ADVERTISEMENT

കുവി, ഭാഗം - 3

രാത്രി പാതി കഴിഞ്ഞിരിക്കുന്നു. നിർത്താതെയുള്ള ഹോൺ കേട്ട് കുവി കണ്ണു തുറന്ന് നോക്കി. ഒരു ജീപ്പാണത്, അതിന്റെ വെട്ടം കണ്ണി‌ൽ പതിച്ച് കണ്ണ് തുറക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി.  ഡ്രൈവർ സീറ്റിൽ നിന്ന് ചാറ്റൽ മഴയിലേക്ക് തലയിൽ പച്ച മഫ്ളറിട്ട ഒരു മധ്യവയസ്കൻ തല നീട്ടി നോക്കി. ഉറക്കച്ചടവോടെ ആരോ വണ്ടിയിലിരുന്ന് ചോദിക്കുന്നു...

എന്താണ്... വല്ലോ വന്യമൃഗങ്ങളാണൊ...

അല്ല സർ ഒരു ചിന്ന നായ റോഡിൽ കിടക്കുന്നു....

ഇന്നലെയുടെ ക്ഷീണത്തിൽ  അറിയാതെ അവളെപ്പോഴോ റോഡിലേക്ക് നീങ്ങി കിടന്നിരുന്നു. വീണ്ടും ഹോണടിച്ചപ്പോൾ കുവി വളരെ പതുക്കെ എഴുന്നേറ്റ് റോഡിന് ഓരത്തേക്കു മാറി നിന്നു. പൊട്ടിപ്പൊളിഞ്ഞ ആ റോഡിലൂടെ ആ ജീപ്പ് മുന്നോട്ട് നീങ്ങി. അവളുടെ ദയനീയമായ നിൽപ്പും നോട്ടവും കണ്ട് ആ മനുഷ്യൻ വീണ്ടും വണ്ടി നിർത്തി. ജീപ്പിന്റെ ഡാഷ്ബോർഡിന്റെ മുകളിൽ നിന്ന് തമിഴ് പത്രത്തിൽ പൊതിഞ്ഞ ഒരു പൊതിയെടുത്തു. അപ്പോൾ വണ്ടിയിരുന്ന മറ്റെയാൾ ഉറക്കച്ചടവോടെ 

എന്ത് പറ്റി?

ഒന്നുമില്ല സാർ... അന്ത നായെ പാത്ത് കഷ്ടമായിരിക്ക് ....

സാപ്പിടത്ക്ക്  മൂന്നാറിൽ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ബണ്ണിൽ നിന്ന് ഒരെണ്ണം അന്ത നായക്ക് കൊടുക്കാൻ നിർത്തിയതാ.

എന്ന് പറഞ്ഞ് ആ നല്ല മനുഷ്യൻ ആ പാക്കറ്റ് പൊട്ടിച്ചു ഒരെണ്ണം അവളുടെ നേരെ നീട്ടി.

വാ.... ഇന്താ .... സാപ്പിട്ടോ ....

കുവി മണത്ത് പോലും നോക്കാതെ ആ ബൺ വാങ്ങിച്ചു. ആർത്തി കൊണ്ട് ബണ്ണിന്റെ പകുതി ചവച്ചു വിഴുങ്ങി. രണ്ട് മൂന്ന് ദിവസമായി വരണ്ടിരിക്കുന്ന തൊണ്ടയിൽ അത് ഒട്ടിപിടിച്ചു. അവൾ അത് ചുമച്ച് തുപ്പി.

അത് നോക്കി നിന്ന ജീപ്പ് ഡ്രൈവർ ....

ഏയ്‌... പതുക്കെ സാപ്പിട് ....

അപ്പോൾ അകത്ത് നിന്ന് പോകാം എന്നാരൊ പറഞ്ഞു. മഴ പിന്നേയും കനക്കുന്നു. ഡ്രൈവർ ജീപ്പിന്റെ പടുത താഴ്ത്തിയിട്ടു ജീപ്പു മുന്നോട്ടെടുത്തു. ചുമച്ച് തുപ്പിയ ബണ്ണിന്റെ കഷ്ണം അവൾ വീണ്ടും എടുത്ത് തിന്നു. മണ്ണിൽ മഴ കൊണ്ട് അലുത്ത ബണ്ണിന്റെ ബാക്കി കഷ്ണവും എടുത്ത് തിന്നു. ജീപ്പിന്റെ ടയർ ചാലിൽ കെട്ടി കിടന്ന ചെളിവെള്ളം ആവോളം കുടിച്ചു ദാഹമകറ്റി.

