ADVERTISEMENT

എപ്പോഴും ദേശത്തിന്‍റെ ചരിത്രമാണ് എഴുതപ്പെടുന്നത്. ചക്രവർത്തിമാരോ ഭരണാധികാരികളോ പ്രതിനായകരോ അല്ലാത്ത സാധാരണക്കാരുടെ ജീവചരിത്രം അവഗണിക്കപ്പെടുന്നു. ചരിത്രത്തിൽ ഇടം പിടിക്കാത്ത അവരുടെ അനുഭവമണ്ഡലം ഒരുപക്ഷേ രാഷ്ട്ര ചരിത്രത്തെ പോലും അതിശയിക്കുന്നതാകാം. അത്തരം അനുഭവമണ്ഡലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന പുസ്തകമാണ് സുധാ മോനാന്‍റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’.

രാഷ്ട്രചരിത്രത്തിൽനിന്ന് വ്യക്തിയുടെ അനുഭവലോകത്തെ അടർത്തിയെടുത്ത് വൈകാരികമായ മറ്റൊരു ലോകം നിർമിക്കുകയാണ് സുധാ മേനോൻ. അവിടെ മനുഷ്യനാണ് പ്രാധാന്യം, രാഷ്ട്രത്തിനല്ല. അധികാരവും വംശവെറികളും യുദ്ധവും ഹിംസയും കൊടികുത്തി വാഴുന്ന രാഷ്ട്രങ്ങളുടെ ചരിത്രപരിസരങ്ങളിൽനിന്ന് മനുഷ്യത്വവും കാരുണ്യവും പ്രോജ്വലിപ്പിക്കാനാണ് ഗ്രന്ഥകാരി ശ്രമിക്കുന്നത്.  ശ്രീനാരായണ ഗുരുവിന്‍റെ ‘അനുകമ്പാദശകം’ പുസ്തകത്തിന്‍റെ മുഖക്കുറിപ്പായി നൽകിയത് രചനാദൗത്യത്തിന്‍റെ സന്ദേശം തന്നെയാണ്.

ഏതു സമൂഹത്തിലും സ്ത്രീകളാണ് വേട്ടയാടപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ സ്ത്രീസമൂഹം നേരിടുന്ന ദുരിതങ്ങളും വേട്ടയാടലുകളും വസ്തുതാപരമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഒരു നോവലിലെ ജീവിക്കുന്ന കഥാപാത്രങ്ങളെപ്പോലെ സ്വന്തം അനുഭവകഥകള്‍ പറയുകയാണ് വിവിധ രാജ്യങ്ങളിലെ സ്ത്രീകള്‍.

ശ്രീലങ്കയിലെ ജീവലത എന്ന തമിഴ് വംശജയുടെ ജീവിതകഥയാണ് ഒന്നാമധ്യായത്തിൽ. അവളുടെ അനുഭവങ്ങൾ ആരെയും കരയിക്കുo. ആഭ്യന്തര യുദ്ധത്തിൽ അവളുടെ ജീവിതസ്വപ്നങ്ങൾ  നഷ്ടമാകുന്നു. ഡോക്ടറാകാനുള്ള സ്വപ്നം മാത്രമല്ല അവൾക്ക് നഷ്ടമാകുന്നത്.  ദുരന്തങ്ങൾ ഒന്നൊന്നായി അവളെ വേട്ടയാടുന്നു. സ്വന്തം അമ്മയും മകളും അവള്‍ക്കു നഷ്ടമാകുന്നു. മിടുക്കനായ മകനെ തീവ്രവാദികൾ പിടിച്ചു കൊണ്ടുപോകുന്നു. തന്‍റേതല്ലാത്ത കാരണത്താൽ എല്ലാ സഹനങ്ങളും നിർദ്ദയം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജീവലതയുടെ ദുരനുവങ്ങള്‍ ഒറ്റപ്പെട്ടതല്ല. അവളെപ്പോലെ ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ട നിരവധി സ്ത്രീകള്‍ ശ്രീലങ്കയിലുണ്ട്. 

രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കുന്ന പാക്കിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടവരാണ് പാക്കിസ്ഥാനിലെ സ്ത്രീകൾ. ക്രൂരമായ മതനിയമങ്ങളാണ് അവരെ വേട്ടയാടുന്നത്. നിരപരാധികൾ പോലും പീഡിപ്പിക്കപ്പെടുന്ന അവിടുത്തെ ദുരവസ്ഥയെ വസ്തുനിഷ്ഠമായും സത്യസന്ധമായും സുധാ മേനോൻ അവതരിപ്പിക്കുന്നു, ‘പാക്കിസ്ഥാന്‍: അപഹരിക്കപ്പെട്ട ആകാശങ്ങൾ’ എന്ന അധ്യായത്തില്‍.

