ADVERTISEMENT

മന്‍സുഖ് ഛദ്ദ ജലന്ധറില്‍ താമസം തുടങ്ങിയിട്ട് ഒരാഴ്ചയായി. രാഖിയുടെ കൊലപാതകം ആത്മഹത്യയാക്കി പൊലീസ് മാറ്റിയിരുന്നു. ഗുരുഗ്രാമിലെ സ്ഥിരം താവളമായ ഫാം ഹൗസിലേക്ക് തിരിച്ചു പോകാന്‍ ഛദ്ദ തീരുമാനിച്ചു. ‘‘ഇനി ചെന്നാൽ കുഴപ്പമുണ്ടാവില്ല. കൊല്ലപ്പെട്ടവൾക്ക് ഒരു കാമുകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനെ കാണാനുമില്ല.’’ മാത്രമല്ല അയാളുടെ അമ്പതാം പിറന്നാളാണ് വരുന്നത്. കാണ്‍പൂരിലെ ഡിസ്റ്റിലറി ജോലിക്കാര്‍ക്കെല്ലാം അയ്യായിരം രൂപവീതം കവറിലിട്ട് ദാനം ചെയ്യുന്ന പതിവുണ്ട്. ഛദ്ദ നേരിട്ടാണ് ഒരോ ജീവനക്കാരനും കവര്‍ കൊടുക്കുന്നത്. 

 

ജലന്ധറിലെ പകല്‍ച്ചൂട് മുപ്പത്തേഴ് ഡിഗ്രിയിലേക്ക് അടുക്കുന്നു. ഇക്കുറി വേനല്‍ കടുക്കും. അയാളുടെ ഇരു കണങ്കാലുകളും നീരുവച്ച് വീര്‍ത്തിരുന്നു. മേലനങ്ങാതെ മുറിയില്‍ അടിച്ചിരിക്കുന്നതിന്റെ ആയിരിക്കണം. രാത്രിയില്‍ പല പ്രാവശ്യം ഉറക്കം ‍ഞെട്ടി. പേക്കിനാവുകളില്‍ അപരിചിത സ്ഥലങ്ങളും ആളുകളും, അവർക്കിടയിൽ തന്നെത്തന്നെയും കണ്ട് സത്യമേത് മിഥ്യയേതെന്നറിയാതെ കുഴങ്ങി. ഇതൊന്നും പതിവുള്ളതല്ല.

 

വിദൂരദേശങ്ങളെയും അവിടങ്ങളില്‍ പാര്‍ക്കുന്ന മനുഷ്യരെയും കുറിച്ച് ഛദ്ദ ഒരിക്കലെങ്കിലും ആലോചിക്കുകയോ അത്ഭുതപ്പെടുകയോ ചെയ്തിരുന്നില്ല. പുകമഞ്ഞില്ലാത്ത പ്രഭാതങ്ങളില്‍ ജലന്ധറിലെ വീടുകളുടെ ടെറസില്‍ നിന്നാല്‍ ചിലപ്പോള്‍ തെളിയുന്ന ഹിമാലയ ശിഖരങ്ങളോ തെക്കന്‍ സംസ്ഥാനങ്ങളുടെ ടൂറിസം പരസ്യങ്ങളില്‍ കണ്ട കടലോരങ്ങളോ അയാളില്‍ വിശേഷിച്ച് ഒരു കൗതുകവും ഉണര്‍ത്തിയിരുന്നില്ല.  

 

ഗൃഹാതുരമായ ഒാര്‍മകളോ, പ്രതീക്ഷാനിര്‍ഭരമായ ഭാവി സ്വപ്നങ്ങളോ, മനസങ്കീര്‍ണതകളുടെ ഭാരമോ ഇല്ലാതെ, മൂക്കുകയറിടാത്ത ഒരു ജന്തുവായി ഛദ്ദ പഞ്ചാബിലെ ജലന്ധർ, കാൺപൂരിലെ മധുകർ ഡിസ്റ്റിലറീസ്, ഗുരുഗ്രാമിനടുത്ത് ജേവാറിലെ ഫാം ഹൗസ് എന്നിവിടങ്ങൾക്ക് ഇടയിലെ സമതല പ്രദേശങ്ങളിൽ മദിച്ചു നടന്നു. വേട്ടയാടി. ചിലപ്പോഴൊക്കെ ഇരകളിൽ കനിഞ്ഞു. അവിടം വിട്ട് എങ്ങോട്ടും പോകാൻ അയാള്‍ ഇഷ്ടപ്പെട്ടില്ല, 

 

ഛദ്ദയെ കൊണ്ടുപോകാന്‍ ഭൂപീന്ദറും മറ്റ് കൂട്ടാളികളും വന്നിട്ടുണ്ട്. ഒപ്പിച്ചുവച്ചതിന്റെയൊന്നും കുറ്റബോധമില്ല ഭൂപീന്ദറിന്. ‘‘ഇവനൊരുത്തനാണ് എല്ലാക്കുഴപ്പങ്ങള്‍ക്കും കാരണം, വരുംവരായ്കകൾ ആലോചിക്കില്ല. ആ മദ്രാസിപ്പെണ്ണിനെ കൊന്നു കത്തിച്ചത് എന്തിനാണ് ? അവളെ ഉപദ്രവിക്കരുതെന്നു പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നതാണ്. എന്നിട്ട് !

 

‘‘ഇവനെ കയറൂരിവിട്ടാല്‍ പറ്റില്ല, നിയന്ത്രിക്കണം’’ ഛദ്ദ ഉറപ്പിച്ചു

 

ഭൂപീന്ദറിനെക്കൊണ്ടു ഡ്രൈവ് ചെയ്യിച്ചില്ല. ഛദ്ദ സ്വയം കാറോടിച്ചു. ഇടത്തേ കൃത്രിമക്കൈയില്‍ വിരലുകളുടെ സ്ഥാനത്ത് കടല്‍ക്കൊള്ളക്കാരുടേതുപോലെ ഒരു ചൂണ്ടക്കൊളുത്താണ് പിടിപ്പിച്ചിരിക്കുന്നത്. സ്റ്റിയറിങ് വീലിലും ഡാഷ്ബോഡിലും ചൂണ്ടക്കൊളുത്ത് ഉരഞ്ഞ് പാടുകള്‍ വീണിരിക്കുന്നു. പുറപ്പെട്ടപ്പോഴേ ട്രാഫിക് ജാമില്‍ കുടുങ്ങി. നാഷണ്‍ ഹൈവേ 44 ന് സമീപം ഫ്ലൈയോവറുകളുടെ നിര്‍മാണം നടക്കുന്നു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര. ഒരുള്‍വിളിയില്‍ ഛദ്ദ കാറിന്റെ ദിശമാറ്റി ഇടത്തോട്ടാക്കി. 

