ADVERTISEMENT

നാട്ടിൽ ആദ്യം ട്രാക്ടർ വാങ്ങിയ കൃഷിക്കാരനെ തലമുറകൾക്കുശേഷവും ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. ട്രാക്ടറിനൊപ്പമോ അതിലേറെയോ പ്രയോജനപ്പെടുന്ന ഡ്രോൺ ആദ്യമായി വാങ്ങിയ കർഷകനും അതേ സ്ഥാനമല്ലേ നൽകേണ്ടത്. ആലപ്പുഴ എടത്വ സ്വദേശി യദുകൃഷ്ണനു കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ സ്ഥാനം ലഭിക്കുക സംസ്ഥാനത്ത് ആദ്യമായി ഡ്രോൺ സ്വന്തമാക്കിയ കർഷകരിൽ ഒരാളെന്ന നിലയിലാവും. 2 ഡ്രോൺ വില കൊടുത്തു വാങ്ങിയ  ഈ മുപ്പത്തിയൊന്നുകാരന് 700 ഏക്കർ പാടത്താണ് നെല്‍കൃഷി. യദുവിന്റെ പങ്കാളികളായി ജ്യേഷ്ഠൻ പ്രവീൺ കൈതക്കാട്ടും സുഹൃത്തുക്കളായ ഐസക് പേരയിൽ, ജയകുമാർ നെടുമുടി, ടിറ്റോ ജോയി രാമങ്കരി എന്നിവരുമുണ്ട്. 

സൗദിയിലായിരുന്ന യദു തിരികെ നാട്ടിലെത്തിയിട്ട് 4 വർഷം മാത്രം. എന്തിനാണ് തിരിച്ചുപോന്നതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം– കൃഷി ചെയ്യണം. തുടക്കം 25 ഏക്കറിലായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുകളുടെയുമൊക്കെ വിമർശനവും പരിഹാസവും ഉണ്ടായെങ്കിലും പ്രമുഖ കർഷകനായ പിതൃസഹോദരന്‍ ശശിധരൻപിള്ള മാർഗദർശിയായി കൂടെനിന്നു. ആദ്യ കൃഷി മികച്ച നേട്ടമായതോടെ ആത്മവിശ്വാസം വർധിച്ചു. കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിച്ചു. 

yadhu-drone-1

കൂലിച്ചെലവ് കൂടുതലുള്ള, തൊഴിലാളിക്ഷാമം രൂക്ഷമായ കേരളത്തിൽ ഇത്രയേറെ സ്ഥലത്ത് നെൽകൃഷി നടത്താൻ യദുവിനു തനതുവഴികളുണ്ട്. പരമ്പരാഗത രീതികളിൽനിന്നു വഴിമാറി നടക്കുന്നതുകൊണ്ടു മാത്രമാണ് തനിക്കു നെൽകൃഷിയുമായി മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് ഈ യുവാവ് പറയുന്നു. പരമാവധി യന്ത്രവൽക്കരണം– അതാണ് യദുവിന്റെ തന്ത്രങ്ങളിൽ പ്രധാനം. എന്നാൽ, മരുന്നുതളിക്കല്‍പോലുള്ള കാര്യങ്ങൾക്കു നിലവിലുള്ള യന്ത്രസംവിധാനങ്ങൾപോലും പര്യാപ്തമല്ലാതെ വന്നു. നൂറുകണക്കിന് ഏക്കറുകളിൽ സാദാ സ്പ്രെയര്‍ ഉപയോഗിച്ചു മരുന്നു തളിക്കാൻ എത്ര ദിവസമാണ് വേണ്ടിവരിക. ഇതിനു ബദൽ തേടിയുള്ള അന്വേഷണമാണ് യദുവിനെ ഡ്രോൺ സ്റ്റാർട്ടപ്പായ എറണാകുളത്തെ ഫ്യൂസിലേജ് ഇന്നവേഷൻസിലെത്തിച്ചത്.

