ADVERTISEMENT

അന്നു രാത്രി എനിക്കുറങ്ങാനായില്ല. ഫ്ലാറ്റിൽ സഹമുറിയർ സ്വസ്ഥമായി ഉറങ്ങുമ്പോഴും ഞാൻ ഇരു‌ട്ടിൽ എഴുന്നേറ്റു നടക്കുകയായിരുന്നു. എനിക്കാ പാട്ട് ഒന്നുകൂടി കേൾക്കണമായിരുന്നു. എനിക്കയാളെ ഒന്നുകൂടി കാണണമായിരുന്നു. എന്തൊക്കെയോ ചോദിക്കാനുണ്ടായിരുന്നു. നെറ്റിയിലെ പാടിൽ വിരലോടിച്ച് ഞാനിരുന്നു. ഓർമ്മകൾക്ക് കടന്നുവരാൻ അനുവാദം നൽകാനെന്നപോലെ. 

ഒന്നോർത്താൽ ഓർമ്മകളുടെ വിരുന്നല്ലേ ജീവിതം. വിയോജിപ്പുണ്ടാകാം വിരുന്ന് എന്ന വാക്കിനോട്. ഉള്ളുപൊള്ളിക്കുന്ന ഓർമ്മകൾ എങ്ങനെയാണ് വിരുന്നാകുന്നതെന്ന സംശയവും സ്വാഭാവികം. എന്നാൽ, ആ ഓർമ്മകളെ വേണ്ടെന്നുവയ്ക്കാൻ ആവുമോ. ജീവിതത്തിലേക്കല്ല, ഒരു നിമിഷത്തേക്കെങ്കിലും. അറിഞ്ഞുകൊണ്ട് നരകത്തിലേക്കു പ്രവേശിക്കും പോലെ. വാളിൽക്കൂടി നടക്കുംപോലെ. ഹൃദയത്തിലേക്കു കത്തി ആഴ്ത്തും പോലെ. മിന്നിമറഞ്ഞ വെളിച്ചങ്ങളെ മറക്കുന്നില്ല. മഴക്കാറ് ആകെ മൂടും മുമ്പ് സ്വപ്നത്തിലെന്നവണ്ണം ഏഴുനിറങ്ങളും കാണിച്ചുതന്നെ മഴവില്ലിനെ. ആ നിമിഷത്തെ എന്നെന്നേക്കുമായി പ്രതിഷ്ഠിക്കാൻ അരങ്ങൊരുക്കിയ പടിഞ്ഞാറൻ മാനത്തിന്റെ ക്യാൻവാസിനെയും. ജീവിതം ഇങ്ങനെയൊക്കെയായതുകൊണ്ടാവും നല്ല പുസ്തകങ്ങൾ ഓർമ്മകളുടെ വിരുന്നാവുന്നതും. പറഞ്ഞു തീർന്നില്ല. അപ്പോഴേക്കും ഇതാ ഈ നിമിഷവും ഇനി ഓർമകൾക്കുള്ളതാണ്. ഇനിയുള്ള എല്ലാ നിമിഷങ്ങളും. എല്ലാ കാഴ്ചകളും കേൾവികളും. വരാനിരിക്കുന്നതെല്ലാം. അതിവിദൂരത്തിലെ അജ്ഞാത ഭാവി പോലും. 

വേദനിപ്പിച്ചാലും ഇല്ലെങ്കിലും വിട്ടുപോകാൻ മടിക്കുന്ന, അത്രയെളുപ്പം വിട്ടുകളയാൻ ഇഷ്ടമില്ലാത്ത ഓർമകൾ കൊണ്ടാണ് ഷഹല വെളിയംകോട് ബിലാൻകൂത്ത് എന്ന ദേശത്തെ വരയ്ക്കുന്നത്. പൂർവ മാതൃകകളെ ആശ്രയിക്കുന്നില്ല ഷഹല. ഇതുവരെ വായിച്ച എല്ലാ വിവരണങ്ങളെയും അതിശയിപ്പിക്കാൻ വൃഥാ ശ്രമിക്കുന്നുമില്ല. തിങ്ങിവിങ്ങിയ സ്വന്തം ഹൃദയത്തിനു കാതു കൊടുക്കുന്നു. പറയാതിരിക്കാൻ ആവാത്തതുകൊണ്ടു മാത്രം പറയുന്നു. അങ്ങനെ പറയുമ്പോഴുള്ള സൗന്ദര്യമാണ് ഷഹലയുടെ എഴുത്തിന്റെ ഭംഗി. നിരൂപണത്തിന്റെ അളവുകോൽ മാറ്റിവച്ചും വിമർശനത്തിന്റെ ഏങ്കോണിച്ച കണ്ണുകൾ ഇറുക്കിയടച്ചും കാതോർക്കേണ്ട നിഷ്കളങ്കത. കാപട്യമില്ലായ്മ. ഹൃദയശുദ്ധിയുടെ പച്ചപ്പട്ടുവെളിച്ചം. 

അയാളുടെ വരവു പ്രമാണിച്ച് വിളമ്പിയ ഓരോ അരിയും അയാളെക്കുറിച്ച് ഓരോരോ കഥ പറഞ്ഞുതുടങ്ങി. 

