ADVERTISEMENT

ആഗോള കാപ്പി വിപണി മധുരമുള്ള വാർത്തകൾ സമ്മാനിച്ചത്‌ ദക്ഷിണേന്ത്യൻ കർഷകരുടെ മുഖത്ത്‌ പുഞ്ചിരി വിടർത്തി. ഉൽപാദക്കുറവും വർധിച്ച ഡിമാൻഡും അന്താരാഷ്‌ട്ര തലത്തിൽ അറബിക്ക, റോബസ്റ്റ കാപ്പിവിലയെ പുതിയ തലങ്ങളിലേക്ക്‌ കൈപിടിച്ച്‌ ഉയർത്തുന്നതിനൊപ്പം കൊച്ചു കേരളത്തിലും കർണാടകത്തിലും ഉൽപ്പന്ന വില ഓരോ മാസവും പുതിയ തലങ്ങളിലേക്കു സഞ്ചരിക്കുകയാണ്‌. 

സംസ്ഥാനത്ത്‌ കാപ്പിക്കൃഷിയിൽ സജീവമായുള്ളത് ചെറുകിട കർഷകരാണെങ്കിൽ അയൽ സംസ്ഥാനത്തെ സ്ഥിതി വ്യത്യസ്തമാണ്‌. ഉൽപാദനം നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക്‌ വൻകിട തോട്ടങ്ങൾക്കു തന്നെ, കൂട്ടത്തിൽ ബഹുരാഷ്‌ട്ര കുത്തകകളും. ചെറുകിടക്കാരിൽ വലിയപങ്കും വിളവെടുപ്പിന്റെ ആദ്യ ദിനങ്ങളിൽ തന്നെ കാപ്പി വിൽപ്പനയ്‌ക്ക്‌ ഇറക്കി കാർഷികച്ചെലവിന്റെ ഭാരം കുറച്ചു. 

കാപ്പി വില റെക്കോർഡ്‌ തലത്തിൽ നീങ്ങുമ്പോഴും ഉയർന്ന കൂലിയും മറ്റു ചെലവുകളും കർഷക കുടുംബങ്ങളെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണ്‌ സംസ്ഥാനത്ത്‌. എന്നാൽ, കർണാടകത്തിലേക്കു തിരിഞ്ഞാൽ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം ദൃശ്യമാണ്‌.  

Read also: 600ലെത്തി കൊക്കോ വില; വിലക്കയറ്റത്തിൽ സ്തംഭിച്ച് വ്യവസായികൾ; കൊക്കോ വിപണിയുടെ കുതിപ്പിൽ ഇനിയും പ്രതീക്ഷിക്കണോ

വൻകിട കാപ്പിത്തോട്ടങ്ങൾ വിളവിൽ ചെറിയ പങ്ക്‌ മാത്രമേ ഇക്കുറിയും രംഗത്ത്‌ ഇറക്കിയിട്ടുള്ളു. വിപണിവില വീണ്ടും ഉയരുമെന്ന വിശ്വാസം ചരക്കു പിടിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. അതിലുപരി കർഷകരോട്‌ വിൽപ്പന നിയന്ത്രിച്ച്‌ വിപണിയിൽ പിന്നിട്ട മൂന്ന്‌ ദശാബ്‌ദത്തിനിടയിലുണ്ടായ ഏറ്റവും മികച്ച പ്രകടനത്തിന്റെ പരാമവധി നേട്ടം കൈപ്പിടിയിൽ ഒതുക്കണമെന്ന്‌ ആഹ്വാനം കർഷക സംഘടനങ്ങൾ ഉൽപാദകർക്ക്‌ നൽകുമ്പോൾ മറുവശത്ത്‌ കയറ്റുമതിക്കാരുടെ നെഞ്ചിടിപ്പു കൂടുന്നു. 

കയറ്റുമതി ഓർഡറുകൾ ഉറപ്പിച്ചവർക്ക്‌ യഥാസമയം ചരക്ക്‌ കപ്പലിൽ കയറ്റാനാകുമോയെന്ന ആശങ്ക പലരുടെയും ഉറക്കം കെടുത്തുകയാണ്‌. ആഭ്യന്തര കാപ്പി വില കിലോ 300 രൂപയിലേക്കു ചുവടുവച്ചു. ഉൽപാദകർ ചരക്കിൽ പിടിമുറുക്കിയാൽ വില ഉയർത്തി ചരക്ക്‌ സംഭരിക്കുകയെന്നത്‌ വൻ ബാധ്യത തന്നെയായി മാറുമെന്ന ഭീതിയും തല ഉയർത്തുന്നു. 

