മരിക്കാനാവാത്തതിനാൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ ഒരേയൊരു ഒസ്യത്ത്
Mail This Article
കവിതകൾ അയാൾക്കു കൈമാറുമ്പോൾ
അവളേറെ പരിഭ്രാന്തയായിരുന്നു.
സ്വയം നഗ്നയാക്കപ്പെട്ടെന്നവണ്ണം
ഉരുകിയൊലിക്കുന്നതുപോലെ.
കവിത ഒസ്യത്താണ്. ഒരേയൊരു മൂലധനം. അവശേഷിപ്പിക്കുന്ന, അവശേഷിക്കുന്ന ഒരേയൊരു സ്വത്ത്. അതല്ലാതെന്താണ് കൈമാറുള്ളത്. എന്നാൽ, അതിനുശേഷം അവളോ(നോ)? ആത്മാവിന്റെ മഴവിൽ നിറങ്ങൾ, തെളിനീരരുവികൾ, ഉൾക്കാടിന്റെ പച്ചപ്പുകൾ, മുനകൂർത്ത മുൾച്ചെടികൾ, മയിൽപ്പീലി രഹസ്യങ്ങൾ, ആസക്തിയുടെ ചുഴിമലരികൾ, കോപതാപങ്ങളും അഹന്തയുമസൂയയും അടക്കം ചെയ്ത അഗ്നിപർവതങ്ങൾ, രഹസ്യയാത്രകൾ, ഒളിയിടങ്ങൾ, അവളിലേക്ക് തുറന്നെത്താനുള്ള താക്കോൽക്കൂട്ടങ്ങളുടെ സൂക്ഷിപ്പിടങ്ങൾ... എല്ലാമെല്ലാം അവയിലുണ്ട്. ആ കവിതകളിൽ. ആത്മാവിന്റെ ഭാഗം. ജീവിച്ചിരുന്നു എന്നതിനുള്ള ഒരേയൊരു തെളിവ്.
ആത്മാവിനോട് ചേർന്നുനിൽക്കുന്ന വരികളിലൂടെയാണ് ക്ഷേമ കെ. തോമസ് കവിതയിൽ ശ്രദ്ധിക്കപ്പെടുന്നത്. കോങ്കണ്ണി എന്ന കാവ്യ സമാഹാരവും.
കവിത സ്വകാര്യമാണ്. അങ്ങേയറ്റം സ്വകാര്യമാകുമ്പോഴാണ് കവിത ഓർമിക്കപ്പെടുന്നത്. അപ്പോൾ മാത്രമാണ് അത് സ്വന്തം വരികളാണെന്ന്, എഴുതാൻ കൊതിച്ചവയാണെന്ന് തിരിച്ചറിയുന്നത്. ആ തിരിച്ചറിവ് പകരുന്നുണ്ട് ക്ഷേമയുടെ പല കവിതകളും.
കാഴ്ചയുടെ വേരുകൾ അറുത്ത്,
കേൾവിയുടെ ശിഖരങ്ങൾ വെട്ടി,
ശബ്ദത്തിന്റെ ഇലകൾ മുറിച്ച് ,
നഗ്നമാക്കപ്പെട്ട ഓർമ്മമരത്തിലേക്ക്
മറവിയുടെ പക്ഷികൾ
കൂട്ടത്തോടെ ചേക്കേറുമ്പോൾ
എനിക്കറിയില്ലായിരുന്നു
അവയിനി തിരിച്ചുപോകില്ലെന്ന്.
മറവിരോഗത്തെ വാക്കുകളിൽ അടയാളപ്പെടുത്താൻ ക്ഷേമയ്ക്ക് 8 വരികൾ മാത്രം മതി. ഓർമകൾ ഒഴിഞ്ഞുപോയതോടെ നഗ്നമാക്കപ്പെട്ട മനസ്സ്. കവിത ഒഴിയുമ്പോഴും അതുതന്നെയല്ലേ സംഭവിക്കുന്നത്. കവിതകളും ഓർമകളും...
