ADVERTISEMENT

സൈക്കിൾ മാവിൻചുവട്ടിൽ വച്ചശേഷം ഒതുക്കുകല്ലുകൾ കടന്നു സിനി മുറ്റത്തേക്കു കയറി. സാംകുട്ടി അവിടെ വഴി വിലങ്ങി നിൽപ്പുണ്ടായിരുന്നു. അവൻ അവളെ തുറിച്ചു നോക്കി. അവള്‍ എളിയിൽ കൈകുത്തി അവനെ തിരികെ ഗൗരവത്തോടെ നോക്കി.

എന്താ അനിയാ രാവിലെ കോപത്തിലാണല്ലോ?. അവൻ അവളുടെ മുഖത്തിനുനേരേ നാടകീയമായി വിരൽചൂണ്ടി. മോളേ സിനി നിന്റെ വരവ് വെറുതെയല്ലെന്നറിയാം. നിന്റെ ഉദ്ദേശം എന്തായാലും സാംകുട്ടി ജീവിച്ചിരിക്കുമ്പോ അതു നടക്കുകേല. നിനക്കും മറ്റവനും ചിലപ്പം അപ്പച്ചനെ പറ്റിക്കാൻ പറ്റും, അവൻ തന്റെ തലയിലോട്ടു കൈചൂണ്ടി പറഞ്ഞു– പക്ഷേ ദേ ഇതിനകത്തുള്ള ഐറ്റം വേറെയാ.

 

അവന്റെ ഡയലോഗ് കേട്ടു ചിരിവന്ന സിനി, മുഖം വക്രിച്ചു, പുച്ഛത്തോടെ പോടായെന്ന് പറഞ്ഞ് അകത്തേക്കു നടന്നു. സാംകുട്ടി  മുന്നോട്ടാഞ്ഞ് അവളുടെ പിന്നിൽനിന്നു മുടിക്കുത്തിനു പിടിച്ചു നിർത്താൻ നോക്കി, അവൾ കൈതട്ടി, സെക്കന്റുകൾകൊണ്ടവനെ തട്ടി നിലത്തേക്കിട്ടു. കാൽ അവന്റെ മുഖത്തേക്ക് വീശികൊണ്ടുവന്നു. 

 

അവൻ പേടിച്ചു മുഖംപൊത്തി. അവൾ കാലു മാറ്റിയശേഷം അകത്തേക്കു ന‌ടന്നു. അവൻ പുറത്തെ പൊടി തട്ടിയശേഷം ആരെങ്കിലും കണ്ടോയെന്നു ചുറ്റും നോക്കി. അവിടെ മാവിൻ ചുവ‌ട്ടിൽ ഇതു കണ്ടാസ്വദിക്കുന്ന പോലെ നേരിയ പുഞ്ചിരിയുമായി, പല്ലിട കുത്തിക്കൊണ്ടു തുമ്പി ജോണ്‍ നിൽപ്പുണ്ടായിരുന്നു. സാംകുട്ടി മുണ്ടു കുടഞ്ഞ്, അയാളെ ദേഷ്യത്തോടെ ഒന്നു നോക്കിയശേഷം അകത്തേക്കു പാഞ്ഞുപോയി.

 

…….   ........    .........    .........    ........

 

സിനി അകത്തുചെന്നപ്പോൾ കലണ്ടറിൽ എന്തോ കുത്തിക്കുറിച്ചു സാജൻ നിൽപ്പുണ്ടായിരുന്നു. അവൾ മാറാനുള്ള വസ്ത്രവും ടർക്കിയുമെടുത്തു കുളിമുറിയിലേക്കു പോകുന്നതിനിടെ അവനെ പാളി നോക്കി. അവൻ ചലനമൊന്നുമില്ലാതെ എന്തൊക്കെയോ ഗാഢമായി ആലോചിച്ചു നിൽക്കുന്നു. അവള്‍ അടുത്തേക്കു ചെന്നു. കലണ്ടറിലെ രണ്ടാഴ്ചയിലെ ദിവസങ്ങളെല്ലാം മുഴുവന്‍ അവൻ ചെമപ്പ് മഷി പേനകൊണ്ടു വെട്ടിയിട്ടിരുന്നു. ഇതെന്താ സംഭവം– അവൾ ചോദിച്ചു.