ലോകം പുരോഗമിക്കുന്തോറും കൂടുതൽ മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായി മാറുന്ന അയൽരാജ്യത്തിന്‍റെ ദുരന്തം വേദനാജനകമാണ്. കളളക്കേസിൽപ്പെടുത്തി കല്ലെറിഞ്ഞു കൊല്ലപ്പെടുന്ന സ്ത്രീകളുടെ ദുരന്തം നമ്മുടെ സങ്കൽപങ്ങളെപോലും പൊള്ളിക്കുന്നു. ഹാജിറയുടെയും സൈറയുടെയും ദുരന്തകഥകൾ ഒറ്റപ്പെട്ടതല്ല. ഗോത്ര മേഖലയിലെ സ്ത്രീ സമൂഹം ഒന്നാകെ വേട്ടയാടലിന്‍റെ കരിനിഴലിലാണ്. എന്നാൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ വരേണ്യവർഗം ഇതിനെല്ലാം അതീതരാണത്രേ! എത്ര ഭീകരമായ അസമത്വം? 

സൈറയെന്ന കഥാപാത്രത്തിന്‍റെ വാക്കുകൾ രാജ്യാതിർത്തികളെ നിഷ്പ്രഭമാക്കുന്ന മനുഷ്യസ്നേഹത്തെ തൊട്ടുണർത്തുന്നതാണ്:

‘‘എന്തിനാണ് നമ്മൾക്ക് അതിർത്തികൾ? പട്ടിണിയും അധ്വാനവും തീരാരോഗവും വരൾച്ചയും പെൺകുട്ടികളെ സ്വാതന്ത്ര്യം നൽകാതെ തളച്ചിടലും ഒക്കെ രണ്ടിടത്തും ഇല്ലേ? പിന്നെ ആർക്കുവേണ്ടിയാണ് യുദ്ധങ്ങൾ? ആരു ജയിച്ചാൽ എനിക്കെന്തു കാര്യം? എന്‍റെ വെള്ളം ഞാൻ തന്നെ കോരണം. എനിക്ക് ഉണ്ണാൻ ഞാൻ തന്നെ വയലിൽ പണിയണം. ബദീനിലെ കടലിൽ ഞാൻ തന്നെ ഇറങ്ങി മീൻ പിടിക്കണം. അല്ലാതെ, പാക്കിസ്ഥാൻ പട്ടാളവും ടാങ്കുകളും മിസൈലുകളും ഒക്കെ എന്താണ് എനിക്ക് ഉരുട്ടിത്തരുന്നത്?” ‘ദേശവും രാഷ്ട്രവും മതവും ഹിന്ദുത്വവും പൊളിറ്റിക്കൽ ഇസ്‌ലാമും ഒക്കെ പകച്ചുപോകുന്ന നിസ്സഹായമായ പെൺനോട്ടങ്ങൾ’ എന്നാണ് പാക്കിസ്ഥാന്‍കാരിയായ സൈറയുടെ വീക്ഷണത്തെ ഗ്രന്ഥകാരി വിശേഷിപ്പിക്കുന്നത്. 

സ്വന്തം രാജ്യം തന്നെ ഒരു ജയിലറയായി മാറുക! എത്ര ഭീകരമായിരിക്കും ആ അനുഭവം. താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹം നേരിടുന്ന ദുരന്തങ്ങൾ സങ്കൽപങ്ങൾക്കും അപ്പുറമാണ്. ‘അഫ്ഗാനിസ്ഥാൻ: കൊടുങ്കാറ്റിൽ ഉലയാത്ത ഒറ്റ മരങ്ങൾ’ എന്ന അധ്യായം വായനക്കാരെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. 

“എനിക്കിഷ്ടമാണ്

ഈ ഭൂമിയില്‍ എന്താകാനും

ഒരു പെണ്ണാകുന്നതൊഴിച്ച്.

ഒരു തത്തയാകാം 

ഒരു പെണ്ണാട് 

ഒരു പേടമാൻ കുഞ്ഞ് അഥവാ

മരച്ചില്ലയിൽ ഇരുന്നാടുന്ന ഒരു കുഞ്ഞിക്കുരുവി 

അങ്ങനെ എന്തും... 

ഒരു അഗ്ഫാൻ പെണ്ണ് ഒഴിച്ച് മറ്റെന്തുമാകാം ഞാൻ...