 

സമതലത്തില്‍ നിന്ന് ഹിമാലയ പാർശ്വങ്ങളിലേക്ക് ഉയര്‍ന്നുപോകുന്ന വഴികളുടെ തുടക്കം. ഭൂപീന്ദറും കൂട്ടാളികളും അന്ധാളിപ്പോടെ മുഖത്തോടുമുഖം നോക്കി-  ‘‘എങ്ങോട്ടാണിയാൾ പോകുന്നത് ?’’ ഛദ്ദയുടെ മനസിൽ ഒരു ലക്ഷ്യസ്ഥാനവുമില്ലായിരുന്നു. ജലന്ധറിലെ നീറ്റുന്ന ചൂടിൽനിന്നോ, ഒരാഴ്ച അടങ്ങിയൊതുങ്ങി കഴിഞ്ഞതിന്റെ മടുപ്പിൽ നിന്നൊരു മാറ്റം ആഗ്രഹിച്ചോ തിരഞ്ഞെടുത്തതല്ല. ഒരു നിമിഷത്തെ ഉൾപ്രേരണയാൽ സംഭവിച്ചു പോയതാണ്. ഛദ്ദ അയാളുടെ ആയുസില്‍ യാത്ര ചെയ്തിട്ടില്ലാത്ത വഴികളിലൂടെയാണ് കാറോടുന്നത്. വിശാലമായ റോഡില്‍ വാഹനങ്ങള്‍ തീരെക്കുറവ്. പഞ്ചാബിന്റെ അതിര്‍ത്തി കഴിഞ്ഞ് ഹിമാചല്‍പ്രദേശിലേക്ക് കടന്നപ്പോള്‍ താപനില ഗണ്യമായി കുറഞ്ഞു. എസി വേണ്ട. വളവുകള്‍ ചുറ്റി വേഗത്തില്‍ അവര്‍ മലകയറി.

 

രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോൾ ചിന്ത്പൂര്‍ണിയില്‍ എത്തി. ഛിന്നമസ്തയുടെ ശക്തിപീഠം. രക്തനിറമുള്ള ഉടലില്‍ തലയോട്ടി മാലയണിഞ്ഞ ദേവി, സൃഷ്ടിക്കും സംഹാരത്തിനും ഉടയോള്‍. സ്വന്തം മസ്തകം ഛേദിച്ച അഹങ്കാര നാശിനി ‘ഛിന്നമസ്ത’. ഇണചേരുന്ന യുവമിഥുനങ്ങളുടെ പുറത്ത്, വലംകൈയ്യില്‍ വാളും ഇടുകൈയ്യില്‍ അറുത്തെടുത്ത സ്വന്തം ശിരസുമായി നില്‍ക്കുന്ന ഉഗ്രകാരിണി. ഛേദിക്കപ്പെട്ട കഴുത്തില്‍ നിന്ന് ചീറ്റുന്ന മൂന്ന് രക്തധാരകളിലൊന്ന് മുടിയിൽ തൂക്കിപ്പിടിച്ചിരിക്കുന്ന അവളുടെ തല പാനം ചെയ്യുന്നു. ബാക്കിയുള്ള രണ്ട് ചോരച്ചാട്ടങ്ങൾ ഇരുവശങ്ങളിലും അകമ്പടിയായ തോഴിമാരും കുടിക്കുന്നു.

 

ഛദ്ദയോ അനുചരന്മാരോ ക്ഷേത്രത്തില്‍ കയറിയില്ല. ധര്‍മശാലയുടെ മുമ്പിലിട്ട് വണ്ടി തിരിച്ചു. ‘‘നീ ഓടിക്ക്... ’’ ഛദ്ദ വണ്ടി ഭൂപീന്ദറിനെ ഏല്‍പ്പിച്ചു. മലമുകളിലെ ഉയരത്തില്‍നിന്നുള്ള താഴ്‍വാരക്കാഴ്ചകളില്‍ അയാള്‍ക്ക് അൽപം രസംപിടിച്ചു തുടങ്ങിയിരുന്നു. ‘‘ഈ വഴിയൊന്നും വരാതെ എത്രകാലമാണ് താന്‍ സമതലങ്ങളില്‍ ഒാടിനടന്ന് നഷ്ടപ്പെടുത്തിയത്.” ഇറക്കമിറങ്ങി തുടങ്ങിയപ്പോള്‍ ഭൂപിന്ദര്‍ പാട്ടുവച്ചു. പഞ്ചാബി ഫോക് സോങ്സ്. കുറേ ദിവസങ്ങളായി നഷ്ടപ്പെട്ടിരുന്ന ഉല്ലാസം സംഘത്തിനു തിരിച്ചു കിട്ടി.

 

വൈകുന്നേരം അഞ്ചുമണി ആയിരുന്നു. മിക്കവാറും വിജനമായ റോഡിൽ ഒരു അമ്മയും മകളും നടന്നു പോകുന്നു. ചിന്ത്പൂർണി ദേവിയുടെ പ്രസാദമായ ഖീർ നിറച്ച മൺപാത്രം മുഷിഞ്ഞ സാരികൊണ്ട് മറച്ച തലയിൽ തള്ള വച്ചിരിക്കുന്നു. അവര്‍ക്ക് ഛദ്ദയുടെ അത്രയും പ്രായം തോന്നിക്കും, മകള്‍ കൗമാരം കടന്നിട്ടില്ല. ചെമ്പിച്ച ചപ്രത്തലമുടിക്കാരി പെണ്‍കുട്ടി ചുരിദാറില്‍. 

 

ഒരുത്തന്‍ ഭൂപീന്ദറിനെ തോണ്ടി. ഭൂപീന്ദര്‍ കാര്‍ സൈഡിലേക്ക് കയറ്റി അവരുടെ നേരേ പിന്നിലെത്തി ഇരമ്പിച്ചു. സ്ത്രീ ഭയന്നുനിലവിളിച്ച് റോഡിന്റെ നടുവിലേക്ക് കുതിച്ചു. അവരുടെ തലയിലിരുന്ന മണ്‍പാത്രം താഴെ വീണുപൊട്ടി. മസ്തകം തകര്‍ന്ന് ചിതറിയ തലച്ചോറുപോലെ, ഖീര്‍പായസത്തിലെ വെളളച്ചോറ് കറുത്ത ടാറില്‍ വീണു. മകള്‍ അമ്മയെ പിടിച്ചുപൊക്കി. നേരേ നിന്നതും അവര്‍ തലയില്‍ കൈവച്ച് പ്രാകി ‘‘നശിച്ചവനേ നീ ഇടിവെട്ടിപ്പോകുമെടാ.. ’’ പാട്ടിന്റെ ഒച്ചയില്‍ കാറിലിരുന്നവര്‍ പ്രാക്ക് കേട്ടില്ല. ഛദ്ദയടക്കം എല്ലാവരും ആര്‍ത്തുചിരിച്ചു. മകള്‍ സ്ത്രീയെ സമാധാനിപ്പിച്ചു. പായസം നഷ്ടപ്പെട്ടതിലോ പേടിപ്പിച്ചതിലോ അവള്‍ക്ക് പ്രതിഷേധമില്ലാത്തതുപോലെ. 