കുവി പതിയെ തലപൊക്കി നോക്കി. പായൽ പിടിച്ച് പകുതി പൊട്ടിയ ജീപ്പിന്റെ ബ്രേക്ക് ലൈറ്റിന്റെ മങ്ങിയ വെട്ടം ദൂരെക്ക് അകന്ന് പോകുന്നതവൾ കണ്ടു. കുവി ജീപ്പിന്റെ വെട്ടം പോകുന്നതിന് പിന്നാലെ ഓടി. ദൂരെ റോഡിന് വലത് വശത്തായി പെട്ടിമുടിയിലെ ചെറിയ ക്ഷേത്രം കാണാം. അതിനടുത്ത് ജീപ്പ് നിർത്തി.

കുവി റോഡിനോരം ചേന്ന് പതിയെ ജീപ്പിനടുത്തെത്തി. ജീപ്പിന്റെ പിറകിലെ പടുത മാറ്റി കുറച്ച് പേർ ആഹാര സാധനങ്ങൾ ചുമന്ന് റോഡിന് ഇടത് വശത്തുള്ള ഹെൽത്ത് സെന്ററിന്റെ തിണ്ണയിൽ കൊണ്ടുപോയി വച്ചു. അവളതിന് പിന്നാലെ ചെന്നു. കുവി അതിൽ മണത്തപ്പോൾ ആരോ അവളെ ഓടിച്ചു. വിശപ്പിന്റെ ആധിക്യം കാരണം അവളാ ഭക്ഷണ പാത്രവും നോക്കി മാറി കിടന്നു. ഓരോ പൊതിയും അകത്തേക്ക്‌ കൊണ്ട് പോകാനെടുക്കുമ്പോഴും ഒരു തുണ്ട് ആഹാരം പ്രതീക്ഷിച്ച് കുവി എഴുന്നേറ്റ് പൊതിയെടുത്ത് കൊണ്ട് പോകുന്നവരുടെ മുഖത്തേക്ക് നോക്കി നിക്കും. അവസാനത്തെ ആഹാരപ്പൊതിയും ഉള്ളിലേക്ക് കൊണ്ട്പോയി തീരുന്നത് വരെ അവൾ അവിടെ നോക്കി നിന്നു. നിരാശ ബാക്കിയാക്കി  നടന്ന് നീങ്ങിയപ്പോൾ ഫോറസ്റ്റ് വാച്ചറായിരുന്ന മുരുകൻ തന്റെ നായ്ക്കളായ ടൈഗറിനും റോസിക്കും ആഹാരം നൽകുന്നത് കണ്ടു. ആർത്തിയോടെ അവിടേക്ക് ചെന്നു. മുരുകൻ എറിഞ്ഞ് കൊടുത്ത ആഹാരം കഴിക്കാനൊരുങ്ങുന്നതിന് മുന്നെ ടൈഗർ കുവിയെ ഓടിച്ചു. ആ പെരുമഴയത്ത് അവൾ വീണ്ടുമലഞ്ഞ് നടന്നു. അപ്പോൾ ദൂരെ നിന്ന് മൃതദേഹം കണ്ടെത്തിയ സൂചനയായൊരു വിളി കേട്ടു. അവിളവിടേക്ക് വേച്ചു വേച്ചു ഓടിപ്പോയി. പോകും വഴിയിലാരൊക്കെയൊ കുവിയെ ക്യാമറയിൽ കൂടി നോക്കുന്നുണ്ട്. ആരൊക്കെയൊ അവളെ ചൂണ്ടിക്കാട്ടി എന്തൊക്കെയൊ പറയുന്നുണ്ട്. 