റോബസ്റ്റയുടെ റെക്കോർഡ് വില കർഷകർ നേട്ടമാക്കി. അതേസമയം അറബിക്കയുടെ  ഉൽപാദനച്ചെലവ് താരതമ്യേന കുറവാണെന്ന്‌ മാത്രമല്ല, വിളവ് ഏകദേശം ഇരട്ടിയുമാണ്‌. വയനാട്ടിലെ മുഖ്യ കാപ്പി വിപണിയായ കൽപ്പറ്റയിൽ പരിപ്പ്‌ ക്വിന്റലിന്‌ 29,800 ൽ വിപണനം നടക്കുമ്പോൾ 54 കിലോ ഉണ്ട കാപ്പി വില 9000 രൂപയിലും ഇടപാടുകൾ നടന്നു. ഹൈറേഞ്ചിലെ പ്രമുഖ കാപ്പി വിപണിയായ കട്ടപ്പനയിൽ കാപ്പി പരിപ്പ്‌ കിലോ 275 രൂപയിലും റോബസ്‌റ്റ 163 രൂപയിലുമാണ്‌. 

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പല കയറ്റുമതിക്കാരും കരുതലോടെയാണ്‌ വിദേശ വ്യാപാരങ്ങളിൽ ഏർപ്പെടുന്നത്‌. ചരക്ക്‌ ലഭ്യത ചുരുങ്ങിയതും ആഗോള വിപണിയിൽ നിന്നുള്ള ബുള്ളിഷ്‌ വാർത്തകളും അവരെ ചക്രശ്വാസം വലിപ്പിക്കുന്നു. ഇതിനിടയിൽ യൂറോപ്പിലേക്കുള്ള കപ്പൽമാർഗ്ഗമുള്ള ചരക്കുകൂലിയിലുണ്ടായ ഭീമമായ വർധനയും അവരെ പ്രതിസന്ധിലാക്കുന്നു. പുതിയ വിദേശ ഓർഡറുകളിലുപരി നിലവിലുള്ള ഓർഡറുകൾ പ്രകാരമുള്ള ഷിപ്പ്‌മെന്റിലാണ്‌ പലരും ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. ഇറ്റലി, റഷ്യ, യുഎഇ, ജർമനി, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യം ദക്ഷിണേന്ത്യൻ കാപ്പിയുടെ കടുപ്പം കൂട്ടി.

Read also: പച്ചത്തേങ്ങയ്ക്കു പകരം കൊപ്രയ്ക്കു പ്രാധാന്യം നൽകി കർഷകർ: പുതുജീവനിലേക്ക് നാളികേര മേഖല

ആഫ്രിക്കയിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും കാപ്പിവില ഇന്ത്യൻ നിരക്കിലും കുറവെന്ന്‌ ഒരു വിഭാഗം കയറ്റുമതിക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മൂല്യവർധിതമാക്കാൻ ഈ രാജ്യങ്ങളിൽനിന്നുള്ള ചരക്ക്‌ ഇവിടെ എത്തിക്കുന്നുണ്ട്‌. ഒരു വർഷക്കാലയളവിൽ ഏകദേശം 18,885 ടൺ കാപ്പി റീ എക്‌സ്‌പോർട്ട്‌ നടത്തി. അതേസമയം ഈ വർഷം ഇന്ത്യൻ കാപ്പിയുടെ കയറ്റുമതി മാർച്ച്‌ മധ്യം വരെയുള്ള കാലയളവിൽ 16 ശതമാനം ഉയർന്ന്‌ 94,444 ടണ്ണിലെത്തി, തൊട്ടു മുൻ വർഷം ആദ്യ രണ്ടര മാസ കാലയളവിലെ കയറ്റുമതി 81,398 ടൺ മാത്രമായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ റോബസ്റ്റ കാപ്പി വില ടണ്ണിന്‌ 3381 ഡോളർ വരെ ഉയർന്നു.