ഈ ഭൂമിയിൽ 

ഒരു അഫ്ഗാൻ പെണ്ണ് ഒഴിച്ച് മറ്റെന്തും...”

കാബൂളില്‍ ജനിച്ച റോയ എന്ന അഫ്ഗാൻ കവയിത്രിയുടെ ഹൃദയസ്പര്‍ശിയായ കവിത ഉദ്ധരിച്ചുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. വിടിനു പുറത്തിറങ്ങാനോ മൂളിപ്പാട്ടു പാടാനോ വിദ്യ അഭ്യസിക്കാനോ പ്രണയിക്കാനോ അവകാശമില്ലാത്ത സ്ത്രീജന്മങ്ങൾ! ഉപഭോഗ വസ്തുക്കളായി കരുതുന്ന അവർ എതു നിമിഷവും വേട്ടയാടപ്പെടാം. മനുഷ്യരെ പ്രാചീനതയിലേക്ക് പിന്മടങ്ങുവാൻ നിർബന്ധിക്കുന്ന മതനിയമങ്ങൾ! രാഷ്ട്രനിർമിതമായ ദാരിദ്ര്യത്തിന്‍റെ കെടുതികൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. അങ്ങനെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവസ്ഥയുടെ  ദുരന്ത ഭൂമികയിലേക്ക് സുധാ മേനോൻ വായനക്കാരെ കൊണ്ടുപോകുന്നു. “ഹൃദയ ശൂന്യമായ, ചരിത്രത്തിന്‍റെ നീതിപഥങ്ങളെ എവിടെയും സ്പർശിക്കാത്ത, അനീതിയുടെ പടയോട്ടമായിരുന്നു ഒരു ദശകത്തോളം താലിബാൻ അഫ്ഗാനിസ്ഥാന്‍റെ മണ്ണിൽ നടത്തിയത്” എന്ന പരാമർശം അന്വർഥമാണ്. അനീതിയുടെ ഈ പടയോട്ടത്തിന് ഭാവിയിലും അറുതിയില്ലല്ലോ എന്ന വസ്തുത  ആശങ്കാകുലമാണ്.  ഒരു യാത്രാവിവരണത്തിന്‍റെ ചൈതന്യമുള്ള അനുഭവമണ്ഡലമാണ് ഈ അധ്യായത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. പർവീൻ, നൂർ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കും. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രം കൃത്യവും സൂക്ഷ്മവുമായി വിലയിരുത്താൻ സുധാ മേനാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

‘ബംഗ്ളാദേശ്: ഷർട്ടുകളുടെ ഗാനം’ എന്ന അധ്യായത്തിൽ ധാക്കയിലെ വസ്ത്രനിർമാണ തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളുടേയും ചൂഷണങ്ങളുടേയും ഹൃദയഭേദകമായ അവതരണമാണ്. നഗരത്തിലേക്ക് ചേക്കേറാൻ വിധിക്കപ്പെട്ട ഗ്രാമവാസികൾ അനുഭവിക്കേണ്ടിവരുന്ന കൊടും ദാരിദ്ര്യത്തിന്‍റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും ഭീകരമായ ചിത്രം ഗ്രന്ഥകാരി വരച്ചുകാട്ടുന്നു. അതിന്‍റെ  കാര്യകാരണങ്ങൾ വിശകലനം ചെയ്യുന്നു. സ്ത്രീകളാണ് ഇവിടെയും കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നത്. ഒരു വീട്ടുജോലിക്കപ്പുറം അവരുടെ സ്വപ്നങ്ങൾ വികസിക്കുന്നില്ല! സഫിയ, അബുൽ, നിഷ്കളങ്കരായ അവരുടെ കുട്ടികൾ. ഇവരെല്ലാം ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ദരിദ്രരുടെ സങ്കടങ്ങൾ ഏതു ഭൂഖണ്ഡത്തിലും സമാനമാണ് എന്ന ബോധ്യത്തിലേക്ക് നാം എത്തിച്ചേരുന്നു. ബംഗ്ലദേശിന്‍റെ രാഷ്ട്രീയ ചരിത്രവും ഈ അധ്യായത്തിൽ കടന്നുവരുന്നുണ്ട്.