ശക്തമായ മഴയും മഞ്ഞും വകവയ്ക്കാതെ  കുവി അവിടെല്ലാം പരതി നടന്നു. തെന്നി വീണും, ചെളിയിൽ കാല് താഴ്ന്ന് പോയും അവൾ അവിടൊക്കെ നടന്നു. തന്നെ തലോടിയ, കെട്ടിപ്പിടിച്ച , ആഹാരം വാരിതന്ന, തന്നോട് തല്ലു പിടിച്ച അങ്ങെനങ്ങനെ തന്റെ എല്ലാമായവരെയും ചെളിയിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ മനസ്സിലെവിടെയൊ ഒരിറ്റ് പ്രതീക്ഷയോടവൾ ഓടി ചെന്ന് നോക്കി നിൽക്കും. ഓരോരുത്തരേയും കൊണ്ടുപോകുമ്പോഴും അതിന് പിന്നാലെ ഓടും. വണ്ടിയിൽ കിടത്തി പോകുന്നത് വരെ ആ മഴയത്ത് നോക്കി നിൽക്കും.  തന്റെ പ്രിയപ്പെട്ടവരെയെല്ലാം കൊണ്ടുപോയിട്ടും തന്നെ എങ്ങും പോകാനനുവദിക്കാതെ ആ ലയത്തിൽ തന്നെ തളച്ചിട്ടിരുന്ന ആ കുഞ്ഞ് മുഖം മാത്രം അവിടെങ്ങും കണ്ടില്ല. താനിനി കാണാതെ പോയതാകുമോ? ദിശയറിയാതെ അവൾ എങ്ങോട്ടെന്നില്ലാതെ പരതി നടന്നു. ദിവസങ്ങളായി തുടരുന്ന കുവിയുടെ പ്രവർത്തികൾ അതിനകം തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കുവിയുടെ കഥയറിഞ്ഞതിനു ശേഷം രക്ഷാപ്രവർത്തകർക്കെല്ലാം അവൾ പ്രിയങ്കരിയായി. പ്രളയവും പെരുമഴയുമെല്ലാം അവളുടെ മനസ്സിൽ മാത്രമല്ല ശരീരത്തിലും മാറ്റങ്ങൾ  ഉണ്ടാക്കി. കുവിയുടെ വാരിയെല്ലുകളൊക്കെ തെളിഞ്ഞ് തുടങ്ങിയിരുന്ന ശരീരത്തിൽ  മുഴുവനും കുളയട്ടകൾ വിട്ടിട്ട് പോയ പാടുകളിൽ നിന്ന് രക്‌തം ഒലിച്ചിറങ്ങി കട്ടപിടിച്ചിരിക്കുന്നു. പെരുമഴയും വിശപ്പും അലച്ചിലും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികൾ  അവളെ ശാരീരികമായി തളർത്തിയിട്ടും തന്റെ തിരച്ചിലും അലച്ചിലും നിർത്തിയില്ല. മുൻപ് പെട്ടിമുടിയുടെ സൗന്ദര്യമായിരുന്ന, അവസാനം പെട്ടിമുടിയെ അപ്പാടെ ഒഴുക്കി കൊണ്ട് പോയ കന്നിയാറിന്റെ തീരത്ത് കൂടി അവൾ അലഞ്ഞ് നടന്നു. ഓരങ്ങളിൽ മുഴുവനും പ്രളയം കൊണ്ടുവന്ന് വച്ച സാധനങ്ങളാൽ നിറഞ്ഞിരുന്നു. വേച്ച് വേച്ച് നടന്നു പോകുന്നതിനിടയിൽ എന്തോ കണ്ടതുപോലെ അവൾ തിരികെ വന്നു. പ്രളയം തെളിച്ചു വച്ച മരത്തിന്റെ വേരിൽ തനിക്ക് പ്രിയപ്പെട്ടതായിരുന്ന ഒന്ന് വീണ്ടും ഒഴുകി പോകാൻ തയ്യാറായി കുടുങ്ങി നിൽക്കുന്നു. ഒരിക്കലും ഒഴിയാത്ത പെട്ടിമുടിയിലെ തണുപ്പിലും മഴയിലും തന്റെ പ്രിയപ്പെട്ടവനെപ്പോഴും ധരിച്ചിരുന്ന മഴക്കോട്ടായിരുന്നു അത്. താനെപ്പോഴും ചാടിക്കേറി കീറികളയുമെന്ന് പരിഭവം പറഞ്ഞിരുന്ന ആ മഴക്കോട്ടിന്റെ പകുതി പ്രളയം കീറിയെടുത്ത് കൊണ്ടുപോയിരുന്നു. കുവി വല്ലാതെ മൂളിക്കൊണ്ട് അത് കടിച്ചെടുക്കാൻ നോക്കി. കുടുക്ക് മാറിയ ആ മഴക്കോട്ട് കുവിക്ക് കൊടുക്കാതെ പ്രളയം അതും കൊണ്ട് വീണ്ടും ഒഴുകി. എടുക്കാൻ ഒരു ചെറു ശ്രമം നടത്തിയെങ്കിലും അവളിൽ നിന്നത് വേഗം അകന്നു പോയി. അതു നോക്കി അൽപനേരം നിന്നതിനു ശേഷം വീണ്ടും നടപ്പ് തുടങ്ങി. കൊടും മഴയത്തും എല്ലായിടത്തും രക്ഷാപ്രർത്തകർ തകൃതിയായി തിരച്ചിൽ നടത്തുന്നു.

