ADVERTISEMENT

അരവിന്ദ് കായകൽപ്പസേവ തുടങ്ങി. ക്ഷീണം കുറഞ്ഞവന്നു. നഷ്ടപ്പെട്ട വിശപ്പ് ചില നേരങ്ങളിൽ വയറ്റിൽ ആളി. രുചികരമായ ഭക്ഷണ സാധനങ്ങൾ  കഴിക്കുന്നതായി  സ്വപ്നം കണ്ടു. ദിവസം ചെല്ലുന്തോറും ശരീരം വേഗത്തിൽ പുഷ്ടിപ്പെട്ടുവന്നു. കൊഴിഞ്ഞുപോയ മുടികളുടെ സ്ഥാനത്ത് പുതിയവ മുളച്ചു. കൈകാലുകളിലെ ആൺ മാംസപേശികൾ മൃദുമേദസായി രൂപാന്തരപ്പെട്ടു. കൗമാരം പിന്നിട്ട കന്യകയുടെ അകത്തോട്ടു കൂമ്പിയ മുലക്കണ്ണുകളുമായി  മാറിടം വളർന്നു. ത്വക്ക് മാത്രം രക്തപ്രസാദമില്ലാതെ വരണ്ടുപോയി. കിടക്കാനുപയോഗിക്കുന്ന ചണച്ചാക്കിലും കുടിലിലെ മുളങ്കീറുകളിലും ഉരഞ്ഞ് തൊലിപ്പുറത്ത് വെള്ള പൊടിഞ്ഞു.

 

കൊഴിഞ്ഞുപോയ മീശയും താടിയും വീണ്ടും കിളുർത്തില്ല, നെഞ്ചിലെയും കാലിലെയും അപ്പാടേ കൊഴിഞ്ഞ രോമങ്ങളും തിരികെവന്നില്ല. അതിനെക്കുറിച്ചൊന്നും അരവിന്ദ് ആലോചിച്ചില്ല. തനിക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവൻ ബോധവാനായിരുന്നു. അത് എത്രത്തോളം എന്നറിയാൻ ഒരു കണ്ണാടിക്കഷണം പോലും അവിടെയെങ്ങുമില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു. പുനർജനി പ്രക്രിയയിലൂടെ കടന്നുപോകുന്ന ഉടലിന്റെ രൂപഭാവ പകർച്ചകളിൽ അതിന്റെ ഉടമയുടെ മനസ് കൗതുകംകൊണ്ടില്ല.

 

 

വീണ്ടുമൊരു പൗർണമി.

 

കുടിലിന്റെ മൂലയ്ക്ക് കൂട്ടിവച്ച ഉരുളൻ കല്ലുകൾ എണ്ണിത്തിട്ടപ്പെടുത്തി ദിനം പതിനാലുതന്നെയെന്ന് ഒന്നുകൂടി ഉറപ്പിച്ച് അരവിന്ദ് ചാവടിയിലെത്തി. കാലവർഷ മേഘങ്ങൾ പടുതകെട്ടിയെങ്കിലും മറയാത്ത  മുഴുതിങ്കൾ നേരെ തലയ്ക്കുമുകളിൽ എത്തുന്നവരെ കാത്തുനിൽക്കേണ്ടിവന്നു വാതിൽ തുറക്കപ്പെടാൻ. മായി സർവാഭരണ വിഭൂഷിതയായി നിൽക്കുന്നു, ആദ്യമായി കണ്ടനാളിലെ നവോഢയെപ്പോലെ മനോഹരിയായി. 

 

മായി അരവിന്ദ് ഉടുത്തിരുന്ന തോർത്ത് അഴിച്ചുമാറ്റി അവനെ പീഠത്തിലേക്ക് പിടിച്ചുകൊണ്ടിരുത്തി. തോളറ്റം കവിഞ്ഞു വളർന്നു കിടന്ന മുടിയിഴകളിൽ കാച്ചിയ എണ്ണ തേച്ചു. ഒട്ടിച്ചേർന്ന ഇഴകൾ വേർപെടുത്തി. ദേഹത്ത് സ്നാനചൂർണ്ണം തേച്ചുരച്ചു കഴുകി. രോമലേശമില്ലാത്ത കൊഴുത്ത മേനിയിൽ ചമ്പകപ്പൂ വാസനിക്കുന്ന ഇളംചൂടുവെള്ളമൊഴിച്ചു.  

