ADVERTISEMENT

മദ്ധ്യാഹ്‌ന സൂര്യന്‍ തലയ്ക്കു മുകളില്‍ ഉഗ്രതാപത്തോടെ ജ്വലിച്ചു നിന്നു.

കഠിനതപസിന്റെ പാരമ്യതയിലായിരുന്നു കശ്യപമഹര്‍ഷി. കൊടുംകാടിന്റെ ഒത്തനടുവില്‍ സ്ഫടികം പോലെ തിളങ്ങുന്ന ജലം ഒഴുകുന്ന പാലരുവിക്ക് അരികെ മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ മഹര്‍ഷി തപം തുടര്‍ന്നു. വിചാരിക്കുന്നതെന്തും സാധ്യമാക്കാനുളള ശക്തിവിശേഷത്തിനായി അദ്ദേഹം തപസ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ചില പ്രത്യേക സിദ്ധികള്‍ ഒഴിച്ചാല്‍ മഹര്‍ഷി ആഗ്രഹിച്ച തലത്തിലേക്ക് ഉയരാന്‍ എന്തുകൊണ്ടോ ഭഗവല്‍കൃപ ഉണ്ടായില്ല. അതിന്റെ കാര്യകാരണങ്ങള്‍ മഹര്‍ഷി മനക്കണ്ണാല്‍ ഗണിച്ചു.

' തപത്തിന് ഏകാഗ്രത പോര. ധ്യാനത്തില്‍ മുഴുകുന്നു എന്ന് ഭാവിക്കുമ്പോഴും മനസ്സ് അനവധി മേച്ചില്‍പ്പുറങ്ങളിലൂടെ അലസമായി പായുന്നു. അതിരുകളില്ലാത്ത ഭൗതിക മോഹങ്ങളാണ് നിന്നെ നയിക്കുന്നത്. ഒരു ആത്മീയാചാര്യന്റെ മനസല്ല ഭരിക്കുന്നത്. ലൗകിക സുഖഭോഗങ്ങളുടെ പാരമ്യതയില്‍ എത്തിപ്പെടാനുളള അതിരില്ലാത്ത ദാഹം. അതിന് അളവറ്റ ധനം സമ്പാദിക്കാനുളള മോഹം. ഇതൊക്കെ ഈശ്വരദത്തമായ സിദ്ധികള്‍ ലഭിക്കാന്‍ തടസം നില്‍ക്കുന്നു'

അന്തര്‍ദൃഷ്ടി കൊണ്ട് ഗണിച്ചെടുത്ത കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നു മഹര്‍ഷിക്ക് അറിയാം. എത്ര ശ്രമിച്ചിട്ടും ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ അനവരതം പായുന്നു. പണമാണ് ഏറ്റവും മോഹിപ്പിക്കുന്നത്. ആദ്ധ്യാത്മികാനുഭൂതികള്‍ എത്രയോ മൂല്യവത്താണെന്ന ബോധം ഉണ്ടായിട്ടും പണത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ല. അളവറ്റ ധനം ആര്‍ജ്ജിക്കണം. അതുകൊണ്ട് നേടാനാവാത്തതായി ഒന്നുമില്ല.

രാജാക്കന്‍മാരുടെയും അതിസമ്പന്നരുടെയും ജീവിതസമൃദ്ധി കാണുമ്പോള്‍ മഹര്‍ഷിയുടെ ഉള്ളം തുടിക്കും. ഒരിക്കല്‍ തനിക്കു കൈവരാനിടയുളള അപൂര്‍വസിദ്ധികളുടെ പിന്‍ബലത്തോടെ സ്വപ്നം കാണുന്നതിലപ്പുറം ധനം ആര്‍ജ്ജിക്കും. കശ്യപന്‍ എന്നും അങ്ങനെ ചിന്തിച്ചുകൊണ്ടേയിരുന്നു.

അതുകൊണ്ടു തന്നെ ഈശ്വരന്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ടില്ല. വരലബ്ധികള്‍ നല്‍കിയതുമില്ല.