കുവിയുടെ നടത്തം അവളെ നന്നേ ക്ഷീണിപ്പിച്ചു കൊണ്ടെത്തിച്ചത് ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്താണ്. ക്ഷീണിതയായ കുവി അവിടെ കുറച്ച് നേരം നിന്നു. അവിടെയും ധാരാളം രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നുണ്ട്.

അവിടെ കന്നിയാറിന് കുറുകെ പുതുതായി പണിഞ്ഞ ഒരു കോൺക്രീറ്റ് പാലം കാണാം. പാലത്തിനടിയിൽ കൂടി ഒഴുകി പോകാൻ പറ്റാത്ത രീതിയിലൊരു മരം കുറുകെ കുടുങ്ങി കിടക്കുന്നു. പുഴ ഒഴുക്കിക്കൊണ്ടു വന്ന ധാരാളം വസ്തുക്കൾ അടിഞ്ഞ് ആ മരം കാണാൻ പറ്റാത്ത രീതിയിലായിരിക്കുന്നു. വെള്ളം അതിനെയും പൊതിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ക്ഷീണിതയായ അവൾ അതെല്ലാം നോക്കിക്കൊണ്ട് മുൻകാലുകൾ നീട്ടി അവിടെ കുറച്ച് നേരം കിടന്നു. പെട്ടന്ന് കുവി കണ്ണുകൾ വലുതായി തുറന്ന് കൊണ്ട് ഒരു സ്ഥലത്തേക്ക് തല ചരിച്ചും കുനിച്ചുമൊക്കെ നോക്കി. പെട്ടന്നവൾ ഒരു വലിയ മൂളലോട് കൂടി ചാടിയെഴുന്നേറ്റ് ആ മരത്തിന്റെ അടുത്തേക്ക് ഓടി. കന്നിയാറിന്റെ വലിയ ഓളങ്ങൾ അവളെ അതിലിറങ്ങാൻ സമ്മതിക്കാതെ ഒഴുകി കൊണ്ടിരുന്നു. അവൾ കന്നിയാറിന്റെ ഒരു തീരത്ത് കൂടി ആ സ്ഥലത്തേക്ക് നോക്കി കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമോടുകയും പാലത്തിൽ കേറി കൈവരിയിൽ മുന്നിലെ കൈകൾ പിടിച്ച് കൊണ്ട് പാലത്തിന് താഴെ കുടുങ്ങി കിടക്കുന്ന മരത്തിൽ നോക്കി കൊണ്ട് കുരയ്ക്കുകയും പിന്നെ വേഗം അപ്പുറത്തെ കരയിൽ ഇറങ്ങി ആ മരത്തിലേക്ക് നോക്കി വെള്ളത്തിലിറങ്ങാൻ ശ്രമിക്കുകയും ചെയ്തു. അവളുടെ മൂളലുകൾ വലിയ അലമുറയായി മാറി. ക്ഷീണിതയായിരുന്നിട്ടും കുവി ആ പെരുമഴയിൽ വെപ്രാളപ്പെട്ട് കുരച്ചും വലിയ വായിൽ കരഞ്ഞും ഇരു കരകളിൽ കൂടി മരത്തിലേക്ക് നോക്കിക്കൊണ്ട് ഓടി നടന്നു. രക്ഷാപ്രവർത്തകരെല്ലാം ഈ പ്രവർത്തി ശ്രദ്ധിക്കാൻ തുടങ്ങി. അവരുടെ പ്രിയങ്കരിയായി മാറിയിരുന്ന അവളോട് അവർ നിനക്ക് എന്തു പറ്റിയെന്ന് ചോദിക്കുന്നുണ്ട്.