 

അരവിന്ദിനെ കുളിപ്പിച്ചു കഴിഞ്ഞ്  കളംവരച്ചതിനു മുമ്പിൽ പദ്മാസനത്തിൽ മായി ഇരുന്നു. തമ്മിൽ ലയിക്കുന്ന ത്രികോണങ്ങളും അവയെച്ചുറ്റുന്ന വൃത്തവും പുറത്ത് പതിനാറ് ദളങ്ങളും എഴുതിയ കളത്തിനു പിന്നിൽ ഇരിക്കാൻ അവനോട് ആംഗ്യം കാട്ടി. യന്ത്രക്കളത്തിന് അപ്പുറം തന്റെ മുന്നിലിരിക്കുന്ന മായിയെ അവൻ സഹസ്രനാമങ്ങൾ കൊണ്ട് മാനസപൂജ ചെയ്തു. മായി കൈനീട്ടി അരവിന്ദിന്റെ ഉച്ചിയിൽ ചേർത്ത് അനുഗ്രഹിച്ചു. 

 

ആ നിലയിൽ ഇരുവരും.

സമയപ്രവാഹം നിലച്ചുപോയിരുന്നു.

 

മായി മെല്ലെ അവന്റെ തല താഴേക്ക് കൊണ്ടുവന്നു. അരവിന്ദിന്റെ ചുണ്ടുകൾ നിലത്ത് മുട്ടിനിന്നു. അവർ പ്ദമാസനത്തിൽനിന്ന് വിരമിച്ച് കൈകൾ മടക്കി കാൽമുട്ടുകൾ ഇരുവശങ്ങളിലേക്കും അകറ്റി.

 

ചുടുചോര അരവിന്ദിന്റെ ചുണ്ടുകളെ നനച്ചു

"ജീവന്റെ ആദ്യരക്തം”...

"പിറവിയുടെ പോഷക ലായനി”...

 

പെണ്ണിന്റെ അണ്ഡവും ആണിന്റെ ബീജവും ചേർന്നുണ്ടായ ഏകകോശ സിക്താണ്ഡം ഭ്രൂണമായി വളർന്നു. ശരീരത്തിലെ ഏത് അവയവമായും വളരാൻ കഴിയുന്ന ടോട്ടി പൊട്ടെന്‍സി എന്ന സവിശേഷ  കഴിവുള്ള മൂലകോശങ്ങൾ ഭ്രൂണത്തിൽ നിറഞ്ഞിരുന്നു. അവയിൽ ചിലത് കണ്ണായി, ചിലത് കാതായി, ചിലത് ഹൃദയമായി വളർന്നു. വളർച്ച പൂർത്തിയാകുന്നതോടെ ഏത് അവയവവും ആയിത്തീരനുള്ള കോശങ്ങളുടെ സവിശേഷ കഴിവ് നഷ്ടപ്പെടുന്നു. പുനർജനി നൽകാൻ കഴിവുള്ള മൂലകോശങ്ങളെ മുതിർന്ന മനുഷ്യരുടെ മ‍ജ്ജയിലും കൊഴുപ്പിലും  ആർത്തവരക്തത്തിലും  അപ്പോഴും സൃഷ്ടികാരിണി  സൂക്ഷിച്ചുവച്ചിരുന്നു.

 

മായിയുടെ നാഭിയിൽനിന്നൊലിച്ച മാതൃരക്തം അരവിന്ദിൽ സ്ത്രൈണമുകുളങ്ങളായി വിടർന്നു. കല്പ ചികിത്സയിൽ അവന്റെ പുരുഷത്വം നശിച്ച് ആണും പെണ്ണുമല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു. നശിച്ചുപോയ പുരുഷത്വത്തിന്റ സ്ഥാനത്ത് മായി അരവിന്ദിൽ പെണ്മ നിറച്ചു. നുണക്കുഴികൾ പണിതു. ജീവരക്തമോടി ത്വക്ക് തിളങ്ങി. സ്ത്രൈണകാന്തി വന്നു.

 

"രജനീ...”

എഴുനേൽക്കൂ മോളേ... - മായി കരുണയോടെ അവളെ ഉണർത്തി. 

സന്ദേഹഗ്രന്ഥികൾ പൊട്ടി തെളിഞ്ഞ കണ്ണുകളോടെ അരവിന്ദ് മായിയെ നോക്കി നിന്നു. മടിച്ചുനിന്ന കാലവർഷം പുറത്ത് ഇരമ്പലോടെ പെയ്ത് തുടങ്ങി.