പതിവു സ്‌നാനത്തിനു പുഴയിലിറങ്ങിയ സമയത്താണ് പതിമൂന്ന് ഭാര്യമാരില്‍ അദ്ദേഹത്തെ ഏറ്റവും സ്‌നേഹിക്കുന്ന ധനു കാട്ടിലെത്തിയത്. തപം മുടക്കുന്ന പ്രലോഭനങ്ങളൊന്നും ഉണ്ടാവില്ലെന്ന ഉറപ്പില്‍ ഇടക്കിടെ അവളുടെ സന്ദര്‍ശനങ്ങള്‍ പതിവാണ്. വരും. രണ്ട് വാക്ക് ഉരിയാടി മടങ്ങും. അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അറിയുക. നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കിടുക. ഇതാണ് അവളുടെ ദൗത്യം.

അന്നും നാട്ടുവിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ധനു പരീക്ഷിത്ത് മഹാരാജാവിന്റെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചു. അവള്‍ മടങ്ങിയപ്പോള്‍ കശ്യപന് ധ്യാനം തുടരാന്‍ മനസ് വന്നില്ല. വലിയ ഒരു സാധ്യത തീവ്രമായി പ്രലോഭിപ്പിച്ചു.

പരീക്ഷിത്ത് മഹാരാജാവ് ഹസ്തിനപുരിയുടെ സര്‍വാധിപതിയാണ്. കണക്കില്ലാത്ത പണത്തിനും മറ്റ് ജീവിതസൗകര്യങ്ങള്‍ക്കും ഉടമ. അദ്ദേഹം മനസ് വച്ചാല്‍ സാധിച്ചു തരാന്‍ കഴിയാത്തതായി ഒന്നുമില്ല. അദ്ദേഹത്തിന് വേണ്ടത് ഇപ്പോള്‍ സ്വന്തം ജീവന്‍ മാത്രമാണ്. അതിനുവേണ്ടി അദ്ദേഹം എന്തും ചെയ്യും. എന്തും നല്‍കും.

പക്ഷെ അങ്ങിനെയൊരു ഉറപ്പ് നല്‍കാനുളള സിദ്ധി തനിക്ക് കരഗതമാണോ? 

ചില്ലറ മായവിദ്യകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈശ്വരീയമായ അപൂര്‍വസിദ്ധികളിലേക്ക് ഇനിയും താന്‍ എത്തിച്ചേര്‍ന്നിട്ടില്ല. അല്ലെങ്കില്‍ തന്നെ മരണം ഈശ്വരകല്‍പ്പിതമാണ്. അതിനെ അതിലംഘിക്കാന്‍ ഏത് മുനിവരനാണ് സാധിക്കുക? ഋഷീശ്വരന്‍മാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണ്. അദ്ദേഹത്തിന്റെ ഇംഗിതം നടപ്പാക്കുക എന്നതിനപ്പുറം ഈശ്വരനെ തിരുത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നിരിക്കിലും തിരുമനസുകൊണ്ട് ആകെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട സ്ഥിതിയിലാണ്. ഈ സമയത്തുളള ഒരു ആശ്വാസവാക്ക് പോലും അദ്ദേഹത്തെ ഇളക്കിമറിക്കും. ആയുര്‍ദൈര്‍ഘ്യത്തിനായി പൂജകളും ഹോമങ്ങളും ഉണ്ടെന്നും തനിക്ക് കരഗതമായ സിദ്ധികളിലൂടെ അത് യാഥാര്‍ത്ഥ്യമാക്കാമെന്നും ഉറപ്പ് കൊടുത്താല്‍ രാജാവ് അതില്‍ പ്രലോഭിതനാവും. പ്രത്യുപകാരമായി  പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് സമ്പത്ത് നല്‍കി തന്നെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. മറിച്ച് പ്രവചനം ഫലിച്ചില്ലെങ്കിലും ഭയപ്പെടേണ്ടതില്ല. അല്‍പ്പായുസായ രാജാവ് യമപുരി പൂകിക്കഴിഞ്ഞാല്‍ പിന്നെ സമാധാനം പറയാനുളള ബാധ്യത തനിക്കില്ല. ഇത് കൈ നനയാതെ മീന്‍പിടിക്കാനുള്ള അസുലഭ സന്ദര്‍ഭമാണ്.

