ADVERTISEMENT

അധ്യായം 3 : മൃഗയാ വിനോദം

 

ആ രാത്രി പതിവുളള സമാഗമത്തിന്റെ ആലസ്യത്തില്‍ മാദ്രി മയങ്ങുമ്പോള്‍ പരീക്ഷിത്ത് മണിയറ വാതില്‍ കടന്ന് പുറത്തിറങ്ങി വീണാമുറിയിലെ ആട്ടുകട്ടിലില്‍ പോയിരുന്നു. ആലോചനകള്‍ ഏറുന്ന ഘട്ടങ്ങളില്‍ ആട്ടുകട്ടിലിനെ ആശ്രയിക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. അനായാസമായി ഊയലാടിക്കൊണ്ട് പരശ്ശതം ചിന്തകളുടെ തേരേറുക. ചിലപ്പോള്‍ പുതിയ ആശയങ്ങള്‍ മൊട്ടിടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാവും.ഇക്കുറി പരീക്ഷിത്ത് ആലോചിച്ചത് രാജ്യത്തെക്കുറിച്ചായിരുന്നില്ല. തന്നെക്കുറിച്ച് തന്നെയായിരുന്നു.

എന്താണ് ജീവിതം? സമൂഹം മുന്‍കൂട്ടി നിശ്ചയിച്ച കൃത്യമായ ആരോഹണാവരോഹണങ്ങളിലൂടെ സഞ്ചരിച്ച് അവസാനിക്കുന്ന ക്രമബദ്ധമായ ഒരു ചക്രം. ബാല്യം, കൗമാരം, യൗവ്വനം, മധ്യവയസ്, വാര്‍ദ്ധക്യം...ഓരോന്നിനും നിയതമായ ഓരോ ദൗത്യങ്ങള്‍...അതിനപ്പുറം ഒരു മനുഷ്യന് സ്വയം കണ്ടെത്താന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ കുറവ്. 

എന്നിരുന്നാലും ഞാന്‍ ജീവിതത്തെ അഗാധമായി സ്‌നേഹിക്കുന്നു. അതിന്റെ താളലയങ്ങള്‍ എന്നെ അതീവ സന്തുഷ്ടനാക്കുന്നു.

കുടുംബം, സ്‌നേഹാദരങ്ങളോടെ ഒപ്പം നില്‍ക്കുന്ന ജനങ്ങള്‍..അങ്ങനെ സമ്മോഹനമായ ഒരനുഭവമായി ജീവിതം പരിണമിച്ചിരിക്കുന്നു. പക്ഷെ എത്രനാള്‍..?

ആ ചോദ്യം വല്ലാതെ ഭയപ്പെടുത്തുന്നു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് പലപ്പോഴും ജീവിതം. അവിചാരിതമായി കടന്നു വരുന്ന ഒരു അസുഖത്തിന്റെ പേരില്‍, അപകടത്തിന്റെ പേരില്‍, ആക്രമണത്തിനിടയില്‍, അതൊന്നുമല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ പേരില്‍ ഏത് നിമിഷവും നഷ്ടപ്പെടാവുന്ന ഒന്ന് . അതുകൊണ്ട് തന്നെ ഗഹനമായി ചിന്തിച്ചാല്‍ നശ്വരമായ ഈ ആഹ്‌ളാദങ്ങളത്രയും നിരര്‍ത്ഥകമാണ്.

 

ശാശ്വതമായ ജീവിതം, അനശ്വരമായ ജീവിതം...അങ്ങിനെയൊന്നുണ്ടോ? ഹിമവല്‍ഗൃഗങ്ങളില്‍ കഠിന തപസില്‍ മുഴുകിയിരിക്കുന്ന ഋഷീശ്വരന്‍മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ ഇരുനൂറും മൂന്നൂറും വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ചിലര്‍ക്ക് മരണമില്ലെന്നും പറയുന്നു. പക്ഷെ അങ്ങിനെയൊരാളെ പോലും ഇന്നേ വരെ ഞാന്‍ കണ്ടിട്ടില്ല. 

ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഈ ഭൂമിയില്‍ അവതരിച്ച സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പോലും അകാലചരമമടഞ്ഞു. അപ്പോള്‍ ചിരഞ്ജീവി എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തി എന്താണ്? വാസ്തവത്തില്‍ അങ്ങനെയൊരു സങ്കല്‍പ്പത്തിന് സാധുതയുണ്ടോ? എത്ര ചിന്തിച്ചിട്ടും അതിന്റെ വാസ്തവം അദ്ദേഹത്തിന്റെ മനസില്‍ തെളിഞ്ഞില്ല. യുക്തിയുടെ ഏത് അളവുകോല്‍ കൊണ്ടാണ് ഇതിനെയൊക്കെ നിര്‍ണ്ണയിക്കുക.

പൊടുന്നനെ മിന്നായം പോലൊരു ചിന്ത മനസില്‍ കൂടുകൂട്ടി. മരണമില്ലാത്ത അവസ്ഥ അവിടെ നില്‍ക്കട്ടെ. പക്ഷെ പരമാവധി ആയുസ് വര്‍ദ്ധിപ്പിക്കാന്‍ പോംവഴികളുണ്ട്. അതിനെക്കുറിച്ച് വിദഗ്ധരുമായി ആലോചിച്ച് അഭിപ്രായങ്ങള്‍ തേടാം. എന്നിട്ട് അതനുസരിച്ച് ഒരു ജീവിതക്രമം രൂപപ്പെടുത്താം. തനിക്ക് മാത്രമല്ല അമ്മയ്ക്കും മാദ്രിക്കും ജനമേജയനുമെല്ലാം അത് ആവശ്യമാണ്.

 

കൊട്ടാരം വൈദ്യര്‍ക്കൊപ്പം പുറത്തു നിന്നുള്ള പ്രഗത്ഭരായ വൈദ്യന്‍മാരുടെ ഒരു സംഘത്തെ തന്നെ ക്ഷണിച്ചു വരുത്തി വിഷയം സുദീര്‍ഘമായി അവതരിപ്പിച്ചു. എല്ലാവരും പരസ്പരം നോക്കി. പിന്നെ ശബ്ദം താഴ്ത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. ആയുര്‍ദൈര്‍ഘ്യത്തിനുളള വഴികളെക്കുറിച്ചാണ് രാജാവിന്റെ ചോദ്യം. 

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം പരമാവധി നീട്ടിക്കിട്ടണം. ആയുസും വര്‍ദ്ധിക്കണം. പെട്ടെന്ന് ഒരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വൈദ്യന്‍മാര്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു.

'അതിനപ്പുറം പാടില്ല. ഒരു മാസം കൊണ്ട് തന്നെ നമുക്ക് മേല്‍ നടപടികള്‍ ആരംഭിക്കണം'

രാജാവിന്റെ സഹജമായ അക്ഷമ തലനീട്ടി. 

വൈദ്യരത്‌നങ്ങള്‍ ആദരവോടെ അതിലേറെ വിധേയത്വത്തോടെ നമ്രശിരസ്‌കരായി.

അവര്‍ രാപ്പകല്‍ തലപുകഞ്ഞ് ആലോചിച്ചു. പല തരം മൂലഗ്രന്ഥങ്ങള്‍ പരിശോധിച്ചു. നൂറും നൂറ്റി പത്തും വയസ് കടന്ന പടുവൃദ്ധന്‍മാരുമായി ചര്‍ച്ച ചെയ്തു. പലര്‍ക്കും പല കാരണങ്ങളാണ് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചത്. അതില്‍ നിന്നും പൊതുവായി കണ്ടെത്തിയ കാര്യങ്ങള്‍ ചേര്‍ത്ത് വൈദ്യന്‍മാര്‍ ഒരു  പ്രബന്ധം തയ്യാറാക്കി താളിയോലയില്‍ പകര്‍ത്തി. ഒരു മാസത്തിനുളളില്‍ രാജാവിന് കൈമാറി.

അതില്‍ മര്‍മ്മപ്രധാനമായ വസ്തുത രാജാവിനെ അത്ഭുതപ്പെടുത്തി.

ജീവിക്കാന്‍ ഒരു ലക്ഷ്യവും ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന തോന്നലുമാണ് മനസിന് ആഹ്‌ളാദം പകരുന്നത്. 

അതിലുപരി ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാന്‍ ലഭിക്കുന്ന അവസരം. 

എന്തെങ്കിലും ഒന്നില്‍ എപ്പോഴും മുഴുകുകയും അലസചിന്തകള്‍ക്ക് ഇടയില്ലാത്ത വണ്ണം പ്രവര്‍ത്തന നിരതനായിരിക്കാനും കഴിയണം. 