മായി രജനിക്ക് പട്ടുചേല ചുറ്റി. കണ്ണെഴുതി, നെറ്റിയിൽ കുറിയണിയിച്ചു. ചമയങ്ങൾ തീർന്നപ്പോൾ  രജനിയെ ചാവടിയിലെ രണ്ടാമത്തെ മുറിയിലിലേക്ക്  കൂട്ടിക്കൊണ്ടുപോയി. മായി പെട്ടന്ന് പരിക്ഷീണയായി മാറിയിരുന്നു. 

 

പുലർന്ന് ഒരു നാഴിക പിന്നിട്ടിപ്പോൾ മായി രജനിയെ ചാവടിയുടെ  പുറത്തേക്കുള്ള വാതിൽക്കൽവരെ അനുഗമിച്ചു. 

 

"ഞാൻ തന്നെയാണ് നീ... പോയ് വരൂ" - ഏലത്തരിയും ഗ്രാമ്പുവുമിട്ട താംബൂലം രജനിയുടെ വായ്ക്കുള്ളിലേക്ക് വച്ചുകൊണ്ട് മായി വിടചൊല്ലി. 

 

അരവിന്ദ് താമസിച്ച മുളങ്കുടിൽ പൊളിച്ചു കളഞ്ഞ് ആ സ്ഥാനത്ത് ഒരുവൻനിന്ന് കുഴിയെടുക്കുന്നു. രജനി അരവിന്ദിന്റെ ബാഗുമെടുത്ത് അവിടേയ്ക്ക് ചെന്നു. കുഴിക്ക് ആറടി നീളമുണ്ട്. കുഴിയെടുത്തുകൊണ്ടിരുന്നവൻ ഒരുവശത്തെ മണ്ണ് മാറ്റി. ബാഗിലെ വസ്ത്രങ്ങളും ഐഡി കാർഡും കടലാസുകളും അതിലേക്കിട്ടു. നനഞ്ഞു തൂങ്ങിയ വൃക്ഷത്തലപ്പുകളിൾനിന്ന് മഴവെള്ളം അതിലേക്ക് വേഗത്തിൽ ഇറ്റുവീണു.

 

ചാവടിമുറ്റം കടന്ന് ഒറ്റയടിപ്പാതയിലേക്ക് ഇറങ്ങും മുമ്പ് രജനി വായിലെ താംബൂലം  കുട്ടിയാന വലിപ്പത്തിൽ നിന്ന പാറയിലേക്ക് നീട്ടിത്തുപ്പി. പാറ കുരുതി വീണ ബലിക്കല്ലായി.

 

വനത്തിലെ ഒറ്റയടിപ്പാത കല്ലുപാകിയ വഴിയിലേക്ക് ചേരുന്നിടത്ത് ഭൈരവൻ പട്ടികളുമായി കാത്തുനിൽപ്പുണ്ടായിരുന്നു. നായകൾ ഭൈരവന് മുമ്പിൽ നടന്നു. രജനി അയാൾക്ക് പിന്നിലും. ഭൈരവൻ സാരഥിയായി , നായ്‍ക്കൾ വലിക്കുന്ന ഒരു സാങ്കൽപ്പികത്തേരിൽ രജനി താഴോട്ട് പടയ്ക്കിറങ്ങി.

 

 മൂന്നുദിവസങ്ങളായി അടച്ചിരുന്ന ക്ഷേത്രനട അംബുവാസി മേള ദിവസമായ അന്ന് തുറന്നു. ബ്രഹ്മപുത്ര കാലവർഷം വഹിച്ച് കവിഞ്ഞൊഴുകുന്നു. നീലാചലത്തിന്റെ താഴ്‍വാരത്തുനിന്ന് കാമാഖ്യലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിരുന്നു. മേലാസകലം ചാമ്പൽപൂശിയ കൗപീന ധാരികൾ ത്രിശൂലങ്ങളുമായി ആർപ്പുവിളിച്ചു നീങ്ങി. ജടകെട്ടിയ മുടിയും  ശംഖ് മുറിച്ചുണ്ടാക്കിയ വളകളും ലോഹമോതിരങ്ങളും അണിഞ്ഞ ചെമ്പട്ടുടുത്ത താന്ത്രികർ അവർക്കു പിന്നിലായി നടന്നു. മഞ്ഞയും കാവിയും നിറത്തിൽ അൽഖല്ല കുപ്പായങ്ങളും സാരിയും  ധരിച്ച ബാവുളുകൾ എക്‍താരയിൽ ശ്രുതിമീട്ടി. ധോലക്കിന്റെ താളത്തിൽ സാധാരണ ഭക്തരും. അവർ കൂട്ടമായി ആടിപ്പാടി.

