ADVERTISEMENT

കഥകളുടെയും എഴുത്തിന്റെയും ഒരു നീരുറവയാണ് ജേക്കബ് ഏബ്രഹാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കഥകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമാണ് ആ തൂലികകൾ. കുമരി എന്ന നോവലിനുശേഷം ഏറെ ആസ്വാദകപ്രീതി നേടിയ ഇരുമുഖി, സാരി, ഒരു ക്രിസ്മസ് രാവിൽ തുടങ്ങി മൂന്നു നോവെല്ലകളാണ് ഈ പുസ്തകത്തിൽ. ഈ മൂന്നു നോവെല്ലകളിലെയും കേന്ദ്രകഥാപാത്രം 'സ്ത്രീ' തന്നെയാണ്. ഒരു സ്ത്രീയുടെ വികാരവിചാരങ്ങളെ ഏറ്റവും കൂടുതൽ മനസ്സിലാക്കാനും അടയാളപ്പെടുത്താനും ഒരു സ്ത്രീക്കു മാത്രമേ സാധിക്കൂവെന്ന ചിന്താഗതിക്കു വിഭിന്നമായി, തന്റെ തൂലികയിലൂടെ ഒരു സ്ത്രീയുടെ ജീവിതം പകർത്തുകയാണ് കഥാകൃത്ത്. ഇരുമുഖിയിലെ ദീപ ടീച്ചറും സാരിയിലെ വാസന്തിയും ക്രിസ്മസ് രാവിലെ ചിത്രയുമെല്ലാം പ്രതിനിധീകരിക്കുന്നത് നമ്മുടെ സമൂഹത്തിലെ സുപരിചിതരായ സ്ത്രീകളെ തന്നെയാണ്. 

ഇരുമുഖി 

കവിതകളെ പ്രണയിച്ച് കവിയെ കല്യാണം കഴിച്ച ദീപ ടീച്ചറാണ് ഇതിലെ പ്രധാന കഥാപാത്രം. എന്നാൽ ജീവിതം കുറച്ചങ്ങോട്ടു മുന്നോട്ടു പോയപ്പോൾ തന്റെ ജീവിതമെന്നും കവിത പോലെ മനോഹരമായിരിക്കുമെന്ന് കരുതിയ ദീപ ടീച്ചർക്ക്, ആ കവിതകളുടെ ഈണവും താളവുമെല്ലാം പതിയെ തെറ്റാൻ തുടങ്ങി. പിന്നീട്, തന്റെ അജിത്തേട്ടന്റെ കവിതകളിലൊന്നും ആ പഴയ പ്രണയം ദർശിക്കാൻ സാധിക്കാതെ വരുന്നു. കാരണം, തന്റെ ഭർത്താവ് ഇന്ന് ലോകം ആരാധിക്കുന്ന ഒരു യുവകവിയായി മാറി കഴിഞ്ഞു. അതിനാൽ 'ആരാധികമാരും' സ്വഭാവികമായി ഏറി വന്നു. എന്നാൽ ആ വാക്ക് കേൾക്കുമ്പോൾ തന്നെ ദീപ ടീച്ചർക്കെന്നും ഒരു  പൊള്ളലാണ്. ആ തീഗോളങ്ങൾ പതിച്ചിരുന്നത് ദീപ ടീച്ചറിന്റെ ഹൃദയത്തിലായിരുന്നതിനാൽ അതാരും കണ്ടതുമില്ല, അറിഞ്ഞതുമില്ല. പരസ്പരം തുറന്നുപറച്ചിലുകളുടെ ഒരു കുറവാണ് മിക്ക ദാമ്പത്യത്തിലും പലപ്പോഴും പ്രധാന വില്ലനായി കടന്നു വരാറുള്ളത്. ഇവർക്കിടയിലും സംഭവിച്ചതും വിഭിന്നമായിരുന്നില്ല. ഇവിടെ, സീതാലക്ഷമിയെന്ന മനോഹരമായ ഒരു പേരിലാണ് കഥാകൃത്ത് ദീപ ടീച്ചറുടെ തലവേദനയായി മാറിയ ആ ആരാധികയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആ സീതാലക്ഷ്മി തന്നെ ദീപടീച്ചറുടെ തലവേദനയുടെ മരുന്നായും ഒടുവിൽ മാറുന്നു. എന്നാൽ യഥാർത്ഥ്യത്തിലാരായിരുന്നു ഈ സീതാലക്ഷിയെന്നും അജിത്തേട്ടനുമായുമുള്ള ബന്ധമെന്തായിരുന്നുവെന്നും കൂടുതൽ എഴുതാൻ എനിക്കു നിർവാഹമില്ല. മനോഹരമായൊരു കുടുംബകഥയാണ് ഇരുമുഖിയിലൂടെ കഥാകൃത്ത് അവതരിപ്പിക്കുന്നത്. എന്നാൽ കൃത്രിമത്വവും കാപട്യവും പരസ്പരം ഇഴചേർന്നു പോകുന്ന ഒന്നായി മാറരുത് ദാമ്പത്യം. പരസ്പരമെന്തും തുറന്നു പറയാൻ കഴിയുന്ന ഒരു നല്ല സുഹൃത്തുകളായി മാറണം ഭാര്യാഭർത്താക്കന്മാർ, അതു കൊണ്ടാണല്ലോ അവരെ ജീവിതപങ്കാളികളെന്ന് അഭിസംബോധന ചെയ്യുന്നത്. ചെറിയ കാരണങ്ങൾ കൊണ്ട് അന്യോന്യം അകന്നു പോകുന്ന കുടുംബബന്ധങ്ങൾ അറ്റുപോകാതെ എങ്ങനെ പരസ്പരം വിളക്കിച്ചേർക്കാമെന്നും, എന്നാൽ വഴിതെറ്റി അലയുമ്പോൾ മാത്രമാണ് ജീവിതമെന്ന സാഗരത്തിൽ അപകടങ്ങൾ കടന്നുവരുന്നതെന്നും ഇരുമുഖിയിലൂടെ കഥാകൃത്ത് പറയാതെ പകർന്നു നൽകുന്നു. ‌

