ADVERTISEMENT

നേരം നന്നേ ഇരുട്ടിയിരിക്കുന്നു. കയ്യിൽ വാച്ചില്ലാത്തതു കൊണ്ട് സമയം അറിയാനും വഴിയില്ല. എത്രനേരമായി നടക്കാൻ തുടങ്ങിയിട്ട്. തീർച്ചയില്ല. എന്നാലും അരമണിക്കൂറിൽ കുറയില്ല.

തവളകളുടെ കാതടപ്പിക്കുന്ന കരച്ചിലിനൊപ്പം ചീവിടുകളും മത്സരിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്. 

ഇത്രയേറെ ശബ്ദമുണ്ടാക്കുന്ന ഇവയ്ക്കൊക്കെ പകൽ എങ്ങനെ മിണ്ടാതിരിക്കാൻ കഴിയുന്നു? മുൻപേ നടക്കുന്ന മനുഷ്യൻ തെളിയിക്കുന്ന കത്തിച്ച ചൂട്ടുകറ്റയുടെ മിന്നി മറയുന്ന വെളിച്ചത്തിൽ, നടവരമ്പിന് സമീപത്തുള്ള സ്വർണവർണനെൽക്കതിരുകൾ കാണാം. 

മുൻപിൽ നടക്കുന്ന മനുഷ്യൻ മുഷിഞ്ഞ കൈലി മടക്കിക്കുത്തിയിട്ടുണ്ട്. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ അയാളുടെ തടിച്ചുരുണ്ട കാലുകളിലെ പേശികളും, ഷർട്ട് ധരിക്കാത്തതിനാൽ രോമാവൃതമായ കറുത്ത മുതുകും പുറവും കാണാം. 

മട മുറി‍ഞ്ഞ നടവരമ്പ് ചാടിക്കടക്കാന്‍ നേരം ‘സൂക്ഷിക്കണം’ എന്ന് പറഞ്ഞതല്ലാതെ ഈ മനുഷ്യൻ ഇതുവരെ ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടയ്ക്ക് അഴിഞ്ഞ് പോകുന്ന ‘ഡബിൾ വേഷ്ടി’ പോളിയസ്റ്റര്‍ മുണ്ട് അഴിച്ച് മുറുക്കി തട്ടുടുത്ത് ഞാനും നല്ല വേഗതയിൽ അയാളോടൊപ്പം നടക്കുന്നുണ്ട്. 

ഈ വഴിയെല്ലാം എനിക്ക് പരിചിതമല്ല. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം, തൃശൂരിൽ വെറ്ററിനറി പഠനം. 5 വർഷത്തെ പഠനത്തിനു ശേഷം വീട്ടിൽ വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഗ്രാമീണ റോഡിലൂടെ നിശ്ചിത സമയത്ത് സർവീസ് നടത്തുന്ന ചുരുക്കം ബസുകളും, സന്ധ്യയ്ക്കു മുന്നേ സന്ധ്യ മയങ്ങുന്ന നാട്ടിൻപുറവും, വളരെ ചുരുക്കം ചിലർക്ക് മാത്രമുള്ള വൈദ്യുതി വെളിച്ചവും പിന്നെ വലുതായിട്ടൊന്നും അവകാശപ്പെടാനില്ലാത്തതുമായ ഗ്രാമമായിരുന്നു എൺപതുകളുടെ അവസാനത്തിലെ കൊല്ലം ജില്ലയിലെ തടിക്കാട് ഗ്രാമം. 

പഠനത്തിനായി പട്ടണത്തിലായിരുന്നതിനാൽ വീടിന്റെ പിന്നിലെ പറമ്പും അത് കഴിഞ്ഞുള്ള മലയും, പിന്നീടുള്ള വിശാലമായ നെൽപാടങ്ങളും കടന്നുള്ള യാത്ര വിരളമായിരുന്നു. 

