ADVERTISEMENT

ചക്കയല്ല, ചക്കക്കുരുവാണ് ജയ്മിയുടെ ഭാഗ്യചിഹ്നം. വയനാട് പനമരത്തിനടുത്ത് നടവയലിലുള്ള ഈ നാട്ടിൻപുറത്തുകാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തിലേക്കു വിളിപ്പിക്കാൻ നിമിത്തമായ ചക്കക്കുരു, വലിയ വരുമാനം സ്വയം കണ്ടെത്താനും നൂറുകണക്കിനു ചെറുകിട കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കാനും ജയ്മിയെ സഹായിച്ചു. കേരളത്തിലുടനീളം ഉയർന്നുവന്ന ചക്ക സംസ്കരണശാലകൾക്കിടയിൽ ‘വെൽത്ത് ഫ്രം വേസ്റ്റ്’ എന്ന മുദ്രാവാക്യവുമായി ജയ്മിയുടെ ചക്കക്കുരുസംസ്കരണശാല വേറിട്ടുനിൽക്കുന്നു.

Jaimy
Jaimy

ചക്കക്കുരുപ്പായസമാണ് ജയ്മിയുടെ മാസ്റ്റർപീസ്. എല്ലാ സീസണിലും വീട്ടിലുണ്ടാക്കുന്ന ചക്കക്കുരുപ്പായസം ബന്ധുക്കൾക്കും നാട്ടുകാർക്കുമിടയിൽ ഹിറ്റായതോടെയാണ് അതിന്റെ വിപണനസാധ്യതകളെക്കുറിച്ചു ജയ്മി ചിന്തിച്ചത്. ഓഫ് സീസണിലും ചക്കക്കുരുപ്പായസം കഴിക്കാൻ അവസരം നൽകുകയായിരുന്നു ലക്ഷ്യം. അതിനായി തുടർച്ചയായ പരീക്ഷണങ്ങളിലൂടെ ചക്കക്കുരു വർഷം മുഴുവൻ സൂക്ഷിച്ചുവയ്ക്കാനും പായസമുണ്ടാക്കാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ജയ്മിയുടെ ഹോളിക്രോസ് ഇന്‍ഡസ്ട്രീസ് 4 വർഷമായി ‌ചക്കക്കുരുപ്പായസ മിക്സും ചക്കക്കുരുപ്പൊടിയും തയാറാക്കിവരുന്നു. 2020 മുതലാണ് ഇവർ വാണിജ്യ ഉൽപാദനം ആരംഭിച്ചത്. ജാക്ക് ഫ്രഷ് ബ്രാൻഡിൽ ആമസോണിൽ ലഭ്യമാണ്. കമ്പനി വെബ്സൈറ്റിലൂടെ ഓൺലൈൻ ഓർഡർ നൽകുകയുമാവാം.

തികച്ചും ആരോഗ്യദായകം എന്നതാണ് ചക്കക്കുരുപ്പായസത്തെ വ്യത്യസ്തമാക്കുന്നതെന്ന് ജയ്മി പറയുന്നു. ഒട്ടേറെ ജീവകങ്ങളും മാംസ്യവും ആന്റി ഓക്സിഡന്റുകളുമടങ്ങിയ ചക്കക്കുരു കാൻസറിനെ പ്രതിരോധിക്കുമെന്ന മെച്ചവുമുണ്ട്. ചക്കക്കുരു വായുകോപമുണ്ടാക്കുമെന്ന ആക്ഷേപത്തിനും ജയ്മിക്കു മറുപടിയുണ്ട്. കുരുവിനു പുറമെയുള്ള ചുവന്ന കരിന്തൊലി നീക്കം ചെയ്ത ശേഷം ഉപയോഗിക്കുമ്പോഴാണ് ചക്കക്കുരു ഗ്യാസുണ്ടാക്കുന്നത്.   കരിന്തൊലി നീക്കാതെയുണ്ടാക്കുന്ന പായസം മിക്സ് വായുകോപമുണ്ടാക്കില്ലെന്നതിനു ജയ്മി ഗാരന്റി.  