കൂട്ടായ്മയും സൗഹൃദങ്ങളുമാണ് മറ്റൊരു സുപ്രധാനഘടകം. ഉപാധികളില്ലാത്ത സൗഹൃദത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തമാശകള്‍ പങ്കിട്ടും പ്രശ്‌നങ്ങള്‍ പങ്ക്‌വച്ചും ജീവിതം സന്തോഷകരമായ ഒരു അനുഭവമാക്കി മാറ്റാന്‍ കഴിയും.

 

ഇത്തരം ആളുകളാണ് ഏറ്റവും ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുന്നത്. ഭക്ഷണവും വ്യായാമവും പോലും രണ്ടാം സ്ഥാനത്തേ വരുന്നുളളു.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്റെ ജീവിതത്തില്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടെന്ന് പരീക്ഷിത്തിന് തോന്നി. രാജ്യാധികാരം ഏറ്റെടുക്കാന്‍ ഭയന്ന കാലത്ത് പോലും തന്റെ പരമമായ ലക്ഷ്യം ഹസ്തിനപുരിയുടെ പരമാധികാരം തന്നെയായിരുന്നു. മുത്തച്ഛന് നിഷേധിക്കപ്പെട്ട സിംഹാസനം. അച്ഛന് നിയതി അനുവദിക്കാതെ പോയ സിംഹാസനം. അതില്‍ താന്‍ ഉപവിഷ്ഠനാവണമെന്ന് തന്നേക്കാള്‍ അധികം മോഹിച്ചത് അമ്മയായിരുന്നു. അതുകൊണ്ട് തന്നെ ആ സ്ഥാനത്ത് മറ്റാരേക്കാള്‍ ശോഭിക്കണമെന്ന വാശിയും ഉറച്ച ലക്ഷ്യബോധവും തന്നെ നയിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് വര്‍ദ്ധിതവീര്യത്തോടെ അതിനായി ഇക്കണ്ട കാലമത്രയും പരിശ്രമിച്ചത്. അതിന് ഫലമുണ്ടായി എന്ന തിരിച്ചറിവ് തന്നെ അഗാധമായി ആഹ്‌ളാദിപ്പിക്കുന്നു. നാട്ടില്‍ മാത്രമല്ല പുറം രാജ്യങ്ങളില്‍ പോലും ഇന്ന് ഏറ്റവും വലിയ ചര്‍ച്ചാവിഷയം പരീക്ഷിത്ത് മഹാരാജാവിന്റെ ഭരണപരിഷ്‌കാരങ്ങളാണ്.

 

ഇക്കണ്ട കാലമത്രയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതും രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതും മറ്റുമായിരുന്നു ഭരണനേട്ടമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. രണ്ട് പൊളിച്ചെഴുത്തുകളാണ് ഇക്കാര്യത്തില്‍ താന്‍ നിര്‍വഹിച്ചത്. ഒന്ന് അയല്‍രാജ്യങ്ങള്‍ പരസ്പരം സഹവര്‍ത്തിത്വത്തോടെ കഴിയുക. മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുമ്പോള്‍  പരസ്പരം സഹായിക്കുക, സഹകരിക്കുക.

രാജ്യത്തിന്റെ നികുതിപ്പണം ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതാണ്. അതിന്റെ മുക്കാല്‍ പങ്കും അവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക. ജനങ്ങള്‍ക്ക് സുഭിക്ഷമായും സമാധാനപരമായും ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കുക. അടിസ്ഥാനവര്‍ഗത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും താന്‍ നടത്തിയ പരിശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ശത്രുരാജ്യങ്ങള്‍ പോലും വിശേഷിപ്പിക്കുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ ഇതില്‍പ്പരം മറ്റെന്ത് അംഗീകാരമാണ് ലഭിക്കേണ്ടത്. പരീക്ഷിത്തിന് എന്തെന്നില്ലാത്ത ആത്മാഭിമാനം തോന്നി.

ആയുര്‍ദൈര്‍ഘ്യത്തിന്റെ ആദ്യപടി ഈ മാനസികാവസ്ഥയിലൂടെ താന്‍ കടന്നിരിക്കുന്നതായി പരീക്ഷിത്തിന് തോന്നി.

അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം, സന്തുഷ്ടമായ കുടുംബം...

 

ഇനി ദിനചര്യകള്‍ കുറെക്കൂടി നല്ല രീതിയില്‍ ക്രമീകരിക്കണം.