കൈത്തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിന്റെ ശബ്ദവും കതിർ വന്ന് പഴുത്തു നിൽക്കുന്ന പാടത്ത് കാറ്റുതീർക്കുന്ന മർമരവും എന്നിൽ വല്ലാത്തൊരു ഭീതി ജനിപ്പിക്കുന്നുണ്ട്. മുൻപിൽ നടക്കുന്ന മനുഷ്യന്റെ നിശബ്ദത എന്നെ അലോസരപ്പെടുത്തി തുടങ്ങിയിരിക്കുന്നു. 

കോട്ടയം പുഷ്പനാഥിന്റെ മനോരമയിലെ നോവലുകൾ വായിച്ച ഓർമകൾ.....

യക്ഷിയും രക്ഷസും പ്രേതവും ആത്മാക്കളുമൊക്കെ പല രൂപത്തിൽ വന്ന് മനുഷ്യനെ കൊന്ന് രക്തം കുടിക്കുമെന്ന് വായിച്ച ഓർമ. 

മുൻപിൽ നടക്കുന്നത് മനുഷ്യനല്ലേ? ഇനി പശുവിന് സുഖമില്ലെന്ന് വെറുതെ പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടു പോകുന്നതാകുമോ?

കുറച്ച് ധൈര്യമൊക്കെ സംഭരിച്ച് ഞാൻ അയാളോട് ചോദിച്ചു ‘പശുവിന് എന്തു പറ്റിയതാ?’

‘മാടനടിച്ചതാ സാറെ’ അയാളുടെ മറുപടി കട്ടപ്പോഴേക്കും ഞാൻ വിയർത്തു തുടങ്ങി ‘മാടനോ?’

‘ങാ... ഇവിടെ ഒരു കാവുണ്ട് അതുവഴി മാടന്റെ വരുത്തു പോക്കുണ്ട്. പോകുന്ന വഴിയിലെങ്ങാനും മനുഷ്യനെയോ മൃഗങ്ങളെയോ കണ്ടാൽ മാടൻ അടിച്ചിട്ടും.’ 

എന്റെ സർവധൈര്യവും തീർന്നു. നന്നായി വിറയ്ക്കുന്നുണ്ട്. തൊണ്ട വരളുന്നുണ്ട്. സംസാരിക്കണമെന്നുണ്ട്. പറ്റുന്നില്ല. പ്രേതങ്ങൾ നിലത്തു കൂടെ നടക്കില്ലെന്ന് കേട്ടിട്ടുണ്ട്. അയാളുടെ പാദങ്ങൾ ശരിക്കു കാണാൻ കഴിയുന്നില്ല. ഒരു മാതിരി ഞാൻ പറഞ്ഞൊപ്പിച്ചു. ‘ചൂട്ട് കറ്റ ഒന്നു തന്നേ’ കേട്ടതും അയാൾ തിരിഞ്ഞ് നിന്നു എന്തുപറ്റി? ഇപ്പോൾ മുഖം വ്യക്തമായി കാണാം. വീട്ടിൽ വന്നപ്പോൾ കണ്ട മുഖം തന്നെ മാറ്റമില്ല. ചൂട്ടു കറ്റ വാങ്ങി ഞാൻ നിലത്തോട് ചേർത്തു പിടിച്ച്. കാൽപാദങ്ങൾ നിലത്ത് മുട്ടുന്നുണ്ട്. എന്റെ പരിഭ്രമം കണ്ടിട്ടോ എന്തോ അയാള്‍ ദൂരേക്ക് ഒരു വെളിച്ചത്തിന് നേരെ വിരൽ ചൂണ്ടി. 

എന്നിട്ട് നീട്ടി ഒരു പേര് വിളിച്ചു. അകലെ നിന്ന് എതിർ ശബ്ദത്തോടൊപ്പം ഒരു വെളിച്ചം താഴേക്ക് ഞങ്ങളെ ലക്ഷ്യമാക്കി വരുന്നുണ്ട്. അതിന്റെ പിറകിൽ ഒരു സ്ത്രീയും. അത് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് അയാൾ പറഞ്ഞു. എന്റെ ശ്വാസഗതി നേരെയായി. ഇളം കാറ്റ് അടിച്ചപ്പോൾ വിയർപ്പ് കണങ്ങളിൽ നിന്നും സുഖമുള്ള തണുപ്പേറ്റു തുടങ്ങി. 

