ADVERTISEMENT

"കാലം കരുതിവച്ച കനിവിന്റെ ഒരു വിനാഴികത്തുമ്പിൽ മഴ പെയ്യുന്നൊരു അപരാഹ്നത്തിൽ, തന്റെ പ്രണയമൊഴി ഒളിപ്പിച്ചു വച്ച  'ഖസാക്കിന്റെ ഇതിഹാസം' അവൻ അവൾക്ക് കൊടുക്കുക തന്നെ ചെയ്തു. പാതയോരത്തെ അരളിമരങ്ങളിൽ നിന്ന് മഴ നനഞ്ഞ ചുവന്ന പൂവുകൾ അവൾക്ക് ചുറ്റും പൊഴിഞ്ഞുവീണു."

"ഇപ്പോൾ ലോക്ഡൗൺ കാലത്ത് എന്നെ തേടിയെത്തിയത് അവളുടെ മരണവാർത്തയാണ്. പ്രണയസൂചനകളായി അവളുടെ വിരൽത്തുമ്പിലൂടെ വഴുതി വീണതൊക്കെയും എന്റെ ഉള്ളിൽ കിടന്നുക്കത്തി..."

"മഴയിലൂടെ ഞാൻ നടന്നു. പള്ളിക്കാട്ടിലെ കരിമ്പച്ചകളിലും മുറിച്ചു കടന്ന പാതയിലും മഴ പെയ്തു... അവസാനപിടി മണ്ണും വാരിയിട്ട് മീസാൻ കല്ലുകൾ നാട്ടി ആ ചെറിയ ആൾക്കൂട്ടം പിരിഞ്ഞു പോയി."

"എന്നെ മോഹിപ്പിച്ച അവളുടെ അധരച്ചുവപ്പുകൾ ഇപ്പോൾ പുഴുവരിച്ചു തുടങ്ങിയിരിക്കും. പുറംചട്ട അടർന്ന് ഉൾത്താളുകൾ ചിതലരിച്ച ഈ ഇരുപതാം പതിപ്പ് പോലെ അവളുടെ ശരീരം മൺജീവികൾ ആഘോഷത്തോടെ തിന്നുകയായിരിക്കും."

മുഹമ്മദ്‌ അബ്ബാസ് എഴുതുകയാണ്; കഥയല്ല... ജീവിതം. 

191 താളുകളിലായി 39 കുറിപ്പുകൾ.

ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ വിശപ്പ് അറിയും. നിങ്ങൾ ഒരേസമയം പ്രണയിയും ഉന്മാദിയും ആവും. വേദനയുടെ നേർത്ത സംഗീതം നിങ്ങളുടെ ഉള്ളിലാകെ അലയടിക്കും. ഈ പുസ്തകത്തിലെ വരികളിൽ നിന്നും രക്ഷപെടാനാവാതെ നിങ്ങൾ ഉഴറും...

എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നുണ്ട്. എച്ചിൽമേശകൾ തുടച്ചും ലോട്ടറി വിറ്റും റോഡ് പണിയെടുത്തും ടാപ്പിങ് ചെയ്തും പെയിന്റ് പണിയെടുത്തും ജീവിച്ച ഒരാളുടെ ഹൃദയത്തിൽ പൊടിഞ്ഞ ചോരയുടെ അടയാളങ്ങൾ ആണ് ഇനി വായിക്കാൻ പോകുന്നത് എന്ന്.

"ബോർഡ്‌ വായിക്കാനറിയാതെ ബസ് മാറിക്കയറി വഴിയിൽ ഇറക്കി വിടപ്പെട്ട കുട്ടി വഴിതെറ്റി നിങ്ങളുടെ വായനാമുറിയിലേക്ക് വന്നതായി കരുതി അവനോട് ക്ഷമിക്കുക." അബ്ബാസ് കുറിയ്ക്കുന്നു.