 

എന്റെ അടിമത്തത്തിന്റെ രണ്ടാഴ്ച, നമ്മുടെ കരാറിൽ എനിക്കിനി ബാക്കിയുള്ളത് രണ്ടാഴ്ചകൂടി. പിന്നെ ഞാനങ്ങുപോകും. എനിക്കു ചേട്ടനെന്തു പറ്റിയെന്നറിയണം. അവനെയും കൊണ്ടു ചെന്ന് അമ്മച്ചിയെ കാണണം. ചേട്ടൻ ചെയ്ത തെറ്റിനുള്ള ശിക്ഷകൂടി ഞാൻ ഈ നരകത്തിൽ അനുഭവിച്ചു കഴിഞ്ഞു.

 

അവൾ കലണ്ടറിലവശേഷിക്കുന്ന ദിവസങ്ങളിലൊന്നിൽ അവന്റെ കൈയ്യിൽ നിന്നു പേന വാങ്ങി ഒരു ഗുണന ചിഹ്നം കൂ‌ടി ഇട്ടു.

 

ഡിസംബർ 22

അവൻ ആ തീയതിയിലേക്കു അമ്പരപ്പോടെ നോക്കി, രണ്ടാഴ്ചയൊന്നും വേണ്ട മോനേ. താന്നിക്കൽ സണ്ണിക്കു ഈ ദിവസം മുതൽ വീണ്ടും സാജനായി രൂപം മാറാം. പിന്നെ തന്റെ ചേട്ടന്റെ കാര്യം. അവനെ നിനക്ക് ഉടൻതന്നെ കാണാം. പിന്നെ ഇയാളുടെ ജോലീ തീർന്നിട്ടില്ലല്ലോ?. നാളെ ഒരിടം വരെ പോകണം ദേ ഇതാണ് അഡ്രസ്. അവിടെ ചെന്ന് സിനി തരകൻ തന്നതാണെന്നു പറഞ്ഞാൽ മതി. അവൻ ആ പേപ്പറിലേക്കു മിഴിച്ചു നോക്കി.

 

…...   .......   .......   .........   ........   

 

മാർക്കറ്റ് ഉണർന്നു വരുന്നതേ ഉള്ളൂ. കടകളുടെ മുന്നിൽ ലോഡുമായി കിടക്കുന്ന ലോറികൾ. നിരനിരയായി ഒരേപോലെയുള്ള കെട്ടിടത്തിന്റെ നെറ്റിയിലെ വിവിധ ബോർഡുകൾ നോക്കി സാജൻ നടന്നു. വശത്തേക്ക് ചരിഞ്ഞു നൂൽക്കമ്പിയിൽ കെട്ടി നിർത്തിയ ആ ബോർഡ് ഒടുവിൽ അയാളുടെ കണ്ണിൽപ്പെട്ടു. രാജൻ മാത്യു ആൻഡ് സൺസ്. –കമ്മീഷൻ ഏജന്റ്.  

 

അയാൾ അകത്തേക്കു കയറി. ഇടത്തരം വലിപ്പമുള്ള മുറി. മൂലയിലിട്ട കസേരയിലെ മേശയും കസേരയും ഭിത്തിയിലെ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രമല്ലാതെ വേറൊന്നും ആ മുറിയിലില്ല. കസേരയിലിരുന്ന വെള്ള വസ്ത്രം ധരിച്ചയാൾ കട്ടി ഫ്രെയിമുള്ള കണ്ണാടിക്കു മുകളിലൂടെ സംശയത്തോടെ സാജനെ നോക്കി.

 

സാജൻ തന്റെ കയ്യിലിരുന്ന പേപ്പർ അയാളുടെ കയ്യിലേക്കു കൊടുത്തു. അതു നിവർത്തിപ്പിടിച്ചു വായിച്ചശേഷം ശേഷം ഒന്നും മിണ്ടാതെ വശത്തെ ഭിത്തിയിലെ ഒരു വാതിൽ തുറന്നു അയാൾ അകത്തു കയറി. ഭിത്തി മുഴുവൻ വെള്ളനിറം പുര‌ട്ടിയതിനാൽ അവിടൊരു വാതിലുണ്ടായിരുന്നെന്ന് അപ്പോഴാണ് സാജന് മനസ്സിലായത്. അയാൾ വാതിൽ തുറന്ന് തല പുറത്തേക്കിട്ടു വാടോ.. സാജൻ ഒപ്പം ചെന്നു. വിശാലമായ ഒരു ഗോഡൗണായിരുന്നു അതിനകം. അവിടെ തൂണിൽ ഒരാളെ കുരിശിൽ തറച്ചതുപോലെ കെട്ടിയിട്ടിരുന്നു…

 

Content Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com