ADVERTISEMENT

പല കുഴികള്‍ കുഴിക്കുന്നതിനു പകരം ഒരു കുഴി ആഴത്തിൽ കുഴിച്ചാൽ വെള്ളം കിട്ടുമെന്ന പഴമൊഴിയിൽ പതിരില്ലെന്ന് പൂച്ചെടിസംരംഭത്തിലൂടെ തെളിയിച്ച സംരംഭകനാണ് സിബിച്ചൻ. കണ്ണൂർ ആലക്കോടിനടുത്ത് കരുണാപുരത്തുള്ള സിബിച്ചൻ ജേക്കബിന്റെ ഫാമിൽ ഒരേയൊരിനം പൂച്ചെടി മാത്രം; അഡീനിയം. ഓരോന്നിനും ശരാശരി 2000 ചതുരശ്രയടി വിസ്തൃതി വീതം വരുന്ന ഇരുപതോളം മഴമറകളിലാണ് ഇവിടെ അഡീനിയം എന്ന ഒരൊറ്റ ഇനം പരിപാലിക്കപ്പെടുന്നത്. ‘സംസ്ഥാനത്തു മാത്രമല്ല, സൗത്ത് ഇന്ത്യയിൽത്തന്നെ മറ്റെവിടെയും അഡീനിയം ചെടികളുടെ ഇത്ര വിപുലമായ ഉൽപാദനകേന്ദ്രം കാണില്ലെ’ന്നു സിബിച്ചൻ. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നാണ് അഡീനിയം പോകുന്നത്. ഉദ്യാനനഗരമായ ബെംഗളൂരുവിലെ വൻകിട നഴ്സറി സംരംഭകർപോലും അഡീനിയം തൈകൾക്ക് ആശ്രയിക്കുന്നതു സിബിച്ചനെ!

adenium-5

ഒറ്റച്ചെടി വിപ്ലവം

മുപ്പതിലേറെ വർഷമായി സിബിച്ചൻ നഴ്സറി രംഗത്തെത്തിയിട്ട്. തുടക്കം റോസ് ഇനങ്ങളിൽ. റോസിന് കേടു കൂടുതലും ലാഭം കുറവുമായപ്പോഴാണ് അഡീനിയത്തിലേക്കു ശ്രദ്ധിച്ചത്. ആകർഷകമായ പൂക്കളും ബോൺസായ് പ്രകൃതവുമുള്ള അഡീനിയം വേഗം ഉദ്യാനപ്രേമികളുടെ മനം കവർന്നു. വിപണിയിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും അളുകൾക്ക് അഡീനിയത്തോടുള്ള പ്രിയം തെല്ലും കുറഞ്ഞിട്ടില്ലെന്നു സിബിച്ചൻ. വർഷം മുഴുവൻ പൂക്കൾ വിരിയുമെന്നതും കുറഞ്ഞ പരിപാലനം മതിയെന്നതും താൽപര്യം കൂട്ടുന്നു. 4–5 ദിവസം നനച്ചില്ലെങ്കിലും പ്രശ്നമില്ല. ബാൽക്കണിപോലെ ഇത്തിരിവട്ടത്തിൽപോലും പരിപാലിക്കാം. പൂക്കളാകട്ടെ, രണ്ടാഴ്ചയോളം കൊഴിയാതെ നിൽക്കും. ദീർഘായുസ്സാണ് അഡീനിയത്തിന്റെ മറ്റൊരു മെച്ചം. കാൽനൂറ്റാണ്ടിലേറെ പ്രായമുള്ള തൈകൾ ഇപ്പോഴും നിറഞ്ഞു പൂവിടുന്നെന്ന് സിബിച്ചൻ. 