കുവി അവരുടെ മുഖത്തേക്ക് നോക്കി ഇടറിയിയ തൊണ്ടയിൽ ശബ്ദമുണ്ടാക്കി പാലത്തിനടിയിലെ മരത്തിലേക്ക് നോക്കി ഓടി. അവരെല്ലാം അവളെ ശ്രദ്ധിച്ചു. അവൾ കാണിക്കുന്നിടെത്തെന്തോ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇരു തീരത്തും പാലത്തിലുമായി വിവിധ സേനാ രക്ഷാപ്രവർത്തകർ തിങ്ങി നിറഞ്ഞു. ഉദ്ധ്യോഗസ്ഥർ പെട്ടന്ന് ജെസിബി വരാൻ പറഞ്ഞു. ജെസിബി വന്നു തീരത്തെ ചെളിയും അടിഞ്ഞു കൂടിയ വസ്തുക്കളുമെല്ലാം നീക്കി. കന്നിയാർ കുറച്ച് കൂടി വിശാലമായി ഒഴുകി.  രക്ഷാപ്രവർത്തകർ എവിടെ ഇറങ്ങണമെന്ന് ആശങ്കപ്പെട്ടു നിന്നപ്പോൾ ആരോ പറഞ്ഞു 

"ദേ ആ നായ അങ്ങോട്ടാണ് പോകുന്നത്.

 ദേ അവിടെ .. അവിടെ .... 

ആ നായ നോക്കി കുരയ്ക്കുന്നിടത്ത് ....

രക്ഷാ പ്രവർത്തകർ ആറിന് കുറുകെ കിടക്കുന്ന ആ മരത്തിൽ കൂടി വളരെ ശ്രദ്ധിച്ചു തെന്നി വീഴാതെ അങ്ങോട്ടെക്ക് പതുക്കെ നീങ്ങി. എന്നിട്ടും അവർക്കെവിടാണ് സ്ഥലമെന്ന് മനസ്സിലായില്ല. മുകളിൽ നിന്നവർ വിളിച്ച് പറഞ്ഞു.

വാ... വാ... വാ...

ദേ... ദേ...

സെന്ററിലേക്ക് .... വാ

ദേ.... ഒരു വെള്ള കൈ കണ്ടോ

അതാ .... അതിന്റിടയില്....

ആ സെന്ററിൽ നോക്ക് ...

രക്ഷാപ്രവർത്തകർ മരത്തിന് നടുവിലേക്ക് വന്നു. അവർ അവിടെ നിന്ന് മുകളിൽ നിന്ന് വിളിച്ച് പറയുന്നവരെ നോക്കി.

അത് തന്നെ..... അത് തന്നെ

അതിന്റിടയില് .... അതിന്റിടയില് ....

നിങ്ങൾ നില്ക്കുന്ന

ആ മുന്നിലെ ചപ്പിന്റിടയില് ...

ഒരു വെളുത്ത .... കൈ.... കൈ .... കണ്ടോ ....

അതേ .... അത് തന്നെ ... അത് തന്നെ.....

രക്ഷാപ്രവർത്തകർ ആ ചവറുകൾ വലിച്ച് മാറ്റി. അവിടെ കുഞ്ഞു ധനു വിറങ്ങലിച്ച് അനക്കമറ്റു കിടന്നിരുന്നു. അവർ ആ കുഞ്ഞിനെ വാരിയെടുത്തു. അതുവരെ അവർ കേട്ടുകൊണ്ട് നിന്നിരുന്ന മൂളൽ ഒരു വലിയ അലമുറയായി. കുവി ഭയങ്കരമായി കുരക്കാനും ഉറക്കെ മൂളാനും തുടങ്ങി. അവൾ അവരുടെ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു. വെപ്രാളപ്പെട്ടു കരയിലൂടെയും പാലത്തിലൂടെയും അങ്ങോട്ടുമിങ്ങോട്ടും ഓടി . അവർ ധനുഷ്കയുടെ മൃതദേഹം കരയിൽ കൊണ്ട് വന്നു വച്ചു. കുവി വേച്ചു വേച്ചു ഓടി വന്നു ദീർഘമായി മൂളിക്കൊണ്ട് ധനുവിനെ മണപ്പിച്ചു. വിറുങ്ങലിച്ച തന്നെ തല്ലിയ, തലോടിയ കുഞ്ഞു കൈ വിരലുകളിൽ അവൾ മൂക്ക് കൊണ്ട് തൊട്ടു. പാൽ പുഞ്ചിരിയോടെതന്നെ ഉമ്മ വെച്ചിരുന്ന ആ മുഖത്ത് അവൾ മണത്തു. ധനുവിനെ കുവി കാൽ കൊണ്ട് തൊട്ടു. കൂടി നിന്നവരാരും അവളെ ഓടിച്ചില്ല. കുവി ആ മൃതദേഹത്തിനരികിൽ കിടന്നു. ഇത്ര ദിവസവും മൃതദേഹങ്ങൾ വാരിയെടുത്ത് വികാരങ്ങൾ നഷ്ടപ്പെട്ട അവരുടെ കണ്ണുകളെല്ലാം നിറഞ്ഞൊഴുകി.