 

‘‘മതി വണ്ടി വിട്...” ഛദ്ദ ആവശ്യപ്പെട്ടു. അയാളെ സന്തോഷിപ്പിക്കാനായതിന്റെ തൃപ്തിയോടെ ഭൂപിന്ദര്‍ കാറിന്റെ വേഗം കൂട്ടി.

 

പത്ത് മിനുറ്റെടുത്ത് അവര്‍ അടുത്ത ഹെയര്‍പിന്‍ വളവിലെത്തിയപ്പോള്‍ ആകാശം ഇരുണ്ടിരുന്നു. അസ്തമയ സൂര്യനെ കാലംതെറ്റിവന്ന കാര്‍മേഘങ്ങള്‍ മൂടുന്നു. ചുവപ്പു നക്ഷത്രം പോലെമാത്രം സൂര്യനെക്കാണാം. മേഘവിടവിലൂടെ ചുവപ്പ് രാശി താഴോട്ടൊഴുകി തളംകെട്ടിക്കിടന്നു. ഛദ്ദയ്ക്ക് അതുകണ്ട് സംത്രാസം അനുഭവപ്പെട്ടു. കാര്‍ നിര്‍ത്തിച്ച് അയാള്‍പുറത്തിറങ്ങി ചക്രവാളത്തിലേക്ക് ഉറ്റുനോക്കി നിന്നു. മറ്റാരും പുറത്തിറങ്ങിയില്ല. തങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത് എന്തോ ഛദ്ദ വീക്ഷിക്കുകയാണന്ന് അവർക്ക് മനസിലായി. അപ്രതീക്ഷിതമായ ഒരു വെള്ളിടി വെട്ടി. മരവിപ്പ് മാറിയപ്പോള്‍ ഛദ്ദ കാറിലേക്ക് ഓടിക്കയറി. ‘‘വേഗം വിട് ...’’ അയാള്‍ കിതച്ചുകൊണ്ട് ആജ്ഞാപിച്ചു. 

 

കാണ്‍പൂരിലേക്ക് പോവാതെ ഗുരുഗ്രാമിലെ ഫാം ഹൗസിലേക്കാണ് അവര്‍ ചെന്നത്. ഛദ്ദ ആകെ പരവശനും ഭയചകിതനുമായി കണപ്പെട്ടു. മറ്റാര്‍ക്കും ഒന്നും മനസിലായില്ല. പിറ്റേന്ന് രാവിലേ ഭൂപീന്ദറിനെ മാത്രം കൂട്ടി ഛദ്ദ ഹോസ്പിറ്റലിലേക്ക് പോയി.

 

‘‘എന്റെ ഉള്ളിലെന്തോ കരി‍ഞ്ഞുപോയി..” വയറിനുമേലേ ഛദ്ദ തൊട്ടു. 

‘‘മുമ്പ് സര്‍ജറി ചെയ്തിടത്താണോ ?”

‘‘അല്ല അതിനുമുകളില് ’’- ഇത്തവണ അയാല്‍ കൃത്യമായി വാരിയെല്ലുകളില്‍ തൊട്ടു കാണിച്ചുകൊടുത്തു. ‘‘എക്സറയോ സ്കാനിങ്ങോ എന്താവച്ചാല്‍ എടുക്ക്..”

 

ഡോക്ടര്‍ക്ക് ചിരിവന്നു. സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് വിടാമായിരുന്നു. ഡോക്ടര്‍ വിരല്‍ മടക്കി ഛദ്ദയുടെ വാരിയെല്ലുകളിലും പുറത്തും കൊട്ടി നോക്കി. ശബ്ദത്തില്‍ അസ്വാഭാവികതയുണ്ട്. എക്സറേ എടുക്കാന്‍ കുറിച്ചുകൊടുത്തു.

 

ഡിജിറ്റല്‍ എക്സറേ എടുക്കാൻ ഒരുമിനിറ്റ് മതിയായിരുന്നു. അഴിച്ചുവച്ച കൃത്രിമക്കൈയ്യും തിരികെ പിടിപ്പിച്ച്, പുലിനഖ മാലയുമിട്ട് ഛദ്ദ പുറത്തുവരുമ്പോള്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ റൂമില്‍നിന്നിറങ്ങി പുറത്ത് കാത്തു നില്‍പ്പുണ്ട്. ‘‘പെറ്റ് സ്കാന്‍കൂടി എടുക്കണം..’’. അറ്റന്‍ഡര്‍ അയാളെ സ്ട്രച്ചറിലേക്ക് കിടത്തി. എവിടെയെല്ലാം കാന്‍സര്‍ ട്യൂമറുകളുടെ വളര്‍ച്ചയുണ്ടെന്ന് കണ്ടെത്തുന്ന പെറ്റ് സ്കാന്‍ മെഷീൻ മുരളുന്ന റൂമിനു മുന്നില്‍ ഊഴം കാത്തു കിടക്കുമ്പോള്‍ അയാള്‍ ഭുപീന്ദറിനോട് അടുത്തുവരാന്‍ ആംഗ്യം കാട്ടി. ഭുപീന്ദറിന് അറിയാമായിരുന്നു ഛദ്ദ എന്താണ് പറയാന്‍ പോകുന്നതെന്ന്- 

 

‘‘കവിതയെ വിളിക്ക്...”

 

*********     *******     *******    *******

 

കടുക് പൂക്കളുടെ മഞ്ഞക്കടലിനു നടുവിലെ ഫാം ഹൗസിൽ,  റേഡിയേഷൻ രശ്മികളേറ്റ് ചുവന്നു തിണർത്ത നെഞ്ചിൽനിന്ന് അടർന്ന തൊലി വലതുകൈ വിരലുകൊണ്ട് തൊട്ടറിഞ്ഞ് മൻസുഖ് ഛദ്ദ ഇരുന്നു. ശ്വാസെമടുക്കാൻ വയ്യ. വല്ലാത്ത ദാഹമുണ്ട്, ഒരിറക്ക് വെള്ളം കുടിക്കുമ്പോൾ പുറത്തേക്ക് തികട്ടും. ലസി കുടിച്ചാൽ ആശ്വാസം കിട്ടുമെന്ന് തോന്നി. ഭൂപിന്ദർ ലസിയുണ്ടാക്കാൻ അടുക്കളയിലേക്ക് പോയി. മുറിയിൽ മൻസുഖ് ഛദ്ദയും കവിതാ കൃഷ്ണപ്പയും മാത്രം. 

 

‘‘നിങ്ങൾ കീമോ എടുക്കിന്നില്ലെന്ന് ഉറപ്പാണോ ?” വീണ്ടുവീണ്ടും ചോദിക്കുമ്പോൾ ഛദ്ദയുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റംവന്നാലോ എന്ന പ്രതീക്ഷയുണ്ട് കവിതയ്ക്ക്. അയാൾ പുശ്ചത്തോടെ ചുണ്ടുകോട്ടി. പല തവണ മറുപടി പറഞ്ഞ് മടുത്തതാണ്. കീമോ തെറാപ്പിയെന്നാൽ ഒരു തരം വിഷം കുത്തിവയ്ക്കലാണെന്നും കാൻസർ ബാധിച്ച കോശങ്ങൾക്കൊപ്പം ആരോഗ്യമുള്ള കോശങ്ങളെക്കൂടി ആ വിഷം കൊല്ലുമെന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ കവിത മൻസുഖ് ചദ്ദയ്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. 