Covid-mask-idukki-tea-estate

തേയില

ചായ കുടിക്കാനുള്ള മോഹത്താൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാർ ദക്ഷിണേന്ത്യൻ തേയില ലേല കേന്ദ്രങ്ങളിൽ തമ്പടിച്ചു. വടക്കേന്ത്യയിൽ നിന്നുള്ള ലഭ്യത ചുരുങ്ങിയതാണ്‌ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വിദേശ വാങ്ങലുകാരുടെ ശ്രദ്ധപതിഞ്ഞത്‌. ഉത്തരേന്ത്യയിലെ ശീതകാല അവധിക്കിടയിൽ സിഐഎസ്‌ രാജ്യങ്ങളും മധ്യപൂർവേഷ്യൻ രാജ്യങ്ങളും ട്രുണിഷ്യയും ചരക്കിനായി രംഗത്തുണ്ട്‌. ഇതിനിടയിൽ ആഭ്യന്തര തേയില പാക്കറ്റ്‌ നിർമാതാക്കളും ലേലത്തിൽ കാണിച്ച താൽപര്യം ഇല തേയില വിലകളിൽ നവോന്മേഷം പകർന്നു. 

അതിശൈത്യത്തിൽ നിന്നും ജനുവരിയിൽ തന്നെ തോട്ടം മേഖല രക്ഷനേടിയത്‌ കണ്ട്‌ കൊളുന്ത്‌ നുള്ള്‌ പുനരാരംഭിച്ചെങ്കിലും അധികനാൾ തുടരാൻ കർഷകർക്കായില്ല. അപ്രതീക്ഷിതമായി പകൽ താപനില അടിവച്ച്‌ ഉയർന്നതോടെ ഉൽപാദകർ കൊളുന്തു നുള്ള്‌ നിർത്തിവയ്ക്കാനും നിർബന്ധിതരായി. ചൂടിന്‌ കാഠിന്യം ഏറിയത്‌ തേയിലകളിൽ മഞ്ഞളിപ്പിന്‌ ഇടയാക്കിയതോടെ ഇടുക്കി ജില്ലയിലെ പലതോട്ടങ്ങളിലും ചെടികൾക്ക്‌ സംരക്ഷണം നൽക്കാൻ സൾഫർ ലായനി പ്രയോഗിച്ച്‌ താങ്ങ്‌ പകരുകയാണ്‌.

വേനൽ കാലാവസ്ഥ കണക്കിലെടുത്താൽ പതിവു പോലെ മേയ്‌ മധ്യം വരെ ഉൽപാദനം തടസപ്പെടുമെന്ന അവസ്ഥയാണ്‌. കൊച്ചി, കൂനൂർ ലേല കേന്ദ്രങ്ങളിൽ വരവ്‌ ചുരുങ്ങുന്നത്‌ വിലക്കയറ്റത്തിനും അവസരം ഒരുക്കും. എന്നാൽ കൈവശം ചരക്കില്ലാത്തതിനാൽ ചെറുകിട കർഷകർ ലേല കേന്ദ്രങ്ങളിലെ വീറും വാശിക്കും മുന്നിൽ അന്താളിച്ചു നിൽക്കുകയാണ്‌. ചുരുക്കം ചില ഭാഗങ്ങളിൽ കൊളുന്ത്‌ നുള്ളുന്നുണ്ടെങ്കിലും കർഷകർക്ക്‌ ലഭിക്കുന്നത്‌ പരമാവധി കിലോ പതിനൊന്ന്‌ രൂപമാത്രം. ചരക്ക്‌ നേരിട്ട്‌ ഫാക്‌ടറികളിൽ എത്തിച്ചാൽ അവർ സ്വീകരിക്കില്ലെന്നതും ഉൽപാദകരെ പ്രതിസന്ധിലാക്കുന്നു. എന്നാൽ ഇതേ ചരക്ക്‌ സപ്ലെയർമാരിൽ നിന്നും ഫാക്‌ടറികൾ സ്വീകരിക്കുമെന്ന്‌ മാത്രമല്ല ഉൽപ്പന്നത്തിന്‌ കിലോ ഇരുപത്തി രണ്ട്‌ രൂപ വരെ കൈമാറുന്നവർക്ക്‌ ഉറപ്പ്‌ വരുത്താനാവുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com