ADVERTISEMENT

നഗരത്തിരക്കിൽനിന്നകന്ന് ഫ്യൂച്ചര്‍ ടെക്നോളജീസെന്ന കമ്പനിയുടെ ബഹുനില മന്ദിരം. ആ ദിവസത്തെ ഓഫിസ് സമയം കഴിഞ്ഞിരിക്കുന്നു. മധ്യാഹ്നത്തില്‍ പെയ്യാനാരംഭിച്ച മഴ അപ്പോഴാണ് ഒന്ന് തോര്‍ന്നത്.അടുത്ത മഴയ്ക്ക് മുമ്പ് വീട്ടിലേക്കെത്താന്‍ തിടുക്കപ്പെട്ടു ജീവനക്കാരൊക്കെ ധൃതിയിൽ ഇറങ്ങിക്കൊണ്ടിരുന്നു...

പുറത്തെ മഴയുടെയും തിരക്കിന്റെയും കലമ്പലൊന്നും വര്‍ഷ അറിഞ്ഞില്ല. അവളുടെ വിരലുകള്‍ മഴപെയ്യുന്നതുപോലെ താളത്തില്‍ കീബോര്‍ഡില്‍ ചലിച്ചുകൊണ്ടിരുന്നു. ടൈപ്പിങ് നിര്‍ത്തിയ ശേഷമാണ് അവള്‍ വാച്ചിലേക്ക് നോക്കിയത്. സമയം 6.30 പിഎം

അപ്പോഴാണ് അവൾ ജനലിലൂടെ വിതുമ്പാനൊരുങ്ങി നിൽക്കുന്ന ആകാശത്തേക്ക് ആശങ്കയോടെ നോക്കിയത്. വളരെ വൈകിയിരിക്കുന്നു. അന്നുതന്നെ തീര്‍ക്കേണ്ട പ്രോജക്ടാണെന്ന് മാനേജര്‍ പ്രത്യേകം പറഞ്ഞിരുന്നു. ജോര്‍ജ് ഇടയ്ക്ക് ചെയ്ത ഫോണ്‍ കോളും കുറെസമയം കളഞ്ഞു. ഓഫിസ് ടൈമില്‍ വിളിക്കരുതെന്ന് പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ല, ഇഡിയറ്റ്... വര്‍ഷ ഓര്‍ത്തു.

പ്രിന്ററില്‍ നിന്ന് പേപ്പറെടുത്ത് ഒരു ഫയലില്‍ അടുക്കി അവള്‍ മാനേജറുടെ ടേബിളിലെത്തി. എംഡിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റെന്ന പോസ്റ്റിലാണ് അവളെ എടുത്തതെങ്കിലും മാനേജരാണ് അവള്‍ക്കുള്ള ജോലികള്‍ കൊടുക്കുന്നത് എംഡിയെ ചുരുക്കമായേ അവള്‍ കണ്ടിട്ടുള്ളൂ. അടുത്തകാലത്താണ് വര്‍ഷ ആ കമ്പനിയിലെ എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി എത്തിയത്.

ഏതോ ഫയലില്‍ തലപൂഴ്ത്തിയിരുന്ന മാനേജര്‍ നാരായണസ്വാമി അവളെ കണ്ണടയുടെ മുകളിലൂടെ സൂക്ഷിച്ച് നോക്കി. 

"വര്‍ഷ, തീര്‍ന്നോ അത്?" 

"യസ് സാര്‍." അവള്‍ ഫയല്‍ ടേബിളില്‍ വച്ചു. 

"വെരിഗുഡ് ഇന്നുതന്നെ ഇത് വേണ്ടിയിരുന്നു. വളരെ നന്നായി."

third-eye-logo

കുട്ടി നല്ലപോലെ വൈകിയല്ലേ. നിന്ന് സമയം കളയണ്ട. ഞാന്‍ ചെക്ക് ചെയ്തിട്ട് എംഡിക്ക് കൊടുത്തോളാം. അപ്പോള്‍ പൊയ്ക്കോളൂ... ബൈ. അവള്‍ പോകുന്നതു നോക്കി ഒന്നു ദീര്‍ഘനിശ്വസം വിട്ടശേഷം സ്വാമി ഫയലിലേക്ക് വീണ്ടും മുഖം പൂഴ്ത്തി.

വര്‍ഷ ബാഗുമെടുത്ത് ലിഫ്റ്റിലേക്ക് കയറി. ബേസ്മെന്റിലേക്കുള്ള ബട്ടണില്‍ പ്രസ് ചെയ്തു. ലിഫ്റ്റ് താഴേക്ക് പോയി. തുറന്നപ്പോള്‍ അവള്‍ പുറത്തേക്കിറങ്ങി, നിലത്താകെ വെള്ളം ഒഴുകി പരന്നുകിടന്നിരുന്നു. അവള്‍ വെള്ളക്കെട്ടിൽ ചവിട്ടാതെ നടന്നു.

ഹൈഹീല്‍ഡില്‍ നിന്ന് തെന്നാതെ പണിപ്പെട്ട് അവള്‍ തന്റെ ആക്ടീവയുടെ അടുത്തെത്തി. സീറ്റിനടിയില്‍ നിന്ന് ഹെല്‍മെറ്റ് എടുത്തുവച്ച്, ഹാന്‍ഡ് ബാഗ് തൂക്കി. വാഹനത്തില്‍ കയറി ഇരുന്നശേഷം സ്റ്റാര്‍ട്ടാക്കാന്‍ അവള്‍ ശ്രമിച്ചു. വണ്ടി ഒന്നു മുരണ്ടതല്ലാതെ അനങ്ങിയില്ല. അവള്‍ ഇറങ്ങിയശേഷം കിക്കര്‍ ചവിട്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. ആ തണുപ്പിലും അവളുടെ മുഖത്ത് വിയര്‍പ്പിന്റെ മുത്തുമണികള്‍ പൊടിഞ്ഞു.

എന്താ പ്രശ്നം ഞാന്‍ സഹായിക്കണോ?. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു. അടുത്ത് കിടന്ന ഒരു ആഡംബരക്കാറിന്റെ ബോണറ്റില്‍ ചാരി ഒരു യുവാവ്. എംഡിയുടെ മകന്‍. ഞാന്‍ ഒന്നു നോക്കാം. അയാള്‍ വാഹനത്തിനടുത്തെത്തി. ഹും രക്ഷയില്ല. ടൗണില്‍നിന്ന് മെക്കാനിക്കിനെ വിളിക്കേണ്ടി വരും. ഏതായാലും വിരോധമില്ലെങ്കില്‍ വരൂ. ഞാന്‍ ടൗണില്‍ ഡ്രോപ്പ് ചെയ്യാം.

ഒന്നു ശങ്കിച്ചുനിന്നശേഷം അയാളെ പിന്തുടര്‍ന്ന് അവള്‍ കാറിലേക്ക് കയറി. മുഖം ടൗവലാല്‍ ഒപ്പി അവള്‍ വണ്ടിക്കുള്ളിലെ തണുപ്പില്‍ മൃദുവായ കുഷ്യനിലേക്ക് ചാരി ഇരുന്നു. വാഹനമയാള്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നിറക്കി റോഡിലെത്തിച്ചപ്പോള്‍ ഗേറ്റില്‍നിന്ന ശിപായി അയാള്‍ക്ക് സലാം നല്‍കി.

ഞാന്‍ റോബര്‍ട്ട് അറിയാമല്ലോ അല്ലേ. അറിയാം സാര്‍. എന്താണ് കുട്ടിയുടെ പേര്? ഐ ആം വര്‍ഷ, ഫ്രാൻസിസ് സാറിന്റെ പിഎ. ഓ ന്യൂ ജോയിനി അല്ലെ. അയാള്‍ ഡ്രൈവ് ചെയ്യുന്നതിനിടെ സംസാരിച്ചുകൊണ്ടിരുന്നു. പലരും പറഞ്ഞതു പോലൊന്നുമല്ല മാന്യനാണെന്ന് അവള് മനസ്സില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

വഴിനീളെ റോബര്‍ട്ട് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അവള്‍ മറുപടി കൊടുത്തുകൊണ്ടേയിരുന്നു. ഇതിനിടെ അയാള്‍ വാഹനം റോഡ് വിട്ട് ഒരു ഇടവഴിയിലേക്കിറക്ക. അവള്‍ക്ക്ഭയമെന്നും തോന്നിയില്ല ഇതുവരെ പോയിട്ടില്ലെങ്കിലും അത് ടൗണിലേക്കുള്ള ഒരു എളുപ്പവഴിയാണെന്ന് അവള്‍ക്കറിയാമായിരുന്നു.

അവിടെയുമിവിടെയും പൊട്ടിപ്പൊളിഞ്ഞ ആ റോഡിലൂടെ ഒരു കുഴിയിലും ചാടിക്കാതെ അയാള്‍ ചിരപരിചിതനെപ്പോലെ വാഹനം ഓടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് വഴി രണ്ടായി പിരിഞ്ഞപ്പോള്‍ അയാള്‍ വെല്‍ക്കം എച്ച്എം എന്ന് എഴുതിയ റോഡിലേക്ക് തിരിച്ചു. എന്താണ് എച്ച്എം എന്ന് അവൾ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അവൾ ആദ്യമായി ഒന്നു ഭയന്നു.