അജ്ഞതയും ദാരിദ്യ്രവുമാണ് നേപ്പാളിലെ സുന്ദരികളായ പെൺകുട്ടികളെ കെണിയിലകപ്പെടുത്തുന്നത്. ‘നേപ്പാൾ: അതിർത്തി കടന്നെത്തുന്ന ചിലന്തികൾ’ എന്ന അധ്യായത്തിൽ നിഷ്കളങ്കരായ നേപ്പാളി പെൺകുട്ടികളുടെ അതിജീവന കഥയാണ് അവതരിപ്പിക്കുന്നത്. അതിജീവിതയായ ശ്രേഷ്ഠ എന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ വായനക്കാരുടെ മനസ്സിൽനിന്ന് മാഞ്ഞു പോകുന്നതല്ല. പ്രായപൂർത്തിയാകുന്നതിനു മുൻപേ മുംബൈയിലും മറ്റുമുള്ള ചുവന്ന തെരുവുകളിൽ അത്തരക്കാർ എത്തിപ്പെടുന്നു. രാജ്യാന്തര പെൺവാണിഭത്തിന്‍റെ വലക്കണ്ണികൾ കണ്ടെത്താനാവാത്ത അധികാര വൃന്ദത്തിന്‍റെ നിസ്സഹായതയെ ഗ്രന്ഥകാരി വിചാരണ ചെയ്യുന്നുണ്ട്. പ്രകൃതിസുന്ദരമായ ഗ്രാമങ്ങളിൽ നീറിക്കഴിയുന്ന ജീവിതങ്ങൾ! നേപ്പാളിന്‍റെ രാഷ്ടിയ ചരിത്രവും സാമൂഹികജീവിതത്തിലെ പ്രത്യാഘാതങ്ങുളും ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥയിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയെന്ന കാർഷിക രാജ്യത്തിന്‍റെ സമകാലദുരന്തം പ്രച്ഛന്നമാക്കിവെക്കാനാണ് അധികൃതര്‍ ആഗ്രഹിക്കുന്നത്. കർഷകദുരിതം അടിക്കടി വർധിച്ചുവരുന്നു. ആത്മഹത്യയുടെ വരമ്പിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. എന്നിട്ടും എല്ലാ സഹായവും കാരുണ്യവും നിഷേധിക്കപ്പെടുന്ന വര്‍ഗ്ഗമായി അവര്‍ ജീവിക്കുന്നു. ഈ പശ്ചാത്തലത്തിൽ ആന്ധ്രയിലെ പരുത്തിക്കർഷകരുടെ ദുരിതജീവിതത്തെ പച്ചയായി ഗ്രന്ഥകാരി അവതരിപ്പിക്കുന്നു ('ഇന്ത്യ: മരണ ഗന്ധമുള്ള പരുത്തിപ്പാടങ്ങൾ’). കാർഷികവൃത്തിയിൽ ഏർപ്പെട്ട് രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് സമാനതകളില്ലാത്ത അവരുടെ ദുരിതാനുഭവങ്ങൾ വേദനയോടെ പങ്കുവയ്ക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചൂഷണം ചെയ്യപ്പെടുന്ന, അവഗണിക്കപ്പെടുന്ന വിഭാഗമാണ് ഇന്ത്യയിലെ ചെറുകിട കർഷകർ. അവരിന്നും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണെന്ന സത്യം നമ്മെ പൊള്ളിക്കുന്നു. ആത്മഹത്യ ചെയ്ത സാംബയ്യ, സഹധർമ്മിണിയായ രേവമ്മ, കണ്ണീർപ്പാട്ടു പാടുന്ന സൂര്യ എന്നിവർ  മരണമില്ലാത്ത കഥാപാത്രങ്ങളായി മാറുന്നു. ചരിത്രത്തിന്‍റെ ദയാരഹിതമായ തേരോട്ടത്തിനിടയിൽ നിശബ്ദമായ നിലവിളികൾ അവരില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

വിഭിന്ന ദേശങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളും പെണ്‍ദുരിതങ്ങളും  ആത്മാർഥതയോടെയാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഒരു നോവലിന്‍റെ പശ്ചാത്തലവിവരണവും ആഖ്യാനമികവും ഗ്രന്ഥകാരി പ്രകടിപ്പിക്കുന്നു. തുറന്നാൽ അടച്ചു വയ്ക്കാനാകാത്ത ഒരു പുസ്തകമാണിത്. അടച്ചു വച്ചാലും ചരിത്രത്തിന്‍റെ തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് നീതിയുടെ നിശ്ശബ്ദമായ നിലവിളികൾ ഉയരുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടും.

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ

സുധാ മേനോൻ

ഡി.സി ബുക്സ്

വില  280 രൂപ

English Summary:

Book review of Charithram adrishyamakkiya Murivukal written by Sudha Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com