ഭാര്യമാരില്‍ ഏറ്റവും പ്രിയപ്പെട്ട ധനുവിനു പോലും സൂചന നല്‍കാതെ കശ്യപന്‍ തപം താത്കാലികമായി നിര്‍ത്തിവച്ച് ഹസ്തിനപുരിയിലേക്ക് കാല്‍നടയായി പുറപ്പെട്ടു.

മാര്‍ഗമധ്യേ ഒരുപാടു മനോരാജ്യം കണ്ടു. ആവശ്യപ്പെടാതെ തന്നെ ആഗ്രഹിക്കുന്നതിലും അപ്പുറം സമ്പത്ത് നല്‍കി അനുഗ്രഹിക്കുന്ന പരീക്ഷിത്ത്. സ്വര്‍ണ്ണനാണയങ്ങളും രത്‌നക്കല്ലുകളും അട്ടിയട്ടിയായി അടുക്കിയ സുവര്‍ണ്ണ രഥത്തില്‍ ഒരു മടക്കയാത്ര. പണി പൂര്‍ത്തിയാക്കിയ രമ്യഹര്‍മ്മ്യങ്ങള്‍ തനിക്കായി അദ്ദേഹം തുറന്നു തരും. പതിമൂന്ന് ഭാര്യമാര്‍ക്കൊപ്പം മൈഥുനത്തിന്റെ പുതുപുത്തന്‍ രീതികള്‍ പരീക്ഷിച്ച് ഇനിയുളള കാലമത്രയും സ്വര്‍ഗ്ഗതുല്യമായ ജീവിതം...ഓര്‍ത്തപ്പോള്‍ തന്നെ കശ്യപന്റെ മനസില്‍ ഉത്സവമേളം ആരംഭിച്ചു.

ഉച്ചവെയിലിന്റെ തീക്ഷ്ണതാപത്തിലും കശ്യപന്‍ ക്ഷീണം അറിഞ്ഞില്ല. തണ്ണീര്‍പന്തലുകള്‍ കണ്ടിട്ടും കയറി നിന്നില്ല. ഗ്രാമക്കിണറുകളിലെ അതിശുദ്ധമായ വെളളം കണ്ടിട്ടും കുടിക്കാന്‍ തോന്നിയില്ല. മനസ് നിറയെ ഉണര്‍വാണ്. സ്വപ്നങ്ങള്‍ക്കപ്പുറമുള്ള ഒരു ജീവിതത്തെക്കുറിച്ചുളള ഭാവന അദ്ദേഹത്തെ വല്ലാതെ മഥിച്ചു. മരണത്തെ അതിജീവിക്കാന്‍ എന്ന നാട്യത്തില്‍ ചില ഉപായങ്ങള്‍ പറഞ്ഞു കൊടുക്കുകയേ വേണ്ടു. അപ്പോള്‍ തന്നെ രാജാവ് താന്‍ ആവശ്യപ്പെടുന്ന എന്തും ദക്ഷിണയായി നല്‍കും. ധനധാന്യസമ്പല്‍ ദേവനായ കുബേരാ...ലക്ഷ്മീദേവീ...അടിയനെ അനുഗ്രഹിക്കണേ...അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് കശ്യപന്‍ വീണ്ടും ബഹുദൂരം നടന്നു.

എത്ര ദൂരം നടന്നെന്ന് അറിയില്ല. എത്ര നാഴിക പിന്നിട്ടുവെന്നും അറിയില്ല.

ഇരുള്‍ വീഴാന്‍ ഒരുങ്ങുന്നു. അതിനു മുന്‍പ് ഏത് വിധേനയും കൊട്ടാരത്തില്‍ എത്തണം. ഇപ്പോള്‍ യാത്ര കൊടുംകാടിനു നടുവിലൂടെയാണ്. വന്യമൃഗങ്ങളുടെ സീല്‍ക്കാരങ്ങളും മുരള്‍ച്ചയും ഉള്‍ക്കാട്ടിലെങ്ങുനിന്നോ കേള്‍ക്കാം. കശ്യപന് ഭയം തോന്നിയില്ല. കടുത്ത തപശക്തിയാല്‍ താന്‍ സുരക്ഷിതനാണെന്ന് അറിയാം. അതിനുമപ്പുറം കൈവരാന്‍ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചുളള ഓര്‍മ്മ മറ്റെല്ലാ വികാരങ്ങളെയും മറികടന്ന് മനസ്സ് സന്തോഷഭരിതമാക്കുന്നു. പ്രതീക്ഷാപൂര്‍ണ്ണമാക്കുന്നു.