ഹലോ റോഡിതല്ല, അവൾ ഡോർ ഹാൻഡിലിൽ കൈ എത്തിപ്പിടിച്ചു. ഇതുതന്നെയാണ് വർഷ. ഇവിടമാകെ ഇരുട്ടാണല്ലോ? അവള്‍ ചോദിച്ചു. അതെ എച്ച്എം കെമിക്കല്‍സ് കമ്പനിയുടെ ഒരു പ്രൈവറ്റ് റോഡാണിത്. കമ്പനി പൂട്ടിയപ്പോള്‍ ഈ റോഡ് ഉപേക്ഷിച്ചു. ഏതോ കേസിലാണ്. നമ്മുടെ ഓഫിസിലെ ചിലരല്ലാതെ മറ്റാരും ഈ വഴി വരാറില്ല.

അയാള്‍ ഇതുപറഞ്ഞശേഷം അവളെ അടിമുടി നോക്കി. പെട്ടെന്ന് അവള്‍ക്ക് എന്തോ വല്ലായ്മ തോന്നി. എന്തോ ഒരു പന്തികേട്. സ്ത്രീകള്‍ക്കുള്ള ഒരു ആറാം ഇന്ദ്രീയം. ഒരു ഗട്ടര്‍ ചാടിയപ്പോള്‍ അവള്‍ അയാളുടെ വശത്തേക്ക് ഒന്നു ചരിഞ്ഞു. പെട്ടെന്നയാള്‍ അവളെ വലിച്ചടുപ്പിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. വാഹനം അയാള്‍ വെട്ടിത്തിരിച്ച് വശത്തെ ഇരുട്ടിലേക്ക് നിര്‍ത്തി.

അവള്‍ കുതറിമാറി. ഡോറ്‍ തുറക്കാന്‍ നോക്കി. അയാള്‍ അവളുടെ കഴുത്തില്‍പിടിച്ച് ഗ്ലാസിനോട് ചേര്‍ത്തു. എടീ നീ നല്ലപിള്ള ചമയണ്ട. എല്ലാം എനിക്കറിയാം. അവള്‍ അയാളുടെ കൈയില്‍ കടിച്ചു. അവള്‍ തന്റെ ബാഗില്‍ കയ്യിട്ട് പെപ്പര്‍ സ്പ്രേ എടുത്ത് അയാളുടെ മുഖത്തടിച്ചു. അയാള്‍ മുഖം പൊത്തി കുനിഞ്ഞപ്പോള്‍ കയ്യില്‍ തടഞ്ഞ ചെറിയ പേനാക്കത്തിയെടുത്ത് അയാളുടെ കഴുത്തിന് പിന്നില്‍ അവള്‍ കുത്തി. പക്ഷേ തോളില്‍ ചെറിയ മുറിവേല്‍പ്പിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. പിന്നെയും കുത്താനാഞ്ഞപ്പോൾ അയാൾ മുഖം മറച്ചിരുന്നു.

അവള്‍ ഡോര്‍ തുറന്ന് ഇറങ്ങി ഓടി. അല്‍പ്പം സമയം മുന്നോട്ട് തിരിഞ്ഞു നോക്കാതെ ഓടിയപ്പോള്‍ അവള്‍ക്ക് ശ്വാസം പോലും വിടാന്‍ വയ്യാതായി. പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ അവളുടെ മുഖവും പുകയുന്നുണ്ടായിരുന്നു. അയാള്‍ കഴുത്തില്‍ പിടിച്ചതിന്റെ വേദനയും. അവള്‍ മെയിന്‍ റോഡിലേക്ക് എത്തി. വാഹനങ്ങള്‍ പാഞ്ഞു പോകുന്നതിനിടയ്ക്ക് അവള്‍ നിന്നു. ഭൂമി മുഴുവന്‍ വട്ടംചുറ്റുകയായിരുന്നു.

ഒരു ഓട്ടോയ്ക്ക് കൈകാണിച്ച് അവള്‍ കയറി. തന്റെ മുഖം ഓട്ടോക്കാരന് കണ്ണാടിയിലൂടെ ശ്രദ്ധിക്കാതിരിക്കാന്‍ അവള്‍ പിന്നിലേക്ക് ചാരി ഇരുന്നു. വീട്ടിലെത്തി അവള്‍ കട്ടിലിലേക്ക് വീണു...

(തുടരും...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com