സാരി

കണ്ണകിയെപ്പോലെ കണ്ണിൽ എരിയുന്ന തീയുമായി തമിഴ് നാട്ടിൽ നിന്ന് ജീവിക്കാനായി, അല്ല സ്വന്തം ജീവിതത്തെ പേടിച്ചിട്ടു കൂടിയാണ് വാസന്തിയെന്ന തമിഴ് പെൺകൊടി തിരുവനന്തപുരത്തേക്ക് ബസ്സ് കയറുന്നത്. വാസന്തി യുപി സ്കൂളിൽ പഠിക്കുമ്പോഴേ അമ്മയെ നഷ്ടപ്പെട്ടു. അതിനാൽ, കുഞ്ഞുനാൾ മുതലേ ദുരന്തപൂർണമായ ജീവിതത്തെ കരുത്തോടെ നേരിടേണ്ടി വന്നവളാണ് വാസന്തി. അവൾ തന്റെ അച്ഛനെ പരിചയപ്പെടുത്തുന്നത്, 'പനയിലേക്ക് തളപ്പിട്ടു കയറിക്കയറിപ്പോകുന്ന മെലിഞ്ഞ ഒരു കറുത്ത രൂപം. പനകൾ കാറ്റിലാടുന്നു. വരണ്ട മണ്ണിൽ പറത്തലപ്പുകളിൽനിന്നു മലയിറങ്ങി വന്ന കാറ്റ് ഇഴഞ്ഞുനടക്കുന്നു. പനങ്കള്ളു കുടിച്ച് പൊടിമണ്ണിലേക്കു വീഴുന്ന മനുഷ്യൻ സ്വന്തം അച്ഛനാണ്.' പിന്നെ കാന്തൻ, അപ്പന്റെ കൂടെ പനമരങ്ങളിൽ കയറുന്നവൻ. കുടിമയക്കത്തിൽ അവൻ വാസന്തിയുടെ ചാരെയൊരു കാട്ടുപൂവായി വരും. ഇതിൽ കൂടുതൽ വിശേഷണങ്ങളൊന്നും ഇനി വാസന്തിയെ പറ്റി മനസ്സിലാക്കാൻ ആവശ്യമില്ലല്ലോ? ഈ കൂരിരുൾ കാട്ടിൽ നിന്ന് ഒരിത്തിരി പ്രതീക്ഷയുടെ വെളിച്ചം തേടിയാണ് വാസന്തി തിരുവനന്തപുരത്ത് വന്നിറങ്ങുന്നത്. തന്റെ കൂട്ടുകാരി സുഗന്ധിയാണ് ആദ്യം തുണിക്കടയിൽ നിൽക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അവളാണു വാസന്തിയുടെ തലയിലും ആശകൾ നിറച്ച് തിരുവന്തപുരത്ത് വന്നിറങ്ങാൻ പ്രേരണ നൽകിയതും. എന്നാൽ വിധി അവിടെയും അവൾക്ക് അനുകൂലമായില്ല, തന്റെ കുട്ടൂകാരി സുഗന്ധിയെ വസന്തിക്കു അവിടെയൊന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല. തുടർന്ന് സ്മിത സിൽക്സ് എന്ന ഒരു തുണിക്കടയിൽ അവിടെത്തെ വൃദ്ധനായ ഒരു സെക്യൂരിറ്റിയുടെ അനുകമ്പയിൽ സെയിൽസ് ഗേളായി ജോലി ശരിയാവുന്നു. ആ തുണിക്കടയുടെ മുഴുവൻ മേൽനോട്ടവും മാനേജരായിരുന്ന പ്രസാദ് സാറിനായിരുന്നു. ആകർഷണം തോന്നുന്ന വ്യക്തിത്വവും പെരുമാറ്റവുമായിരുന്നു അയാളുടേത്, ജോലിക്കാരോട് നല്ല കർക്കശക്കാരനുമായിരുന്നു. ആ തുണിക്കടയിലെയും ഹോസ്റ്റലിലെയും സർവാധികാരിയും മിടുക്കിയുമായിരുന്നത് കമലയെന്ന പെൺകൊടിയായിരുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വാസന്തിക്കും അവിടെ കമലയെ പോലെ സർവാധികാരിയും മിടുക്കിയുമായി മാറാൻ സാധിച്ചു. ഇതെല്ലാം പ്രസാദ് സാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ടെന്നുമെല്ലാം വാസന്തി പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. അത് അവൾക്ക് ആഹ്ലാദം നൽകാറുമുണ്ട്. നാളുകൾ കടന്നു പോയി, എന്നാൽ ആ തുണികടയുടെ മറവിൽ എന്തൊക്കെയോ അസ്വാഭാവികത  സംഭവിക്കുന്നുണ്ടെന്നും തന്റെ കൂട്ടുകാരി കമലയും എന്തൊക്കെയോ തന്നോട് മറയ്ക്കുന്നതായും വാസന്തിക്കു അനുഭവപ്പെടുന്നു. മാത്രമല്ല, അസമയങ്ങളിൽ അവിടുത്തെ  സ്ത്രീകളെ കോങ്കണ്ണൻ ഓട്ടോയിൽ കേറ്റി  എവിടേയ്ക്കൊ കൊണ്ടുപോകാറുണ്ടെന്ന സത്യം വാസന്തി തിരിച്ചറിയുന്നു. കാരണം ആ ദുർവിധി അവളെയും തേടിയെത്താൻ അധികസമയം വേണ്ടി വന്നില്ല. പക്ഷേ, വാസന്തി തീയിൽ കുരുത്തവളായിരുന്നു അതിനാൽ വെയിലേറ്റപ്പോൾ വാടിയില്ല. ഇതിനു പിന്നിലെ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ആ  ദീകരസത്വത്തെ വലിച്ചുകീറി കാണിക്കണമെന്നുണ്ട്, പക്ഷേ എന്തുചെയ്യാം കഥാചുരുളഴിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീയുടെ ഹൃദയം കാണാതെ മനസ്സറിയാതെ ആ ശരീരത്തിനോട്  മാത്രം തോന്നുന്നത് ഇഷ്ടമല്ല, അതൊരു ആസക്തിയും രോഗവുമാണ്‌. പലപ്പോഴും തുണിക്കടയിൽ പോകുമ്പോൾ തമിഴ് പേസുന്ന യുവതികളെ കാണാറുണ്ട്, ഒരു രസത്തിന് അവരോട് തമിഴിൽ കൊഞ്ചം പേസും, അപ്പോൾ അവർ വിടർന്ന കണ്ണുകളോടെ മധുരമായി പുഞ്ചിരിച്ചു കൊണ്ട് ആശ്ചര്യത്തോടെ ചോദിക്കും, ഉനക്ക് തമിഴ് തെരിയുമാ? എന്നാൽ ആ വിടർന്ന കണ്ണുകൾക്കും മധുരമേറിയ പുഞ്ചിരികൾക്കും പിന്നിൽ അവരൊളിപ്പിച്ചിരിക്കുന്ന എത്ര കദനകഥകളുണ്ടാവും ഒരുപക്ഷേ? പ്രതിമകൾ പോലെ അനക്കമറ്റ പെൺജീവിതങ്ങൾ.