പൊടുന്നനെ നടപ്പാതയ്ക്കപ്പുറമുള്ള പൊന്തക്കാടുകളില്‍ നിന്ന് ഇലയനക്കം കേട്ടു. ദീര്‍ഘകായനായ ഒരു മനുഷ്യന്‍ നടന്നു വരും പോലെ. ഭീമാകാരനായ ഒരു കാട്ടാളന്റെ പദചലനങ്ങള്‍ പോലെ. അതോ വന്യമൃഗങ്ങളുടെ പദവിന്ന്യാസമോ?

കശ്യപന്‍ തലചെരിച്ച് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കി. ആരെയും കാണാനില്ല. പെട്ടെന്ന് മണ്‍പാതയിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു വന്ന് കുറുകെ കിടന്നു. കശ്യപന്‍ തെല്ല് അറപ്പോടെ പിന്നോക്കം ചുവട് വച്ചു. 

വഴിതടഞ്ഞുകൊണ്ട് കിടക്കുന്ന സര്‍പ്പത്തെ കണ്ട് അദ്ദേഹം ആശ്വാസത്തോടെ നിശ്വസിച്ചു. നാഗങ്ങള്‍ മനുഷ്യജീവന്‍ കവര്‍ന്നെടുക്കാറില്ല. നിരുപദ്രവകാരികളാണ് അവര്‍. നമ്മള്‍ വഴിമാറി നടക്കുകയേ വേണ്ടു. അവര്‍ അവരുടെ വഴിക്കു പോകും. മറിച്ച് ചവിട്ടിയും അടിച്ചും ഉപദ്രവിച്ചാല്‍ വിഷപ്പല്ലുകള്‍ ആഴ്ത്തി ജീവനും കൊണ്ടേ പോകൂ. ചിലപ്പോള്‍ വര്‍ഷങ്ങളോളം കാത്തിരുന്ന് ദംശനം ഏല്‍പ്പിച്ചെന്നും വരാം. 

പലതും ആലോചിച്ച് ഒഴിഞ്ഞു മാറി നില്‍ക്കെ സര്‍പ്പം പതുക്കെ ചിരിക്കാന്‍ തുടങ്ങി. മഹര്‍ഷിക്ക് അതിശയം തോന്നി. സര്‍പ്പങ്ങള്‍ പുഞ്ചിരിക്കുമോ?

'ആരാണ് നീ? എന്താണ് വേണ്ടത്?'

സര്‍പ്പം അതിന് മറുപടി നല്‍കാതെ പുഞ്ചിരി തുടര്‍ന്നു.

' മായവിദ്യകള്‍ കാട്ടി മനുഷ്യനെ ഭയപ്പെടുത്തുന്ന ഒടിയനല്ലേ നീ..അതോ രൂപം മാറി വന്ന ദിവ്യപുരുഷനോ?'

പരീക്ഷണം ഏത് ദിശയില്‍ നിന്നെന്ന് കശ്യപന് ഉറപ്പുണ്ടായിരുന്നില്ല. സര്‍പ്പം പതിയെ ചുണ്ടുകള്‍ പിളര്‍ന്നു. നാവ് ചലിപ്പിച്ചു. ശേഷം പ്രതിവചിച്ചു.

'അങ്ങ് കേട്ടിട്ടുണ്ടാവും. ഞാന്‍ തക്ഷകന്‍. നാഗങ്ങളുടെ രാജാവ്. ഈ കാടിന്റെ അധിപതി '

കശ്യപന്‍ ഒന്ന് ഉലഞ്ഞു. മഹാസര്‍പ്പമായ തക്ഷകനെക്കുറിച്ച് കേള്‍ക്കാത്ത ഒരാളും ഭൂമിയിലില്ല. പക്ഷെ സര്‍പ്പത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നീര്‍ക്കോലിയോളം പോന്ന ഈ രൂപമോ തക്ഷകന്‍?