jaimy-2

ജൈവോൽപന്നക്കടകളിലും മറ്റും വിതരണക്കാരിലൂടെ പായസം മിക്സ് എത്തിക്കുകയായിരുന്നു തുടക്കത്തിൽ. എന്നാൽ ആദ്യവർഷം തന്നെ ജർമനിയിലേക്ക് ഒരു കയറ്റുമതി ഓർഡർ വയനാട്ടിലെ പുൽപള്ളിയിൽനിന്നു കിട്ടി. തൊട്ടുപിന്നാലെ സിംഗപ്പൂരിലേക്കും കയറ്റുമതി തുടങ്ങി. ഇന്നു  വിവിധ രാജ്യങ്ങളിലേക്ക് ഏജൻസികൾ വഴി ജാക്ക് ഫ്രഷ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ടൺകണക്കിനു ചക്കക്കുരു ജയ്മിയുടെ ഫാക്ടറിയിൽ വേഷം മാറി കടൽ കടന്നുകഴിഞ്ഞു. ഓരോരുത്തരുടെയും ആവശ്യമനുസരിച്ചാണ് ഉൽപന്നങ്ങൾ തയാറാക്കി നൽകുക. എൻആർഐ കൂട്ടായ്മകൾക്കും പ്രാദേശിക സംരംഭകർക്കുമൊക്കെ ചക്ക ഉൽപന്നങ്ങൾ അവരുടെ ബ്രാൻഡിൽ തയാറാക്കി നൽകാൻ ജയ്‌മി തയാർ.

jaimy-3

വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചപ്പോൾ സ്വന്തം പറമ്പിൽനിന്നും അയൽപ്രദേശങ്ങളിൽനിന്നും വേണ്ടത്ര ചക്കക്കുരു കിട്ടാനുണ്ടായിരുന്നു.  ഉൽപാദനം വർധിപ്പിച്ചതോടെ വിദൂരപ്രദേശങ്ങളിൽനിന്നും ചക്കക്കുരു ശേഖരിച്ചു തുടങ്ങി. കിലോയ്ക്ക് 25 രൂപയായിരുന്നു വില. നെല്ലിനെ തോൽപിക്കുന്ന വില ചക്കക്കുരുവിനു നൽകുന്ന സംരംഭകയെക്കുറിച്ചു മനോരമ വാർത്ത നല്‍കിയതോടെ കാര്യങ്ങളാകെ മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചക്കക്കുരു വാഗ്ദാനങ്ങൾ പ്രവഹിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെ, നാട്ടിൻപുറങ്ങളിൽനിന്നു ചക്കക്കുരു വയനാട്ടിലേക്ക് ടിക്കറ്റെടുത്തു. സംസ്ഥാനത്തുടനീളം വിവിധ ചക്കസംസ്കരണശാലകള്‍ അവശിഷ്ടമായ ചക്കക്കുരു ഒഴിവാക്കാന്‍  ജയ്മിയെ ആശ്രയിച്ചു. 2021ൽ 52 ടണ്ണും 2022ൽ 56 ടണ്ണും ചക്കക്കുരുവാണ് സംഭരിച്ചു സംസ്കരിച്ചത്. അഴുകി നശിക്കുമായിരുന്ന ചക്കക്കുരുവിലൂടെ കേരളത്തിലെ കർഷകർക്ക് 15 ലക്ഷത്തോളം രൂപ വർഷംതോറും നേടിക്കൊടുക്കുകയാണ് ജയ്മി ഇപ്പോൾ. ‌ചക്കക്കുരു സംസ്കരിക്കുമ്പോൾ തൂക്കം നാലിലൊന്നാകും. ഒരു ടൺ ചക്കക്കുരുവിൽനിന്നു കിട്ടുന്നത് 250 കിലോ പൊടി മാത്രം. മറ്റു പല ചക്ക ഉൽപന്നങ്ങളിൽനിന്നു വ്യത്യസ്തമായി പായസം മിക്സിൽ ചക്കക്കുരുവിന്റെ പൊടി മാത്രമാണുള്ളതെന്നു ജയ്മി ചൂണ്ടിക്കാട്ടി. കൂടുതലായി ചേർക്കുന്നത് മണത്തിനും മധുരത്തിനും അൽപം ഏലക്കായും പ‍ഞ്ചസാരയും മാത്രം. സംരക്ഷകമൊന്നും ചേർക്കുന്നില്ല. 300  ഗ്രാം പായസം മിക്സിന് 150 രൂപയാണ് വില. 6 ഗ്ലാസ് പായസമുണ്ടാക്കാൻ ഇതു മതിയെന്ന് ജയ്മി. നാലു പേർക്കുള്ള പായസമുണ്ടാക്കാവുന്ന 210 ഗ്രാം പായ്ക്കറ്റിന് 90 രൂപ.

