ADVERTISEMENT

സുന്ദരിയായിരുന്നു. ധീരയായിരുന്നു. മറ്റാരെയും പോലെ ആയിരുന്നുമില്ല: അവസാനത്തെ ഗണികയെക്കുറിച്ച് ഇതിലും വലിയ സാക്ഷ്യമില്ല. പറയുന്നത് മകനാണ്. ഏകമകൻ. മനീഷ് ഗെയ്ൿവാദ്.   

ആരായിരുന്നു ഗെയ്ക് വാദ്. മനീഷിന് അറിയില്ല. അമ്മ രേഖയ്ക്കുമറിയില്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്, ചുവന്ന തെരുവിൽ വിൽക്കപ്പെട്ട തന്റെ മകൻ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി മികച്ച ഭാവി സ്വന്തമാക്കണമെന്ന് രേഖ എന്ന അമ്മ ആഗ്രഹിച്ചു. നൃത്തം ചെയ്തും പാട്ടുപാടിയും തളർന്ന അവർ, മകനെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ തന്നെ ചേർത്തു. ബോർഡിങ്ങിൽ താമസസൗകര്യം ഏർപ്പെടുത്തി. സ്കൂളിൽ ചേർക്കാൻ മകന്റെ പേര് ചോദിച്ചപ്പോൾ രേഖ ഒന്നു പതറി. അനൂപ് ഗദഗ് എന്നു പറഞ്ഞു. പ്രിൻസിപ്പലിന് അതു മനസ്സിലായില്ല. ഒന്നോ രണ്ടോ തവണ ചോദിച്ചിട്ടും വ്യക്തമാകാതെ വന്നപ്പോൾ ഗെയ്ൿവാദ് എന്നാണോ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അതേ എന്നായിരുന്നു രേഖയുടെ മറുപടി. അങ്ങനെ, ഏതോ ഒരു ഗെയ്ക്‌വാദ് മനീഷിന്റെ പേരിനൊപ്പം ചേർന്നു. 

എന്നാണ് ജനിച്ചതെന്ന് എനിക്കറിയില്ല. എന്റെ അച്ഛനമ്മമാരോട് ചോദിച്ചിരുന്നെങ്കിൽ ശരിയായ ഉത്തരം തരാൻ അവർക്കും കഴിയുമെന്നു തോന്നുന്നില്ല. അവർ മരിച്ചിട്ടു കാലം കുറേയായി. അവരോട് ചോദിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. 

രേഖ കഥ തുടങ്ങുകയാണ്. അവസാന ഗണികയുടെ കഥ. വ്യക്തമായി ഓർമയില്ലാത്ത ജനനനിമിഷം മുതൽ മരണം വരെ അമ്മയ്ക്കു കഥ പറയാൻ ഭാഷ നൽകുന്നത് മനീഷാണ്. 

തന്നിലെ പെൺസത്തയെ തിരിച്ചറിഞ്ഞ നിമിഷം, തന്നെ ആക്രമിക്കാനും സ്നേഹിക്കാനും എത്തിയ പുരുഷൻമാർ, ശാരീരിക ബന്ധങ്ങൾ, മോഹങ്ങളും തകർന്ന സ്വപ്നങ്ങളും... കഥയിൽ ഒരിക്കൽപ്പോലും മകനോ മറ്റാരെങ്കിലുമോ രേഖയെ സഹായിക്കുന്നില്ല.  രേഖ തന്നെയാണു പറയുന്നത്. മനീഷ് എന്ന മകന്റെ ഉള്ളിലിരുന്ന്. അമ്മയ്ക്കു ജീവിതം പറയാൻ ഭാഷ മാത്രമല്ല, ശരീരവും വികാരവും വിചാരങ്ങളും കൂടി കടം കൊടുത്ത ആദ്യത്തെ മകൻ. ഒരു പക്ഷേ അവസാനത്തെയാളും. 