 

രാജ്യതലസ്ഥാനത്തെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടറായിരുന്നു അന്ന് കവിത. ഉദരത്തിനും ശ്വാസകോശത്തിനുമിടയിലെ മാംസവളർച്ച നീക്കാനെത്തിയ ധനികനും വിദ്യാഭ്യാസം കുറഞ്ഞവനുമായ രോഗിക്ക് ട്യൂമറിന്റെ പ്രത്യേകതയും വേണ്ടിവന്നേക്കാവുന്ന ചികിത്സാക്രമവും വിശദീകരിച്ചുകൊടുക്കാൻ ഹോസ്പിറ്റൽ അധികാരികൾ പ്രത്യേകമായി നിയോഗിച്ചതായിരുന്നു കവിതയെ.

 

രക്തത്തിൽ നിന്ന് നേരിട്ട് പോഷകം സ്വീകരിക്കേണ്ടതിനു പകരം ഒരു ഭ്രാന്തൻ കോശം അടുത്തുള്ള കലകളെ ആക്രമിച്ച് അവയുടെ പോഷകമൂറ്റി പുണ്ണായും പുറ്റായുമൊക്കെ വളർന്ന് മനുഷ്യശരീരത്തെ നശിപ്പിക്കുന്നത് വൈറ്റ് ബോർഡിൽ പടംവരച്ച് കവിത മൻസുഖിനെ പഠിപ്പിച്ചു. കായികാധ്വാനം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് ഉയരും, വിശക്കുമ്പോൾ കഴിക്കുന്ന ആഹാരം ദഹിച്ച് മാലിന്യങ്ങളായി പുറത്തുപോകും എന്നൊക്കെയല്ലാതെ ശാരീരിക പ്രക്രിയയകളെ കുറിച്ച് കാര്യമായ അറിവൊന്നുമില്ലാതിരുന്ന അയാൾ നാൽപ്പത്തിയേഴാം വയസിൽ ഫൈവ്സ്റ്റാർ ഹോട്ടലിനുതുല്യം സുഖസൗകര്യങ്ങളുള്ള ഹോസ്പിറ്റൽ മുറിയിലിരുന്ന് അതെല്ലാം താൽപര്യത്തോടെ കേട്ടുപഠിച്ചു.  കൂടുതൽ അറിയാൻ മൻസുഖ് ആഗ്രഹിച്ചു. പഠിപ്പിക്കാൻ കവിത തയാറുമായിരുന്നു.

 

മദ്യം കഴിക്കുമ്പോള്‍ തലക്കുള്ളിലും ശരീരത്തിലും എന്താണ് സംഭവിക്കുകയെന്ന ക്ലാസ് തീരുംമുമ്പ് മന്‍സുഖിന്റെ വയറ്റില്‍നിന്നെടുത്ത ട്യൂമറിന്റെ റിസല്‍ട്ട് വന്നു- ബനയിന്‍ ട്യൂമര്‍. നിരുപ്രദ്രവകാരിയായ ഒരു മാംസ വളര്‍ച്ച. ഒപ്പേറേഷന്‍ ചെയ്ത് മാറ്റുകയല്ലാതെ വേറേ ചികിത്സയൊന്നും വേണ്ടാത്തത്. ആറുമാസം കഴിഞ്ഞ് ചെക്കപ്പ് ചെയ്യണമെന്ന സ്പെഷ്യലിസ്റ്റിന്റെ ഉപദേശം സമ്മതിച്ച് പൂര്‍ണ ആരോഗ്യത്തോടെ ഛദ്ദ മധുര്‍ ഡിസ്റ്റലറീസിന്റെ തിരക്കുകളിലേക്ക് തിരിച്ചുപോയി.

 

എങ്കിലും, കവിത ടീച്ചറുടെ ബയോളജി ക്ലാസുകൾ തീർന്നുപോവാൻ ഛദ്ദ സമ്മതിച്ചില്ല. വാരാന്ത്യങ്ങളിൽ കവിത കൃഷ്ണപ്പയുമായി ഛദ്ദയുടെ വാഹനങ്ങൾ ഗുരുഗ്രാമിലെ ഫാം ഹൗസിലേക്ക് വന്നു. എണ്ണകുടിച്ച് കനത്ത് കാറ്റടിച്ചാലും പറക്കാത്ത പനങ്കുല മുടിയും ചോറുതിന്നു മുറ്റിയ ഉടലുമായി പിടിയാനപോലെ അലസഗാമിനിയായ കവിത കൃഷ്ണപ്പ. ചെമ്പൻമുടിയും കുതിരവേഗവുമായി ഗംഗാതട സമതലങ്ങളിൽ പായുന്ന ഉത്തര ദേശക്കാരികളോട് തോന്നിയിട്ടില്ലാത്ത ഒരു വൻ ഭ്രമം ഛദ്ദയ്ക്ക് അവളിലുണ്ടായി. പുളിപ്പിച്ച പാനീയങ്ങളുണ്ടാക്കുന്ന മത്തിന് അപ്പുറം ഒരു ഒരു മനുഷ്യജീവിയുടെ വിയർപ്പിലെ ഉപ്പിന് മറ്റൊരാളിൽ ലഹരിയുടെ വേലിയേറ്റങ്ങൾ സൃഷടിക്കാൻ കഴിയുമെന്ന പ്രപഞ്ചരഹസ്യം കവിത ആ മദ്യമുതലാളിയെ പഠിപ്പിച്ചു. ചിത്രങ്ങളിലല്ലാതെ കടൽ നേരിൽ കണ്ടിട്ടില്ലാത്ത ഛദ്ദയ്ക്ക് വേലിയേറ്റമെന്താണന്ന് മനസിലായില്ലെങ്കിലും തെക്കുനിന്നു വന്ന പെൺ പ്രകൃതിയിൽനിന്ന് കടൽനീലിമയും ഉപ്പുരസവും അയാൾ മനസിലാക്കി.

