ADVERTISEMENT

‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടിയതിന്റെ ആവേശത്തിലാണ് മിൽമയുടെ മലബാർ യൂണിയൻ. പ്രധാനമന്ത്രിയുടെ മാത്രമല്ല, സാധാരണക്കാരായ ക്ഷീരകർഷകരുടെയും അംഗീകാരം നേടിക്കഴിഞ്ഞു കന്നുകാലിക്കള്‍ക്കുള്ള മലബാർ മിൽമയുടെ ആയുര്‍വേദ ചികിത്സാപദ്ധതി. 

പശുക്കൾക്കു രോഗം വന്നാല്‍ ക്ഷീരകര്‍ഷകരുടെ നെഞ്ചിടിപ്പു കൂടും. ഉയർന്ന ഉൽപാദനമുള്ള സങ്കരയിനം പശുക്കൾക്കു നമ്മുടെ കാലാവസ്ഥയിൽ പൊതുവേ രോഗസാധ്യത കൂടുതലാണല്ലോ. അകിടുവീക്കം പോലുള്ള അസുഖങ്ങൾ വന്നാൽ ഉൽപാദനത്തിലും അതുവഴി വരുമാനത്തിലും കർഷകർക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. 

അകിടുവീക്കത്തിനുള്ള ആന്റിബയോട്ടിക് ചികിത്സ ചെലവേറിയതാണ്. രോഗം ഗുരുതരമെങ്കിൽ ചികിത്സാ ചെലവു കൂടും. ഡോക്ടറുടെ വരവുപോക്ക് ഉൾപ്പെടെ 3000 രൂപ മുതൽ 6000 രൂപ വരെ ചെലവുയരും. രോഗം പശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ രോഗം മാറിയാലും ഉൽപാദനശേഷി കുറയാം. എന്നാല്‍, രോഗം നേരത്തേ തിരിച്ചറിഞ്ഞ് ഫലപ്രദമായ ആയുർവേദ മരുന്നു നൽകിയാൽ ചെലവ് 200–300 രൂപയിലൊതുക്കാമെന്ന് മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ.സി.ജയിംസ് പറയുന്നു. ഒപ്പം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള പോഷകമരുന്നുകൾ നൽകി ഉൽപാദനം പൂർവസ്ഥിതിയിലെത്തിക്കുകയും ചെയ്യാം. ഈ ‌പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും കാണിച്ച ശുഷ്കാന്തിക്കാണ് മൻ കി ബാത്തിൽ പ്രശംസ ലഭിച്ചത്. അകിടുവീക്കത്തിനുൾപ്പെടെ 8 ഔഷധങ്ങളാണ് മലബാർ മിൽമ പ്രചരിപ്പിക്കുന്നത്. മലബാറിൽ മാത്രമല്ല, ആമസോൺ വഴി എവിടെയും ഈ മരുന്നുകൾ ഇപ്പോൾ ലഭിക്കും.

cow-ayurveda-3

നേട്ടം പല വഴി

കന്നുകാലിചികിത്സയിൽ പാരമ്പര്യവൈദ്യം തിരഞ്ഞെടുക്കാൻ പല കാരണങ്ങളുണ്ടെന്ന് കെ.സി.ജയിംസ്. മനുഷ്യശരീരത്തിൽ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി (antimicrobial resistance - AMR) രൂപപ്പെടുന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രരംഗത്ത് വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. ശരീരത്തിൽ ആന്റിബയോട്ടിക്കുകൾ ഫലിക്കാതെ വരുന്ന സ്ഥിതിവിശേഷമാണ് എഎംആർ. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ചികിത്സയിലൂടെയല്ലാതെ ഇതര വഴികളിലൂടെ ഇവ നമ്മുടെ ശരീരത്തിലെത്തുന്നതുമാണു കാരണം. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ സ്വയം ചികിത്സ നടത്തുന്നതും ഡോക്ടർമാർ തന്നെ തത്വദീക്ഷയില്ലാതെ ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതും അമിതോപയോഗത്തിലെത്തിക്കും. 

‘‘പാൽ, മുട്ട, ഇറച്ചി തുടങ്ങി നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മളറിയാതെയും ആന്റിബയോട്ടിക്കുകൾ ശരീരത്തിലെത്താം. അകിടുവീക്കത്തിനെതിരെ ആന്റിബയോട്ടിക് കുത്തിവയ്‌പ്പെടുത്ത പശുവിന്റെ പാൽ നിശ്ചിത ദിവസത്തേക്ക് ഉപയോഗിക്കാൻ പാടില്ലെന്നു ഡോക്ടർമാർ നിഷ്കർഷിക്കുന്നതിനു കാരണമിതാണ്. വരുമാനനഷ്ടം പേടിച്ച് അറിഞ്ഞോ അറിയാതെയോ ഈ നിർദേശം ലംഘിച്ചു പാൽ വിൽക്കുന്നവരുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ്, പശുക്കൾക്കും മനുഷ്യർക്കും ദോഷമുണ്ടാക്കാത്തതും ചെലവു കുറഞ്ഞതുമായ ആയുർവേദ മരുന്നുകൾ നിർമിച്ച് വിതരണം ചെയ്യാൻ മലബാർ മിൽമ തീരുമാനിച്ചത്. കേരള ആയുർവേദിക് സഹകരണ സംഘവുമായി സഹകരിച്ചാണ് മരുന്നു നിർമാണം.’’

നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് (എൻഡിഡിബി) വളരെ മുൻപേതന്നെ കന്നുകാലിചികിത്സയിൽ പാരമ്പര്യവൈദ്യത്തിന്റെ സാധ്യതകൾ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സയ്ക്കും ആരോഗ്യരക്ഷയ്ക്കുമായി എൻഡിഡിബി വിവിധ മരുന്നുകൂട്ടുകൾ പുറത്തിറക്കിയിട്ടുമുണ്ട്. ഈ കൂട്ടുകളാണ് മലബാർ മിൽമയും പ്രയോജനപ്പെടുത്തുന്നത്. ഉള്ളിൽ കഴിക്കാനുള്ള മരുന്നുകളെല്ലാം ശർക്കര ചേർത്തുണ്ടാക്കുന്നതിനാൽ പശുക്കൾ താൽപര്യത്തോടെ കഴിക്കുകയും ചെയ്യും. 

cow-ayurveda-1

മാസ്റ്റി ക്യുവർ

പാൽപരിശോധനയിലൂടെ അകിടുവീക്കം തുടക്കത്തിൽത്തന്നെ അറിയാനുള്ള ടെസ്റ്റിങ് കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. നേരത്തേ തിരിച്ചറിഞ്ഞാൽ എളുപ്പം പരിഹരിക്കാവുന്ന രോഗമാണിത്. വഷളായാൽ ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടതായും വരും. രോഗത്തിന്റെ തുടക്കത്തിൽത്തന്നെ പ്രയോഗിക്കാൻ കഴിഞ്ഞാൽ മികച്ച ഫലം നൽകുന്ന ആയുർവേദ മരുന്നുകൂട്ടാണ് മാസ്റ്റി ക്യുവർ. ദിവസം 6–8 തവണ അകിടിൽ മരുന്നു പുരട്ടേണ്ടി വരും. 3 ദിവസംകൊണ്ടു തന്നെ രോഗശമനം പ്രതീക്ഷിക്കാം. 

റുമാട്ടോർ

പശുക്കളിലെ ദഹനക്കേട്, അസിഡിറ്റി, വയറുപെരുപ്പം എന്നിവയ്ക്കുള്ള ഔഷധക്കൂട്ടാണ് റുമാട്ടോർ. തീറ്റയെടുക്കാനുള്ള മടി, ഉൽപാദനത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവയൊക്കെ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം. ഇവയ്ക്കൊക്കെ റുമാട്ടോർ ഫലപ്രദം.

cow-ayurveda-2

മിൽക്ക്‌ലെറ്റ്

അകിടുവീക്കമുൾപ്പെടെ വിവിധ അസുഖങ്ങൾ മൂലം ആരോഗ്യത്തിലും ഉൽപാദനത്തിലും ക്ഷീണം നേരിട്ട ഉരുക്കൾക്ക് ഉന്മേഷവും ഉൽപാദനക്ഷമതയും വീണ്ടെടുക്കാൻ ഉപകരിക്കുന്ന ഔഷധം.

ക്രാക്ക് ഹീൽ

കറവമാടുകളുടെ മുലക്കാമ്പിലെ വിണ്ടുകീറൽ, വസൂരി, അരിമ്പാറ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മരുന്ന്.

പൈറക്സ് കെയർ

കറവമാടുകൾക്ക് പനി പിടിക്കുന്നത് അപൂർവമല്ല. ഉയർന്നു നിൽക്കുന്ന രോമങ്ങൾ, ഉന്മേഷക്കുറവ്, തീറ്റയെടുക്കാന്‍ മടി, മൂക്കിന്റെ അഗ്രഭാഗം വരണ്ടുണങ്ങല്‍  എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാവാം. പരിഹാരമായി പൈറക്സ് കെയർ പ്രയോജനപ്പെടും

ഡയാർ എന്റ്, ഹീൽ ഓൾ, ഫ്ലൈ റിപ്പൽ

കറവമാടുകളിലെ വയറിളക്കം ഭേദമാകാനുള്ള മരുന്നാണ് ഡയാർ എന്റ്. മുറിവുകൾ ഉണങ്ങാൻ ഹീൽ ഓൾ പ്രയോജനപ്പെടും. കന്നുകാലികളുടെ ദേഹത്തു വന്നിരിക്കുന്ന ഈച്ച, ചെള്ള് എന്നിവയെ അകറ്റാൻ ഫ്ലൈ റിപ്പൽ ഉപയോഗിക്കാം. 

ഫോൺ: 9048332396

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com