yadhu-drone-3
ദേവനും യദുവും നെൽപാടത്ത്

യദു കൃഷി ഇറക്കിയിരുന്ന തകഴി കരുമാടിയിലെ മാവേലിപ്പാടത്ത് ഫ്യൂസിലേജ് പ്രവർത്തകർ സൂക്ഷ്മ പോഷകങ്ങൾ തളിക്കാനെത്തിയതായിരുന്നു. അവരുടെ മരുന്നുതളി യദുവിനു നന്നേ ബോധിച്ചു. ഡ്രോൺ സ്പ്രെയിങ് എത്രമാത്രം ഫലപ്രദമാണെന്നു മനസ്സിലാക്കാൻ യദു ‌പാടത്തുതന്നെ നിന്നു. മരുന്നുതളി പൂർത്തിയായപ്പോൾ ഒരു കാര്യം വ്യക്തമായി– സ്പ്രെയർ ഉപയോഗിച്ച് വ്യക്തികൾ തളിക്കുന്നതിനേക്കാൾ ഭംഗിയായി യന്ത്രപ്പറവ മരുന്നു തളിക്കും. കൈനിര തെറ്റാതെ, അതിരുകൾ തിരിച്ചറിഞ്ഞ്, എല്ലാ ചെടികളിലും തുല്യമായി വീഴുന്ന വിധത്തിൽ വളരെ കുറഞ്ഞ സമയമെടുത്ത് ജോലി പൂർത്തിയാക്കുന്ന യന്ത്രപ്പറവ യദുവിന്റെ മനം കവർന്നു. പിന്നെ വൈകിയില്ല. കഴിഞ്ഞ വർഷം 20 ലക്ഷം രൂപ മുടക്കി ഫ്യൂസലേജിൽ നിന്നു വാങ്ങിയ 2 ഡ്രോണുകൾ സ്വന്തം കൃഷിക്ക് ഉപയോഗിക്കുന്നതിനൊപ്പം മറ്റു കർഷകർക്കു വാടകയ്ക്കു നൽകി വരുമാനം കണ്ടെത്താനും യദുവിനു കഴിയുന്നു. ഡ്രോൺ സർവീസിനായി പാഡി ഡ്രോൺസ് എന്ന കമ്പനിയും യദു ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം 1800 ഏക്കർ പാടത്ത് പാഡി ഡ്രോൺസ് സ്പ്രെയിങ് നടത്തി. ഡ്രോണിനായി മുടക്കിയ തുകയുടെ 50% സ്മാം പദ്ധതിയിലൂടെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ.

yadhu-drone-2
FIA QD10

ഇന്ന് തന്റെ നെൽകൃഷിയിലെ മരുന്നുതളിയും വളപ്രയോഗവുമൊക്കെ ഡ്രോൺ ഏറ്റെടുത്തതായി യദു ചൂണ്ടിക്കാട്ടുന്നു. ഒരേക്കറിൽ മരുന്നു തളിക്കാൻ 7 മിനിറ്റ് മതി. ദിവസം 40–60 ഏക്കറിൽവരെ സ്പ്രേയിങ് നടത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ 2 ഡ്രോണ്‍ ഉപയോഗിച്ച് 200 ഏക്കറിൽ 2 ദിവസത്തിനുള്ളിൽ സ്പ്രേയിങ് നടത്താനാകും. കുട്ടനാട്ടുകാരനാണെങ്കിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് യദുവിന്റെ കൃഷിയിൽ ഏറിയ പങ്കും. പാട്ടത്തുക താരതമ്യേന കുറവാണ് ഈ ഭാഗങ്ങളില്‍. എന്നാൽ, കുട്ടനാട്ടിലെക്കാൾ ഉൽപാദനം കുറയും. 

ഡ്രോൺ ഉപയോഗിച്ചു മരുന്നടിക്കാമെന്നു കേരളത്തിലെ കൃഷിക്കാർ മനസിലാക്കിയിട്ട് വർഷങ്ങളായി. എന്നാൽ, ഗവേഷണ സ്ഥാപനങ്ങളും മറ്റും നടത്തുന്ന പ്രദർശനത്തിനപ്പുറം ഡ്രോൺ മരുന്നുതളി കാർഷിക ജീവിതത്തിന്റെ ഭാഗമായി ഇനിയും മാറിയിട്ടില്ല. വൻകിട തോട്ടങ്ങൾ മാത്രമാവും അപവാദം. അനാവശ്യ നിയന്ത്രണങ്ങൾ കാർഷിക ഡ്രോണുകളുടെ മേൽ കെട്ടിയേൽപിക്കുന്ന അധികൃതർക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്.

