ADVERTISEMENT

വിപണിവിലയിൽ സെഞ്ച്വറി തികച്ച പച്ചക്കറി ഇനങ്ങളുടെ പേരു ചോദിച്ചാൽ ആലപ്പുഴ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ കുട്ടികൾ തൽക്ഷണം മറുപടി പറയും. തക്കാളിക്കും പച്ചമുളകിനും മുരിങ്ങക്കായ്ക്കും കുത്തനെ വില കയറിയ കാലത്ത് മുരിങ്ങയ്ക്ക ഇല്ലാത്ത സാമ്പാറും തക്കാളി ചേരാത്ത രസവുമെല്ലാം കഴിച്ചത് അവർ മറന്നിട്ടില്ല. സ്‌കൂളിലെ ഉച്ചയൂണിന്റെ രുചി ചോർത്തുന്ന വിലക്കയറ്റത്തിനു തടയിട്ടേ തീരൂ എന്നു ചിന്തിച്ചതും അതോടെയാണ്.  മാത്രമല്ല, വിലക്കയറ്റം ഒരു സാമൂഹികപ്രശ്നമാണെന്നും അതു പരിഹരിക്കാൻ എളിയ സംഭാവനയെങ്കിലും നൽകേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്നും ഈ കുട്ടികൾ ചിന്തിച്ചു.

Read also: പച്ചക്കറി വേണം പക്ഷേ, വീട് നശിക്കരുത്; ടെറസ്സിൽ പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

school-alp-2

അങ്ങനെ, സ്കൂളിലും വിദ്യാർഥികളുടെ വീടുകളിലുമെല്ലാം കൃഷിക്ക് ഒരുക്കം തുടങ്ങി. അണ്ണാറക്കണ്ണനും തന്നാലാവത് എന്ന ചിന്തയോടെ മണ്ണഞ്ചേരിയിലെ കുഞ്ഞുങ്ങൾ മണ്ണിലിറങ്ങി. കുട്ടികളുടെ ഹരിതസ്വപ്നങ്ങൾക്കു നിറം പകരാൻ കാർഷിക ഗവേഷകനായ സുനിൽ വർഗീസ്, അധ്യാപിക എസ്. റീന ബീഗം, പ്രധാനാധ്യാപിക എം.കെ.സുജാതകുമാരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് എന്നിവരും മറ്റ് അധ്യാപകരും ഒപ്പം ചേർന്നു.  

school-alp-3

കലവൂർ പി.സി.വർഗീസ് ഫൗണ്ടേഷനും ആലപ്പുഴ നോർത്ത് റോട്ടറി ക്ലബ്ബും പിന്തുണയുമായി എത്തിയതോടെ കൃഷി ഉഷാര്‍. വേനൽപച്ച എന്ന കൃഷിപരിശീലനപദ്ധതിപ്രകാരം  വിത്തുകളും തൈകളും വളവുമെല്ലാം അവർ സൗജന്യമായി സ്കൂളിലെത്തിച്ചു. അങ്ങനെ, സ്കൂളിലും തിരഞ്ഞെടുത്ത 200 വിദ്യാർഥി‌കളുടെ വീടുകളിലും കൃഷി തുടങ്ങി.

school-alp-4
കൃഷിയിടം സന്ദർശിക്കുന്ന അധ്യാപകർ

കുഞ്ഞുങ്ങളുടെ കരുതലിൽ  ഇന്നു പലയിനം പച്ചക്കറികൾ നിറഞ്ഞു വിളയുന്നു. രാവിലെ സ്കൂളിലേക്കു പോരുമ്പോൾ ഈ വിളവിലൊരു പങ്ക് അവർ സ്കൂൾ ബാഗിലെടുത്തുവയ്ക്കും. ഒരു പിടി പയറോ ഒന്നോ രണ്ടോ പാവയ്ക്കയോ അൽപം പച്ചമുളകോ ഒരു പടവലങ്ങയോ ഒക്കെ ഓരോരുത്തരും എന്നും സ്കൂളിലെത്തിക്കുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ സാമ്പത്തിക പരിമിതിക്ക് അൽപം ആശ്വാസം, ഒപ്പം ഉച്ചഭക്ഷണത്തിന് സമൃദ്ധിയും രുചിയും.

Read also: ഒരു സെന്റിൽനിന്ന് ഒരു ടൺ പച്ചക്കറി; സ്ഥലപരിമിതി ഉൽപാദനത്തിനു തടസമല്ലെന്നു കർഷകൻ

school-alp-drone
അർ‍ജുൻ

ഡ്രോൺ നിർമിച്ച് കുട്ടിക്കർഷകൻ

മണ്ണഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പി.എ.അർജുന് കൃഷിപരീക്ഷണങ്ങൾ കുട്ടിക്കളിയല്ല. മണ്ണഞ്ചേരി ഗ്രാമത്തില്‍ വലിയ തോതിലുള്ള കീടശല്യം ശാസ്‌ത്രാഭിമുഖ്യമുള്ള അർജുനെ ചിന്തിപ്പിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതിനു പരിഹാരം കണ്ടെത്താനുള്ള  കുട്ടിശാസ്ത്രജ്ഞന്റെ ശ്രമം ചെന്നെത്തിയത് ഡ്രോൺ നിർമാണത്തിൽ. ഇലക്ട്രോണിക്സ് എൻജിനീയറായ അച്ഛൻ പി.ജി.അഭിലാഷിന്റെ പിന്തുണയോടെ ആയിരുന്നു ഡ്രോൺ നിർമാണം. പയർ, പാവൽ തുടങ്ങിയ പന്തൽ പച്ചക്കറികളില്‍  പന്തലിന്റെ മുകൾഭാഗത്തു രൂപപ്പെടുന്ന കീടാക്രമണം ആരംഭത്തിൽ കണ്ടെത്താൻ കഴിയാറില്ല. എന്നാല്‍, ഉയർന്നു പറക്കുന്ന ഡ്രോണിന് അതു സാധിക്കും. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറകൾ ഫോണുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം. ക്യാമറയിൽ പതിയുന്ന കീടാക്രമണ ലക്ഷണങ്ങൾ കർഷകന്റെ ഫോണിലെ ആപ്പിലേക്കു പകരും. പ്രതിവിധികൾ ആപ്പിലൂടെത്തന്നെ ലഭ്യമാകും. അച്ഛനൊപ്പം അമ്മ ര‌ശ്മിയും കുഞ്ഞുപെങ്ങൾ ഐശ്വര്യയും പിന്തുണയുമായി കൃഷിപരീക്ഷണങ്ങളിൽ അർജുന് ഒപ്പമുണ്ട്. പ്രോത്സാഹനങ്ങളുടെ ബലത്തിൽ കൂടുതൽ മികച്ച ഡ്രോണിനു രൂപം നൽകാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു ഗവേഷകൻ.

ഫോൺ: 9497674640 (എസ്.റീന ബീഗം, വേനൽപച്ച കോഓർഡിനേറ്റർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com