പുണെയിൽ ദരിദ്ര കുടുംബത്തിണു രേഖ ജനിച്ചത്. 10 വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചയയ്ക്കപ്പെട്ടു. വിറ്റു എന്ന വാക്ക് തന്നെയാണ് ഉചിതം. കൊൽക്കത്തയിലെ ചുവന്ന തെരുവിലേക്ക്. സോനാഗച്ചിയിലേക്ക്. അതോടെ, ആ പെൺകുട്ടി മാംസം വിറ്റു ജീവിക്കുന്ന ആയിരങ്ങളിലൊരുവളായി എന്ന് സ്വന്തം കുടുംബവും ഭർത്താവും പോലും എഴുതിത്തള്ളിയതാണ്. എന്നാൽ, അങ്ങനെ ഒടുങ്ങാൻ തയാറായിരുന്നില്ല അവൾ. പാട്ടു പാടാൻ പഠിച്ചു. നൃത്തം ചെയ്യാനും. ഗസലുകൾക്കും പ്രശസ്ത ഹിന്ദി ഗാനങ്ങൾക്കുമൊപ്പം ശരീരം ചലിപ്പിക്കാൻ. ലഹരി മയക്കിയ കണ്ണുകളാൽ കണ്ണിനും മനസ്സിനും ആനന്ദം തേടിയെത്തിയ പുരുഷൻമാർ അവൾക്കു നേരെ നോട്ടുകൾ വലിച്ചെറിഞ്ഞു. അവ പെറുക്കിക്കൂട്ടി ആ പെൺകുട്ടി ജീവിക്കാൻ ശ്രമിച്ചു. ഒരുപക്ഷേ, ചുവന്ന തെരുവിൽ നിന്ന് ഇതുവരെ കേട്ട എല്ലാ കഥകളിൽ നിന്നും വ്യത്യസ്തം. പുണെയിൽ നിന്നു തുടങ്ങി ഉത്തർപ്രദേശിലെ മൈലാനി വഴി കൊൽക്കത്ത, മുംബൈ എന്ന പഴയ ബോംബെയും കടന്ന് വീണ്ടും കൊൽക്കത്തയിൽ തന്നെ തിരിച്ചെത്തിയ ജീവിതം. ചുവന്ന തെരുവിലേക്കു നട തള്ളപ്പെട്ട ഒരാൾ അതേ തെരുവിൽ നിന്ന് വ്യത്യസ്തമായ ജീവിതകഥ എഴുതിയതിന്റെ ചരിത്രം. അവിടെ അവിഹിത ബന്ധങ്ങളുണ്ട്. മദ്യവും ലഹരിമരുന്നുമുണ്ട്. കൊള്ളക്കാരും അധോലോകവുമുണ്ട്. ഭീഷണിയും അസഭ്യവുമുണ്ട‌്. അവിടെ നിന്നാണ് വിവാഹം കഴിക്കാതെ ജനിച്ച ആൺകുട്ടിയുമായി റെഹാന എന്ന രേഖ വരുന്നത്. ജനിച്ചതും പിച്ച വച്ചതും ചുവന്ന തെരുവിലെങ്കിലും അവൻ പഠിച്ചത് ബോർഡിങ് സ്കൂളിൽ. ബിരുദം നേടി എഴുത്തിന്റെ ലോകത്ത് സ്വയം അടയാളപ്പെടുത്തിയ മനീഷ് ഗെയ്ൿവാദ്. ആദ്യം ഒരു നോവൽ എഴുതിയെങ്കിലും മനീഷിന് ഉറപ്പായിരുന്നു. അമ്മയുടെ കഥ എഴുതണം. കുട്ടിക്കാലം മുതലേ കണ്ടതും കേട്ടതും. അമ്മ പലപ്പോഴായി പൊട്ടും പൊടിയുമായി പറഞ്ഞത്. അതിൽ നിന്ന് കഥ രൂപപ്പെടുത്തുകയായിരുന്നില്ല മനീഷ്. പകരം അമ്മയുടെ വാക്കുകളിൽ ആ ജീവിതം പറയുക. മനീഷ് ഈ കഥയിൽ രേഖയുടെ മകനായി മാത്രമാണ് രംഗത്തുവരുന്നത്. മകനെക്കുറിച്ചുള്ള അമ്മയുടെ വാക്കുകളുണ്ട്. എന്നാൽ അത് അമ്മയുടെ വാക്കുകൾ മാത്രമാണ്. ഓർമ വച്ച നാൾ മുതൽ ഒന്നിലേറെ രോഗങ്ങൾ ആക്രമിച്ച് ഓർമ നഷ്ടപ്പെടാൻ തുടങ്ങിയതു വരെയുള്ള ഐതിഹാസികമായ ജീവിതം. 

