ADVERTISEMENT

ഓം കലി ഹ്രീം ക്രീം ആവേ മറിയ ലാഇലാഹൂ സിന്ദാബാദ് സ്വാഹാ. 

അതു വെളിച്ചപ്പാടിന്റെ ശബ്ദമാണ്. കലിയുടെ മുദ്രാമന്ത്രമാണ്. എത് എല്ലാവരും ഒരേ സ്വരത്തിൽ വിളിക്കവേ വെളിച്ചപ്പാട് ഭീകരമായി ഉറഞ്ഞുതുള്ളാനും തുടങ്ങി. തെറ്റിപ്പൂ എന്ന് അലറി വിളിക്കവേ, അഞ്ചുപേർ കയ്യിൽ തെറ്റിപ്പൂവുമായി പ്രവേശിക്കുന്നു. 

തെറ്റിപ്പൂക്കൾ ഇതല്ല. ചോരപ്പൂക്കൾ ഇതല്ല. കലിയാണു ഞാൻ. വിശ്വാസികളേ വരുവിൻ. നിങ്ങളെ ഞാൻ രക്ഷിക്കും. അവിശ്വാസികളെ കടിച്ചുകീറി ചോരകുടിക്കും. എനിക്കു ചോര വേണം. എനിക്കു ചോര വേണം. എനിക്കു മനുഷ്യന്റെ ചോര വേണം എന്ന് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുമ്പോൾ എല്ലാവരും ഭയന്നു നിലവിളിക്കുന്നു. 

ഈ നിലവിളിയിലാണ് കലി നാടകത്തിന്റെ ആദ്യത്തെ അങ്കം അവസാനിക്കുന്നത്. അവിടെയാണ് ആദ്യത്തെ കൂവൽ ഉയരുന്നത്; കാണികളിൽ നിന്ന്. പിന്നീട് അത് അനിയന്ത്രിതമായി. അതോടെ, മൂന്നാമങ്കം പൂർണമായി കൂവലിൽ മുങ്ങിപ്പോയി.അണിയറയുടെയും രംഗവേദിയുടെയും ഇടയിൽ മതിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു നാടകകൃത്ത്. എല്ലാം കേട്ടും ഏറ്റും. നാടകം കഴിഞ്ഞപ്പോൾ എന്റെ മനസ്സ് നിശ്ചലമായി. ആക്രമിക്കപ്പെട്ട ഗ്രാമം പോലെ നാടകശാല ഒഴിഞ്ഞുകിടന്നു എന്നാണ് ശ്രീകണ്ഠൻ നായർ ആ നിമിഷത്തെക്കുറിച്ച് നാലു വർഷത്തിനു ശേഷം എഴുതിയത്. 

book-kali-by-c-n-sreekantan-nair

ജനം കൂവിത്തോൽപിച്ചത് ശ്രീകണ്ഠൻ നായർ എന്ന നാടകകൃത്തിന്റെ മാറിവരുന്ന നാടകസങ്കൽപത്തിന്റെ തുടക്കത്തെയാണ്. എന്നാൽ, പരാജയം ബാധിക്കാത്ത ആത്മവിശ്വാസത്തിന്റെ കോട്ട കെട്ടി അദ്ദേഹം മുന്നോട്ടുപോയി. അധികം വൈകാതെ തനതു നാടക സങ്കൽപത്തെ ജനം ഏറ്റെടുത്തു. വിജയിപ്പിച്ചു. എന്നാൽ, അതു കാണാനും ആഹ്ളാദിക്കാനും അദ്ദേഹം നിന്നില്ല. നാടകം തീർന്ന് യവനിക വീണ ഉടൻ  നിഷ്ക്രമിച്ചു.

കവിക്കും കഥാകാരനും എഴുതിത്തീരുമ്പോൾ സൃഷ്ടികർമം പൂർത്തിയായി. നാടകത്തിന്റെ ശിൽപം പൂർത്തിയാവുന്നത് അരങ്ങത്തു മാത്രമാണ്. കാവ്യരചനയിൽ കവിക്കു കിട്ടുന്ന നിർവൃതി നാടക രചനയിൽ നാടകകൃത്തിനു ലഭിക്കാൻ നാടകം അരങ്ങുമായി ചേരുന്ന ആദ്യരാത്രി വരെ കാത്തിരിക്കണം. അങ്ങനെ കാത്തിരുന്നപ്പോഴാണ് 1967 ഡിസംബർ 23 ന് രാത്രിയിൽ നിലയ്ക്കാത്ത കൂവൽ അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ ഇത്രമാത്രം കൂവൽ ലഭിക്കാൻ കലി എന്തു തെറ്റാണു ചെയ്തത്. 

അസംബന്ധം എന്നു വിളിക്കുന്ന രംഗസംവിധാനവും അതുവരെ കണ്ടും കേട്ടും പരിചയിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും കഥയുമായി എത്തിയ കലി, ഒരു ഷോക് ട്രീറ്റ്മെന്റ് ആണ് ഉദ്ദേശിച്ചത്. വിപ്ലവം, പ്രണയം, മാംസദാഹം, അധികാരം, അധികാര ആസക്തി എന്നിങ്ങനെ വിശ്വാസത്താലും അന്ധവിശ്വാസത്താലും മനുഷ്യനെ കുരുക്കിയിട്ട ആദർശങ്ങളുടെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു ശ്രീകണ്ഠൻ നായർ. അതിന്, അതുവരെയില്ലാത്ത ഒരു പുതിയ അരങ്ങ് അദ്ദേഹം ഒരുക്കി. അതാണു ജനം തിരസ്കരിച്ചത്. 

മനുഷ്യരേ, പ്രിയപ്പെട്ട മനുഷ്യരേ...

ചുവട് ഒന്നുകൂടി മതി സ്വർഗത്തിലെത്താൻ. കഥയിലെ സ്വർഗമല്ല, ഈ മണ്ണിൽത്തന്നെ ഉണ്ടാവുന്ന സ്വർഗം. ആരും ആരെയും വേദനിപ്പിക്കാത്ത ലോകം. പുതിയ യുഗം. ഈ യുഗത്തിന്റെ മൂർത്തി ഇതാ മുന്നിൽ അവതരിച്ചിരിക്കുന്നു. കലി തുടരുകയാണ്. അന്ന് കൂവിയെങ്കിലും ഇന്ന് കലി കയ്യടി അർഹിക്കുന്നുണ്ട്. അരങ്ങിലല്ലെങ്കിലും അക്ഷരങ്ങളാണെങ്കിലും കയ്യടിക്കാതിരിക്കാൻ കഴിയില്ല. ഇന്നും എന്നും പ്രസക്തമാണ് കലിയുടെ ആശയവും സിദ്ധാന്തവും പ്രയോഗവും. കലി മുൻകൂട്ടി കണ്ടതൊക്കെയും പിന്നീട് യാഥാർഥ്യമായി. കൂവിയവർ നിസ്സഹായരായി. വരാനിരിക്കുന്ന ലോകത്തെ പ്രവചിച്ച കലി വിജയിച്ചു; ആ നിമിഷം കണ്ട് ആന്ദിക്കാൻ കഴിഞ്ഞില്ലെങ്കിലും വിജയം നാടകകൃത്തിന് അവകാശപ്പെട്ടതാണ്. കലിയെ സൃഷ്ടിച്ച ശ്രീകണ്ഠൻനായർക്ക്. 

കലി

സി.എൻ.ശ്രീകണ്ഠൻ നായർ 

ഡിസി ബുക്സ് ‌

വില 130 രൂപ 

English Summary:

Kali book written by CN Sreekanthan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com