 

യുഎസിലെ ക്ലീവ്ലാന്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷണ പഠനത്തിനു പോകാന്‍ സാധിക്കാതെ സാമ്പത്തിക പ്രയാസത്തിലായിരുന്നു കവിത. നാല്‍പത്തിയേഴാം വയസില്‍ ഛദ്ദയില്‍ ഉണര്‍ന്ന ലോകകൗതുകങ്ങളെ കവിത ശമിപ്പിച്ചു. അടുത്ത മൂന്നുവര്‍ഷം കവിതയുടെ പഠനത്തിനും  പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനും അയാള്‍ നിര്‍ലോഭം സാമ്പത്തിക സഹായം നല്‍കി. ഹ്രസ്വമായിരുന്നു ആ ബന്ധം. കവിതയുടെ സൗന്ദര്യം സ്വന്തമാക്കി വയ്ക്കാന്‍ ഛദ്ദയോ അത്യാവശ്യത്തിനല്ലാതെ അയാളുടെ പണം കൈക്കലാക്കാന്‍ കവിതയോ ശ്രമിച്ചില്ല. കുരുക്കുകളില്ലാത്ത ഒരു വൈകാരിക വിനിമയം. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം, ആറുമാസത്തിലധികം ആയുസ് മതിക്കാത്ത ഛദ്ദയെയാണ് കവിത വീണ്ടും കാണുന്നത്.

 

തുര്‍ച്ചയായ റേഡിയേഷന്‍ ചികിത്സയില്‍ ഛദ്ദയുടെ ആരോഗ്യം ഉലഞ്ഞു പോയിരുന്നു. അറ്റുപോയ ഇടതുകൈയിലെ മുറിവുണങ്ങിയ വടു വിണ്ടുകീറി ദുര്‍നിര് ഒലിച്ചു. റേഡിയേഷന്‍ സ്പെഷലിസ്റ്റായ ഡോക്ടര്‍ കവിത സ്റ്റെറിലൈസ് ചെയ്ത കോട്ടണ്‍ കൊണ്ട് നീരൊപ്പിയെടുത്തു. 

 

‘‘നിങ്ങള്‍ക്കു ശേഷം മധുര്‍ ഡിസ്റ്റിലറീസ് ആരു നടത്തും ?”

 

‘‘ഭൂപീന്ദറും രാംലാലുമൊക്കെയുണ്ടല്ലോ അവര്‍ നോക്കിക്കൊള്ളും.”

 

പത്താംക്ലാസിനപ്പുറം പഠിച്ചിട്ടില്ലാത്ത ഭൂപീന്ദറും ചൗക്കിദാര്‍ രാംലാലുമൊക്കെ ചേർന്ന് മധുര്‍ ഡിസ്റ്റിലറീസ് മുന്നോട്ടുകൊണ്ടുപോവും എന്നകാര്യത്തില്‍ കവിതയ്ക്കും യാതൊരു സംശയവും ഇല്ലായിരുന്നു. വര്‍ഷങ്ങളുടെ അനുഭവ പരിചയവും പ്രാഗത്ഭ്യവുമുള്ള ചൗക്കിദാറിന്, എംബിഎ ഡിഗ്രിയുള്ള മാനേജര്‍ക്കു തുല്യം ശമ്പളം കൊടുക്കുന്ന വിചിത്രമായ മാനേജ്‍മെന്റ് രീതിയാണ് മധുകര്‍ ഡിസ്റ്റിലറീസ് പിന്തുടര്‍ന്നിരുന്നത്. ഗോതമ്പ് ചാക്കുകളുടെ ലോഡ് ഇറക്കുന്നതു മുതല്‍ മദ്യത്തിലെ ആള്‍ക്കഹോള്‍ ഘടകത്തിന്റെ അളവ് ഉറപ്പാക്കുന്നതുവരെ എല്ലായിടത്തും ഛദ്ദയുടെ കാക്കക്കണ്ണുകള്‍ എത്തിയിരുന്നു. കഴിവുളളവരെ കണ്ടറിഞ്ഞ് ഉയര്‍ന്ന ശമ്പളം നല്‍കി കൂടെനിര്‍ത്തി. അയാളെ വഞ്ചിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആധുനിക സാങ്കേതികവിദ്യകള്‍ വേണ്ടസമയത്ത് സ്വീകരിക്കാതിരുന്നിട്ടും, മാര്‍ക്കറ്റിങ് വിഭാഗമേ ഇല്ലാതിരുന്നിട്ടും മധുകര്‍ ഡിസ്റ്റിലറീസ് സ്ഥിരം ഉപഭോക്താക്കളുമായി മുന്നോട്ടുപോയി. എങ്കിലും മറ്റ് മദ്യക്കമ്പനികള്‍ കോടികളുടെ ലാഭം നേടുമ്പോള്‍ മധുകര്‍ ഡിസ്റ്റിലറീസിന്റെ വാര്‍ഷിക ലാഭം ഏതാനും ലക്ഷങ്ങളില്‍ ഒതുങ്ങി.

 

‘‘നിനക്ക് വേണമെങ്കില്‍ അമേരിക്കയിലെ ജോലി രാജിവച്ച്  ഇവിടെ വന്ന് കമ്പനി ഏറ്റെടുത്ത് നടത്താം. നിന്റെ പഠിപ്പും വിവരവും മറ്റുള്ളവര്‍ക്ക് സഹായമാവും.”

 

‘‘നാല് റേഡിയേഷനുകള്‍കൂടി ബാക്കിയുണ്ട്. അതു തീര്‍ന്നിട്ട് ഞാന്‍ തിരിച്ചുപോകും” അപരിഷ്കൃതരായ കുറേ മുട്ടാളന്മാര്‍ സര്‍വതും തീരുമാനിച്ച് മുടന്തി നീങ്ങുന്ന ഒരു സ്ഥാപനം നടത്താനുള്ള ക്ഷണം മറ്റാരെങ്കിലുമായിരുന്നു നടത്തിയതെങ്കില്‍ ഒരാട്ടു വച്ചുകൊടുത്തേനേ. ഛദ്ദയായിപ്പോയി, അവസാന കാലമല്ലേ നന്ദി കാട്ടണം. കവിത മടക്കയാത്രക്ക് വട്ടംകൂട്ടി.

 

ഛദ്ദയെ അമേരിക്കയിലേക്ക് വരുത്തി ചികിത്സിക്കാന്‍ കവിത ആവും വിധം പരിശ്രമിച്ചതാണ്. അയാള്‍ക്കത് സമ്മതമായില്ല. ചികില്‍സിച്ചിട്ട് ഫലമില്ലന്ന് ഛദ്ദ മനസിലാക്കിയിരുന്നു. പലഭാഗങ്ങളിലേക്ക് പടര്‍ന്ന കാന്‍സര്‍ കീമോ തെറാപ്പികൊണ്ട് പരിഹരിക്കാവുന്ന ഘട്ടം കടന്നുപോയിരുന്നു. താല്‍ക്കാലിക ആശ്വാസത്തിന് പ്രൈമറി സ്പോട്ടില്‍ റേ‍ഡിയേഷനുമാത്രം വിധേയനായി. 

 

ഭൂപീന്ദര്‍ ലസി കൊണ്ടുവന്നു. ഒരു കവിള്‍ കുടിച്ചു. സ്വാദ് തോന്നിയില്ല. ജലന്ധറില്‍ ഗോതമ്പ് ഉണക്കാനിട്ട കളത്തില്‍ സൊണാലി കൊണ്ടുത്തന്നിരുന്ന ലസി മടുമടാ കുടിക്കുന്നത് അയാള്‍ ഒാര്‍ത്തു. ദുര്‍നീരൊലിച്ച ഇടതുകൈയ്യിലെ മുറിപ്പാട് നീറുന്നു. കൃത്രിമ കൈ എടുത്ത് ഉറപ്പിക്കാന്‍ നോക്കി. ബാന്‍ഡേജിനുമുകളിലൂടെ അത് കടക്കുന്നില്ല. 