പത്താള്‍പൊക്കവും ആകാശത്തോളം വളരാന്‍ കെല്‍പ്പുമുളള മായവിദ്യകള്‍ വശമായ മഹാസര്‍പ്പമാണ് തക്ഷകന്‍. ഈശ്വരീയമായ സിദ്ധികള്‍ കൈവശമുണ്ടെന്ന് പറയപ്പെടുന്ന നാഗാധിപന്‍. ഇത്തിരിപ്പോന്ന ഈ സര്‍പ്പം തക്ഷകന്റെ പേര് പറഞ്ഞ് തന്നെ വിഡ്ഢിയാക്കുകയാണോ? പെട്ടെന്ന് തന്നെ മറുചിന്ത അദ്ദേഹത്തെ ഗ്രസിച്ചു. അങ്ങനെയെങ്കില്‍ മനുഷ്യരെ പോലെ സംസാരിക്കാന്‍ കഴിയുന്നതെങ്ങനെ? സര്‍പ്പങ്ങള്‍ക്കു മനുഷ്യഭാഷ വശമുണ്ടോ? ചീറ്റാനും സീല്‍ക്കാരമുതിര്‍ക്കാനുമല്ലാതെ ഏത് സര്‍പ്പത്തിനാണ് സംസാരിക്കാന്‍ കഴിയുക?

ഇവന്‍ നല്ല മണി മണി പോലെ അനര്‍ഗളമായും അനുസ്യൂതമായും വാക്കുകള്‍ കൊണ്ട് വിനിമയം ചെയ്യുന്നു.

അത്ഭുതവും അവിശ്വസനീയതയും വഴിയുന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

' തക്ഷകന്റെ രൂപം എന്റെ മനസില്‍ ഇങ്ങനെയായിരുന്നില്ല'

സര്‍പ്പം ചിരിച്ചു.

' രൂപത്തെക്കുറിച്ച് സംശയങ്ങള്‍ വേണ്ട. ആഗ്രഹിക്കുമ്പോള്‍ ആഗ്രഹിക്കുന്ന തരത്തില്‍ രൂപപരിവര്‍ത്തനം ചെയ്യാന്‍ കഴിവുളളവനാണ് തക്ഷകന്‍. എന്താ അങ്ങേയ്ക്ക് സംശയമുണ്ടോ?'

കശ്യപന്‍ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞില്ല. തന്നേക്കാള്‍ കരുത്തന്‍മാരെ അഭിമുഖീകരിക്കുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെക്കുറിച്ച് പ്രായോഗികമതിയായ അദ്ദേഹത്തിന് നന്നായറിയാം.

' അങ്ങയുടെ കഴിവുകളെ സംശയിക്കാനോ വാദപ്രതിവാദങ്ങള്‍ക്കോ എനിക്കുദ്ദേശമില്ല. ഞാന്‍ അടിയന്തിരമായി ഒരു യാത്രയിലാണ്. മാര്‍ഗതടസം സൃഷ്ടിക്കാതെ വഴിമാറി തന്നാലും'

ഇക്കുറി തക്ഷകന്‍ കുറെക്കൂടി ഉച്ചത്തില്‍ ചിരിച്ചു. മഹര്‍ഷി അവന്റെ നീക്കങ്ങള്‍ ജാഗ്രതയോടെ പിന്‍തുടര്‍ന്നു.

' അങ്ങയുടെ യാത്രോദ്ദേശം ഞാന്‍ മനസിലാക്കുന്നു. ദയവായി അതില്‍ നിന്ന് പിന്‍തിരിയണം'

' എന്തിന്? ഒരു പാവം ജീവന്‍ എടുത്തിട്ട് നിനക്ക് എന്ത് നേടാനാണ്?'

മഹര്‍ഷി ശബ്ദം പരമാവധി താഴ്ത്തി യാചനാസ്വരത്തില്‍ ചോദിച്ചു.