 

ചുവന്ന പട്ടിന്റെ കാന്തിയിൽ ശോഭിച്ച രജനിയെക്കണ്ട് കിന്നർ (ട്രാൻസ്ജെൻഡർ) സംഘത്തിൽപ്പെട്ട ചിലർ അടുത്തു കൂടിയെങ്കിലും ഭൈരവന്റെ സാന്നിധ്യമറിഞ്ഞ് ഭയന്ന് പിന്മാറി. മേളകഴിഞ്ഞ് നീലാചലമിറങ്ങിവരുന്ന ടൂറിസ്റ്റുകളെ കാത്ത് കിടന്ന ഒരു കാറിന്റെ ഡോർ ഭൈരവൻ വലിച്ചു തുറന്നു. രജനി കയറിക്കഴിഞ്ഞ് ചേർത്തടച്ചു. പകച്ചുനിന്ന ഡ്രൈവറോട് രജനി കാർ ഗുവാഹത്തിയിലേക്ക് വിടാൻ ആവശ്യപ്പെട്ടു.

 

ഗുവാഹത്തിയി ടൗണിലെത്തിയ രജനി അപരൂപാ ടെക്സ്റ്റയിൽസ് എന്നു പേരുള്ള ഒരു തുണിക്കടയിൽ കയറി സാരിമാറ്റി ജീൻസും ടോപ്പും ധരിച്ചു. ഫാൻസി ബസാറിന്റെ മധ്യത്തിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയിലേക്കാണ് പിന്നെ പോയത്. അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാർക്ക് വ്യാജരേഖ ചമച്ചുകൊടുക്കുന്ന ഷോപ്പുകളിലൊന്ന്. ആദ്യം വിസമ്മതിച്ചെങ്കിലും രണ്ടായിരം രൂപയുടെ ഒറ്റനോട്ട് കണ്ടപ്പോൾ ഐഡന്റിറ്റി കാർഡ് നിർമിച്ച് കൊടുക്കാമെന്ന് ഉടമ സമ്മതിച്ചു.  സെൽഫോണിൽ അയാൾ രജനിയുടെ ചിത്രമെടുത്തു. കാർഡിൽ ചേർക്കാനുള്ള വിലാസം രജനി കടലാസിൽ എഴുതിക്കാണിച്ചു. പേരിന്റെ സ്ഥാനത്ത് ഇങ്ങനെ എഴുതിയിരുന്നു- 

 

"രജനി ശ്രീവാസ്തവ !”

 

അന്നുവൈകുന്നേരം രജനി ശ്രീവാസ്തവ  കയറിയ ഇൻഡിഗോ എയർലൈൻസ് വിമാനം ഗുവാഹത്തിയിലെ ഗോപിനാഥ് ബർദലോയി എയർപോർട്ടിൽനിന്ന് ഡൽഹിയെ ലക്ഷ്യമാക്കി പറന്നുപൊങ്ങി.

––––––

 

 

വൈകുന്നേരമായപ്പോൾ ഛദ്ദ ഭൂപിന്ദറിനെയും കൂട്ടി ഫാം ഹൗസിൽനിന്നിറങ്ങി ഒരു കിലോമീറ്റർ അപ്പുറത്തുള്ള പന്നി ഫാമിൽ എത്തി, മരണാസന്നനായവൻ അവസാന കാലത്ത് തന്റെ വസ്തുവകകൾ നോക്കിക്കാണാൻ ആഗ്രഹിച്ച് പോകുമ്പോലെ. എഴുനൂറിലധികം പന്നികളുള്ള ആ ഫാം ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ആധുനിക സാങ്കേതികവിദ്യകളെല്ലാം നടപ്പാക്കിയിട്ടുളള പിഗ്ഗറിയിൽ ജോലിക്കാർ കുറച്ചുമതി. കുട്ടിയാനപോലെ വളർന്നുമുറ്റിയ എതെങ്കിലും ഒരു പന്നിയെ കുത്തിമലർത്തി അതിന്റെ പിടച്ചിൽകണ്ട് രസിക്കണമെന്ന് തോന്നുമ്പോഴേ അയാൾ സാധാരണ അവിടെ പോകാറുള്ളൂ. 