അഴിഞ്ഞ് തുടങ്ങിയ മുണ്ട് ഒന്ന് കുടഞ്ഞ് ഉടുത്ത് വേഗം കൂടെ നടന്നു. 

ഒരു കുന്നിന്റെ ചരുവിലാണ് വീട്. മൺവെട്ടികൊണ്ട് വെട്ടി ഒരുക്കിയ പടവുകൾ കയറി വീട്ടു മുറ്റത്തെത്തിയപ്പോൾ ഒരു പശു വശം തിരിഞ്ഞ് കഴുത്ത് പിന്നിലേക്ക് മടക്കി, വയറു പെരുകി കിടപ്പുണ്ട്. അയൽക്കാരെല്ലാം കൂടിയിട്ടുണ്ട്. മണ്ണെണ്ണ വെളിച്ചത്തിൽ ആൾക്കാരുടെ മുഖം വ്യക്തമല്ല. 

ഒരു തടിക്കസേരയിൽ, അയാൾ തോളിൽ ചുമന്നു കൊണ്ടുവന്ന എന്റെ ബാഗ് വെച്ചു. മെഡിക്കൽ സ്റ്റോര്‍ ഒന്നും ഞങ്ങളുടെ ഗ്രാമത്തിലില്ല. 

അതിനാൽ തന്നെ അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ പഠനം കഴിഞ്ഞ് എത്തിയപ്പോഴേ വാങ്ങി. ചികിത്സയ്ക്ക് വേണ്ടുന്ന ഒരു ബാഗ് തയാറാക്കിയിരുന്നു.

ലക്ഷണം കണ്ടപ്പോഴേ മനസിലായി കാത്സ്യം കുറഞ്ഞതാണെന്ന്. ബാഗിലുള്ള കാത്സ്യം ‘ഡ്രിപ്പ്’ രൂപത്തിൽ നൽകി. 

ചുറ്റും കൂടി നിന്നവർ അപ്പോഴും പറയുന്നുണ്ട് ‘മാടന്റെ കഥ’.

കാത്സ്യം നൽകിക്കഴിഞ്ഞപ്പോഴേ ചാണകവും മൂത്രവും പോയി. പശു തല പൊക്കി. ശക്തിയായി വെള്ളം മുഖത്തടിച്ചപ്പോൾ പശു ചാടി എണീറ്റു. മന്ത്രവാദിയെ കാണുന്ന ഭാവത്തോടെ ചുറ്റും കൂടി നിന്നവർ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ കാരണം പറഞ്ഞു കൊടുത്തു. തുടർന്ന് കപ്പ പുഴുങ്ങിയതും കട്ടനും അവരോടൊപ്പം കഴിക്കുമ്പോൾ പുതിയ സ്നേഹബന്ധത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു. 

പിറ്റേന്ന് രാവിലെ ചിരിച്ച മുഖത്തോടെ ഒരു കുട്ടിച്ചാക്ക് കാർഷിക വിഭവങ്ങളുമായി വീട്ടുമുറ്റത്ത് നിന്ന ദിവാകരൻ അണ്ണനെ പൊലീസ് ദിവാകരനെന്നാണ് ‘മതുരപ്പ’യിലെ ഗ്രാമീണർ വിളിക്കുന്നതെന്ന് പിന്നീടറിഞ്ഞു. പൊലീസിലല്ല എങ്കിലും, പൊലീസ് ദിവാകരനെന്നറിയപ്പെടുന്ന ദിവാകരണ്ണൻ തന്ന ഒരു കുട്ടിച്ചാക്ക് കാർഷികവിഭവങ്ങളാണ് എന്റെ ആദ്യത്തെ ഫീസ്. 

‘മാടനടിച്ച പശു’ എന്റെ ആദ്യത്തെ ചികിത്സ. 

പൊലീസ് ദിവാകരണ്ണനുമായി എന്റെ 24–ാമത്തെ വയസിൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com