കൂടി നിന്നവരിലെ സ്ഥലവാസികൾ രക്ഷപ്രവർത്തകരോട് പറഞ്ഞു .

പാവം....

അന്ത കുവിക്കിനി യാരുമേ ഇല്ല സാർ....

ഇന്ത ധനുഷ്ക പിറന്തതുക്കപ്പുറം കുവിയെങ്ങുമേ പോകലെ ....

എപ്പ പാത്താലും അന്ത പാപ്പാവോട് വിളയാടിയിട്ടിരുക്കെ ....

ഇനി ...... അന്ത ........

സൊല്ല മുടിയിലെ .... സാർ....

പറഞ്ഞ് മുഴുമിപ്പിക്കാൻ അവർക്കും കഴിയുന്നില്ല. രക്ഷാപ്രവർത്തകരിൽ പലരും കുവിയെ തടവി, കെട്ടിപ്പിടിച്ചു. കുവി മൂളിക്കൊണ്ട് അവിടെ തന്നെ കിടന്നു. ആരോക്കെയൊ കയ്യിലിരുന്ന ബിസ്ക്കറ്റ് കൊടുത്തു. അതൊന്നുമവൾ ശ്രദ്ധിച്ചില്ല. ഇടയ്ക്കിടയ്ക്കവൾ വായ തുറന്ന് ദീർഘശ്വാസമെടുത്തു. രക്ഷാപ്രവർത്തകർ പറഞ്ഞു

നമ്മുക്കിതിനെയും എടുത്ത് കൊണ്ട് പോകാം..

അല്ലെങ്കിൽ ഇവിടെ കിടന്ന് ചത്തു പോകും ..

വേഗം വാ .....

അടുത്ത മഴയ്ക്ക് മുൻപ് ആംബുലൻസിനടുത്തെത്താം.....

അവർ ധനുവിന്റെ ശരീരം പൊതിഞ്ഞു കെട്ടി. അപ്പോൾ രക്ഷാപ്രവർത്തകർ കുവിയെ നോക്കി. കുവി പതിയെ എഴുന്നേറ്റു നിന്നു. കൂട്ടിത്തിലാരൊ പറഞ്ഞു.

കുവിയെ ഒന്ന് ശ്രദ്ധിച്ചോ.... ചിലപ്പോൾ കെട്ടുമ്പോൾ പ്രശ്നമുണ്ടാക്കും ....