 

വെട്ടിയെറിഞ്ഞ തന്റെ ഇടംകൈ കടിച്ചുതിന്നുന്ന ജലന്ധറിലെ തെരുവ് പന്നിയെ, വെള്ളം നിറഞ്ഞ് പാതിമറഞ്ഞ കണ്ണുകൊണ്ട് കണ്ട നാൾമുതൽ ഛദ്ദ പന്നിയെന്ന ജന്തുവിനെ വെറുത്തു. വലിയ പന്നികളെ  വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് ഫാം ഹൗസിന്റെ മുറ്റത്തിട്ട് വേട്ടയാടി. ഓരോ കുത്തിലും അകത്തേക്കു കയറുന്ന കത്തി തിരിച്ചൂരിയെടുക്കുമ്പോഴേക്കും പൂർവസ്ഥിതിയിലായകുന്ന പന്നിമാംസം അയാളെ ലഹരി പിടിപ്പിച്ചു. അമറി ചോരവാർന്ന് അത് ചാവുന്നത് കാണുമ്പോൾ തന്നെ ഒറ്റക്കയ്യൻ ആക്കിയവരെ എതിരിട്ട് തോൽപ്പിക്കുന്ന സുഖമറിഞ്ഞു.

 

ഛദ്ദ കൊന്നിട്ട പന്നികളെ ജോലിക്കാരിൽ ചിലർ അറുത്ത് കുറഞ്ഞവിലയ്ക്കു വിറ്റ് പോക്കറ്റ്മണി സമ്പാദിക്കുമായിരുന്നു. പന്നിമാസം തേടി സ്ഥിരമായി ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഛദ്ദ ഒരു ഫാം തുടങ്ങി. ഫാം വലുതായപ്പോൾ പ്രാദേശിക വിൽപ്പന നിർത്തി മാംസം അപ്പാടെ കയറ്റുമതി ചെയ്തു. ആദ്യ തവണത്തെ ആശുപത്രിവാസം കഴിഞ്ഞതോടെ അയാളിലെ പോരാട്ട വീര്യവും ശൗര്യവും ഇല്ലാതെയായി, പന്നിവേട്ടയിൽ കമ്പം തീർന്നു. മൂന്നു വർഷത്തിനിടെ ഇന്നാദ്യമാണ് ഛദ്ദ ഫാമിൽ ചെല്ലുന്നത്.

 

ഛദ്ദ ഫാമിന്റെ മുറ്റത്തെ തണലിൽ കസേരയിട്ടിരുന്നു. ഭൂപീന്ദർ  കയറ്റുമതിക്കണക്കിന്റെ കടലാസുകൾ എടുത്തുകൊണ്ടുവന്നു കൊടുത്തു.  പേപ്പറുകൾ ഓടിച്ചുനോക്കി, കണ്ണുകൾ അക്കങ്ങളിൽ ഉറയ്ക്കാതെ കറങ്ങി ഫാം വളപ്പിനു വെളിയിൽ വിളഞ്ഞുനിൽക്കുന്ന വെട്ടാറായ കരിമ്പുപാടത്തിന്റെ ഇരുളി‍ലുറച്ചു. രണ്ടാൾപ്പൊക്കത്തിൽ വളർന്നു നിക്കുന്ന കരിമ്പുകാട്ടിൽനിന്ന് താനിതുവരെ കണ്ടിട്ടില്ലാത്ത ഒരു ഹിംസ്രജന്തു ചാടിവന്ന് തന്നെ കടിച്ചു തിന്നുമെന്ന ഭയം അധികമായപ്പോൾ എഴുനേറ്റ് ഫാമിന് അകത്തുപോയി .  നിരനിരയായി പണിത കൂടുകളിൽ പെറ്റിട്ട് ദിവസങ്ങൾ മാത്രമായ ചോരക്കുഞ്ഞുങ്ങളെ  പാലൂട്ടുന്ന പെൺപന്നികൾ. അവയ്ക്കിടയിലൂടെ വെറുതേ പന്നിക്കുഞ്ഞുങ്ങളുടെ എണ്ണമെടുത്ത് നടന്നു. ഭയം പതുക്കെ കുറഞ്ഞുവന്നു.

