ADVERTISEMENT

ഫ്രാൻസിസ് നൊറോണയുടെ എഴുത്തു ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരുതാം. കാരണം എഴുത്തിന്റെ പാരമ്പര്യ രൂപത്തെ സ്വായത്തമാക്കിയതിനൊപ്പം വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചില പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരേ കുറ്റിയിൽ കെട്ടിയ പശുവല്ല എഴുത്തുകാരൻ. ഒരു വൃത്തത്തിൽ ചുറ്റിത്തിരിയരുതെന്ന നിർബന്ധം തീർച്ചയായും എഴുത്തുകാരനുണ്ട്. ഇതിലെ ചില കഥകളിൽ മൃഗങ്ങളും കഥാപാത്രങ്ങളാണ്. അതും മനുഷ്യനോ മൃഗമോ എന്ന് സന്ദേഹമുണ്ടാക്കുന്ന തരത്തിൽ. ഇവിടങ്ങളിൽ കഥ രസകരമായി പിടിവിട്ട് പറക്കുന്നത് കാണാം. എഴുത്തിന്റെ ഭ്രാന്ത് ഒരാളെ പിടികൂടുന്നത് മാറിയിരുന്ന് നമുക്ക് കാണാം.