 

***********   ***************  ******************

സൊനാലി, തന്റെ സമപ്രായക്കാരി പെണ്‍കുട്ടി, ലസിപ്പാത്രം എടുത്ത് പിന്തിരിഞ്ഞുപോകുമ്പോള്‍ അവളുടെ ദുപ്പട്ട മുഖത്ത് ഉരഞ്ഞ ഇക്കിളിയില്‍ ഛദ്ദ തരളിതനായി. ആയിടക്ക് കണ്ട ഒരു സിനിമയിലെ നായകനെപ്പോലെ ദുപ്പട്ടത്തലപ്പ് ഇടംകൈയ്യില്‍ ചുറ്റി അവളേ പുറകോട്ട് വലിച്ചു. അത് പ്രതീക്ഷിച്ചിരുന്ന സൊനാലി നടത്തം പതിയെയാക്കി. മന്‍സുഖ് ദുപ്പട്ട വീണ്ടും കൈയ്യിൽ ചുറ്റി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. സൊനാലി വീഴാതിരിക്കാന്‍ പടുതയില്‍ പിടിച്ചു. മഞ്ഞും മഴച്ചാറ്റലും ഗോതമ്പ് ചാക്കുകളില്‍ ഏല്‍ക്കാതിരിക്കാന്‍ വിടര്‍ത്തിക്കെട്ടിയിരുന്ന പടുതയുടെ കെട്ടുപൊട്ടി. ഒരു ഗാനരംഗത്തിലെ കമിതാക്കളുടെ നിലയിൽ അവരെ ഗോതമ്പുകളത്തിലെ സകല തൊഴിലാളികളും കണ്ടു. 

 

സൊനാലിയുടെ അച്ഛന്‍ അലറി വിളിച്ചു ‘‘വിടടാ അവളെ നായേ.. തോടി മാ കി പു.. ’’

 

ക്ഷമിക്കാൻ ആവാത്ത കുറ്റമാണ് അവൻ ചെയ്തിരിക്കുന്നത്. ഗ്രാമമുഖ്യന്റെ മകളെ പട്ടാപ്പകൽ ഒരു കൂട്ടം ആൾക്കാരുടെ മുമ്പിൽവച്ച് ഒരു കൂലിക്കാരൻ കയറിപ്പിടിക്കുക !. കൗമാരം പിന്നിടാത്ത മന്‍സുഖിന്റെ ഉടലിൽനിന്ന് ദുപ്പട്ടയിൽ പിടിച്ച ഇടം കൈ മുട്ടിനുതാഴെവച്ച് വെട്ടിമാറ്റപ്പെട്ടു. മുറിഞ്ഞ ഞരമ്പുകളില്‍നിന്ന് ചോരയെല്ലാം ഒഴുകിപ്പോയി ചാവാതിരിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് മുറിവായിൽ വച്ചതിന്റെ വേദന പിൽക്കാലങ്ങളിലും ഛദ്ദയുടെ ഞരമ്പുകളിൽനിന്ന് പൂർണ്ണമായും ഒഴിഞ്ഞുപോയില്ല.. കാണ്‍പൂരിലേക്ക് ഗോതമ്പ് ലോഡുമായി പോകാൻ തയാറായിനിന്ന ലോറിയില്‍ കയറ്റിവിട്ട് അവര്‍ ആ കൗമാരക്കാരനെ നാടുകടത്തി. ‘‘ഇനിയിവിടെ കാലു കുത്തിയാല്‍ നിന്നെ കൊന്നുകളയും നായേ...”

 

ലോഡുമായി പതിയെ ഒാടിയ ലോറിയുടെ കാബിനില്‍ വേദനയില്‍ പുളഞ്ഞ് മന്‍സുഖ് കിടന്നു. കാണ്‍പൂരില്‍ ഡ്രൈവര്‍ അവനെ ഇറക്കിവിട്ടു. തുകല്‍ ഫാക്ടറികളില്‍നിന്നു വരുന്ന നാറ്റം നിറഞ്ഞ, സര്‍വത്രമലിനമായ ആ നഗരത്തില്‍ വിങ്ങുന്ന മുറിവായുമായി അവന്‍ അലഞ്ഞു. ആശുപത്രിയില്‍ പോകാന്‍ പണമില്ലാത്ത പാവപ്പെട്ടവര്‍ക്ക് കേടുവന്ന പല്ല് പറിച്ചുകൊടുക്കുന്ന മുറിവൈദ്യന്മാര്‍ അവിടെ ധാരാളം ഉണ്ടായിരുന്നു. കൊടിലും സൂചിയും നേര്‍പ്പിച്ച സ്പിരിറ്റുമായി ഗലി വക്കിലിരുന്ന ഒരു ദന്തവൈദ്യന്റെ മുന്‍പില്‍ തന്റെ മുറിവിൽ എന്തെങ്കിലും മരുന്നു പുരട്ടിത്തരാന്‍ അവന്‍ യാചിച്ചുനിന്നു. മുറിവൈദ്യന്‍ കൈ പിടിച്ചു നോക്കി. 

 

‘‘ബേട്ടാ ഇതു കുഴപ്പമാണല്ലോ... എല്ലില്‍ പഴുപ്പ് കയറി നീ ചത്തുപോകും. എനിക്കത് ദേഭപ്പെടുത്താന്‍ പറ്റില്ല..”

 

മുറിവൈദ്യൻ മന്‍സുഖിനെ തന്റെ സൈക്കിളിനുമുന്നില്‍ വലിച്ചുകയറ്റി ഒരു സര്‍ക്കാര്‍ ആശുപത്രില്‍ കൊണ്ടുചെന്നു. വൈദ്യന് സ്പിരിറ്റും പഞ്ഞിയും വേദനസംഹരി ഗുളികകളും ഒളിപ്പിച്ചു കടത്തി വില്‍ക്കുന്ന നേഴ്സിങ് അസിസറ്റന്റിനെ രഹസ്യമായി വിളിച്ചു കാര്യം പറഞ്ഞു. ഒരു കെട്ട് പഞ്ഞിയും കോട്ടന്‍തുണിയും പെന്‍സിലിന്‍ നിറച്ച സിറിഞ്ചുമായി ഇറങ്ങിവന്ന് നഴ്സിങ് അസിസ്റ്റന്റ് മന്‍സുഖിനെ കുത്തിവച്ചു. വൈദ്യന്‍ മുറിവ് വൃത്തിയാക്കി കെട്ടിക്കൊടുത്തു. 

