ADVERTISEMENT

ഇടതൂർന്ന രോമങ്ങളും ഓമനത്തം തുളുമ്പുന്ന മുഖവും ചടുലനീക്കങ്ങളുമെല്ലാം കുഞ്ഞൻ നായ്ക്കളുടെ സവിശേഷതകളാണ്. അരുമയായും സഹചാരിയായും മക്കളെപ്പോലെയും കുഞ്ഞൻ നായ്ക്കളെ ഇഷ്ടപ്പെടുന്നവരേറെ. മറ്റിനം നായ്ക്കളെ അപേക്ഷിച്ച് പരിചരണം, സ്ഥലം, ഭക്ഷണം എന്നിവ കുറച്ചു മതിയെന്നതുകൊണ്ടുതന്നെ ഫ്ലാറ്റുകളിലും സ്ഥലപരിമിതിയുള്ള വീടുകളിലുമൊക്കെ വളർത്തുന്നതിനു മിക്കവരും    തിര‍ഞ്ഞെടുക്കുന്നതും ഈ കുഞ്ഞന്മാരെത്തന്നെ. ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് നായ്ക്കളെ അന്വേഷിച്ച് വരുന്നവരിൽ കൂടുതലുമെന്നു  പത്തനംതിട്ട തിരുവല്ല കണ്ടത്തുശേരിൽ വീട്ടിൽ അഖിൽ ആനന്ദൻ. പത്താം ക്ലാസിൽ ഒരു ചെറു നായയുമായി തുടങ്ങിയ അഖിലിന്റെ ചങ്ങാത്തം 7 വർഷം പിന്നിടുമ്പോൾ മുപ്പതോളം കുഞ്ഞൻ നായ്ക്കളില്‍ എത്തിനിൽക്കുന്നു.

Read also: ബൈറ്റ് ഫോഴ്‌സിൽ റോട്ടിനെ മറികടക്കും; തല്ലുകൊള്ളിയെന്ന പേരും; വേണമെങ്കിൽ നല്ലകുട്ടിയാകാനും അകിറ്റയ്ക്ക് അറിയാം

പോമറേനിയൻ, സ്പിറ്റ്സ് ഇനങ്ങളും അവയുടെ കൾച്ചർ ടൈപ്പുമായി 25ലേറെ നായ്ക്കൾ. കുഞ്ഞന്മാരായതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്തു കൂടുതൽപേരെ പാർപ്പിക്കാം. എന്നാൽ, അഖിലിന്റെ കെന്നലിന് ചില പ്രത്യേകതകളുണ്ട്. പുതുതായി പണികഴിപ്പിച്ച വീടിന്റെ ടെറസിലാണ് നായ്ക്കൾ. മേല്‍ക്കൂരയ്ക്കു താഴെ ഒരു വശത്ത് കട്ട കെട്ടി നായ്ക്കൾക്കായി കൂടുകള്‍. 4 അടി നീളവും 3 അടി വീതിയുമുള്ള ഓരോ കള്ളിയുടെയും ഭിത്തിയിൽ ദ്വാരങ്ങളുള്ളതിനാലും മുകളിൽ ഒരിഞ്ചിന്റെ കമ്പിവല ഉറപ്പിച്ചിരിക്കുന്നതിനാലും വായുസഞ്ചാരം സുഗമമാകും. അതുപോലെ ഓരോ കൂട്ടിൽനിന്നു മൂത്രവും വെള്ളവും മറ്റ് അവശിഷ്ടങ്ങളും പ്രത്യേകം പൈപ്പ് വഴി സെപ്റ്റിക് ടാങ്കില്‍ എത്തിക്കുന്നു. 

pomeranian-akhil-2
സ്പിറ്റ് ഇനം നായ്ക്കൾക്കൊപ്പം

നായ്ക്കളുടെ അനാവശ്യമായ കുര പലപ്പോഴും  തലവേദനയാകാറുണ്ട്. ഇവിടെ കൂടിന്റെ മുൻഭാഗം കറുത്ത പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൂടി കുര  നിയന്ത്രിക്കുന്നു. മുന്നിലെ കാഴ്ച മറയുന്നതിനാൽ നായ്ക്കൾ ശാന്തരായിരിക്കുമെന്ന് അഖിൽ. കൂടിന് മുകൾഭാഗത്ത് കമ്പിവല ഉറപ്പിച്ചിരിക്കുന്നതിനാൽ നായ്ക്കൾക്ക് ബുദ്ധിമുട്ടുമില്ല.

Read also: ഒന്നിനു പിന്നാലെ ഒന്നായി 6 ബുള്ളികൾ; ഒന്നേകാൽ ലക്ഷം വിലയുള്ളതുമുണ്ട്; ഇത് കോഴിക്കോട്ടെ ബുള്ളിക്കുട്ടന്മാരുടെ വീട്

pomeranian-akhil-1

നായ്ക്കുഞ്ഞുങ്ങളുടെ വിൽപനയും സ്റ്റഡ് സർവീസുമുള്ളതിനാൽ മികച്ച നായ്ക്കളുടെ ശേഖരമാണ് അഖിലിനുള്ളത്. ഈയിടെ ഡൽഹിയിൽനിന്ന് മുന്തിയ വില നൽകി എത്തിച്ച 2 പോമറേനിയൻ നായ്ക്കളാണ് ഇപ്പോഴത്തെ താരങ്ങൾ. ഒപ്പം സ്റ്റഡ് സർവീസിനുള്ള ഡാഷ്ഹണ്ടുമുണ്ട്. 2–3 കിലോ മാത്രം ഭാരമുള്ള പോമറേനിയൻ നായ്ക്കൾക്ക് ഒരു പ്രസവത്തിൽ 2–3 കുഞ്ഞുങ്ങളാണുണ്ടാവുക. വലുപ്പം കുറവായതുകൊണ്ടുതന്നെ പലപ്പോഴും സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുക്കുക. അതിനാല്‍ തുടര്‍പരിചരണത്തിലും ശ്രദ്ധ വേണമെന്ന് അഖിൽ. അതേസമയം, സ്പിറ്റ്സ് ഇനത്തിൽ വിഷമപ്രസവം വിരളം. 4–8 കുഞ്ഞുങ്ങളുണ്ടാവും. 10 കുഞ്ഞുങ്ങള്‍വരെ ഒരു പ്രസവത്തിലുണ്ടായ അനുഭവമുണ്ടെന്ന് അഖിൽ. 

രണ്ടു നേരമാണ് ഭക്ഷണം. രാവിലെ ഡ്രൈ ഫുഡും വൈകുന്നേരം ചോറും ചിക്കനും. മക്കളെപ്പോലെ ഓമനിച്ചു വളർത്തുന്നതിനാൽ എല്ലും മിച്ചഭക്ഷണവും മുള്ളുപോലുള്ളവയും നൽകാറില്ലെന്നും അഖിൽ.

ഫോൺ: 7907318307

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com