മികച്ച വ്യായാമ പദ്ധതികളിലുടെ ശാരീരികക്ഷമത നിലനിര്‍ത്തണം

പ്രാണായാമവും സൂര്യനമസ്‌കാരവും നിലവില്‍ ശീലിക്കുന്നുണ്ട്. അതു മാത്രം പോര.

ഹസ്തിനപുരിയിലെ ഏറ്റവും സമര്‍ത്ഥനായ യോഗാചാര്യനെ ക്ഷണിച്ചു വരുത്തി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹം അടക്കമുളള ജീവിതശൈലി രോഗങ്ങള്‍ ആക്രമിക്കാതിരിക്കുന്നതിനുമുളള ആസനങ്ങള്‍ ശീലിച്ചു.

പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നടത്തം ശീലിച്ചു.

ഏറെ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന കൊട്ടാര ഉദ്യാനത്തില്‍ കിളികളുടെ കളകളാരവവും പൂക്കളുടെ സുഗന്ധവും ഔഷധസസ്യങ്ങളെ തഴുകിതലോടി കടന്നു വരുന്ന കാറ്റുമേറ്റ് ദീര്‍ഘദൂര നടത്തം.

 

സവാരി കഴിഞ്ഞു വന്നാല്‍ കൊട്ടാരത്തിലെ നീന്തല്‍ക്കുളത്തില്‍ കുറച്ച് സമയം നീന്തലും കുളിയും.

പിന്നെ കൊട്ടാരവൈദ്യന്‍ നിര്‍ദ്ദേശിച്ച പ്രാതല്‍.

ബദാം, കശുവണ്ടി, ഇളനീര്, കദളിപ്പഴം, മാതളം...എന്നിങ്ങനെ ആരോഗ്യത്തിന് ഉപയുക്തമായ ഭക്ഷണം മിതമായ അളവില്‍ മാത്രം.

ഒരു സമയം കൂടുതല്‍ കഴിക്കാതെ കുറഞ്ഞ അളവില്‍ പല തവണകളായി കഴിക്കുന്നതിലേക്ക് ഭക്ഷണശീലം പരിവര്‍ത്തിപ്പിച്ചു.

മനസിന് ഉല്ലാസം പകരുന്ന കളികളില്‍ ഏര്‍പ്പെടുന്നത് ശീലമാക്കി. 

പകിട കളിയിലും ചതുരംഗത്തിലും ആരൊക്കെ പ്രതിയോഗിയായി വന്നാലും അന്തിമവിജയം തനിക്കാണെന്നത് രാജാവിനെ ഏറെ സന്തുഷ്ടനാക്കി.

ചിരി മാനസികോല്ലാസത്തിനും ആരോഗ്യത്തിനും ദിവ്യൗഷധമാണെന്ന തിരിച്ചറിവ് കൊട്ടാരത്തില്‍ പുതിയ തമാശകള്‍ വിതച്ചു.

വംഗരാജ്യത്തു നിന്നും അതിപ്രഗത്ഭരായ വിദൂഷകരെ വരുത്തി നര്‍മ്മകഥകളും ഭാഷണങ്ങളും വഴി രാജാവിനെ നിരന്തരം പൊട്ടിച്ചിരിപ്പിച്ചു. ആഹ്‌ളാദിപ്പിച്ചു.

കൊട്ടാരത്തിലെങ്ങും ചിരിയുടെ അലകള്‍ നിറഞ്ഞു.

മനസിനെ വിമലീകരിക്കാനും മനോസംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഹൃദയത്തില്‍ ആഹ്‌ളാദതരംഗങ്ങള്‍ ഉണര്‍ത്താനും സംഗീതത്തോളം വലിയ ഔഷധം മറ്റൊന്നുമില്ല.

 

കൊട്ടാരം വക സംഗീതജ്ഞര്‍ക്ക് പുറമെ അയല്‍രാജ്യങ്ങളില്‍ നിന്നും പ്രതിഭാധനരെ വരുത്തി രാജാവിനായി പ്രത്യേക സംഗീതക്കച്ചേരികള്‍ സംഘടിപ്പിച്ചു.

സംഗീതം അവാച്യമായ ഉണര്‍വ് നല്‍കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.

