ADVERTISEMENT

വിത്തുകൾ ചോദിച്ചു കത്തയയ്ക്കുന്നവരെയൊന്നും നിരാശരാക്കാറില്ല ആന്റണി. അതുകൊണ്ടുതന്നെ സ്റ്റാമ്പൊട്ടിച്ച കവർ വച്ച കത്തുകൾ നിത്യേനയെന്നോണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആന്റണിയെത്തേടി ഏത്തുന്നുമുണ്ട്. ആവശ്യക്കാർക്കു തന്റെ കൃഷിയിടത്തിലെ അപൂർവ നാടൻ വിളയിനങ്ങളുടെ സാംപിൾ വിത്തുകൾ സൗജന്യമായി അയച്ചുകൊടുക്കുമ്പോൾ അന്റണിക്കൊന്നേ വേണ്ടൂ; കൃഷി ചെയ്യും എന്ന ഉറപ്പ്. 

കാൽ നൂറ്റാണ്ടായി പ്രദേശത്തെ മലയാള മനോരമയുടെ ഏജന്റാണ് ഇടുക്കി തൊടുപുഴയ്ക്കടുത്ത് ആലക്കോട് പള്ളത്തു വീട്ടിൽ പി.സി.ആന്റണി, ഒപ്പം ഒന്നാംതരം കൃഷിക്കാരനും. അഞ്ചേക്കറിലേറെ വരും ആന്റണിയുടെ കൃഷിയിടം. എന്താണ് മുഖ്യ വിള എന്നു ചോദിച്ചാൽ ആന്റണി കുഴങ്ങും. അത്രയേറെ വിളവൈ വിധ്യമുണ്ട് ഈ കൃഷിയിടത്തിൽ. നാടനും ഹൈബ്രിഡും ഉൾപ്പെടെ വിവിധയിനം പച്ചക്കറികൾ, മഞ്ചേരിക്കുള്ളനും ആറ്റുനേന്ത്രനുമെല്ലാം ചേരുന്ന വാഴക്കൃഷി. ചേനയും കാച്ചിലും കപ്പയും പ്രധാനികളായ കിഴങ്ങുകൃഷി, പപ്പായയും റംബൂട്ടാനും പാഷൻഫ്രൂട്ടുമുൾപ്പെടുന്ന പഴവർഗങ്ങൾ ഒന്നും രണ്ടുമല്ല. ഇവയെല്ലാം വിപുലമായി വിളയിക്കുന്നുണ്ട് ഈ കർഷകൻ; അതും, സമ്പൂർണ ജൈവകൃഷി.

antony-2
സ്ഥലം പാഴാക്കാതെ പാറപ്പുറത്ത് ഗ്രോബാഗിൽ പച്ചക്കറിക്കൃഷി

പച്ചക്കറികൾ പലവിധം

ആന്റണിയുടെ വീട്ടുമുറ്റമെത്തും മുൻപുള്ള പാറക്കെട്ടിനുപോലും പച്ചനിറം. വിശാലമായി പരന്നു കിടക്കു ന്ന പാറപ്പുറം നിറയെ ചാക്കിലും ഗ്രോബാഗിലുമായി പലതരം പച്ചക്കറികൾ വിളഞ്ഞു കിടക്കുന്നു. ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുന്ന രീതി വന്നതോടെ ആർക്കും വർഷം മുഴുവൻ പച്ചക്കറിക്കൃഷി സാധ്യമെന്ന് ആന്റണി. മഴയും വെള്ളക്കെട്ടുമെല്ലാം മറികടന്ന് മുറ്റത്തോ മഴമറയിലെ ടെറസിലോ ഒക്കെ പച്ചക്കറി വിളയിക്കാം. അതിനുള്ള മനസ്സും ശുദ്ധമായ പച്ചക്കറി കഴിക്കണമെന്ന ആഗ്രഹവും വേണമെന്നുമാത്രം. ഗ്രോ ബാഗിനു പുറമേ മഴക്കാലത്ത് കൂമ്പലെടുത്തും വേനലിൽ തടമെടുത്തും വർഷം മുഴുവൻ റിലേ  രീതിയില്‍ പച്ചക്കറികൾ വിളയിക്കുന്നു ആന്റണി. ഒന്നിന്റെ തുടർച്ചയായി മറ്റൊന്ന് എന്ന രീതി. വെണ്ടയുടെ വിളവെടുപ്പു തീരാറാകുമ്പോഴേക്കും അതിലേക്ക് വള്ളിപ്പയർ പടർത്തും. പയറിന് താങ്ങുകാൽ അന്വേഷിക്കേണ്ട, തടത്തിലെ വളം പൂർണമായി പ്രയോജനപ്പെടുത്തുയും ചെയ്യാം.  വഴുതന വിളവെടുപ്പ് ഒരു ഘട്ടമെത്തുന്ന തോടെ അതേ തടത്തിൽ കൂർക്ക നടും.