പതിമൂന്ന് വയസുവരെ തമിഴ്നാട്ടിൽ ജീവിച്ച് എട്ടാം ക്ലാസ്സുവരെ മാത്രം സ്കൂളിൽ പഠിച്ച, മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച ഒരാൾ ജീവിച്ച ജീവിതം ആണ് ഈ പുസ്തകം. പുസ്തകം വായിച്ചു പോകുമ്പോൾ നമ്മൾ അറിയും ഇത് എഴുതിയ ആൾ  സാധാരണക്കാരനേ അല്ല, മറിച്ച് അസാധാരണമായ ജീവിതം അനുഭവിച്ച, ഒരു ഗംഭീരവായന ഉള്ള ആൾ, ഏറ്റവും ലളിതമായി തന്റെ ജീവിതം ആവിഷ്കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

ഇതിലെ ഓരോ വരിയും നിങ്ങളെ പൊള്ളിക്കും, ശ്വാസം മുട്ടിക്കും. നമ്മൾ കവിതയും കഥയും ഒക്കെ വായിക്കാറുണ്ട്. അവയിൽ കവി അല്ലെങ്കിൽ കഥാകൃത്ത്  ഭാവനയിൽ മെനഞ്ഞ ജീവിതാനുഭവങ്ങൾ ഉള്ളുലയ്ക്കുന്ന ഭാഷയിൽ എഴുതാറുമുണ്ട്. അത് വായിച്ചു നമ്മൾ  ഭാഷയുടെ ശക്തിയിൽ അത്ഭുതപ്പെട്ട് ഹൃദയത്തിൽ തൊടുന്ന ഉള്ളടക്കത്തിൽ നൊന്ത് അങ്ങനെ ഇരിക്കും.

ഇവിടെ മുഹമ്മദ്‌ അബ്ബാസ് പറയുന്നത് കഥയല്ല. ഈ പുസ്തകത്തിലെ ഓരോ വാക്കിലും ഓരോ വരിയിലും ചോര പൊടിഞ്ഞിട്ടുണ്ട്. ഹോട്ടലിൽ എച്ചിൽ വൃത്തിയാക്കുമ്പോൾ കണ്ണാടിച്ചുമരുകൾക്കപ്പുറത്തെ പാതയിലൂടെ പോകുന്ന സ്കൂൾ ബസും യൂണിഫോം ധരിച്ചു സ്കൂളിൽ പോകുന്ന കുട്ടികളെയും നോക്കി നിന്നതിനു കിട്ടിയ അടികളും ഇറച്ചിയുടെ തുണ്ട് സാരിയിൽ വീണതിന് ഒരു സ്ത്രീയുടെ അടിയേറ്റ് കവിള് പൊട്ടി ചോര ഒലി പ്പിച്ചു നിന്ന കുട്ടിയുടെ വേദനയും നമ്മളെയും വേദനിപ്പിക്കും.

ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് അടയാളമൊന്നും ബാക്കിയാക്കാതെ മരണപ്പെട്ടു പോകുന്ന മനുഷ്യരിൽ ചിലരെ അബ്ബാസ് തന്റെ വരികളിലൂടെ എന്നെന്നേക്കുമായി അടയാളപ്പെടുത്തി കഴിഞ്ഞു. പാട്ട വെടി എന്ന് വിളിപ്പേരുള്ള കുഞ്ഞുമുഹമ്മദ്, ധ്യാനത്തിലെന്ന പോലെ തോട്ടുവക്കിൽ മീൻ പിടിക്കാനിരിക്കുന്ന മുത്തപ്പായി, ചുട്ടു പൊള്ളുന്ന മണലിലൂടെ സിലിണ്ടറും ചുമന്നു നടന്നു പോകുന്ന ഇല്യാസ് മുസ്‌ലിയാർ... ഇവരെ ഒക്കെ മറക്കുന്നതെങ്ങനെ?

ചെള്ളിത്താത്തയും മേരിച്ചേച്ചിയും പളനി മുത്തുവും  ഇപ്പോഴും നമുക്കിടയിൽ  ജീവിക്കുമ്പോൾ  ഇവരെ കാണാതെ പോകുന്നതെങ്ങനെ?

ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മനുഷ്യനും ഓരോ പാഠങ്ങൾ ആണ്. ഒരാൾ എങ്ങനെ ആയിരിക്കണം എന്നത് പോലെ ഒരാൾ എങ്ങനെ ആയിരിക്കരുത് എന്ന് മനസിലാക്കാനും ഇതിലെ കുറിപ്പുകൾ മരിച്ചു കളയാം എന്ന് ഒരിക്കലെങ്കിലും വിചാരിച്ചിട്ടുള്ളവർ ഈ പുസ്തകം വായിക്കണം. ജീവിതം ഇത്രയേറെ പൊള്ളിച്ചിട്ടും ആത്മഹത്യ ചെയ്യാൻ ഒരുങ്ങി പുറപ്പെട്ടിടത്ത് നിന്നും അബ്ബാസ് ജീവിതത്തിലേക്ക് ജയിച്ചു കയറിയിരിക്കുന്നു. ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ച യാത്രയിൽ കയ്യിൽ കരുതിയ ടോൾസ്റ്റോയിയുടെ 'ഇവാൻ ഇലിയിച്ചിന്റെ മരണം' എന്ന ലഘുനോവൽ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതായി അബ്ബാസ് പറയുന്നു.

'ആരോ പറഞ്ഞു പഠിപ്പിച്ച പോലെ ഞാൻ ബാഗ് തുറന്ന് ഇവാൻ ഇലിയിച്ചിനെ കയ്യിലെടുത്തു. തീരെ ചെറിയ പുസ്തകം. മരണമില്ലാത്ത, മരിക്കാൻ ഒട്ടും ആഗ്രഹിക്കാത്ത എന്റെയുള്ളിലെ വായനക്കാരൻ ടോൾസ്റ്റോയിയുടെ വാക്കുകളെ വായിച്ചു. ഭൂമിയിലെ മറ്റെല്ലാം എന്റെ മുൻപിൽ ഇല്ലാതായി.'

ഈ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

'പ്രിയ സുഹൃത്തേ, പുസ്തകങ്ങളെ നിങ്ങൾക്ക് ചേർത്ത് പിടിക്കാൻ കഴിഞ്ഞാൽ അവ എക്കാലത്തും നല്ല സുഹൃത്തുക്കളായി  നിങ്ങൾക്ക് കൂട്ടിനുണ്ടാവും. സ്വന്തം ന്യൂനതകളെക്കുറിച്ചും കഴിവുകളെക്കുറിച്ചും കഴിവുകേടുകളെ ക്കുറിച്ചും അവ നിങ്ങളോട് ഉറക്കെ സംസാരിക്കും. തെറ്റായ തീരുമാനങ്ങളെ ഉപേക്ഷിക്കാൻ സഹായിക്കും. ഭ്രാന്തിനും ആത്മഹത്യയ്ക്കുമിടയിലെ നൂൽപ്പാലത്തിലൂടെ ഞാൻ നടന്ന ഒരു കാലമത്രയും എനിക്ക് പിടിക്കാൻ ബലമുള്ള കൈവരികൾ തന്നത് പുസ്തകങ്ങളാണ്.'

'ഇങ്ങനെയും ചിലർ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്' എന്ന അധ്യായത്തിൽ, ധാരാളം വായിക്കുന്നവരുടെ ജാതിമത ബോധങ്ങളെപ്പറ്റി എഴുതുന്നു. ഖസാക് ഇഷ്ടപ്പെടുന്ന, നന്നായി വായിക്കുന്ന ഒരാളുമായുള്ള പരിചയവും അദ്ദേഹത്തിന്റെ വീട് പെയിന്റ് ചെയ്യാൻ പോയപ്പോൾ ഉണ്ടായ അനുഭവവും അബ്ബാസ് കുറിക്കുന്നുണ്ട്. തനിക്ക് സ്റ്റീൽ പാത്രത്തിലും മറ്റുള്ളവർക്ക് ഇലയിലും ആണ് ഭക്ഷണം വിളമ്പിയത്. എന്തോ ഒന്ന് ഉള്ളിൽ അലോസരം ഉണ്ടാക്കി എങ്കിലും തന്റെ വായനയ്ക്ക് കിട്ടിയ പരിഗണന ആവാം എന്ന് ധരിച്ചു. ഈ പാത്രഭേദത്തെപ്പറ്റി ചോദിച്ചപ്പോൾ 'അവറ്റോൾക്ക് അദ് തന്നെ ധാരാളം' എന്നായിരുന്നു മറുപടി. ജാതി വ്യത്യാസവും പാത്രഭേദം ഉണ്ടാക്കിയ അപമാനവും ഉള്ളിൽ ചുട്ടു നീറിച്ചതായി അബ്ബാസ് പറയുന്നു. 

