ADVERTISEMENT

പ്രണയം ഒരു ചെടിയിലെ ഒറ്റപ്പൂവല്ല. ജീവ വൃക്ഷത്തിലെ ഏകശിഖരമല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതോ ഒരോളോടു മാത്രം തോന്നുന്ന വികാരമോ അല്ല. വിവാഹമെന്നോ വിഹിതമെന്നോ അവിഹിതമെന്നോ വേർതിരിക്കാനാവില്ല. സദാചാര, ദുരാചാര നിമയങ്ങളും ബാധകമല്ല. പ്രണയം എന്ന ഒറ്റച്ചരടിലാണ് ടാഗോർ ഗീതാഞ്ജലിയിലെ ഗീതകങ്ങൾ കോർത്തത്. അന്യോന്യം വിഭിന്നമായിരിക്കുമ്പോഴും വ്യത്യസ്ത കടലുകളെ തേടുമ്പോഴും ആ ഗീതകങ്ങളുടെ ഒഴുക്കിൽ പ്രണയത്തിന്റെ ജീവതാളമുണ്ടായിരുന്നു. മനുഷ്യർ മാത്രമായിരുന്നില്ല കഥാപാത്രങ്ങൾ.

ദൈവവും മരണവും പോലും ആ പ്രണയ നാടകത്തിൽ നിറഞ്ഞാടി. ജീവിത സമർപ്പണ ഗാനം പാടി. എല്ലാം സമർപ്പിച്ചിരുന്നെങ്കിൽ ഏറ്റവും ധനവാനായിരുന്നേനേം എന്നതുപോലെ എല്ലാം മറന്നു സ്നേഹിച്ചിരുന്നെങ്കിൽ നേടാമായിരുന്ന സ്വർഗത്തിന്റെ നഷ്ടത്തിൽ കരൾ നൊന്ത് പാടി. അതേ പാട്ട് ഇന്നും പാടാനാണ് മനുഷ്യന്റെ വിധി. സംശയവും ആശങ്കയും സമൂഹവും സ്വയവും തീർത്ത മതിലുകൾക്കു മുന്നിൽ തിരിച്ചുനടന്നതോർത്ത് തല കുനിച്ചിരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യം. ദുർവിധി.

മാധവിക്കുട്ടിയുടെയും സുഗതകുമാരിയുടെയും ചില കാമുകിമാരെങ്കിലും വ്യത്യസ്തരായിരുന്നു. മഴയും രാവും ഏകാന്തതയും അനിശ്ചിതമായി നീളുന്ന പാതയും സാക്ഷിയാക്കി പ്രിയനെത്തന്നെ ഓർത്തുപാടുന്ന വിരഹിണി. അവസാനമായി അവൻ നീട്ടിയ വിഷപാത്രവും എത്ര സന്തോഷത്തോടെയാണ് കുട‌ിച്ചുവറ്റിച്ചത്. ഇന്നും അവനെത്തന്നെ ഓർത്തുപാടിയപ്പോഴും സന്തോഷം മാത്രം. നഷ്ടപ്പെട്ട നീലാംബരിക്കുവേണ്ടി ജീവിതം സമർപ്പിച്ച മാധവിക്കുട്ടിയുടെ വിളറിയ ചന്ദ്രക്കലയും. 