 

എക്സ്പോർട്ട് ഓർഡറിന് അനുസരിച്ച് കൊടുക്കാൻ മാസം തികയുന്നില്ല. ഫാം കുറേക്കൂടി വലുതാക്കണം, പുറകു വശത്തെ കൃഷിഭൂമി വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഭൂപിന്ദറിനോട് നിർദ്ദേശിച്ചു വീണ്ടും മുറ്റത്തിറങ്ങി കസേരയിൽ ഇരുന്നു. പകൽ സമയത്തെ ജോലികഴിഞ്ഞ് പണിക്കാർ മിക്കവരും പോയി. രാത്രി കുറച്ചുപേർ മതിയാകും.

 

 

**

കഴുത്തിൽ മണികെട്ടിയ ഒറ്റപ്പോത്ത് വലിയ്ക്കുന്ന ഒരു ഭേന്‍സ് ഗാഡി മൺപാതയുടെ അവസാനം സ്ഥിതിചെയ്യുന്ന ഛദ്ദയുടെ ഫാം ലക്ഷ്യമാക്കി  അങ്ങേതലയ്ക്കൽനിന്ന് പുറപ്പെട്ടു കഴിഞ്ഞിരുന്നു. സാരിത്തലപ്പുകൊണ്ട് മുഖവും തലയും മറച്ച് കൊലുന്നനയെയുള്ള ഒരു സ്ത്രീ തെളിച്ച പോത്ത് വണ്ടിയില്‍, കരിമ്പുനീര് വീണ് കറപിടിച്ച പലകകൾക്കുമേൽ കട്ടിയിൽ ചണച്ചാക്കിട്ട് രജനി ഇരുന്നു. കുണ്ടിലും കുഴിയിലും വീണ് ഉലഞ്ഞ വണ്ടിയില്‍ അവൾക്ക് കുലുക്കമില്ല.

 

 ആ പ്രദേശത്തെ തെരുവ് നായക്കൾ കൂട്ടമായി പോത്തുവണ്ടിയെ പിന്തുടർന്നു. പോത്തിന്റെ കഴുത്തിലെ മണിയുടെ മുഴക്കവും നായ്ക്കളുടെ മുരൾച്ചയും കേട്ട് , എരുമച്ചാണകത്തിന്റെ ചൂര് തിങ്ങിയ വീട്ടുമുറ്റങ്ങളിലെ ചാർപോയിൽ പകലത്തെ അധ്വാനം കഴിഞ്ഞ് വിശ്രമിക്കാൻ കിടന്ന വൃദ്ധന്മാർ പിടഞ്ഞെണീറ്റു. അസാധരണ വേഗതിയിൽ പായുന്ന പോത്തുവണ്ടി തെളിക്കുന്ന സ്ത്രീയേയും അവൾക്ക് പിന്നിലിരിക്കുന്നവളേയും കൂടെയോടുന്ന നായക്കൂട്ടത്തേയും കണ്ട് അവർ ഭയന്നു. നാശം നാശം എന്ന് പിറുപിറുത്ത് വീടിനുള്ളിലേക്ക് ഭയപ്പാടോടെ ഓടിക്കയറി.

 

ഫാമിനു മുന്നിൽ കത്തിനിന്ന സോഡിയം ലാമ്പിന്റെ വിളറിയ മഞ്ഞ വെട്ടത്തിൽ അകേത്ത് കുതിച്ചുവരുന്ന ‍‍പോത്തുവണ്ടിയും നായക്കൂട്ടവും  താൻ കണ്ടുമറന്ന ഒരു ദുസ്വപ്നത്തിന്റെ ആവർത്തനമാണെതന്ന് ഛദ്ദയ്ക്ക് തോന്നി. സ്വപ്നത്തിൽ അനങ്ങാൻ കഴിയാതെ കുഴങ്ങുതുപോലെ, ആ യഥാർഥ ജീവതരംഗത്തുനിന്നും ഓടിയൊളിക്കാൻ ആവാതെ അയാൾ കസേരയിൽ തളർന്നിരുന്നു. 