 

‘‘എന്റെ പണി മുടങ്ങി.. നീ എവിടെയെങ്കിലും പോയി ചാക്’’ എന്നു പറഞ്ഞ് വൈദ്യന്‍ സൈക്കിളില്‍ കയറിപ്പോയി.

ആരെയും പരിചയമില്ലാത്ത ആ നഗരത്തില്‍ വിങ്ങുന്ന കയ്യുമായി മന്‍സുഖ് നടന്നു. ജലന്തറില്‍നിന്ന് അവനെയും കയറ്റിവന്ന ലോറി പോയത് മധുകര്‍ ഡിസ്ററിലറീസ് എന്നൊരു ഫാക്ടറിയിലേക്കാണെന്ന് ഓര്‍മയുണ്ടായിരുന്നു. 

 

തളർന്നുവീഴും മുമ്പ് മധുകര്‍ ഡിസ്ററിലറീസ് കണ്ടുപിടിച്ചു. കടം കയറി മുടിഞ്ഞൊരു മദ്യനിര്‍മാണ ശാല. കരിമ്പില്‍നിന്നെടുക്കുന്ന വിലക്കുറഞ്ഞ മൊളാസസ് ഉപയോഗിച്ച് മറ്റെല്ലാ ഡിസ്റ്റിലറികളും മദ്യം ഉണ്ടാക്കിയപ്പോള്‍, ധാന്യം വാറ്റി കൂടുതല്‍ ക്വാളിറ്റിയുള്ള മദ്യം നിര്‍മിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച് കുത്തുപാളയെടുത്ത ഒരു കിറുക്കനായിരുന്നു മധുകറിന്റെ ഉടമസ്ഥന്‍. ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും നിവര്‍ത്തിയില്ലാതെ ഏതാനും പേരെവച്ച് അവസാന വട്ടം ഒരുബാച്ച് മദ്യം കൂടി ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഉടമ. രണ്ടുനേരം ഭക്ഷണവും ഫാക്ടറിക്കുള്ളില്‍ കിടക്കാനിടവും ലഭിച്ച അവിടെ ശമ്പളമില്ലാതെ ആജീവനാന്തം ജോലി ചെയ്യാന്‍ മന്‍സുഖ് തയാറായിരുന്നു. മുറിവുണങ്ങുന്നതിനുമുമ്പേ ഒറ്റക്കയ്യുമായി മന്‍സുഖ് ജോലിക്കിറങ്ങി. എല്ലാം കണ്ടുപഠിച്ചു. 

 

ഗോതമ്പ് വാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍, തിരികെ ചെന്നാല്‍ കൊന്നുകളയുമെന്ന ഭീഷണി വകവയ്ക്കാതെ ജലന്ധറിൽ പോയി പുഴുവരിച്ചുപോയതായി എഫ്‍സിഎയുടെ ഗോഡൗണ്‍ രജിസ്റ്ററില്‍ കള്ളക്കണക്ക് കാണിച്ച ഗോതമ്പ് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നു. വൈന്‍ ഷോപ്പുകളില്‍ പോയി ഏതുതരം കസ്റ്റമര്‍ക്കാണ് തങ്ങളുടെ ചവര്‍പ്പില്ലാത്ത, സുഗന്ധമുള്ള മദ്യം അവര്‍ ആവശ്യപ്പെടാതെ തന്നെ പരിചയപ്പെടുത്തി വില്‍ക്കേണ്ടതെന്ന് സെയില്‍സ്മാന്‍മാരെ പഠിപ്പിച്ചു. മധുകറിന്റെ ഉല്‍പ്പന്നങ്ങള്‍ പതിയെ വിപണി പിടിച്ചു. ഇരുപത് വര്‍ഷങ്ങള്‍കൊണ്ട് മന്‍സുഖ് ഛദ്ദ മധുകര്‍ ഡിസ്റ്റിലറീസിന്റെ ഉടമയായി മാറി.

 

**********   *********    *******    *******

 

ഒരു കവിൾ ലസിയ്ക്കുകൂടി ഛദ്ദയ്ക്ക്  ദാഹിച്ചു. അയാൾക്ക് ലസി വേണ്ടന്നു കരുതി ഭൂപീന്ദര്‍ ഗ്ലാസ് എടുത്തുകൊണ്ട് കിച്ചനിലേക്കു പോയിരുന്നു. ഛദ്ദയ്ക്ക്  അരിശം വന്നു. ഭൂപീന്ദര്‍ ചെയ്ത അപരാധങ്ങള്‍ മനസിലേക്ക് വന്നു. അതുകഴിഞ്ഞപ്പോള്‍ തന്റെതന്നെ പ്രവൃത്തിയും...

 

രാഖി ചെന്നുകയറി ബഹളമായ ബറാത് പാര്‍ട്ടി ഛദ്ദയുടെ ജോലിക്കാരൻ രാം ലാലിന്റെ മകളുടെ വിഹാഹച്ചടങ്ങിന്റേതായിരുന്നു. വരന്‍ കയറിയ കുതിരയുടെ മുന്നില്‍ അസാമാന്യ മെയ്‍വഴക്കത്തോടെ ഡാന്‍സ് ചെയ്ത് നീങ്ങിയ രാഖിയിലായിരുന്നു എല്ലാവരുടേയും കണ്ണ്. ഒറ്റനോട്ടത്തില്‍ത്തന്നെ തെക്കന്‍ നാട്ടുകാരിയായെണെന്ന് മനസിലാവുന്ന അവള്‍ക്കും കവിതാ കൃഷ്ണപ്പയ്ക്കും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് ഛദ്ദയ്ക്കു തോന്നി. കവിത കൃഷ്ണപ്പ തടിച്ച ശരീരവും ചുരുണ്ട മുടിയുമായി മെല്ലെ നടക്കുന്നവളും രാഖി അഞ്ചടി കവിഞ്ഞ ഉയരവും പാറിപ്പറക്കുന്ന മുടിയുമായി വേഗത്തില്‍ ചലിക്കുന്നവളും ആണെങ്കിലും. 

