ADVERTISEMENT

തൃശൂർ താണിക്കുടം പയ്യപ്പാട്ട് വീട്ടിൽ രാധാകൃഷ്ണൻ 30 വർഷമായി ആടു വളർത്തി അധികവരുമാനം കണ്ടെത്തുന്നു. മലബാറി, ബീറ്റൽ, സിരോഹി, ജമ്നാപ്യാരി, ഹൈദരാബാദി, ബെംഗളൂരു ലോങ് ഇയർ ഗോട്ട് എന്നിങ്ങനെ മിക്ക ഇനങ്ങളിൽപെട്ട ആടുകളും രാധാകൃഷ്ണന്റെ ഫാമിലുണ്ട്. തൃശൂർ ഗവ. ട്രെയിനിങ് കോളജ് സീനിയർ ലൈബ്രറി അസിസ്റ്റന്റായിരുന്ന രാധാകൃഷ്ണൻ കഴിഞ്ഞമാസം വിരമിച്ചു. 

പുതിയൊരു ഫാം നിർമിച്ച് 20 അടുകളെക്കൂടി വളർത്തി റിട്ടയർമെന്റ് ജീവിതം കൂടുതൽ തിരക്കുള്ളതാക്കുകയാണ് അദ്ദേഹം. 30 വർഷംകൊണ്ട് രാധാകൃഷ്ണൻ ഈ മേഖലയിൽ നിന്നു പഠിച്ചെടുത്ത കാര്യങ്ങൾ അറിയാം.

രാധാകൃഷ്ണന്റെ 5 ടിപ്സ്

1. ആദ്യം ചെയ്യേണ്ടതു വിപണി ഉണ്ടോയെന്നു പരിശോധിക്കലാണ്. ഇറച്ചി വിൽപനയാണു  ലക്ഷ്യമെങ്കിൽ നല്ല വില ലഭിക്കുന്ന വിപണി ഉറപ്പാക്കണം. പാൽ വിൽപനയാണു ലക്ഷ്യമെങ്കിൽ അതിനു പറ്റിയ വിപണി കണ്ടെത്തണം. ഒരു ലീറ്റർ പാലിന് 150 രൂപയാണു വില. ശുദ്ധമായ ആട്ടിൻപാൽ എവിടെ ലഭിക്കുമെന്ന കാര്യം ആവശ്യക്കാരെ അറിയിക്കാൻ സംവിധാനം വേണം.

2. സമൃദ്ധമായ തീറ്റ ഉറപ്പാക്കണം. കടയിൽ നിന്നു വാങ്ങുന്ന തീറ്റ കൊടുത്തു വളർത്താനാണ് പരിപാടിയെങ്കിൽ ആടുവളർത്തൽ വൻ നഷ്ടമാകും. ഫാമിനോടു ചേർന്നുതന്നെ പച്ചിലയുടെ ലഭ്യത ഉറപ്പാക്കണം. പച്ചപ്പുല്ല് വളർത്താൻ പ്രത്യേക സ്ഥലം തന്നെ വേണം. ശുദ്ധജലം ഉറപ്പാക്കണം.
ഒരു ആട് ഒരു ദിവസം മൂന്നു ലീറ്റർ വെള്ളം വരെ കുടിക്കും. വെള്ളം ശുദ്ധമായിരിക്കണമെന്ന് ആവർത്തിച്ചു പറയുന്നു. ഇല്ലെങ്കിൽ പലതരം അസുഖങ്ങൾ വരും. 

ജംനാപാരിക്കൊപ്പം രാധാകൃഷ്ണൻ
ജംനാപാരിക്കൊപ്പം രാധാകൃഷ്ണൻ

3. ആടുകളെ കൂട്ടിൽ കൂട്ടത്തോടെ വളർത്തരുത്. ഓരോന്നിനും ഓരോ അറ വേണം. അതും 16 ചതുരശ്ര അടിയെങ്കിലും വേണം. മുട്ടനാടിന് 25 ചതുരശ്ര അടിയെങ്കിലും വേണം. എല്ലാ ആടുകളെയും നിത്യേന നിരീക്ഷിച്ചാലേ വളർച്ച, അസുഖം എന്നിവ അറിയാൻ സാധിക്കൂ. തീറ്റയും ഉറപ്പാക്കാൻ കഴിയൂ. കൂട്ടത്തോടെയാണെങ്കിൽ ചിലതിന് അധിക ഭക്ഷണം ലഭിക്കും. ഭക്ഷണം അധികം ലഭിക്കുന്നതിനു ദഹനക്കേടു വരാം. തീരെ ലഭിക്കാത്തതു വളർച്ച കുറയുകയും ചെയ്യും. മരം കൊണ്ടുള്ള കൂടാണു നല്ലത്. 
രാധാകൃഷ്ണൻ കൂടു നിർമിച്ചിരിക്കുന്നതു ഞാവൽ മരം കൊണ്ടാണ്. തറയിൽ നിന്നു മൂന്ന് അടിയെങ്കിലും ഉയരത്തിൽ വേണം കൂടു നിർമിക്കാൻ. മണ്ണിൽ നിന്ന് ഈർപ്പം വരാതിരിക്കാനും ആടുകളെ കൃത്യമായി നിരീക്ഷിക്കാനും ഈ ഉയരം വേണം. കൂട്ടിനടിയിൽനിന്നു കാഷ്ഠവും മൂത്രവും ശേഖരിക്കാനും ഈ ഉയരം നല്ലതാണ്. 

4. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചു കൃത്യമായ ധാരണ വേണം. ആടുകൾക്കുണ്ടാകുന്ന പ്രധാന അസുഖങ്ങൾ വിരശല്യം, അകിടുവീക്കം എന്നിവയാണ്.
ആടുകളുടെ പ്രസവത്തെക്കുറിച്ചും അറിയണം. ഉദാഹരണത്തിന് ബീറ്റൽ ഇനത്തിൽപ്പെട്ടതു നിന്നുകൊണ്ടാണു പ്രസവിക്കുക. ഇങ്ങനെ പ്രസവിക്കുമ്പോൾ കുഞ്ഞു താഴെവീണു മരണം വരെ സംഭവിക്കാം. 

5.ആടുവളർത്താൻ ആഗ്രഹിക്കുന്നവർ ആദ്യം മലബാറിയിൽ തുടങ്ങണം. നന്നായി പരിപാലിച്ചാൽ നല്ല വരുമാനം ഉറപ്പിക്കാൻ പറ്റുന്നതാണു മലബാറി ഇനം. അസുഖങ്ങൾ കുറവാണ്. 7 മാസമാകുമ്പോഴേക്കും മുട്ടനാടിന് 20 കിലോഗ്രാം തൂക്കം വരും. പ്രസവിച്ചു മൂന്നുമാസം കഴിയുമ്പോഴേക്കും തള്ളയാടു വീണ്ടും മദി കാണിക്കും. ഒരു വർഷം രണ്ടു പ്രസവത്തിൽ നാലു കുഞ്ഞുങ്ങളെയെങ്കിലും ലഭിക്കും. 
ബീറ്റൽ, സിരോഹി, ജമ്നാപ്യാരി എന്നീ വിലകൂടിയ ഇനങ്ങളെ വാങ്ങി ഫാം തുടങ്ങി നഷ്ടത്തിലായ ഒട്ടേറെ കർഷകരെ അറിയുന്നതു കൊണ്ടാണ് ആദ്യം മലബാറിയിൽ തുടങ്ങാൻ രാധാകൃഷ്ണൻ നിർദേശിക്കുന്നത്. 

സിരോഹി, ജമ്നാപ്യാരി

രാജസ്ഥാൻ സിരോഹിയെ ഇറച്ചി ആവശ്യത്തിനാണു വളർത്തുന്നത്.  ഇവയ്ക്കു രോഗപ്രതിരോധശേഷി കൂടുതലാണ്. രണ്ടു വർഷം പ്രായമായ മുട്ടനാടിന് 80 മുതൽ 100 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ‘പ്രൈഡ് ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ജമ്നാപ്യാരി ഉത്തർപ്രദേശിൽ നിന്നാണ്. പ്രത്യുൽപാദനം കുറവുള്ള ഇനമാണ് ജമ്നാപ്യാരി. 15 മാസം കഴിയുമ്പോഴാണ് ഇതു പ്രസവിക്കുക. ഈ സമയത്തെല്ലാം പാൽ ലഭിക്കും. നിത്യേന മൂന്നു ലീറ്റർ വരെ. ജമ്നാപ്യാരിയെ പെറ്റ് ഇനത്തിലാണ് ആളുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ശുദ്ധ വെള്ള നിറമുള്ളതിനു വൻ ഡിമാൻഡാണെന്നു രാധാകൃഷ്ണൻ പറയുന്നു. 

ബീറ്റൽ

രാധാകൃഷ്ണനും മലബാറിയിൽ ആണ് തുടങ്ങിയതെങ്കിലും ചുവടുറപ്പിച്ചതോടെ കിട്ടാവുന്നത്ര ഇനങ്ങൾ വാങ്ങി. ഇപ്പോൾ അധികമുള്ളത് പഞ്ചാബി ബീറ്റൽ ആണ്. ഇറച്ചിക്കും പാലിലും ഒരുപോലെ യോജിച്ച ഇനമാണ് പഞ്ചാബി ബീറ്റൽ. മുട്ടനാട് രണ്ടുവർഷം കൊണ്ട് 100 കിലോഗ്രാം തൂക്കം വരെയെത്താം. 50 ബീറ്റലുള്ള രാധാകൃഷ്ണന് 15 ലീറ്റർ പാൽ നിത്യേന വിൽക്കാൻ ലഭിക്കും. വർഷത്തിൽ 15 കുട്ടികളെയെങ്കിലും വിൽക്കാനും സാധിക്കും. മൂന്നുമാസം പ്രായമായ കുഞ്ഞിന് 15000 രൂപ വരെ ലഭിക്കും. ‌‌രണ്ടുവർഷം പ്രായമായതിന് 45,000 രൂപ എന്ന മോഹവിലയും.

ഫോൺ: 7907531071

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com