 

ഭൂപീന്ദർ എവിടെനിന്നോ ഓടിവന്നു. കുറക്കനേപ്പോലെ നീണ്ടമുഖമുള്ള ഒരു പട്ടി കുതിച്ച് അവന്റെ കഴുത്തിൽ കടിച്ചു കോമ്പല്ലിറക്കി. നിലത്തുവീണ ഭൂപീന്ദറിന്റെ കവിൾ ഒരു നായ കടുച്ചുപറിച്ചെടുത്തു. ഭയംകൊണ്ട് ഒരു നിലവിളിയോടെ അകത്തേക്ക് ചുരുങ്ങിപ്പോയ അവന്റെ നാവിനെ മാളത്തിലൊളിച്ച പെരുച്ചാഴിയെ പിടികൂടുന്ന ലാഘവത്തോടെ, കീറിയ കവിൾ വിടവിലൂടെ കൂർത്ത മുഖം കടത്തി നായ തിരഞ്ഞു.  വണ്ടി വലിച്ചുവന്ന പോത്ത് സ്ഥിരം കാഴ്ചകളിൽ മടുപ്പ് ബാധിച്ച ഒരു മനുഷ്യനെപ്പോലെ ആ ഭയാനകരംഗത്തിന്റെ മറുവശത്തേക്ക് തലതിരിച്ചു നിന്നു.  

 

അക്ഷോഭ്യയി, വികാരരഹിതയായി ഇരിക്കുന്ന രജനി ആരെന്ന്  ഛദ്ദയ്ക്ക് അറിയില്ലങ്കിലുും അവളിട്ടിരുന്ന ജീൻസ് കണ്ട് രാഖിയെ ഓർമവന്ന് അയാളുടെ അകത്ത് ഇടിവാളുവെട്ടി. അയാൾ ഫാമിനകത്തേക്ക് പാഞ്ഞു. സാരി ധരിച്ചവൾ തിടുക്കപ്പെടാതെ വണ്ടിയിൽനിന്നിറങ്ങി ഛദ്ദയുടെ പുറകേ ചെന്നു. 

 

ഒളിക്കാനിടമില്ലാത്ത വലിയ തുറന്ന നെടുമ്പുരയിൽ പന്നികൾക്കിടയിൽ പതുങ്ങാൻ അയാൾ നോക്കി. ഛദ്ദയുടെ ചവിട്ടേറ്റ് പന്നിക്കുഞ്ഞ് ചതയുന്നത് കണ്ട് തള്ളപ്പന്നി അയാളെ മുക്രയിട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തി. മലിന ജലത്തിലേക്ക് കമിഴ്‍ന്നു വീണ അയാളുടെ വലംകൈയ്യിൽ ചവിട്ടിനിന്ന് സാരിക്കാരി പന്നിയുടെ എല്ല് മുറിക്കുന്ന ടൂൾ കൊണ്ട് അയാളുടെ വലതു കൈ അറുത്തു. ഛദ്ദ അനുഭവിച്ച അവസാന വേദനയായിരുന്നു അത്. ആന്തരിക അവയവങ്ങൾ ദ്രവിച്ച്, ഏതാനും ദിവസങ്ങളുടെ ആയുസുമാത്രം ബാക്കിയായ തന്നെ ഈ വിധം വേട്ടയാടി കൊല്ലുന്നതിന്റെ നിഷ്ഫലതയോർത്ത് വീഴ്ചയിൽ ചതഞ്ഞ അയാളുടെ ചുണ്ടിന്റെ കൊണിൽ പുറത്തേക്കൊലിച്ച തുപ്പലിനൊപ്പം ഒരു ചിരികൂടി കലർന്നിരുന്നു.

 

അവൾ അയാളുടെ തലയും ഉടലും പോസ്റ്റ്മോർട്ടം വിദഗ്ധന്റെ കൃത്യതയോടെ പേശികളും അസ്ഥികളും തിരിച്ചു ചെറിയ കഷണങ്ങളാക്കി മുറിച്ചു. ഹൃദയം പറിച്ചെടുത്ത് പന്നികൾക്ക് മുന്നിലിട്ടു. മിടിപ്പ് തീരാത്ത ആ മാംസക്കഷണത്തിന് വേണ്ടി പന്നിക്കൂട്ടം തമ്മിലിടിച്ചു. ബാക്കിയുള്ള ശരീരഭാഗങ്ങൾ കൂനയായി തടുത്തുകൂട്ടി പന്നികൾക്ക് തിന്നാൻ വിട്ടുകൊടുത്തിട്ട് വെട്ടിയെടുത്ത തല മുടിയിൽ തൂക്കിപ്പിടിച്ച് അവൾ എഴുനേറ്റു. വിസർജ്യം ശേഖരിക്കുന്ന ടാങ്കിൽ ഛദ്ദയുടെ തല വലിച്ചെറിഞ്ഞു കളഞ്ഞ് ടാപ്പ് തുറന്ന് സ്വന്തം ശരീരത്തിൽ പറ്റിയ രക്തം കഴുകിക്കളഞ്ഞു. 