'പട്ടത്തുവിളയുടെയും ടി ആറിന്റെയും മേതിലിന്റെയും കഥകൾ ഇഷ്ടപ്പെടുന്ന, പെരുമാൾ മുരുകനെയും ഓം പ്രകാശ് വാൽമീകിയെയും വായിക്കുന്ന ആ മനുഷ്യന്റെ കണ്ണുകളിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. അവിടെ പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ല.'

അപ്പോൾ തന്നെ അവിടുത്തെ പണി മതിയാക്കി പണി സാധനങ്ങൾ ഒക്കെ കഴുകിയെടുത്ത് കൂട്ടുകാരോടൊപ്പം അവിടം വിടുകയാണ് അബ്ബാസ്. അപ്പോൾ അവരുടെ മുഖത്ത് കണ്ട ആശ്വാസഭാവം ഒരു തീപ്പൊള്ളൽ ആയി ഇപ്പോഴും തന്റെ ഉള്ളിൽ ഉണ്ട് എന്നും അബ്ബാസ് പറയുന്നു.

ഒരു വല്യവീട്ടിലെ സ്വകാര്യ ലൈബ്രറി പെയിന്റ് ചെയ്യുമ്പോൾ ആ ഷെൽഫുകളിലൊന്നിൽ ഏറെ ക്കാലം താൻ വായിക്കാൻ കൊതിച്ച ഒരു പുസ്തകം കണ്ട് അത് വായിക്കാൻ ചോദിച്ചപ്പോൾ വീട്ടുടമ പുച്ഛിച്ചതിനെപ്പറ്റി അബ്ബാസ് കുറിക്കുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഖവും അപമാനവും ഉണ്ടാക്കിയ അനുഭവം ആണതെന്ന്  എഴുത്തുകാരൻ.

ഏറെ വായിക്കുന്ന കുട്ടനാടൻ ചേട്ടൻ എന്ന് വിളിക്കുന്ന പത്രോസ് ചേട്ടന്റെ ജീവിതം നമ്മെ അത്ഭുതപ്പെടുത്തുന്നതോടൊപ്പം വേദനയും ഉള്ളിൽ നിറയ്ക്കും. 'കണ്ണീരിനപ്പുറം മഞ്ജുള' എന്ന കുറിപ്പ് സ്റ്റീൽ പ്ലാന്റിൽ ഖലാസിയായി ജോലിയെടുക്കുമ്പോൾ കണ്ട പെൺകുട്ടിയെക്കുറിച്ചാണ്.

'അവളെന്റെ കയ്യിൽ പിടിച്ചു. എന്റെ ദേഹമാകെ വിറച്ചു. എന്നിലെ ഭീരു ആ പിടിത്തം വിടുവിക്കാൻ നോക്കി. എന്നേക്കാൾ നാലഞ്ച് വയസ് ഇളപ്പമുള്ള ആ കൈകൾക്ക് വല്ലാത്ത ശക്തിയുണ്ടായിരുന്നു. അവളെന്നെ ചളിയിലേക്ക് തള്ളിയിട്ടു. നിലവിളിയോടെ ഞാൻ ആ ചളിയിലേക്ക് വീണപ്പോൾ അവൾ എന്റെ കയ്യിലെ ഭക്ഷണപ്പൊതി തട്ടിപ്പറിച്ചു. ആ പൊതി അഴിക്കുമ്പോൾ അവൾ പറഞ്ഞത് വയറിലെരിയുന്ന വിശപ്പിനെക്കുറിച്ചാണെന്ന് ഭാഷ അറിയാഞ്ഞിട്ടും എനിക്ക് മനസിലായി. അല്ലെങ്കിലും വിശപ്പിന് ഭൂമിയിൽ ഒറ്റ ഭാഷയെ ഉള്ളല്ലോ.' അന്ന് താൻ നടന്ന ദൂരങ്ങളിൽ മുഴുവൻ വിശപ്പെന്ന പ്രേരണ നിന്ന് കത്തുകയായിരുന്നു എന്ന് അബ്ബാസ് കുറിയ്ക്കുന്നു.