ചക്കക്കുരുപ്പായസം വിപണി പിടിച്ചതോടെ ആത്മവിശ്വാസമേറി. കേരള കാർഷിക സർവകലാശാലയുടെ റഫ്തർ പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞടുത്തതോടെയാണ് വൈവിധ്യവൽക്കരണത്തിന്റെ സാധ്യതയും ആവശ്യകതയും മനസ്സിലായത്. കാർഷിക സംരംഭകർ നിശ്ചയമായും അറിയേണ്ട ഒട്ടേറെ വിവരങ്ങ ള്‍ പരിശീലനത്തിലൂടെ ലഭിച്ചു.  വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പച്ചച്ചക്കയും ചക്കപ്പഴവും സംസ്കരിച്ച് പലതരം ഉൽപന്നങ്ങൾ ഇപ്പോൾ നിർമിക്കുന്നു. ഇതിനായി കർഷകരിൽനിന്നു പച്ചച്ചക്കയും ചക്കപ്പഴവും വാങ്ങുന്നു. 

യൂറോപ്യൻ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാവുന്ന തരത്തിലുള്ള പാക്കിങ് സ്റ്റാൻഡാർഡ് ഉൾപ്പെടുത്തി വാക്വം ഫ്രൈഡ് ജാക്ക് ഫ്രൂട്ട് ചിപ്സ്, റോ ജാക്ക്ഫ്രൂട്ട് ചിപ്സ്, വാക്വം ഫ്രൈഡ് ബനാന ചിപ്സ്, റോ ബനാന ചിപ്സ്, ജാക്ക് ഫ്രൂട്ട് പാലട പായസം മിക്സ്, ചക്കപ്പൊടി, ബനാന പൌഡർ, ജാക്ക് കോഫി, ചക്കവരട്ടി, ചക്ക പുട്ടുപൊടി, ചക്ക അപ്പംപൊടി, ചക്ക ആട്ടപ്പൊടി എന്നിങ്ങനെ 12 ഉൽപന്നങ്ങളാണ് ഇപ്പോൾ ഹോളി ക്രോസ് ഇൻഡസ്ട്രീസിനുള്ളത്. കൂടാതെ, ജാക്കഫ്രൂട്ട് പൾപ്പ്, ഫ്രോസൺ ചക്ക തുടങ്ങിയവയുമുണ്ട്. ഓഫ് സീസണിൽ അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ ഉൽപന്നങ്ങളുമുണ്ടാക്കും. മറ്റു  ബ്രാൻഡുകൾക്കുവേണ്ടി പല ഉൽപന്നങ്ങളും  തയാറാക്കി അവരുടെ  പായ്ക്കറ്റിലാക്കി നൽകുന്നുമുണ്ട്. ചക്കക്കുരുവിൽനിന്ന് അടുത്ത കാലത്ത് ഇവർ രൂപപ്പെടുത്തിയതാണ് ജാക്ക് സീഡ് കോഫി. കാപ്പിയുടെ രുചിയും മണവുമുണ്ടെങ്കിലും കഫീൻ തീരെയില്ലെന്നതാണ് ഇതിന്റെ മെച്ചം. ചക്കക്കുരുവിനു പുറമെ, ലേശം ഏലക്കാ മാത്രമാണ് ഇതിൽ ചേർക്കുന്നതെന്ന് ജയ്മി. 

റിട്ടോർട്ട് മെഷീൻ, വാക്വം ഫ്രൈ മെഷീൻ, ഡ്രയർ, കോൾഡ് സ്റ്റോറേജ്, ഹിറ്റ് പമ്പ് ഡ്രയർ എന്നിങ്ങനെ സംസ്കരണ വ്യവസായത്തിനാവശ്യമായ ആധുനിക യന്ത്രങ്ങളും സംവിധാനങ്ങളും കുറഞ്ഞ കാലം കൊണ്ടുതന്നെ ഇവർ സ്വന്തമാക്കി. വിപുലീകരണത്തിനാവശ്യമായ 1.3 കോടി രൂപ കേന്ദ്ര സർക്കാരിന്റെ അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെയാണ് ലഭിച്ചത്. ഒരു ബാങ്ക് ശാഖപോലും സന്ദർശിക്കാതെ ഇത്രയും തുക അനുവദിച്ചു കിട്ടിയത് പുതിയ അനുഭവമാണെന്ന് ജയ്മി ചൂണ്ടിക്കാട്ടി. സംരംഭത്തെക്കു റിച്ചു കേട്ടറിഞ്ഞ് 4 ബാങ്കുകളാണ് അഗ്രി–ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെ വായ്പ വാഗ്ദാനം ചെയ്തത്. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അതിനാവശ്യമായ രേഖകളും മറ്റും തയാറാക്കി. ബാങ്കുകളുടെ സമീപനത്തിൽ വന്ന മാറ്റം എടുത്തുപറയുന്നു 4 വർഷം മുന്‍പ് സംരംഭമാരംഭിക്കാൻ വായ്പ തേടി നെട്ടോട്ടമോടിയ ജയ്മി.

ഫോൺ: 8547211254

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com