adenium-2

അഡീനിയത്തിന്റെ  സ്ഥിരവിപണി കണ്ടതോടെ മറ്റെല്ലാ ഇനങ്ങളോടും ബൈ പറഞ്ഞു. എല്ലായിനം പൂച്ചെടികളുടെയും പിള്ളത്തൊട്ടിലാണ് ബെംഗളൂരു. എന്നാൽ അഡീനിയത്തിന് അവിടത്തെ കാലാവസ്ഥ അത്ര പഥ്യമല്ലെന്നു സിബിച്ചൻ. തണുപ്പേറിയ കാലാവസ്ഥയിൽ ഇല കൊഴിഞ്ഞ് ചെടിയുടെ ഭംഗി പോകും. പുണെയിലും സ്ഥിതി ഇതുതന്നെ. അതുകൊണ്ട് മറ്റെല്ലാ ചെടികളും ലക്ഷക്കണക്കിന് ഉൽപാദിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലേക്കു വിടുന്ന ഈ ഉദ്യാനനഗരങ്ങൾ അഡീനിയത്തിൽ കൈവയ്ക്കുന്നില്ല. അതുതന്നെയാണ് സിബിക്കു നേട്ടമാകുന്നതും. നൂറിലേറെ വരും സിബിച്ചന്റെ കയ്യിലുള്ള അഡീനിയം ഇനങ്ങൾ. അവയിൽ മികവേറിയതും ഉദ്യാനപ്രേമികളുടെ അംഗീകാരം നേടിയതുമായ സാന്താക്ലോസ്, ലക്കി ഗോൾഡ്, പർപ്പിൾ ഫാൽക്കൺ തുടങ്ങി അറുപതോളം ഇനങ്ങളാണ് തൈ ഉൽപാദനത്തിനും വിൽപനയ്ക്കുമായി തിരഞ്ഞെടുത്തിരിക്കുന്നത്.  

adenium-4

വർണവസന്തം

രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുമെങ്കിലും കമ്പു കോതി ബോൺസായ് രൂപത്തിൽ നിർത്തുന്നതാണ് അഡീനിയത്തിന്റെ സൗന്ദര്യം. വിത്തു മുളപ്പിച്ചു തൈകൾ തയാറാക്കാമെങ്കിലും ഗ്രാഫ്റ്റ് തൈകളാണ് സിബിച്ചൻ ഉൽപാദിപ്പിക്കുന്നത്. വിത്തു മുളച്ചുണ്ടാകുന്ന ചെടികൾക്ക് മാതൃസസ്യത്തിന്റെ അതേ പൂക്കൾ ലഭിച്ചെന്നു വരില്ല. ഗ്രാഫ്റ്റ് തൈകള്‍ക്കാകട്ടെ, മാതൃസസ്യത്തിന്റെ തനതു ഗുണം ഉറപ്പ്.  നാടൻ അഡീനിയങ്ങളുടെ വിത്തു മുളപ്പിച്ചെടുത്ത് അതിൽ വിവിധ ഇനങ്ങൾ സെൻട്രൽ ഗ്രാഫ്റ്റ് ചെയ്തു തൈകൾ ഒരുക്കുന്നു. വിത്തു മുളച്ച് 6മാസമാകുമ്പോൾ മണ്ണിനു മുകളിൽനിന്ന് ഏതാണ്ട് 4 ഇഞ്ച് ഉയരത്തിൽ കുറുകെ മുറിച്ച്, അതിലേക്ക് പുതിയ ഇനം ഗ്രാഫ്റ്റ് ചെയ്യും. ഇവ  4–5 മാസംകൊണ്ടു വിൽപനയ്ക്കു തയാര്‍. കമ്പു മുറിച്ചു നട്ടാലും അഡീനിയം പിടിക്കും, പൂക്കളുമുണ്ടാവും. എന്നാൽ, ഈ ചെടികൾക്കു ബോൺസായ് ഭംഗി ലഭിക്കില്ല. അഡീനിയത്തിന്റെ സൗന്ദര്യം അതിന്റെ ചുവടുഭാഗത്തിന്റെ സവിശേഷമായ ഗോളാകൃതിയാണ്. വിത്തു പാകി മുളപ്പിച്ച തൈകൾക്കു മാത്രമേ ഈ കുള്ളൻ പ്രകൃതം ലഭിക്കൂ. നാടൻതൈകളിൽ ഗ്രാഫ്റ്റ് ചെയ്യുന്നതും അതുകൊണ്ടുതന്നെ. ആദ്യകാലത്ത് ഒരു നിര ദളങ്ങളുള്ള അഡീനിയങ്ങൾക്കായിരുന്നു പ്രചാരമെങ്കിൽ ഇപ്പോൾ 6 വരെ നിരകളുള്ളവയുണ്ടെന്ന് സിബിച്ചൻ. കോവിഡ് കാലം തൊട്ടിങ്ങോട്ട് അഡീനിയം വിപണി കുതിച്ചു കയറുകയാണെന്നു വർഷംതോറും ലക്ഷക്കണക്കിനു തൈകൾ ഉണ്ടാക്കുന്ന സിബിച്ചൻ പറയുന്നു.

ഫോൺ: 8547850163

adenium-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com