ഓർമകളെ സ്നേഹിക്കുന്ന, കവിതകളെ സ്നേഹിക്കുന്ന അവരാണോ ഭൂപടത്തിൽനിന്ന് പുറത്താക്കപ്പെട്ടവർ. എവിടെയും അടയാളപ്പെടുത്താനാകാതെ പോയവർ. അവരെക്കുറിച്ചു പറയുമ്പോൾ, കവിതയാൽ തൊടാവുന്ന ഉയരങ്ങളെ സ്പർശിക്കുന്നുണ്ട് ഇടം എന്ന കവിത.
ഒഴുക്കുകളിൽ നിന്നും പിന്തള്ളപ്പെട്ടതിനാൽ നദിയെന്നോ,
ഉയരങ്ങളിലെത്താനാവാത്തതിനാൽ മലയെന്നോ,
അലകളില്ലാത്തതിനാൽ കടലെന്നോ,
അടയാളപ്പെടുത്താനാവാത്തവർ.
മരിക്കാനാവാത്തതിനാൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവരാണവർ. അവരുടെ ഏക ആശ്രയവും കവിത തന്നെ.
പകലിനെ തൊട്ടുതൊടാതെ വന്നെത്തി,
ഇരുളിനെ തൊട്ടുതൊടാതെ സന്ധ്യകൾ
മറഞ്ഞുപോവതുമശ്രദ്ധയാലാകാം.
നമുക്കിടയിലെ അശ്രദ്ധയെ നമ്മൾ
പ്രണയമെന്നല്ലേ വിളിച്ചതിത്രനാൾ.
തൊട്ടുതൊടാതെ വന്നെത്തുന്ന സന്ധ്യയെപ്പോലെ കവിതയും. എന്നലതു മറഞ്ഞുപോകുന്നുന്നില്ല. പ്രണയ ജലത്തെപ്പോലെ അതില്ലാതെ ജീവിക്കാനുമാകുന്നില്ല.
വിവാഹിത ഉൾപ്പെടെ ചില കവിതകള്‍ കേവലം പ്രസ്താവനകളാകുന്നുണ്ടെങ്കിലും, സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങൾ അവിടവിടെ കവിതയാകാതെ പോകുന്നുണ്ടെങ്കിലും ആരാച്ചാരിണിയിൽ കവിത എന്തുകൊണ്ട് ഒരേയൊരു ഒസ്യത്താകുന്നു എന്നതിന്റെ രഹസ്യം കവി വെളിപ്പെടുത്തുന്നുണ്ട്.
ആരാച്ചാർ ഒരു സ്ത്രീയായിരുന്നാൽ
ഓരോ ജീവനും മരണത്തിലേക്ക്
ചിതറിത്തെറിക്കുന്ന നിമിഷങ്ങളിൽ
അവളിൽ തിങ്ങിനിറയുക
ഭൂമിയിലേക്ക് പിറന്നുവീഴുന്ന
അവളുടെ കുഞ്ഞിന്റെ ആദ്യത്തെ നിലവിളിയായിരിക്കും.
ആരാച്ചാരാകുമ്പോഴും അവശേഷിക്കുന്ന മാതൃത്വം പോലെയാണ് കവിതയും. ഗദ്യത്തിൽ എത്രമാത്രം ഇടപഴകേണ്ടിവന്നാലും വീണ്ടും വീണ്ടും തിരിച്ചുവരുന്ന ഇടം. ഉറവയെത്തേടി തിരിച്ചൊഴുകുന്ന പുഴ. അകലങ്ങളിൽ എവിടെയോ ഉള്ള സ്വന്തം മൺതരിയെ തിരിച്ചറിയുന്ന പർവതത്തിന്റെ ഔന്നത്യം. ഓരോ അലയെയും തിരിച്ചെടുക്കുന്ന തിരിച്ചെടുക്കുന്ന കടലിന്റെ വാത്സല്യം.