കീട, രോഗങ്ങളെ  കണ്ടെത്താനും ഡ്രോൺ

മരുന്നു തളിക്കാൻ മാത്രമല്ല, കാർഷിക ഡ്രോണുകൾ ഉപയോഗിക്കപ്പെടുന്നതെന്ന് ഫ്യൂസിലേജ് മാനേജിങ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരൻ. കൃഷിയിട സർവേയിലൂടെ കീട– രോഗ സാന്നിധ്യം കണ്ടെത്താനും പോഷകദൗർലഭ്യം തിരിച്ചറിയാനുമൊക്കെ ഡ്രോണുകൾ പ്രയോജനപ്പെടുത്താം. ഈ സേവനങ്ങൾ ഇപ്പോൾ കേരളത്തിലെ കൃഷിക്കാർക്ക് ലഭ്യമാണ്. കൃഷിയിടത്തിന്റെ ചിത്രമെടുത്തശേഷം സോഫ്റ്റ‌്വെയർ സഹായത്തോടെ വിശകലനം ചെയ്താണ് കീടസാന്നിധ്യം കണ്ടെത്തുന്നത്. പെസ്റ്റ് സ്കൗട്ടിങ് എന്നറിയപ്പെടുന്ന ഈ സർവേയിലൂടെ നിശ്ചിത പരിധിയിലധികം കീടസാന്നിധ്യം കണ്ടെത്തുന്ന ഭാഗങ്ങളിൽ മാത്രമായി മരുന്നുതളി പരിമിതപ്പെടുത്താനാവും. പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്ന് ദേവൻ ചൂണ്ടിക്കാട്ടി. തോളിൽ തൂക്കിയിടുന്ന സ്പ്രെയറുകൾ ഉപയോഗിച്ചു മരുന്നു തളിക്കുന്നതുമൂലം തൊഴിലാളികളുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണി ഒഴിവാക്കാനും കാർഷിക ഡ്രോൺ പ്രയോജനപ്പെടും. ഡ്രോൺ ഉപയോഗിച്ചു വിത നടത്താനാവശ്യമായ സ്പ്രെഡർ വികസിപ്പിച്ചു വരികയാണ് ഫ്യൂസിലേജ്. വൈകാതെ തന്നെ ഇതു കൃഷിക്കാർക്കു ലഭ്യമാകും. വിത്തു മാത്രമല്ല, തരിരൂപത്തിലുള്ള വളം വിതറാനും ഇത് പ്രയോജനപ്പെടും.  

devan-and-sister
ദേവൻ, സഹോദരിയും ഫ്യൂസിലേജ് സഹസ്ഥാപകയുമായ ദേവികയ്‌ക്കൊപ്പം

വന്യമൃഗങ്ങൾ നാട്ടില്‍ കടക്കുന്നതു നിരീക്ഷിക്കാനും മുന്നറിയിപ്പു നൽകാനും പ്രയോജനപ്പെടുന്ന ഡ്രോണും ഫ്യൂസിലേജിനുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ ഏതു വന്യമൃഗമാണെന്നു തിരിച്ചറിയുന്ന ഡ്രോൺ അതിനെ തുരത്താനും പ്രയോജനപ്പെടുമെന്ന് ഫ്യൂസിലേജിലെ നിതിൻ ഗീവർഗീസ് പറഞ്ഞു. വന്യമൃഗശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കർഷകപ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഇതു നടപ്പാക്കാനാകുമെന്ന് ദേവൻ ചൂണ്ടിക്കാട്ടി. 

team
ടീം ഫ്യൂസിലേജ്

ഫിയ ക്യുഡി 10 എന്നു പേരിട്ട ഫ്യൂസിലേജിന്റെ അഗ്രി ഡ്രോണിന് അടുത്ത കാലത്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരവും ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ ഡ്രോൺ കമ്പനിയാണ് ഫ്യൂസിലേജ്. ഒരിക്കൽ ചാർജ് ചെയ്താൽ തുടർച്ചയായി 25 മിനിറ്റ് പറക്കാൻ ഫിയ ഡ്രോണിനു സാധിക്കും. ഇന്ത്യയിലെ മറ്റൊരു കാർഷിക ഡ്രോണിനും ഇത്രയും പ്രവർത്തനക്ഷമതയില്ലെന്ന് ദേവൻ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിലവാരമുള്ള ഈ പ്രവർത്തനക്ഷമത മൂലമാവണം കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ഡ്രോൺ ഉൽപാദനവും സേവനവും നൽകാൻ ഫ്യൂസിലേജിന് ഓർഡർ ലഭിച്ചുകഴിഞ്ഞു.  

ഫോൺ: 7012937807 (ഫ്യൂസിലേജ്), 9188770971 (യദു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com