ഇതേ സമയത്ത് തന്നെ ആയുര്‍ദേവനായ ശിവപ്രീതിക്കായൂം സ്ഥിതി ദേവനായ വിഷ്ണുപീതിക്കായൂം നിരവധി  ഹോമങ്ങളും പൂജകളും യാഗങ്ങളും വഴിപാടുകളും സമര്‍പ്പിക്കപ്പെട്ടു. 

രാജാവിന് മാനസികോല്ലാസം വര്‍ദ്ധിപ്പിക്കാനായി നയനാനന്ദകരമായ ഇടങ്ങളിലേക്ക് നിരന്തരം യാത്രകള്‍ സംഘടിപ്പിക്കപ്പെട്ടു. അതിസുന്ദരികളായ കന്യകമാര്‍ രാത്രിക്കൂട്ടിനായി നിയോഗിക്കപ്പെട്ടു. കന്യകമാരായ തരുണികളുമായുളള മൈഥുനം ആരോഗ്യം മാത്രമല്ല യൗവ്വനവും നിലനിര്‍ത്തുമെന്ന കണ്ടെത്തല്‍ വാസ്തവമാണെന്ന് രാജാവിന് തോന്നി. ഇപ്പോള്‍ അങ്ങയെ കണ്ടാല്‍ പത്ത് വയസ് കുറഞ്ഞിട്ടുണ്ടെന്ന് പലരും പറഞ്ഞപ്പോള്‍ പരീക്ഷിത്തിന്റെ സന്തോഷം ഇരട്ടിച്ചു.

 

ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടുളള തേച്ചുകുളിയും രക്തചംക്രമണത്തിനായുളള ഉഴിച്ചിലും തിരുമ്മലുമെല്ലാം മുറപ്രകാരം നടന്നു.

ഗവേഷണഫലമായി നിശ്ചയിക്കപ്പെട്ട വിശിഷ്ട ലേഹ്യങ്ങളും അരിഷ്ടങ്ങളും കഷായങ്ങളും സമയാസമയങ്ങളില്‍ സേവിച്ചു.

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന അനാവശ്യ ചിന്തകളെ നിയന്ത്രിക്കാനുളള ധ്യാനങ്ങളും മറ്റും അനുഷ്ഠിക്കാന്‍ ഋഷീശ്വരന്‍മാരെ ചുമതലപ്പെടുത്തി.

ദീര്‍ഘായുസിനും പൂര്‍ണ്ണാരോഗ്യത്തിനും സവിശേഷമെന്ന് വ്യാപകമായി വിലയിരുത്തപ്പെട്ട ആയുര്‍ഗന്ധിപ്പൂവ് ഉള്‍വനങ്ങളില്‍ നിന്നും സേനാ നായകന്‍മാര്‍ അതിസാഹസികമായി ശേഖരിച്ച് കൊട്ടാരത്തിലെത്തിച്ചു. എല്ലാ ദിവസവും സൂര്യോദയത്തിന് മുന്‍പ് വെറും വയറ്റില്‍ രാജാവ് പതിവായി അത് സേവിച്ചു.

മനുഷ്യജന്മത്തോളം സുന്ദരമായ മറ്റൊരു അനുഭവമില്ലെന്ന് പരീക്ഷിത്തിന് തോന്നി. യുഗയുഗാന്തരങ്ങളോളം ഇങ്ങനെ മരണമില്ലാതെ ആരോഗ്യവാനായി എല്ലാവിധ സുഖസമ്പല്‍സമൃദ്ധിയോടും കൂടി ജീവിക്കാന്‍ കഴിയുന്നതില്‍പ്പരം മനോമോഹനമായ അനുഭവം മറ്റെന്താണുളളത്?

പരീക്ഷിത്ത് എല്ലാ ദിവസവും അത് സ്വയം ചോദിച്ചു. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനുളള വഴികളെക്കുറിച്ച് ഗവേഷണം നടത്താന്‍ നൂറ്‌പേര്‍ അടങ്ങുന്ന ഒരു സംഘത്തെ ചുമതലപ്പെടുത്തി.

 

അവര്‍ നാടുനീളെ സഞ്ചരിച്ച് ഇതുവരെ ലഭ്യമാകാത്ത പുതിയ വിവരങ്ങള്‍ ശേഖരിച്ചു.

രാജഗുരു പതിവുളള ഉപദേശനിര്‍ദ്ദേശങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് ഒരു ദിവസം അരുളിചെയ്തു.