ജോലിയെടുക്കാൻ വരുന്നവർക്ക് കൂലി കുറച്ചു കൊടുക്കുന്നവരെയും കൂലി കൊടുക്കാതെ മുങ്ങി നടക്കുന്നവരെയും പണിക്കാർക്ക് എച്ചിൽ വിളമ്പുന്ന മനുഷ്യരെയും ഇതിൽ കാണാം പകൽ മുഴുവൻ പണിയെടുത്ത് ഒടുവിൽകൂലി വാങ്ങാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതിനെ കുറിച്ചും അബ്ബാസ് എഴുതുന്നു. പണം ഒട്ടുമേ ആവശ്യമില്ലാത്തവരും എത്ര കിട്ടിയാലും തികയാത്തവരും മതിയാവാത്തവരും അന്യന്റെ വിയർപ്പിന് ഉപ്പിന്റെ വിലപോലും കാണാത്തവരും ജീവിക്കുന്ന ഈ ഭൂമിയിൽ തന്നെ ജീവിക്കുന്ന നന്മയും സ്നേഹവും കാരുണ്യവും വറ്റാത്ത തങ്കുണ്ണിയേച്ചിമാരെയും ഈ പുസ്തകത്തിൽ കാണാം.

വായന ഒരു ലഹരിയായി പടർന്നപ്പോൾ ഉന്മാദത്തിന്റെ വേരുകൾ തന്നിൽ പടർന്നതിനെപ്പറ്റി അബ്ബാസ് എഴുതുന്നുണ്ട്. ഉറ്റ സുഹൃത്തിന്റെ ആത്മഹത്യ രണ്ടാം വട്ടവും  അബ്ബാസിനെ ഉന്മാദത്തിലേക്ക് എത്തിക്കുന്നുണ്ട്. ഭ്രാന്താശുപത്രിയിൽ എത്തിപ്പെട്ടതിനെക്കുറിച്ചും അവിടെ കണ്ട മുഖങ്ങളെക്കുറിച്ചും അബ്ബാസ് എഴുതുന്നുണ്ട്. ഇന്ന് ഭൂമിയിലെ  ഏറ്റവും വലിയ ആനന്ദം ഏതെന്നു ചോദിച്ചാൽ ഭൂമിയെന്ന ഈ കണ്ണീരിന്റെ താഴ്‌വരയിൽ സ്വബോധത്തോടെ ജീവിച്ചിരിക്കലാണ് എന്നും മുഹമ്മദ്‌ അബ്ബാസ് കുറിയ്ക്കുന്നു.

സമൂഹത്തിലെ ആചാരങ്ങളുടെ പൊള്ളത്തരം, മതത്തോട് മാത്രം ചേർത്ത് വയ്ക്കുന്ന ചില നിറങ്ങൾ, ചില സമുദായങ്ങളിൽ ഇപ്പോഴും തുടർന്ന് പോകുന്ന ചില കീഴ്‌വഴക്കങ്ങൾ, രക്തബന്ധത്തേക്കാൾ വലിയ സ്നേഹങ്ങൾ, ഉടൽ വിശപ്പുകൾ, വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുകൾ, പങ്ക് വയ്ക്കപ്പെടലുകൾ, വിഹ്വലതകൾ എല്ലാം ഈ കുറിപ്പുകളിൽ നിറയുന്നുണ്ട്. ഓരോ കുറിപ്പും വായിച്ച് ഓരോ തവണയും മൂർച്ചയുള്ള ആയുധം കൊണ്ട് ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റയാളെപ്പോലെ നിങ്ങൾ ചിതറിപ്പോ യേക്കാം.