അവസാന കാലത്ത് ഒരു മുറിയിലായിരുന്നു എന്റെ ജീവിതം. ഫ്ലാറ്റിലെ മറ്റെല്ലാ മുറികളും അടച്ചിട്ടിരുന്നു. അതേ, തുടക്കം പോലെതന്നെ. സ്ഥിരമായി ചില തെരുവു പൂച്ചകൾ എന്റെയടുക്കൽ വരുമായിരുന്നു. അവർ മാത്രമായിരുന്നു എന്റെ അവശേഷിച്ച സുഹൃത്തുക്കൾ. ദിലീപ് സർ തന്ന മൂക്കുത്തി അണിഞ്ഞ് ഞാൻ കണ്ണാടിയിലേക്കു നോക്കി, കാലം എന്റെ മുഖത്തു വരുത്തിയ ചുളിവുകൾ എണ്ണിക്കൊണ്ട്. ആ വജ്രം തിളങ്ങിക്കൊണ്ടിരുന്നു. ഇരുട്ടിലും തിളങ്ങുന്ന സത്യത്തെപ്പോലെ. 

ഓരോ ജീവിതവും ഒരു കഥയാണ്. ഒരു കഥയും മറ്റൊന്നുപോലെയല്ല. എന്നാൽ രേഖയുടെ ജീവിതം എല്ലാ രീതിയിലും അസാധാരണമാണ്. പാട്ടു പാടിയും നൃത്തം ചെയ്തും ഒട്ടേറെ പുരുഷൻമാരെ മോഹിപ്പിച്ച ജീവിതം. മാസം തേടിയെത്തിയവർ വിരിച്ച വലകളിൽ നിന്ന് രക്ഷപ്പെട്ടത് അദ്ഭുതകരമായി. കുപ്രശസ്തിക്കിടയിലും സ്നേഹിച്ചു ജീവിച്ച രേഖ. കാലുഷ്യമില്ലാതെ പക വീട്ടിയ കാരുണ്യം. 

മകന്റെ ജനന നിമിഷങ്ങൾ സങ്കീർണമായിരുന്നു. ആശുപത്രിയിൽ വേദന കൊണ്ടു കരയുമ്പോൾ ആരുമില്ലായിരുന്നു രേഖയുടെ കൂടെ. കുട്ടിയുടെ പിതാവ് അതിനു മുമ്പുതന്നെ രേഖയെ ഉപേക്ഷിച്ചിരുന്നു. നിനക്കെന്റെ കുട്ടിയെ വളർത്താം. പക്ഷേ, എന്റെ പേര് പോലും ചേർക്കരുതെന്നു പറഞ്ഞാണ് അയാൾ പോയത്. ശസ്ത്രക്രിയാ മുറിയിലേക്കു കൊണ്ടുപോകുമ്പോൾ രേഖയുടെ അവസ്ഥ വഷളായി. അമ്മ അല്ലെങ്കിൽ കു‌ട്ടി. ഒരാളെ മാത്രമേ രക്ഷപ്പെടുത്താൻ കഴിയൂ എന്ന് ഡോക്ടർമാർ പറയുന്നതു കേട്ടു. 

എന്നെ രക്ഷിക്കൂ: രേഖ അവരോട് അപേക്ഷിച്ചു. എനിക്കു കുട്ടിയെ വേണ്ട. എന്നെ മാത്രം രക്ഷിക്കൂ. ഞാൻ മരിക്കുകയും കുട്ടി അതിജീവിക്കുകയും ചെയ്താൽ ആരുണ്ടാകും നോക്കാൻ. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയുടെ അവസ്ഥ എന്തായിത്തീരും. ജീവിച്ചിരുന്നാൽ എനിക്ക് ഇനിയും കുട്ടികൾ ജനിക്കാം. 

ഡോക്ടർ എന്റെ ജീവൻ രക്ഷിക്കൂ: രേഖ വീണ്ടും അപേക്ഷിച്ചു. 

