വർഷം രണ്ടു ടൺ ബട്ടർ നട്ട്; ക്ലാസിലും കൃഷിയിലും നൂറുമേനി, ജന്തുശാസ്ത്രത്തിൽനിന്ന് സസ്യശാസ്ത്രത്തിലേക്കു കടന്ന അധ്യാപകൻ
Mail This Article
ജന്തുശാസ്ത്രമാണ് രമേശൻ മാഷ് കോളജിൽ പഠിപ്പിച്ചിരുന്നതെങ്കിലും വിരമിച്ചശേഷം സസ്യശാസ്ത്രത്തോടാണ് പ്രതിപത്തി. ബട്ടർനട്ട്, ചുരയ്ക്ക, കുക്കുമ്പർ എന്നിങ്ങനെ വിദേശിയും സ്വദേശിയുമായ ഒട്ടേറെ പച്ചക്കറികൾ വിളയുന്നു മാഷിന്റെ കൃഷിയിടത്തിൽ. വിളകൾ പലതുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇനിയും അത്ര പ്രചാരത്തിലാകാത്ത ബട്ടർ നട്ട് കൃഷിയിലാണ് എറണാകുളം പറവൂർ വടക്കുംപുറം തുണ്ടിയിൽ വീട്ടിൽ പ്രഫ. ടി.കെ. രമേശൻ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
ബട്ടർനട്ട് കേരളത്തിൽ അത്ര പരിചിതമല്ലാത്തതുകൊണ്ട് അതിന്റെ സാധ്യതകൾ പരിശോധിച്ചുതന്നെയാണ് കൃഷി ആരംഭിച്ചതെന്നു മാഷ്. മത്തങ്ങ കുടുംബത്തിൽപെട്ട ബട്ടർനട്ടിന് മത്തങ്ങയുടെതന്നെ രുചിയാണുള്ളത്. അത്രയും തൂക്കമില്ല എന്നുമാത്രം. സ്ക്വാഷ്, ജ്യൂസ്, ഷെയ്ക്ക്, അച്ചാർ എന്നിവയുണ്ടാ ക്കാൻ ഉത്തമം.
ബെംഗളൂരുവിൽനിന്നാണ് ബട്ടർനട്ട് ഹൈബ്രിഡ് വിത്തുകൾ ആദ്യം വാങ്ങിയത്. വിത്തു പാകി 45–ാം ദിവസം വിളവെടുപ്പ് തുടങ്ങാം. 90 ദിവസം വരെ വിളവെടുക്കാം. ഒരു ചെടിയിൽനിന്നു ശരാശരി 45 കായ്കൾ ലഭിക്കും. ഒരു കിലോ മുതൽ 5 കിലോ വരെ കായ്ക്കു തൂക്കമുണ്ടാകും. ഓൺലൈനായി ബട്ടർനട്ട് ഹൈ ബ്രിഡ് വിത്തുകൾ ലഭിക്കും. 25 ഗ്രാം വിത്തുകൾ അടങ്ങിയ പാക്കറ്റിന് 650 രൂപയോളം വില വരും. കൃഷിക്കു ഹൈബ്രിഡ് വിത്തുകൾ തന്നെ തിരഞ്ഞെടുക്കണമെന്നു മാഷ് ഓർമിപ്പിക്കുന്നു.
ബട്ടർ നട്ടിനു പുറമേ കുക്കുമ്പർ, സവിശേഷ ആകൃതികളിലുള്ള ചുരയ്ക്ക എന്നിവയാണ് വാണിജ്യാടി സ്ഥാനത്തിൽ രമേശൻ മാഷ് കൃഷി ചെയ്യുന്നത്. ബട്ടർനട്ട്, ചുരയ്ക്ക, കുക്കുമ്പർ എന്നിവ 250 കടകൾ വീതം വരും. ചുരയ്ക്ക വിളവെടുക്കാൻ 60 ദിവസം മതി. 45 ദിവസമാകുമ്പോഴേക്കും കായ് മൂത്തു തുടങ്ങും. വൃത്താകൃതിയിലുള്ള ചുരയ്ക്ക ഓരോന്നും രണ്ടു കിലോയോളം തൂക്കം വരും. നീളത്തിലുള്ളത് ഒരു കിലോയും. കുക്കുമ്പർ ഓരോ സീസണിലും 1500 -2000 കിലോ വരെ വിളവെടുക്കുന്നു. വർഷം ശരാശരി 10,000 കിലോ കുക്കുമ്പർ ലഭിക്കുന്നുവെന്ന് രമേശൻ മാഷ്. ചുരയ്ക്കയും ബട്ടർനട്ടും വർഷം ഏതാണ്ട് 2000 കിലോ വീതം വിളവെടുക്കുന്നു. വിളവിൽ നല്ല പങ്കും വിറ്റഴിക്കുന്നത് കൃഷിഭവന്റെ ഇക്കോ ഷോപ് വഴിയാണ്. മാഷിനെ അറിയാവുന്ന നാട്ടുകാർ വീട്ടിലെത്തിയും ഉൽപന്നങ്ങൾ വാങ്ങുന്നു. കിലോയ്ക്ക് 50 രൂപ നിരക്കിൽ ‘ഇക്കോ ഷോപ്പിൽ’ നൽകുന്ന കുക്കുമ്പർ 60 രൂപ നിരക്കിലാണ് അവിടെനിന്ന് ഉപഭോക്താക്കൾക്കു വിറ്റഴിക്കുന്നത്. പൂർണമായും ജൈവകൃഷിരീതികളാണ് മാഷ് പിന്തുടരുന്നത്. ജൈവകൃഷിയിൽ തൽപരരായ 10 പേർ അടങ്ങുന്ന സ്നോ വൈറ്റ് എന്ന കർഷക ഗ്രൂപ്പും രമേശൻ മാഷ് രൂപീകരിച്ചിട്ടുണ്ട്.
ഒരു സീസൺ വിളവെടുത്ത ഉടൻ തന്നെ നിലമൊരുക്കി അടുത്ത കൃഷിക്ക് തയാറെടുക്കുകയാണു പതിവ്. അതുകൊണ്ടുതന്നെ പറമ്പു കാടു കയറാതെ സദാ വിളസമൃദ്ധം. പീച്ചിങ്ങ, പയർ, പാവൽ, വെണ്ട, വഴുതന, കോളിഫ്ലവർ, പട്ടുചീര, പച്ചമുളക് തുടങ്ങിയ പച്ചക്കറികളുമുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, കമുക്, വാഴ, ജാതി, പപ്പായ എന്നിവയും കൃഷിയിനങ്ങൾ. 100 ഇനങ്ങളിലായി 500 ഓർക്കിഡ് ചെടികളുമുണ്ട്.
നാട്ടിക എസ്എൻ കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയായി 2013ൽ വിരമിച്ച ശേഷമാണ് രമേശൻ മാഷ് മുഴുവൻസമയ കർഷകനാകുന്നത്. സമീപപ്രദേശമായ വടക്കേക്കരയിലും ഒരേക്കറിൽ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
ഫോൺ: 9447768824