ADVERTISEMENT

വെള്ളത്തിലേക്കു ചാഞ്ഞുനിന്ന പൂവരശിന്റെ കവിട്ടയിൽ കാൽ പിണച്ചിരുന്നു സാജൻ താഴെ പറ്റമായി പോകുന്ന വരാലിന്റെ നേരേ തെറ്റാലി ചൂണ്ടി. രക്തചുവപ്പുള്ള കുഞ്ഞുങ്ങളുടെ നടുവിൽ ശാന്തനായി നിന്ന വരാലിന്റെ നിറുകയിലേക്കവൻ ഉന്നം പിടിച്ചു. പെട്ടെന്ന് ദിഗന്തം കിടുങ്ങുമാറൊരു ശബ്ദം. അവന്റെ കൈ അറിയാതെ കാഞ്ചിയിലമർന്നു. 

 

അവൻ ഞെട്ടി ചുറ്റും നോക്കി, ഒരു വെടി ശബ്ദം ചുറ്റും മാറ്റൊലി കൊള്ളുന്നു, അവന്റെ ചെവിയടഞ്ഞതുപോലെ തോന്നി. പതിഞ്ഞ ഒരു നിലവിളി പരിസരത്തായവൻ കേട്ടു. വിറയിൽ പണിപെട്ടടക്കി, തെറ്റാലി കവിട്ടയിൽ ചാരി വച്ചു അവൻ പൂവരശിന്റെ ഇലചാർത്തുകൾക്കിടയിലൂടെ ഒളിഞ്ഞുനോക്കി, തുമ്പി ജോണും സംഘവും അൽപ്പം അകലെ ചുറ്റും വളഞ്ഞു നിൽക്കുന്നു. അവരുടെ ഇടയിൽ നിന്നാണു നിലവിളി കേൾക്കുന്നത്. 

 

കൈയ്യിൽ ഇരട്ടക്കുഴലുള്ള തോക്ക് മഞ്ഞനിറമുള്ള സിൽക്ക് ജുബ്ബയിട്ടയാൾ അവരുടെ നടുക്ക് നിൽക്കുന്നത് അവൻ കണ്ടു–തരകൻ . ആരാണവരുടെ ഇരയെന്നവൻ സൂക്ഷിച്ചു നോക്കി. ജോണി!!, നിലത്ത് കിടന്ന് ഇഴഞ്ഞുകൊണ്ടു കൈകളുയർത്തി തൊഴുകയാണയാൾ. തരകന്റെ ബൂട്ടിട്ട കാല് ജോണിയുടെ മുഖം ചേർത്തു ഞെരിക്കുന്നു.

  

ജോണിയുടെ തുടയുടെ താഴേക്കു ചാലിട്ടൊഴുകിയ രക്തത്തിന്റെ തിളക്കം അവന് അത്രയകലത്തിലും കാണാൻ കഴിഞ്ഞു. അവൻ  വേഗം തിരികെ മരത്തിലൂടെ നടന്ന് തെറ്റാലി വലിച്ചെടുത്തു. ചരട് പൊന്തിച്ചപ്പോൾ വെള്ളത്തിൽ പിടച്ചിൽ, വലിയൊരു വരാൽ. വാൽ ഭാഗത്താണ് കൊണ്ടു കയറിയിരിക്കുന്നത്. അവൻ വരാലിനെ ഊരി തിരികെ വെള്ളത്തിലേക്കിട്ടശേഷം ചാഞ്ഞ മരത്തിലൂടെ ഇടത്തോടിന്റെ മറുകരയിലിറങ്ങി വേഗം നടന്നു.

 

സാജൻ പരിഭ്രമിച്ചു നടന്നു വരുന്നതു കണ്ടു പാത്രം കഴുകി അടുക്കള വശത്തേക്കു നടന്ന ശോശാമ്മ  നിന്നു. അവൻ നേരേ അകത്തേക്കു കയറി. സ്റ്റീൽ അലമാര തുറന്നു മുണ്ടും ഷർട്ടുമെടുത്തു ബാഗിനുള്ളിലേക്കു വച്ചു. എന്താടാ?, അവൻ അവർക്കു മുഖം കൊടുത്തില്ല. ബാഗ് തോളത്തു തൂക്കി. എടാ എവിടേയ്ക്കാന്നല്ലേ ചോദിച്ചേ.. നിന്റെ വായ്ക്കാത്തെന്നാ പഴമാന്നോ?.

 

അവൻ അവരുടെ നേരേ ക്രൂദ്ധനായി നോക്കി. പറ്റുവേല തള്ളേ. എനിക്കു വെട്ടുകൊണ്ടും വെടികൊണ്ടും ചാകാൻ മേല. ചേട്ടന്റെ കൂട്ടുകാരൻ ആ ജോണി, ദേ കാരപറമ്പിൽ ഉണ്ട കാലേൽ കേറി കിടപ്പുണ്ട്, ഇനി അടുത്ത വെടി നെഞ്ഞത്തായിരിക്കും. മകളെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്നവനെ ഇത്രേം ചെയ്തെങ്കിൽ കുടുംബക്കാരനെ എന്തൊക്കെ ചെയ്യും. എനിക്കു മേലായേ.. ഞാൻ നാടു വിടാൻ പോകുവാ.