ഒരു ക്രിസ്മസ് രാവിൽ             

അന്നമ്മച്ചിയും അവരുടെ ഹോംനഴ്സായ ചിത്രയുമാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ. വാർധക്യം യഥാർഥത്തിലൊരു ഏകാന്തതയാണ്, നമ്മുടെയെല്ലാം ഈ തിരക്കു പിടിച്ച  യാത്രകൾ അവസാനിക്കുന്നതും ഈ ഏകാന്തതയിലേക്കാണ്. എന്നാൽ ഈ ഏകാന്തതയെ അതിമനോഹരമായി പരിപാലിച്ചുകൊണ്ട് അന്നമ്മച്ചിയുടെ ജീവിതം തളരിതമാക്കുകയാണ് ചിത്ര. അന്നമ്മച്ചിക്കും ചിത്രയേ അത്രയ്ക്കു ജീവനാണ്. മക്കളെല്ലാവരും കുടുംബവുമായി വിദേശത്ത്, ഓരോരുത്തരും മാറി മാറി വീഡിയോ കോളിൽ വന്നെത്തി നോക്കി പോകും. സ്വന്തം പ്രാരാബ്ധങ്ങളും ലോണുകളും ഏറി വന്നപ്പോൾ നിവൃത്തിയില്ലാതെയാണ് ചിത്ര ഹോം നഴ്സിന്റെ കുപ്പായമണിഞ്ഞത്. യഥാർത്ഥ്യത്തിൽ അവൾ സഞ്ചരിച്ചിരുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു. അഞ്ചു വർഷമായി അവൾ കണ്ടുണരുന്ന ഒരു പേടി സ്വപ്നമായിരുന്നു, ജോമി. സ്വന്തം ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും  എന്നന്നേക്കുമായി അടിയറവെച്ചുകൊണ്ട് ജീവിതകാലം മുഴുവനൊരു കുലസ്ത്രീയായി ജീവിക്കണമെന്ന  സ്വാർത്ഥതയുള്ള തന്റെ കാമുകനെ തീർത്തും നിരസിച്ചവളാണ് ചിത്ര. എന്നാൽ, പിന്നീടങ്ങോട്ട് ഒരു കൊലപാതകിയുടെ കാൽപെരുമാറ്റം അവളെ വിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നു. അതിൽ നിന്നെല്ലാം രക്ഷതേടി അവൾ അഭയം പ്രാപിച്ചത് ഈ അമ്മച്ചിയുടെ അരികിലാണ്. എന്നാൽ കഥകൾ ഇവിടെ അവസാനിക്കുന്നില്ല, താൻ നിൽക്കുന്നയിടം യഥാർത്ഥ്യത്തിൽ സുരക്ഷിതമണോ അല്ലയോയെന്ന് ചിത്ര തിരിച്ചറിയാൻ വൈകി. വായനക്കാരൻ പ്രതീക്ഷിക്കാത്ത വീഥിയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ക്രിസ്മസ് രാവ് വിരാമമിടുന്നത്. ആകാംഷയുടെ മുൾമുനയിൽ നിന്നുകൊണ്ടുള്ള തുടക്കവും എന്നാൽ വളരെ മനോഹരമായ ഒടുക്കവും. 

ജേക്കബ് ഏബ്രഹാം

ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും 

വില 260 രൂപ        

English Summary:

Jacob Abraham's 'Irumukhiyum mattu priya Novellakalum' book review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com