ADVERTISEMENT

അത്തം നക്ഷത്രത്തിൽ പിറന്നവരുടെ ഐശ്വര്യവൃക്ഷമാണ് അമ്പഴം. ഗ്രാമങ്ങളിൽ സാധാരണ കണ്ടുവന്നിരുന്ന വൃക്ഷമാണിത്. എന്നാലിന്ന് അന്യംനിന്നുപോകുന്ന അവസ്ഥയാണ്. 15 മുതൽ 24 മീറ്റർ വരെ ഉയരം വയ്ക്കുന്നു. വേനലിൽ ഇല പൊഴിയും. ഇല പൊഴിഞ്ഞ ശാഖകളില്‍ വെള്ളപ്പൂക്കളുണ്ടാകുന്നു. മാങ്ങാമണമുള്ള കായ്കൾക്കു പച്ചനിറമാണ്. പഴുക്കുമ്പോൾ മഞ്ഞനിറം. ഉയരത്തിൽ വളരുന്നതിനാൽ വിളവെടുപ്പ് ബുദ്ധിമുട്ടാണ്. സ്ഥലപരിമിതിയുള്ളിടത്തു നട്ടാല്‍ പിന്നീടു ബുദ്ധിമുട്ടാകും. എന്നാല്‍, ഇതിനൊരു പരിഹാരമുണ്ട്. അതാണ് പൊക്കം കുറഞ്ഞ മധുര അമ്പഴം. 

ഉയരം കുറഞ്ഞ ഇനത്തിന്റെ ശാസ്ത്രനാമം spondias cytherea. സ്ഥലപരിമിതിയുള്ളവർക്ക് വീട്ടുമുറ്റത്തോ ടെറസിൽ ചട്ടികളിലോ നട്ടു വിളവെടുക്കാം. വീട്ടുമുറ്റത്ത് ചെറു മരമായും വളർത്താം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം നടാൻ. നല്ല ജൈവാംശവും നീർവാർച്ചയുമുള്ള മണ്ണാണ് യോജ്യം. 2X2X2 അടി കുഴിയെടുക്കാം. മേൽമണ്ണും ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകവും വേപ്പി ൻപിണ്ണാക്കും എല്ലുപൊടിയും ചേർത്തു യോജിപ്പിച്ച് ഒരാഴ്ച ശേഷം ഈ  മിശ്രിതത്തിൽ വേരുപിടിപ്പിച്ച കമ്പുകൾ നടുക. നടുമ്പോൾ 5 ഗ്രാം വാം(VAM) ചേർക്കുക. ജൈവവളങ്ങൾ മാസത്തിലൊരിക്കൽ ചേർത്തു കൊടുക്കുക. നട്ട് ഒരു വർഷത്തിനുള്ളിൽ പൂങ്കുലകൾ ഉണ്ടാകും. കായ്കളും കുലകുലയായി ഉണ്ടാകും. വർഷത്തിൽ പലതവണ പൂക്കും കായ്ക്കും വിളവെടുപ്പിനു ശേഷം ശിഖരങ്ങൾ മുറിച്ചു മാറ്റണം. ചുവട്ടിലെ മണ്ണ് ഇളക്കി കളകൾ നീക്കി വീണ്ടും ജൈവവളം നൽകണം.

വൈറ്റമിൻ എ, സി, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മാംസ്യം, അന്നജം, നാരുകൾ തുടങ്ങിയവയെല്ലാം അമ്പഴത്തിൽ സമൃദ്ധം. 3–4 ഇലകൾ ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്തു കഴിച്ചാൽ ചുമയ്ക്കു ശമനം. ഇലകൾ ഉണക്കിപ്പൊടിച്ചത് വായ്പുണ്ണിനെ പ്രതിരോധിക്കും. ഇലകൾ നല്ലൊരു കാലിത്തീറ്റയുമാണ്. പഴം കൊണ്ട് ജാം, ജെല്ലി, സോയ, സോസ്, ജൂസ്, ചമ്മന്തി മുതലായവ ഉണ്ടാക്കാം.

മൂക്കാത്ത അമ്പഴം ചെറിയ കഷണങ്ങളാക്കി കാരറ്റും ഉപ്പും കൂടി ചേർത്ത് അമ്പഴം–കാരറ്റ് സാലഡ് ഉണ്ടാക്കാം. കാൽമുറി തേങ്ങയും 5 ചുവന്നുള്ളിയും 2 പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും ഉപ്പും ചേർത്ത് അരച്ചെടുക്കുന്ന ചമ്മന്തി രുചികരം. മീൻകറിയിലും മോരൊഴിച്ച ചാറുകറിയിലും അമ്പഴം ചേർക്കാം.

ambazham-3

അമ്പഴങ്ങ അച്ചാർ

  • അമ്പഴങ്ങ (മൂക്കാത്തത്) – അര കിലോ
  • മുളകുപൊടി – അര കപ്പ്
  • കടുകു പൊടിച്ചത് – ഒരു  ടേബിൾ സ്പൂൺ
  • നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
  • പൊടിച്ച കായം – അര ടീസ്പൂൺ
  • മഞ്ഞൾ – അര ടീസ്പൂൺ
  • കല്ലുപ്പ് – കാൽ കപ്പ്

അമ്പഴങ്ങ നന്നായി കഴുകിത്തുടച്ച് ഒരു മണിക്കൂർ വെയിലത്തു വയ്ക്കുക. തുടർന്ന് ഉണങ്ങിയ ഭരണിയിലിട്ട് ഉപ്പു വിതറി ഇളക്കി വയ്ക്കുക. 3–4 ദിവസത്തേക്ക് ഇടയ്ക്കൊക്കെ ഭരണി നന്നായി കുലുക്കുക. തുടർന്ന് ചൂടാക്കി ആറിയ മുളകുപൊടി, കടുകുപൊടി, പൊടിച്ച കായം എന്നിവ കൂടി ചേർത്തു നന്നായി ഇളക്കണം. ചൂടാക്കിയ നല്ലെണ്ണ ആറിയശേഷം ഒഴിച്ച് ഭരണി മൂടിക്കെട്ടി സൂക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com