' മുനിശാപത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ? തന്നെയുമല്ല പരീക്ഷിത്ത് മരണശിക്ഷ ഏറ്റുവാങ്ങാന്‍ സര്‍വഥാ യോഗ്യനാണ്. നാഗങ്ങള്‍ അകാരണമായി ആരെയും ഉപദ്രവിക്കാറില്ലെന്നൂം അങ്ങേയ്ക്ക് അറിയാം. പിന്നെന്തിനാണ് അങ്ങ് എന്നെ കുറ്റപ്പെടുത്തുന്നത്?'

' പ്രജാക്ഷേമ തത്പരനും മഹാസാത്വികനുമായ പരീക്ഷിത്ത് നിന്നോട് എന്ത് മഹാപരാധമാണ് ചെയ്ത്. പറയൂ?'

' മഹാരാജാവിന്റെ മുത്തശ്ശന്‍ ഖാണ്ഡവവനം തീയിട്ടതും എന്റെ പ്രിയപത്‌നിയും സാധുക്കളായ നാഗങ്ങളും വെന്തുവെണ്ണീറായതും ഞങ്ങള്‍ മറക്കില്ല. പൊറുക്കുകയുമില്ല'

' മുത്തച്ഛന്‍ ചെയ്ത തെറ്റിന് പേരക്കുട്ടി എന്ത് പിഴച്ചു?'

' ശാപകോപങ്ങളുടെ അനന്തരഫലത്തെക്കുറിച്ചും ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞു തരണോ? അര്‍ഹതയുണ്ടായിട്ടും അര്‍ജുനന് രാജാധികാരം കൈവന്നില്ല. പുത്രദുഖം അനുഭവിച്ചുകൊണ്ട് എത്രയോ സംവത്സരം ജീവിക്കേണ്ടി വന്നു. ഇനി ഏത് ലോകത്തിരുന്നാണെങ്കിലും പേരക്കുട്ടിയുടെ ദുര്‍മൃത്യൂ കണ്ട് ആ ആത്മാവ് വീണ്ടും വീണ്ടും വേദനിക്കണം. അങ്ങനെ ജന്മജന്മാന്തരങ്ങളോളം ശാപം അര്‍ജുനനെ വേട്ടയാടും. മുനി കുമാരന്റെ ശാപം പോലും എന്റെ പ്രതികാരം നിര്‍വഹിക്കാനുളള നിമിത്തമാണ് '

മഹര്‍ഷി മറുപടി പറഞ്ഞില്ല. സ്വന്തം സുഖാര്‍ത്ഥം ഒന്നല്ല ഒരുപാട് ജീവന്‍ നിഷ്‌കരുണം ഇല്ലാതാക്കിയ ആളാണ് അര്‍ജുനന്‍. ധാര്‍മ്മികതയും സഹജീവിസ്‌നേഹവും കാരുണ്യവുമൊന്നും ആ സമയത്ത് അദ്ദേഹം കാര്യമാക്കിയില്ല. ഭാര്യയും മക്കളും ഉറ്റവരും ഉടയവരും പ്രജകളും അടക്കം ഒരു മഹാജനതയെ നിമിഷാര്‍ദ്ധം കൊണ്ട് വെണ്ണീറാക്കിയ ഒരാളോടു പക വീട്ടാന്‍ തുനിയുന്ന നാഗരാജാവിനോട് അരുതെന്ന് പറയാന്‍ തനിക്ക് അവകാശമില്ല. അങ്ങനെ പറഞ്ഞാലും അനുസരിക്കാനുളള ബാധ്യത തക്ഷകനില്ല. എന്നിട്ടും ഒരു അവസാന ശ്രമമെന്നോണം കശ്യപന്‍ പറഞ്ഞു.