 

ഛദ്ദയുടെ ചൂണ്ടക്കൊളുത്ത് കൈയിൽ കൗതുകം ജനിച്ചാണ് രാഖി അയാളുടെ അടുത്തു ചെന്നു നോക്കിയത്. അവള്‍ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ കിട്ടിയ അവസരം ഛദ്ദ മുതലാക്കി. അപഹാസ്യമായ അയാളുടെ അംഗവിക്ഷേപ കൂത്താട്ടത്തെ ബാൻഡുമേളക്കാർ താളം മുറുക്കി പ്രോത്സാഹിപ്പിച്ചു. വേഗം കൂടിയപ്പോൾ ഛദ്ദയുടെ ലക്കു കെട്ടു. അയാളുടെ വലതു കൈവിരലുകൾ വിയർത്താൽ സുഗന്ധം ഉതിരുന്ന രാഖിയുടെ സ്വേദഗ്രന്ധികളുടെ ഉറവിടം തേടി.‍ അവള്‍ ഒഴിഞ്ഞുമാറി ആടി.. ചൂണ്ടക്കൊളുത്ത് രാഖിയുടെ ജീന്‍സിന്റെ സിബ്ബില്‍ കുരുങ്ങിയതും അവളുടെ വലതുകൈമുട്ട് അയാളുടെ കഴുത്തില്‍ പതിച്ചു. ആ മിന്നല്‍ തീരുമുമ്പ് അവളുടെ കുതികാല്‍ ചവിട്ടില്‍ ഛദ്ദ വീണു. മലര്‍ന്നു വീണ് നെഞ്ചില്‍ തൊഴിയേല്‍ക്കുമ്പോള്‍ അയാള്‍ക്ക് വേദനിച്ചില്ല. ആകാശം നിറയെ നക്ഷത്രങ്ങളുള്ള രാത്രിയായിരുന്നു അത്. വേറൊന്നിലേക്ക് അതിവേഗം പറന്നുചെന്ന് അണഞ്ഞുപോകുന്ന ഒരു നക്ഷത്രപ്പകര്‍ച്ചയുടെ ക്ഷണദര്‍ശനത്തില്‍ കുടുങ്ങിക്കിടക്കുകായിരുന്നു അയാളുടെ കണ്ണുകളും മനസും. 

 

ഛദ്ദ ആവശ്യപ്പെട്ടിട്ടായിരുന്നില്ല ഭൂപിന്ദറും സംഘവും രാഖിയേയും അരവിന്ദിനേയും പിന്തുര്‍ന്ന് പിടിച്ചുകൊണ്ടുവന്നത്. വായിൽ തുണിതിരുകിയതിനാൽ പുറത്തുവരാത്ത അലര്‍ച്ചയില്‍ രാഖിയുടെ തൊണ്ട വിറയ്ക്കുന്നത് കണ്ടപ്പോഴേ ഛദ്ദയ്ക്ക് മനസിലായിരുന്നു, ഇതിവിടംകൊണ്ടൊന്നും തീരാന്‍ പോകുന്നില്ല. 

 

ഇനിയും ഉപദ്രവിക്കരുതെന്ന് പറഞ്ഞാണ് അവളെ ഭൂപീന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെ തന്നെ ചെയ്തെന്നാണ് അവന്‍ പറയുന്നത്. കാര്യങ്ങള്‍ പന്തിയല്ലെന്ന തോന്നലില്‍ ഗുരുഗ്രാമിമില്‍നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചു ഛദ്ദ ജലന്തറിലേക്ക് പോയി.

 

 

*********    *****************   *************   *********

 

മൂന്ന് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഫാം ഹൗസില്‍ രാഖി പ്രത്യക്ഷപ്പെട്ടു. ഒറ്റക്കയ്യന്‍ എന്ന അടയാളം മാത്രം മതിയായിരുന്നു ഫാം ഹൗസിലേക്കുള്ള വഴി പറഞ്ഞുകിട്ടാന്‍. പകല്‍നേരത്തുപോലും ഒറ്റയ്ക്ക് സ്ത്രീകള്‍ ചെല്ലാന്‍ മടിച്ചിരുന്ന അവിടെ പകലറുതികഴിഞ്ഞ സമയത്ത് എളിയില്‍ ഒളിപ്പിച്ച കഠാരിയുമായി അവള്‍ കയറിച്ചെന്നു. കാവല്‍ക്കാരോ നിരീക്ഷണ ക്യാമറകളോ ഇല്ലാതെ , കുപ്രിസിദ്ധികൊണ്ടുമാത്രം സംരക്ഷിക്കപ്പെട്ടിരുന്ന ഫാം ഹൗസില്‍ ഡൈനിങ് ടേബിളില്‍ കാല്‍ ഉയര്‍ത്തിവച്ചിരുന്ന് മൊബൈലില്‍ ഗയിം കളിക്കുകായിരുന്നു ഭൂപീന്ദര്‍. കഴുത്തിനുനേരേവന്ന കഠാരിയില്‍നിന്ന് വേഗത്തില്‍ ഒഴിഞ്ഞുമാറിയെങ്കിലും കുത്ത് തോളില്‍ തുളഞ്ഞുകയറി. വേദനകൊണ്ട് തരിച്ചുനിന്ന ഭൂപിന്ദറിനെ രാഖി തലങ്ങും വിലങ്ങും അടിച്ചു. ലക്ഷ്യംതെറ്റിയ ഒരടിയുടെ ഇടവേളയില്‍ ഭൂപിന്ദര്‍ വഴുതി അകത്തേക്ക് ഒാടി രക്ഷപെട്ടു.

 

അവനെ തിരഞ്ഞ് ഒരോ മുറിയും കയറി അവള്‍ വെല്ലുവിളിച്ചു- 

 

‘‘നശിച്ചവനേ ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാ... നിന്നെ അരിഞ്ഞിട്ടിട്ടേ ഞാനിവിടുന്നു പോകൂ.. ’’

 

ഭൂപിന്ദർ പുറത്തുവരാൻ ധൈര്യപ്പെട്ടില്ല. ഫാം ഹൗസിന് ചുറ്റും അവള്‍ അവനെ തിരഞ്ഞോടി. ഒരുത്തനോടെങ്കിലും പ്രതികാരം ചെയ്യാനായതിന്റെ അല്‍പം ആശ്വാസത്തോടെ അവളൊരു ദീര്‍ഘ ശ്വാസമെടുക്കുന്നതിനിടെ കറന്റ് പോയി. സ്ഥലപരിചയമില്ലാത്ത ഇരുട്ടില്‍ തലയ്ക്കുപിന്നില്‍ അടിയേറ്റ് രാഖി വീണു. അവളുടെ കയ്യില്‍നിന്ന് വീണ കത്തി എടുത്ത്, കൊല്ലപ്പെട്ട പന്നിയില്‍നിന്ന് രക്തം ചോര്‍ത്തിക്കളയാന്‍ കരോട്ടിഡ് ആർട്ടറി മുറിക്കുന്നതുപോലെ ഭൂപിന്ദര്‍ രാഖിയുടെ കഴുത്തറത്തു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ഫാം ഹൗസിന്റെ മുറ്റത്തിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അവള്‍ വന്ന കാറില്‍നിന്ന് തിരിച്ചറിയല്‍ രേഖകള്‍ കിട്ടിയിരുന്നു. രഹസ്യമായി സ്ഥലം മനസിലാക്കിവരാന്‍ ആളെ ഏര്‍പ്പാടാക്കി. രാത്രി വൈകി, കരിക്കട്ടയായ രാഖിയുടെ ശരീരം വേവുമണം പുറത്തുവരാതെ പൊതിഞ്ഞെടുത്ത് അവളുടെ ഫ്ലാറ്റിനു പിന്നിലെ പാര്‍ക്കില്‍ തെളിവു ശേഷിപ്പിക്കാതെ കൊണ്ടുവച്ചു.

 

(തുടരും)

 

Content Summary: Lajja Gauri, Tantric novel by Sreekumar V.S.