ഈ ഒറ്റ വരിയുലുണ്ട് ബിലാൻകൂത്തിന്റെ സാർഥകത. സായൂജ്യം. ഓരോ അരിയും പറഞ്ഞ കഥകൾ കൊണ്ട് ഷഹല എഴുതിയത് മഹത്തായ നോവലൊന്നുമല്ല. മലയാള സാഹിത്യത്തിലെ എണ്ണപ്പെട്ട സംഭവവുമല്ല ബിലാൻകൂത്ത്. എന്നാൽ പ്രണയത്തെ ഒരൊറ്റ നോട്ടത്തിൽ അനശ്വരമാക്കിയ അകന്നുമറഞ്ഞ പ്രണയിനിയുടെ ഓർമ പോലെ ഒട്ടേറെ ഇതിഹാസങ്ങളെ നൂറുപേജുള്ള ഒരു ചെറിയ പുസ്തകത്തിൽ ഒതുക്കിയിട്ടുമുണ്ട്. സ്നേഹം, പ്രണയം, രോഷം, നിസ്സഹായത, മരണം...പേരെടുത്ത പറയാവുന്ന വികാരങ്ങൾ. വിചാരങ്ങൾ. എന്നാൽ, ലോകം എന്തെന്നറിയാത്ത, അധികമൊന്നും പുറത്തോട്ടു സഞ്ചരിച്ചിട്ടില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരായ കുറച്ചു സ്ത്രീ പുരുഷൻമാരിലൂ‌ടെ പറയുന്ന കഥകൾ അസാധാരണ പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്. ഇനിയും വായിക്കേണ്ടിയും വരും. 

ചില രുചികൾ ചിലരുടേത് മാത്രമാണ്. അവർക്കത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഒരുപക്ഷേ അറിയില്ലായിരിക്കാം. അവരത് ആർക്കും ഇന്നേവരെ സമ്മാനിച്ചിട്ടുമില്ലായിരിക്കാം. എങ്കിലും ചില രുചികൾ ചിലരുടേത് മാത്രമാണ്. അവരിലേക്കുള്ള നമ്മുടെ ഓടിപ്പോക്കാണ്. 

കാളി. പാറു. കിട്ടു. എടുത്തെഴുതാൻ എത്രയോ പേർ. ആ നെക്സലിനെ മറക്കാനൊക്കുമോ. 

സുലേഖയെ. ഏതാനും വാചകങ്ങളിൽ സുലേഖയുടെ ജീവിതം ശിൽപഭദ്രമായി ആവിഷ്ക്കരിക്കുമ്പോൾ ബിലാൻകൂത്ത് പറയാത്ത എത്രയെത്ര കഥകളാണ് മുന്നിലെ തിരശ്ശീലയിലെന്നവണ്ണം മിന്നിമറയുന്നത്. 

കുറച്ചുനാളെ കേട്ടുവെങ്കിലും കബീറിന്റെ കഥകളോരോന്നും സുലേഖയ്ക്ക് മനഃപാഠമായി. നാട്ടുകാരുടെ കഥകളും കബീറിന്റെ കഥകളും അവളുടെ ഊഹാപോഹങ്ങളും സമാസമം ഇളക്കി. ആ കഥകളിൽ അവളുടെ രാപകലുകളങ്ങനെ നീങ്ങി. അടുപ്പിലെ പുക മാത്രം അവളുടെ സൗന്ദര്യത്തെ കണ്ടു. ചിലപ്പോഴൊക്കെ ഭോഗിച്ചു. പിന്നെ കണ്ണീരിൽക്കുളിച്ച് ശുദ്ധിയായി. 

കാൽപനികതയുടെ അടുപ്പത്തിൽ നിന്ന് മുക്തമാണ് ബിലാൻകൂത്തിന്റെ ഭാഷ. ആധുനികതയുടെ പിടിച്ചടുപ്പിക്കുന്ന ആവേഗം തീരെയില്ല. എന്നാൽ കുസൃതി നന്നായുണ്ട് താനും. ഏറ്റവും പ്രിയപ്പെട്ട കഥ പറയുമ്പോഴും അകലം പാലിക്കുന്നുണ്ട് നോവലിസ്റ്റ്. ആ അകലമാണ് വായനക്കാരെ ഈ നോവലിലേക്ക് അടുപ്പിക്കുന്നതും. ഒളിപ്പിച്ചുവച്ച നർമവും നിന്ദയില്ലാത്ത പരിഹാസവും വാരിക്കോരി ചൊരിയുന്നുണ്ട് ചില കഥാപാത്രങ്ങളിലെങ്കിലും. അപ്പോഴൊക്കെ അപൂർവമായ ഒരു തെളിച്ചം ലഭിക്കുന്നുമുണ്ട്. 

എത്രയോ നാളായി കാത്തുവച്ച കുറച്ചു രഹസ്യങ്ങൾ പറയാൻ കാത്തിരുന്നവരോട് പറയാൻ അവസരം കിട്ടുന്നതിന്റെ ആഹ്ലാദം ബിലാൻകൂത്തിലെ ഓരോ അക്ഷരങ്ങളെയും സവിശേഷമാക്കുന്നു. വാക്കുകൾക്ക് അഭൗമമായ ലാവണ്യം പകരുന്നു. അനുഭവങ്ങൾക്ക് വ്യതിരിക്തതയും. ഇത്രയുമൊക്കെക്കൊണ്ട് രൂപപ്പെടുന്ന ഒരു നോവൽ എല്ലാവരുടെയും അഭിരുചികൾക്ക് ഇണങ്ങണമെന്നില്ല. എന്നാൽ വിമർശിച്ചാലും വിയോജിച്ചാലും യുക്തി കൊണ്ട് അളന്നുമുറിച്ചാലും ബാക്കിയാകുന്ന ഹൃദയത്തിന്റെ ഭാഷ അനുഭവിക്കാൻ ബിലാൻകൂത്ത് വായിക്കുക തന്നെ വേണം. അതൊരിക്കലും നിരാശരാക്കില്ലെന്ന് ഓർമ്മകളുടെ പേരിൽ മാത്രം ഉറപ്പു തരുന്നു. 

English Summary:

Book review of Bilabkoothu by Shala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com