ഇതൊക്കെ കഥകൾ അല്ല എന്നും ജീവിതമാണ് എന്നും മറക്കാതിരിക്കുക. ഇതിൽ തെളിയുന്ന മുഖങ്ങളെ, അവരുടെ ജീവിതങ്ങളെ ചുറ്റിലും ഒന്നും കണ്ണോടിച്ചാൽ നിങ്ങൾക്ക് കാണാനായേക്കും. അവരിൽ ഒരാളുടെ മുഖത്ത് എങ്കിലും പുഞ്ചിരി വിരിയിക്കാൻ സാധിച്ചാൽ അത് അബ്ബാസ് എന്ന മനുഷ്യന്റെ എഴുത്തിന്റെ വിജയം കൂടിയാകും. ചുറ്റും കാണുന്ന, എന്നാൽ ഇതുവരെ നിങ്ങൾ ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാതിരുന്നവരെ ഇനി മുതൽ നിങ്ങൾക്ക് കാണാതെ പോകാൻ പറ്റില്ല.

ഹോട്ടലിൽ ഭക്ഷണമേശ വൃത്തിയാക്കാൻ വരുന്ന ആളെ നിങ്ങളുടെ കണ്ണുകൾ സ്നേഹം കൊണ്ട് ഉഴിയും എന്നത് തീർച്ചയാണ്. ഹോട്ടലിന്റെ പിന്നാമ്പുറങ്ങളിൽ അടി കൊണ്ട കവിളുമായി ഒരു കുട്ടി നിന്ന് കരയുന്നുണ്ടോ എന്ന് നിങ്ങൾ ആശങ്കപ്പെട്ടേക്കാം. അങ്ങേയറ്റം കഠിനമായ അനുഭവങ്ങളെ അങ്ങേയറ്റം ലളിതമായി മുഹമ്മദ്‌ അബ്ബാസ് ആവിഷ്കരിച്ചിരിക്കുന്നു. പച്ചയായ ജീവിതം എഴുതാൻ ദുർഗ്രഹമായ ഒരു വാക്കിനെയും എഴുത്തുകാരൻ കൂട്ടുപിടിക്കുന്നില്ല.

'വിശപ്പ്, പ്രണയം, ഉന്മാദം' എന്ന ഒറ്റ പുസ്തകത്തിലൂടെ അബ്ബാസ് സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു. മലയാളം വായിക്കാൻ അറിയാവുന്ന, ഈ പുസ്തകം വായിച്ച ഏതൊരാളും അബ്ബാസിനെ, അബ്ബാസിന്റെ അനുഭവങ്ങളെ, ജീവനുള്ള കാലത്തോളം മറക്കില്ല.

ഒരു കാര്യം ഉറപ്പാണ്. ഈ പുസ്തകം വായിക്കുന്നതിനു മുൻപുള്ള ആൾ ആയിരിക്കില്ല ഇത് വായിച്ച ശേഷം. ഈ  പുസ്തകം വായിച്ചു തീരുമ്പോഴേക്കും നിങ്ങൾ ജ്ഞാനസ്നാനം  ചെയ്യപ്പെട്ട പുതിയ ഒരു മനുഷ്യൻ ആയിട്ടുണ്ടാകും. നിങ്ങളുടെ ഉള്ളിൽ ഒരു പെരുമഴയ്ക്കുള്ളത്രയും കാർമേഘങ്ങൾ പെയ്യാൻ ഒരുങ്ങി നിൽപ്പുണ്ടാവും. ഒരു മഴത്തോർച്ചയ്ക്കിപ്പുറം നിങ്ങൾ സ്നേഹത്തോടെ മാത്രം സഹജീവികളെ നോക്കാൻ, പരിഗണിക്കാൻ മാത്രം കഴിയുന്ന ഒരു നല്ല മനുഷ്യൻ ആയിട്ടുണ്ടാവും. അത് തന്നെയാണ് എഴുത്തുകാരന്റെ വിജയവും.അങ്ങനെ നോക്കിയാൽ മുഹമ്മദ്‌ അബ്ബാസ് എന്ന വ്യക്തി, 'വിശപ്പ്, പ്രണയം, ഉന്മാദം' എന്ന തന്റെ ജീവിതമെഴുത്തിലൂടെ മലയാളിയുടെ മനസ്സിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന എഴുത്തുകാരനായി മാറിക്കഴിഞ്ഞിരിക്കുന്നു.

English Summary:

Review of Vishappu Pranayam Unmadam book by Muhammed Abbas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com