 

എടാ കാലമാടാ ഇവനിങ്ങനെ ഒരു പടുവാഴയായി പോയല്ലോ?, കുടുംബം നോക്കുകേലേലും തല്ലിപ്പൊളിയായി നടന്നേലും അവൻ ഇവിടുണ്ടാരുന്നേൽ ഞങ്ങൾക്ക് സമാധാനമായിട്ടു കിടന്നുറങ്ങാരുന്നു, ഇത് ആനയേയും പേടിച്ചു, പിണ്ടത്തെയും പേടിച്ചു, നിഴലിനെം പേടിച്ചൊരെണ്ണം. 

 

ആഹഹാ... വെറുതെയല്ല.. ഇമ്മാതിരി പ്രോത്സാഹനം അല്ലേ വീട്ടീന്ന്. പിന്നെങ്ങനെ അവൻ ഗുണ്ടായാകാതിരിക്കും. മാനം മര്യാദയ്ക്കു കുടുംബം നോക്കിയ ഞാൻ പടുവാഴ, ഗുണ്ടാപ്പണീം കാണിച്ചു, പെണ്ണിനേം കൊണ്ട് ഒരുപ്പോക്കു പോയവൻ പുണ്യാളൻ, നിങ്ങക്കു കൊള്ളി വെക്കാൻ ആരും വേണോന്നില്ലേ തള്ളേ.. ഞാൻ കുറച്ചു നാൾ ഒന്നു മാറി നിൽക്കട്ടെ, നിങ്ങളെയവര് ഒന്നും കാണിക്കുകേല. പിന്നെ ഞാനൊളിച്ചു പോകുകയൊന്നുമല്ല. അവനെവിടായാണെന്നു ഞാൻ ഒന്നു തപ്പി നോക്കട്ടെ. തരകന്റെ ആളുകൾ അവനെ കണ്ടു പിടിക്കുന്നതിനു മുൻപ് അവന്റെ അടുത്തെത്തണം, അല്ലേൽ അവനെ ഇനി തിരിച്ചു കിട്ടുകേല. 

 

അവൻ ബാഗുമായി പുറത്തേക്കു നടന്നു. നിക്കടാ.. ശോശാമ്മ പിന്നിൽ നിന്നു വിളിച്ചു. തരകൻ മുതലാളിക്കു വേണ്ടി വർഷങ്ങൾ ജോലി ചെയ്തതാ നിന്റെ അപ്പച്ഛൻ. അയാളുടെ കള്ളുകച്ചവടത്തിനു മറയായും തുണയായും നിന്നതാ. നിങ്ങൾ രണ്ടും അതൊക്കെ കണ്ടാ വളർന്നത്, ആ രക്തമല്ലേ അവൻ‌, ആ വഴിക്കു തിരിഞ്ഞതിലൊന്നും പറയാൻ പറ്റില്ല, നീ ജോലി ചെയ്തു കൊണ്ടുവരുന്ന ചോറെടുത്തേ ഇവിടെ കഞ്ഞിവെച്ചിട്ടുള്ളു, തരകനു വേണ്ടി അവൻ സ്പിരിറ്റു കടത്തിയ വകയിൽ കിട്ടിയതൊന്നും ഇവിടെ ഉതകീട്ടില്ല. പക്ഷേ അവനും എന്റെ മോനാ നിന്നെ പോലെ. 

 

അവനെവിടാണേലും കണ്ടു പിടിച്ച് ഈ നശിച്ച നാട്ടിലേക്കു വരാതെ നാടുവിട്ടോളാൻ പറഞ്ഞേക്കു. എവിടേലും പോയി നേരേചൊവ്വേ ജീവിക്കാൻ പറ. ദേ ഇതു നീ കൈയ്യിൽ വച്ചോ അവന്റെ അലമാരയിൽ ഇരുന്നതാ... അവൻ ആ ബാഗ് കൈയ്യിൽ വാങ്ങിച്ചു., കൈയ്യെത്തിച്ചു ശോശാമ്മയുടെ കണ്ണീരു തൂത്തശേഷം നടന്നു.

 

6.30ന്റെ സെന്റ് ജോസഫ് സ്റ്റാൻ‍ഡിൽനിന്നും പുകതുപ്പി മുന്നോട്ടു നീങ്ങി, അവൻ തന്റെ കൈയ്യിലിരുന്ന ബാഗ് പതിയെ തുറന്നു നോക്കി. നൂറിന്റെ കെട്ടുകൾ, അതിനിടയിൽ ഒരു പേപ്പർ പൊതിഞ്ഞു വച്ചിരിക്കുന്നത് അവൻ കണ്ടു. അവൻ ബാഗിനുള്ളിൽ വച്ചു തന്നെ പൊതിയഴിച്ചു, അതെന്താണൊന്നു നോക്കി. ലോഹത്തിന്റെ  തണുപ്പ് അവന്റെ കൈകള്‍ തൊട്ടറിഞ്ഞു. പിടിയിലെ എഴുത്ത് അവൻ വായിച്ചു- വാൽത്തർ പി99– മേഡ് ഇൻ ജർമ്മൻ. അവന്റെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി...

 

English Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com