panjimittayi-book

അനുവാദത്തോടെ പ്രവേശനമില്ലാത്ത ഇടങ്ങളിൽ ആദ്യത്തേതായ പ്രണയം തന്നെയാണ് അശ്വതിയുടെ കവിതാ ശകലങ്ങളെയും കൂട്ടിയിണക്കുന്നത്. അതിതീവ്രവും ഗഹനവുമായ പ്രണയം. എന്നാൽ, ഇതിൽ കൂടുതൽ, വളരെ കൂടുതൽ നമ്മൾ അർഹിക്കുന്നില്ലേ എന്ന ചിന്ത ഒറ്റദിവസത്തെ വിചാരമല്ല. എപ്പോഴെങ്കിലുമൊരിക്കലത്തെ അവിചാരിതമായ തോന്നലല്ല. ഇന്നത്തെ സ്വപ്നവും നാളത്തെ യാഥാർഥ്യവുമല്ല. പല കാലങ്ങളിൽ, നേരങ്ങളിൽ, പല ബന്ധങ്ങളിൽ തെന്നിയും തെറിച്ചും നീങ്ങിയതിനുശേഷം ഊറിക്കൂടിയ സത്യമാണ്. കേവലമൊരു ഉപരിപ്ലവ വികാരത്തിന്റെ തലത്തിൽ നിന്നു മാറി ഗാഢമായി പ്രണയത്തെ അഭിമുഖീകരിക്കുന്നു എന്നതാണ് പഞ്ഞിമിഠായിയുടെ സവിശേഷത. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്, 

അന്ന് നിന്നെ പിന്നിലാക്കി

വേഗത്തിൽ ഞാൻ വണ്ടിയോടിച്ചു. 

മുറിവേറ്റ ഹൃദയത്തെ ‌

പിന്നിലാക്കാൻ പറ്റില്ല 

എന്ന ബോധ്യത്തോടെ 

എന്നെഴുതാൻ അശ്വതിക്ക് കഴിയുന്നത്. 

ഞാൻ നിന്റെ പ്രണയവും നീ എന്റെ ജീവനും അകുന്ന കാലത്തോളം സംഘർഷങ്ങളിലൂടെയാണ്  ഈ യാത്ര. അവിടെ നിശ്ശബ്ദതയും ശബ്ദവുമുണ്ട്. മൗനവും സംഗീതവുമുണ്ട്. ശാന്തതയും ഓളങ്ങളുടെ അലകളുമുണ്ട്. ആഗ്രഹവും കാത്തിരിപ്പുമുണ്ട്. അരാജകത്വവും ആഘോഷവുമുണ്ട്. ശരീരവും മനസ്സും മരണവുമുണ്ട്. 

ഒരിക്കൽ എന്നിൽ നിന്നും 

‌പിരിയാൻ തുടങ്ങിയപ്പോൾ 

നീ പറഞ്ഞു 

പ്രണയം ‌ആത്മീയമാണെന്ന്. 

അപ്പോൾ, മുത്തു പോലുള്ള 

‌എന്റെ കണ്ണുനീർത്തുള്ളികളോ? എന്ന ചോദ്യം പ്രണയത്തിനു നൽകുന്നത് മണ്ണിൽ തറഞ്ഞ വേരുകളാണ്. എന്നാൽ, ചിലർ രക്തത്തിൽ അലിഞ്ഞുചേരുമ്പോൾ, ചിലർ ശ്വാസത്തിലും മറ്റു ചിലർ ജീവിതത്തിലും അലിഞ്ഞുചേരുന്നു എന്ന തിരിച്ചറിവ് ജീവിതത്തിനുമപ്പുറത്തേക്ക്, മരണത്തിനും അപ്രാപ്യമായ മറ്റൊരു തലത്തിലേക്ക് വെളിച്ചം കാണിക്കുകയും ചെയ്യുന്നു. 

ഞാനോർത്തു 

പ്രണയം നമ്മളെ മാറ്റിമറിക്കുമെന്ന്, 

ഋതുക്കൾ മറിമറിയും പോലെ. ‌

നമ്മൾ മാറി. 

പക്ഷേ, 

ഒറ്റയ്ക്ക്. 

ഞാനും നീയുമായി. 

പഞ്ഞിമിഠായി 

അശ്വതി അരവിന്ദാക്ഷൻ 

സൈകതം ബുക്സ് 

വില 160 രൂപ 

English Summary:

Panjimittayi Book Review - Awasthi malayalam book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com