 

ഭൂപീന്തറിന്റെ വികൃതമായ ശവത്തിനരികെ മുരണ്ടുകൊണ്ട് നായ്ക്കൾ നിന്നിരുന്നു. "പോകാം...  ഇരുന്ന ഇരിപ്പിൽനിന്ന് അതുവരെ ഇളകാത്ത രജനി പറഞ്ഞു. തിരികെപ്പോകുന്ന പോത്തുവണ്ടിയ്ക്ക് പിന്നാലെ നായക്കൂട്ടവും പാഞ്ഞു.

 

മണിയൊച്ചയും നായ്ക്കളുടെ കിതപ്പുമായി കാലവാഹനം തിരികെപ്പോകുന്ന ശബ്ദംകേട്ട് വൃദ്ധന്മാർ വീടുകൾക്ക് അകത്തിരുന്ന് ആശ്വാസത്തോടെ ശ്വാസമുതിർത്തു.

 

––––––

 

ചാവടിയിലേക്ക് കയറുംമുമ്പ് രജനി നീർച്ചോലയിൽ പോയി കുളിച്ചു. അരവിന്ദ് പാർത്ത കുടിലിന്റെ സ്ഥാനത്ത് കുത്തിയ ആറടിക്കുഴി മൂടിയ നിലയിൽകണ്ടു. കുളികഴിഞ്ഞ് ഇട്ടുകൊണ്ടുവന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച് ചാവടിയുടെ പടി കയറി. അകത്ത് മായിയുടെ പട്ടുചേലയും ആടായാഭരണങ്ങളും അവളെ കാത്ത് ഇരിപ്പുണ്ടായിരുന്നു.

 

––––––

 

"അരവിന്ദ്... അരവിന്ദ്... " ബിശ്വാസ് ബറുവ ചാവടിയുടെ മുമ്പിൽനിന്ന് ശബ്ദം താഴ്ത്തി വിളിച്ചു. ആ മാസം മായിക്കുള്ള തന്റെ കുടുബത്തിന്റെ വക കാഴ്ചദ്രവ്യങ്ങൾ വച്ചിട്ട് പോകാൻ തുടങ്ങുകയായിരുന്നു ബിശ്വാസ്. കൊൽക്കത്തയിൽനിന്ന് അയാൾ മടങ്ങിവന്നിട്ട് അരവിന്ദിനെ അന്വേഷിക്കാത്ത സ്ഥലമില്ല. വെറുതെയൊന്ന് വിളിച്ചുനോക്കാമെന്ന് മനസു പറ‍ഞ്ഞു. 

 

വാതിൽത്തുറന്ന് മായി ഇറങ്ങി വന്നു. അയാൾ കൊണ്ടുവച്ച സാധനങ്ങൾ നോക്കി. അരിയ്ക്കും ദാലിനും പകരം അവലും ശർക്കരയും തേങ്ങയുമാണ് വീട്ടുകാർ ഇത്തവണ ബിശ്വാസിന്റെ കൈയ്യിൽ കൊടുത്തുവിട്ടിരുന്നത്. ബിശ്വാസിനെ നോക്കി  ഗൂഢമായ ചിരി ചിരിച്ചിട്ട് മായി ചാവടിയുടെ കതകുകൾ ചേർത്തടച്ചു.

 

തന്റെ മുതുമുത്തശ്ശിയെ അവരുടെ യൗവനാവസ്ഥയിൽ സ്വപ്നത്തിൽണ്ട കൊച്ചുമകനെപ്പോലെ ഒട്ടെന്തോ മനസിലാക്കിയും അതിലേറേ പിടികിട്ടാതെയും ഒരു സംഭ്രമത്തോടെ ബിശ്വാസ് ബറുവ ചാവടിയിൽനിന്ന് തിരിച്ചു നടന്നു.

 

(അവസാനിച്ചു)

 

Content Summary: Lajja Gauri, Tantric novel by Sreekumar V.S.