'എനിക്ക് മരണമില്ല. ഞാന്‍ ചിരഞ്ജീവിയാണ്. ഈ ഭൂമിയുളള കാലത്തോളം അനശ്വരനായി അചഞ്ചലനായി അക്ഷോഭ്യനായി എല്ലാ വിധ ആഹ്‌ളാദാനുഭവങ്ങളോടും കൂടി ഞാന്‍ ജീവിക്കും. ഈ പ്രതിജ്ഞ എല്ലാ ദിവസവും രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങും മൂന്‍പും ആയിരം തവണ ജപിക്കണം. അത് മനസിലുറപ്പിക്കണം. ആ അവസ്ഥ മനസില്‍ കണ്ടുകൊണ്ട് വേണം ജപിക്കാന്‍. കഴിയുമെങ്കില്‍ സര്‍വേശ്വരനായ വിഷ്ണുഭഗവാന്റെ വിശ്വരൂപം മനസില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ചൊല്ലിയാല്‍ ഫലം ഇരട്ടിക്കും.''

ഗുരുവിന്റെ വാക്കുകള്‍ അമൃതേത്തായി പരീക്ഷിത്തിന് തോന്നി. മൃതസഞ്ജീവനി പോലെ വിലപ്പെട്ട ഒന്ന്.

കൂടിക്കാഴ്ച കഴിഞ്ഞ് പിരിയുമ്പോള്‍ ഗുരു ചോദിച്ചു.

'നാളെ രാജസദസുണ്ടോ?'

'ഇല്ല. ഒരു ദിവസം ഒഴിവെടുക്കുന്നു'

'യാത്ര വല്ലതും?'

'ങും..ഉള്‍ക്കാടുകളിലേക്ക് ഒന്ന് പോകണം. നായാട്ട് പതിവുണ്ടെങ്കിലും പുറം കാടുകളിലായിരുന്നു ഏറെയും. ഇക്കുറി ഒന്ന് മാറ്റിപ്പിടിക്കണം'

ഗുരു ചിരിച്ചു. പിന്നെ ആത്മീയമായ ശാന്തത വഴിയുന്ന സ്വരത്തില്‍ മൊഴിഞ്ഞു.

'ഉള്‍വനങ്ങള്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളാണ്. എത്രയൊക്കെ സന്നാഹവും സുരക്ഷയും ഉണ്ടെങ്കിലും അപകടസാധ്യത കുടുതലാണ് മഹാരാജന്‍. ആ ബോധം എപ്പോഴും മനസില്‍ സൂക്ഷിക്കണം'

 

'നായാട്ട് നമുക്ക് എന്നും സന്തോഷം നല്‍കുന്ന വിനോദമാണ്. പക്ഷെ ഒരേ രീതിയില്‍ ആവര്‍ത്തിച്ചാല്‍ ഏതും മടുക്കും. ത്രസിപ്പിക്കുന്ന സവിശേഷമായ ഒരു അനുഭവത്തിന് വേണ്ടിയാണ് ഉള്‍ക്കാടുകളിലേക്ക് പോകുന്നത്'

'നല്ലത് തന്നെ. കൂടുതല്‍ ശ്രദ്ധയുണ്ടാവണമെന്ന് മാത്രം'

ഗുരു ഓര്‍മ്മപ്പെടുത്തി.

'മുന്‍വിധികളും ആശങ്കകളും ജാഗ്രതയുമായി പോയാല്‍ നായാട്ടിന്റെ തനത് സുഖം ആസ്വദിക്കാന്‍ കഴിയില്ല. വരുന്നത് വരട്ടെ. എത്രയൊക്കെ മുന്‍കരുതലെടുത്താലും മരണത്തെ തടയാനാവില്ലല്ലോ? ഭഗവാന് പോലും. ഉവ്വോ...?'

ഗുരു അതിന് മറുപടി പറഞ്ഞില്ല.

മൗനം സാന്ദ്രമായ പുഞ്ചിരിയില്‍ പൊതിഞ്ഞ് അദ്ദേഹം മുകള്‍നിലയുടെ പടികളിറങ്ങി.

അധികാരത്തിന്റെ അതീതഭാവത്തിന്റെ സഹജമായ അമിതാത്മ വിശ്വാസത്തോടെ അതിലേറെ അഹന്തയോടെ പരീക്ഷിത്ത് ആ പോക്ക് നോക്കി നിന്നു.

 

 (തുടരും)

 

Content Summary: Paramapadam, Episode 03, e novel written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com