ആന്റണിയുടെ പച്ചക്കറിക്കൃഷിയുടെ സവിശേഷത  ഇന വൈവിധ്യമാണ്. പയറും വെണ്ടയും വഴുതനയും പച്ചമുളകും കൂടാതെ, ചതുരപ്പയറും നിത്യവഴുതനയുമുൾപ്പെടെ പാരമ്പര്യവിളകളും വിപുലമായി  കൃഷി ചെയ്യുന്നു. ഓരോന്നിന്റെയും നാടനും ഹൈബ്രിഡും ഒരേ പ്രാധാന്യത്തോടെ  പരിപാലിക്കും. ഉൽപാദന മികവാണ് പൊതുവായി സ്വീകരിക്കുന്ന മാനദണ്ഡം. അതുകൊണ്ടുതന്നെ നാടൻ ഇനമായ ആനക്കൊമ്പൻ വെണ്ടയും വാളരിപ്പയറും മംഗലാപുരം ഊരുവെണ്ടയും ഹൈബ്രിഡ് ഇനം സിറ പച്ചമുളകുമെല്ലാം  ഒരുപോലെ സ്വീകാര്യം. വിളവിൽ നല്ല പങ്കും വിത്തുൽപാദനത്തിനു നീക്കിവയ്ക്കുന്നു. അതിലൊരു പങ്ക് സൗജന്യവിതരണത്തിനാണ്. ബാക്കി തൊടുപുഴയിലെ കർഷകപ്രസ്ഥാനമായ കാഡ്സ് ഉൾപ്പെടെ വിവിധ വിപണികൾ വഴി വിൽക്കുന്നു. ജൈവ പച്ചക്കറിക്ക് നിലവിൽ ഡിമാൻഡ് കൂടുതലുണ്ടെന്ന് ആന്റണി. അധികവിലയൊന്നും പ്രതീക്ഷിക്കേണ്ടെങ്കിലും ജൈവോൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടുന്നുണ്ട്. 

കിഴങ്ങുവിളകളാണ് ആന്റണിയുടെ മറ്റൊരു പ്രിയ കൃഷിയിനം. വർഷം ശരാശരി 1000 ചുവട് വരും ചേനക്കൃഷി. കാച്ചിലും ചേനയും ചേമ്പും പോലുള്ള കിഴങ്ങുവിളകൾക്ക് നിലവിൽ വിപണിയിൽ സാമാന്യം നല്ല വിലയും ഡിമാൻഡുമുണ്ടെന്ന് ആന്റണി. രോഗ,കീടബാധ നന്നേ കുറവ്. കാര്യമായ പരിപാലനവും വേണ്ട. കിഴങ്ങുവിളകളിൽ കപ്പയും പ്രധാനം. മധ്യ തിരുവിതാംകൂറുകാരുടെ ഇഷ്ട ഇനമായ ആമ്പക്കാടൻ കപ്പയാണ് കൃഷിയിറക്കുന്നത്. മികച്ച വിളവും രുചിയുമുണ്ട് ഈ പാരമ്പര്യ ഇനത്തിന്. 