പക്ഷേ അവൾ അനങ്ങാതെ നോക്കി കൊണ്ട് നിന്നു. കണ്ണുകൾ ചെറുതായിരിക്കുന്നു. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഉയർന്ന് മുകളിലേക്ക് നിന്നിരുന്ന ചെവികൾ താഴേക്ക് വളഞ്ഞിരുന്നു. വാൽ തളർന്ന് താഴേക്ക് കിടന്നു. അവളുടെ നെഞ്ചുരുകിയിറങ്ങുന്നത് ആ മുഖത്ത് കാണാമായിരുന്നു. ധനുഷ്കയെയും എടുത്ത് അവർ നിശബ്ദമായി നടന്ന് നീങ്ങി, അവരോടൊപ്പം കുവിയും. ചെളി കുഴഞ്ഞ് കിടന്ന കയറ്റത്തിൽ പലരും വഴുകി വീഴാനൊരുങ്ങി. ആരോക്കെയൊ കുവിയെ വിളിക്കുന്നുണ്ടായിരുന്നു. അതൊന്നും അവളുടെ ചെവിയിൽ കൊണ്ടില്ല. അവരോടൊപ്പം അവൾ തലതാഴ്തി നടന്ന് കൊണ്ടിരുന്നു. ക്രമേണ അവളുടെ നടത്തത്തിലെ ഞൊണ്ട് കൂടി കൂടി വന്നു. അവരോടൊപ്പം നടന്നെത്താൻ അവൾക്ക് പറ്റാതായി. പുറകെ നടന്നവർ നടത്തം പതുക്കെയാക്കി അവളോടൊപ്പം നടന്നു. മഴ വീണ്ടും ശക്തിയായി പെയ്തു തുടങ്ങി. എല്ലാവരും വഴുക്കി വഴുക്കി നടന്നു നീങ്ങി. ധനുഷ്കയുമായി മുന്നേ പോയവർ വളരെ ദൂരെയെത്തിയിരുന്നു. അവർ ധനുഷ്കയുടെ മൃതദേഹം ആമ്പുലൻസിൽ കയറ്റിക്കൊണ്ട് പോയി. അവളത് കാണാതെ തല താഴ്ത്തി നടന്ന് കൊണ്ടിരുന്നു. കൂടെ നടന്ന് റോഡിലെത്തിയവർ അന്നത്തെ തിരച്ചിൽ മതിയാക്കി പല വഴി പിരിഞ്ഞു. അവളാ പെരുമഴയിൽ തലകുനിച്ച് ആടിയാടി റോഡിൽ നിന്നു. പിന്നെ കാലുകൾ കുഴഞ്ഞ് ആ റോഡിൽ കിടന്നു. റോഡിൽ കൂടി വെള്ളം കുത്തിയൊലിച്ചൊഴുകി പോകുന്നു. അവളുടെ ശരീരത്തിന്റെ കാൽഭാഗത്തോളം ആ വെള്ളത്തിൽ മുങ്ങി കിടന്നു. രക്ഷാപ്രവർത്തനം കഴിഞ്ഞ വണ്ടികൾ റോഡിൽ കൂടി കുലുങ്ങി കുലുങ്ങി പോകുന്നു. അതിലൊരു ജീപ്പ് നിർത്തി കോട്ടിട്ട ഒരാൾ ഇറങ്ങി വന്നു വിറങ്ങലിച്ച് കിടന്ന അവളെ എടുത്ത് ഒരു ലയത്തിന്റെ തിണ്ണയിൽ കൊണ്ട് പോയി കിടത്തി. കുവി ആ തിണ്ണയിൽ ചുരുണ്ട് കൂടികിടന്നു.

 മഴ കുറഞ്ഞു, 

പെട്ടിമുടി കോടയിൽ മുങ്ങി. 

––––––––––––––––––––––

രണ്ട് ദിവസം കഴിഞ്ഞ് .

സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു ,

മഴ ചാറി പെയ്യുന്നുണ്ട്.

മഴ കാരണം കറണ്ട് പോയും വന്നും ഇരിക്കുകയാണ്.

ഇടുക്കി ജില്ലാ പോലീസ് K9 സ്ക്വാഡ്,

എന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്. കിടന്ന് കൊണ്ട് തന്നെ ഇടത്തെ കൈ നീട്ടി കട്ടിലിന് സൈഡിലെ ജനലിലിലിരിക്കുന്ന മൊബൈൽ പരതിയെടുത്തു. തൊട്ടടുത്തെ കട്ടിലിൽ കിടന്ന സഹപ്രവർത്തനായ സുനിൽ ചോദിച്ചു.

ആരാടാ ....

അറിയില്ലെടാ ഞാനെടുത്തപ്പോൾ ഫോൺ കട്ടായി .....

നോക്കട്ടെ....  ഞാൻ പറഞ്ഞു

പറഞ്ഞു തീരും മുന്നേ സുനിലിലെ (Sunil C Pillai) മൊബൈലടിച്ചു.

റോയ് സാറാണല്ലോ ... ( ഇടുക്കി ജില്ലാ പോലീസ് K9 സ്ക്വാഡ് ഇൻ ചാർജാണ് റോയ് സാർ)

തുടരും

കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Lifestory of Pettimudi Dog Kuvi- Part 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com