചൊഗരുവിനു ലീറ്ററിന് 120–150 രൂപ വില കിട്ടുന്നു. ഇടനിലക്കാരാണ് കർഷകരിൽനിന്ന് അടയ്ക്കാസിറപ്പ് വാങ്ങുന്നതും കുറുക്കിയ ശേഷം മറിച്ചു വിൽക്കുന്നതും.  

arecanut-colour-4

അടയ്ക്കാച്ചായത്തിൽനിന്ന് എത്ര നിറങ്ങൾ ലഭിക്കും? നമ്മുടെ കണ്ണിൽ അടയ്ക്കാച്ചായത്തിനു മണ്ണിന്റെ നിറമാണ്. എന്നാൽ പ്രകൃതിദത്ത നിറങ്ങളുടെ  കാര്യത്തിൽ വിദഗ്ധയായ സാലിനി ഗൗഡ് പറയുന്നത് പീച്ച് കലർന്ന പിങ്ക് നിറം മുതൽ  ഒരു കൂട്ടം നിറഭേദങ്ങൾ അടയ്ക്കാച്ചായത്തിൽനിന്നു സൃഷ്ടിക്കാമെന്നാണ്. അയൺ വാട്ടറുപയോഗിച്ചു നിറം നൽകിയ തുണികൾ  അടയ്ക്കാച്ചായത്തിൽ മുക്കിയാൽ ചോക്കലേറ്റ് ബ്രൗൺ നിറമാകുമെന്ന്  ബെംഗളൂരുവിൽ ഉഗാ സ്റ്റുഡിയോ നടത്തുന്ന സാലിനി പറയുന്നു. പരുത്തി, ലിനൻ തുടങ്ങിയ സസ്യാധിഷ്ഠിത നൂലിലും പട്ടും കമ്പിളിയും പോലെയുള്ള മാംസാധിഷ്ഠിത നൂലിലും ഇവ പ്രയോജനപ്പെടും. 

കർണാടകത്തിനു പുറത്ത് അധികമാർക്കും ‘അധികെ ചൊഗരു’വിനെക്കുറിച്ച് അറിയില്ല. പ്രതിവർഷം 2 ലക്ഷം ലീറ്ററോളം കുറുകിയ അടയ്ക്കാച്ചായം കർണാടകത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടത്രെ. എന്നാൽ കച്ചവടക്കാരെ കണ്ടെത്താനാവാതെ തോട്ടങ്ങളിൽ പാഴാക്കപ്പെടുന്ന അധികെ ചൊഗരുവിന്റെ അളവ് ഇതിലുമെത്രയോ കൂടുതല്‍!  

അടയ്ക്കാച്ചായത്തെക്കുറിച്ച് ധാർവാഡിലെ കാർഷിക സർവകലാശാല വിപുലമായ ഗവേഷണം നടത്തിവരുന്നു.  ചരകയുടെ ചുവട് പിടിച്ച് മേലുകോട്ടയിലെ ജനപദ സേവാട്രസ്റ്റും സാരിക്കും മറ്റും ഇപ്പോള്‍ അടയ്ക്കാച്ചായമുപയോഗിച്ച്  നിറം നൽകുന്നുണ്ട്.  കൊച്ചുകുട്ടികൾക്കായി കളിപ്പാട്ടങ്ങൾ നിർമിക്കുന്നവരും അടയ്ക്കാച്ചായത്തിന്റെ സാധ്യത തേടുന്നു. ചന്നപട്ടണത്തിലെ കളിപ്പാട്ട നിർമാതാവ്  വെങ്കടേശും ആന്ധ്ര സങ്കൽപ് ആർട്സ് വില്ലേജിലെ ചലപതി റാവുവുമൊക്കെ അടയ്ക്കാച്ചായമുപയോഗിച്ച് കളിപ്പാട്ടങ്ങൾക്ക് നിറം നൽകിവരുന്നു. അടയ്ക്കാച്ചായം നൽകുന്ന തവിട്ടുനിറത്തിനായി ഇതുവരെ ഇവരൊക്കെ ഉപയോഗിച്ചിരുന്നത് കരിങ്ങാലിച്ചെടിയായിരുന്നു. 

arecanut-colour-5

ജപ്പാനിൽ 1200 വർഷം മുന്‍പ് വസ്ത്രങ്ങള്‍ക്കു നിറമേകാന്‍ അടയ്ക്കാച്ചായം ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.  ഇപ്പോൾ അവിടുത്തെ രാജകുടുംബത്തിന്റെ ഉപയോഗത്തിനായി ഇന്തോനീഷ്യയിൽനിന്നു  അടയ്ക്ക ഇറക്കുമതി ചെയ്താണത്രെ ചായമുണ്ടാക്കുന്നത്. ബിൻറൗജി അഥവാ ഉൽകൃഷ്ട കറുപ്പ് (noble black) എന്നാണ് അവർ ഈ ചായത്തെ വിളിക്കുന്നത്.  ഒരു ഡസനോളം രാജ്യങ്ങളിലും 50 സ്ഥാപനങ്ങളിലും ഇതിനകം അടയ്ക്കാച്ചായം  പരീക്ഷിച്ചു കഴിഞ്ഞു. നിർഭാഗ്യവശാൽ വിവിധ കാരണങ്ങൾ മൂലം അവിടങ്ങളിലൊന്നും ഇത് ജനകീയമായില്ല. ഭൂട്ടാനിൽ സിഡികെ ഗൈയിഞ്ച കമ്പനിയുടെ ഉടമ ചന്ദ്രിക പഖ്രിൻ അടയ്ക്ക ഉപയോഗിച്ച്  തവിട്ട്, ഓറഞ്ച്, പിങ്ക് നിറങ്ങളില്‍ പ്രകൃതിദത്ത ചായങ്ങൾ നിർമിച്ചുവരുന്നു. ഡോമ എന്നാണ് ഭൂട്ടാനിൽ അടയ്ക്കയെ വിളിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com