antony-3

റെഡ് ലേഡി പപ്പായയാണ് മറ്റൊരു പ്രധാന കൃഷിയിനം. വിളവെടുത്താലും എളുപ്പം പഴുത്തു പോകാത്ത ഈ ഇനത്തിന് എപ്പോഴും കിലോ ശരാശരി 30 രൂപ വിലയുണ്ട്. വിപുലമായിത്തന്നെ നേന്ത്രവാഴക്കൃഷി ചെയ്യുന്ന ഈ കർഷകൻ ഈ വർഷം പൊക്കം കുറഞ്ഞ നേന്ത്രൻ ഇനമായ മഞ്ചേരിക്കുള്ളനും പരിപാലിക്കുന്നുണ്ട്. ഹൈബ്രിഡ് മാവും പ്ലാവുമുൾപ്പെടെ ഫലവർഗങ്ങളും ഈ കൃഷിയിടത്തിൽ ഇടം പിടിച്ചിരിക്കുന്നു. പശുവളർത്തൽ ഉള്ളതുകൊണ്ട് ആവശ്യമായ ജൈവവളമത്രയും കൃഷിയിടത്തിൽത്തന്നെ ലഭ്യമാകുന്നു.

കൃഷിയിൽനിന്ന് മികച്ച വരുമാനം ലഭിക്കുമ്പോഴും ലാഭമല്ല, സന്തോഷമാണു ലക്ഷ്യമെന്ന് ആന്റണി. കൃഷി വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഈ കർഷകൻ. കൃഷിയോടുള്ള തന്റെ ആവേശം മറ്റുള്ളവരിലും നിറയ്ക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ അതിനുള്ളൂ. വിശേഷിച്ചും, പാരമ്പര്യ വിത്തുകൾ സംര ക്ഷിക്കുന്നതും കൈമാറുന്നതും ജീവിത ലക്ഷ്യം തന്നെയായി കാണുന്നു ഈ കർഷകൻ.

എലിയെ തുരത്താം

കപ്പക്കൃഷിക്കാരുടെ നിത്യശത്രുവായ എലി പക്ഷേ ആന്റണിയുടെ തോട്ടത്തിലേക്കു വരാൻ ധൈര്യപ്പെടാറില്ല. സ്വന്തം കപ്പത്തോട്ടത്തിൽ എലിയില്ല എന്നു ബെറ്റ് വയ്ക്കാൻ പോലും സന്നദ്ധനാണ് ഈ കർഷകൻ. കളയും കാടും നീക്കി തോട്ടം വൃത്തിയായി സൂക്ഷിച്ചാൽ തന്നെ എലിശല്യം പകുതി കുറയുമെന്ന് ആന്റണി. എല്ലാ ദിവസവും കൃഷിയിടത്തിൽ ആളനക്കവും ഉണ്ടാകണം. കൃഷി തുടങ്ങും മുൻപ് കൃഷിയിടം നന്നായി ഇളക്കുന്നതും എലിശല്യം കുറയ്ക്കും. ആന്റണിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘ആഞ്ഞു കിളയ്ക്കുക, ആഴത്തിൽ കിളയ്ക്കുക’. ആഴത്തിൽ മണ്ണിളക്കമുള്ള സ്ഥലത്ത് മണ്ണിടിയാതെ മട തീർക്കുക എലിക്ക് എളുപ്പമല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഏതെങ്കിലുമൊക്കെ എലിമിടുക്കന്മാരെത്തും. ആദ്യമടയുടെ മണ്ണ് വീഴ്ത്തിയിരിക്കുന്നതു കാണുമ്പോഴേ പ്രതിരോധം തുടങ്ങണം. പലരുമത് അവഗണിക്കാറാണു പതിവ്. പൊത്തിലേക്ക് ഒരു ബക്കറ്റ് വെള്ളം കുത്തിയൊഴിച്ച ശേഷം മട ഉറപ്പോടെ അടയ്ക്കണം. കാണുന്ന ഓരോ പൊത്തും തുടർച്ചയായി അടയ്ക്കുന്നതോടെ എലി പൊറുതിമുട്ടി കൃഷിയിടം വിടും. ഇങ്ങനെ പലതലത്തിലുള്ള പ്രതിരോധ നടപടികൾ തുടർന്നുകൊണ്ടേയിരുന്നാൽ എലിശല്യം പൂർണമായും നീക്കാനാകുമെന്ന് ആന്റണി.

‌ഫോൺ: 7907295075

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com