ബോഹ്റ എന്ന ലേഡി ഡോക്ടർ വന്നതോടെ രേഖയ്ക്ക് ആശ്വാസമായി. അവർ അവളോട് സ്നേഹത്തോടെ പെരുമാറി. ആപത്ത് സംഭവിക്കില്ലെന്നും പേടിക്കേണ്ടെന്നും ആശ്വസിപ്പിച്ചു. ഇരുണ്ട രാത്രിക്കു ശേഷമെത്തുന്ന പ്രകാശകിരണം പോലെ നീ എന്നിൽ നിന്നു ജനിച്ചു. ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്; ഏറ്റവും ആശ്വാസപ്രദവും. 

പിന്നീട് പിതാവ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒടുവിൽ രേഖയ്ക്കു തന്നെ കുട്ടിയെ കൊടുത്തിട്ടു തിരിച്ചുപോകുന്നുണ്ട്. അപ്പോൾ രേഖ പറയുന്നു: 

അയാളെ ഞാൻ വെറുക്കുന്നു. ആ കൂടിക്കാഴ്ച അവസാനത്തേതാണ്. പിതാവിന്റെ സഹായമില്ലാതെ തന്നെ എന്റെ മകനെ ഞാൻ വളർത്തും. അവന് ഒരിക്കലും അച്ഛനെ വേണമെന്ന് ഞാൻ തോന്നില്ല. എന്റെ കുട്ടിക്ക് ഞാൻ തന്നെ ധാരാളം. 

രേഖയുടെ മനസ്സിലൂടെ സഞ്ചരിച്ച് തന്റെ ജനന നിമിഷത്തെക്കുറിച്ച് എഴുതുമ്പോൾ എന്തായിരുന്നിരിക്കും മനീഷിന്റെ മനസ്സിൽ. അതദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഒരിക്കൽപ്പോലും കഥയിൽ ഇടപെടുന്നുമില്ല. അമ്മയ്ക്ക് തന്റെ ശരീരവും മനസ്സും ആത്മാവും ഹൃദയവും കൈമാറി മാറി നിൽക്കുകയാണ് ആ മകൻ. 

അമ്മയുടെ മരണശേഷം മാത്രം പുസ്തകം പുറത്തുവന്നാൽ മതിയെന്നായിരുന്നു മനീഷിന്റെ ആഗ്രഹം. പുസ്തകം പൂർത്തിയായിരുന്നെങ്കിൽ തന്നെ ഇംഗ്ലിഷിൽ എഴുതിയത് രേഖയ്ക്ക് വായിക്കാനാവുമായിരുന്നില്ല. ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ, ഹിന്ദിയിൽ എന്തുകൊണ്ടാണ് എഴുതാത്തതെന്ന് രേഖ ചോദിച്ചിരുന്നു. 

കുട്ടിക്കാലത്തു സാക്ഷിയായ പല സംഭവങ്ങളും പിന്നീട് രേഖയോടു തന്നെ മനീഷ് പറഞ്ഞിട്ടുണ്ട‌്. നീ കള്ളം പറയുകയാണെന്നായിരുന്നു അപ്പോൾ രേഖയുടെ പ്രതികരണം. 

നീയും നിന്റെ ഭാവനയും എന്നു പരിഹസിക്കാനും മടിച്ചില്ല. 

നീ എന്നോ കണ്ട ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ രംഗമായിരിക്കും അതെന്നും കൂട്ടിച്ചേർത്തു. ദ് ലാസ്റ്റ് കോർട്ടിസാൻ വായിച്ചിരുന്നെങ്കിൽ എന്തായിരിക്കും രേഖയുടെ പ്രതികരണം..? 

ജീവിതം വെറുതെയായില്ലെന്നോ. സ്നേഹം സത്യമാണെന്നോ. ഓരോ ജീവിതത്തിനും ഓരോ ദൗത്യമുണ്ടെന്നോ..? 

ദ് ലാസ്റ്റ് കോർട്ടിസൻ 

മനീഷ് ഗെയ്ൿവാദ് 

ഹാർപർ കോളിൻസ് 

‌വില 599 രൂപ 

English Summary:

Book Review of The Last Courtesan By Manish Gaekwak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com