'നീ പറയുന്നതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. അതില്‍ നിന്റേതായ ന്യായങ്ങളുണ്ട് എന്നിരുന്നാലും എനിക്കു വേണ്ടി നീ ഒരു തവണ അദ്ദേഹത്തോട് ക്ഷമിക്കണം'

'എന്തിന്? എന്താണ് അങ്ങേയ്ക്ക് ഇതിലുളള താത്പര്യം? രാജാവിന്റെ ജീവന്‍ രക്ഷിച്ചു എന്ന് മേനി നടിക്കാനോ? അതോ രാജാവില്‍ നിന്ന് ലഭ്യമാകുന്ന പാരിതോഷികങ്ങള്‍ കൊണ്ട് ശിഷ്ടകാലം സുഖിച്ച് ജീവിക്കാനോ?'

കശ്യപന് ഉത്തരം മുട്ടി. തക്ഷകന്‍ നിസാരക്കാരനല്ലെന്ന് ബോധ്യമായി. അന്തര്‍ദൃഷ്ടി കൊണ്ട് അദ്ദേഹം തന്റെ മനസ് വായിക്കുന്നു. എങ്കിലും തോറ്റു പിന്‍മാറാന്‍ ആസക്തമായ മനസ് അനുവദിക്കുന്നില്ല. ഇക്കുറി അദ്ദേഹം ഭീഷണിയുടെ ലാഞ്ജന മുഴക്കി.

'ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം. നിനക്ക് സങ്കല്‍പ്പിക്കാനാവാത്ത തപശക്തിയുടെ പിന്‍ബലമുളള ഋഷീശ്വരനാണ് ഞാന്‍. നീ മനസില്‍ കണ്ടാല്‍ ഞാനത് മാനത്ത് കാണും. എത്ര കഷ്ടപ്പെട്ടാണെങ്കിലും മഹാരാജാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും. അതിനിടയില്‍ നിന്റെ ജീവന്‍ പൊലിഞ്ഞു പോയാല്‍ എന്നെ കുറ്റപ്പെടുത്തരുത്. ഈശ്വരനെ വിചാരിച്ച് ഈ ദൗത്യം ഉപേക്ഷിക്കണം'

തക്ഷകന്‍ എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ താളക്രമവും ആരോഹണവും അനുസരിച്ച് അവന്റെ രൂപം വളര്‍ന്നു വളര്‍ന്ന് ആകാശത്തോളം ഉയര്‍ന്നു. മഹര്‍ഷി കഴുത്ത് നീട്ടി നോക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും മുഖം കാണാനാവാത്ത വിധം തക്ഷകന്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ഉയരത്തിനൊത്ത വണ്ണവും മൂര്‍ച്ചയേറിയ പല്ലുകളും മറ്റുമായി ആരെയും ഭയപ്പെടുത്തുന്ന രൂപമായിരുന്നു അത്.

കശ്യപന്‍ ഭയം പുറത്തു കാണിക്കാതെ അക്ഷോഭ്യനായി നിന്നു.

അവര്‍ നിന്നിടത്തു നിന്നും കാണാപ്പാട് അകലെ ഒരു വലിയ ആല്‍മരം നില്‍പ്പുണ്ടായിരുന്നു. തക്ഷകന്‍ തീ തുപ്പി ക്ഷണനേരത്തിനുളളില്‍ അത് കരിച്ചു കളഞ്ഞു. അവന്റെ രോഷപ്രകടനം മഹര്‍ഷിയുടെ ഞാന്‍ എന്ന ഭാവം ജ്വലിപ്പിച്ചു.

അദ്ദേഹം കണ്ണുകളടച്ച് ആകാശത്തേക്ക് മുഖം തിരിച്ച് വിഷഹാരിമന്ത്രം ചൊല്ലി.

അടുത്ത നിമിഷം മുന്‍പ് നിന്നിരുന്ന അതേ ഊര്‍ജ്ജത്തോടെ ആല്‍മരം തലയെടുപ്പോടെ നിന്നു. ഇലകള്‍ ഇളംകാറ്റില്‍ ഇളകിത്തുടിച്ചു. തക്ഷകന്‍ ഒന്ന് ഞെട്ടി. മഹര്‍ഷിയെ അതിജീവിക്കുക എളുപ്പമല്ലെന്ന് അവന് ബോധ്യമായി. 

ഭീഷണിയേക്കാള്‍ പ്രലോഭനത്തിന്റെ മാര്‍ഗമാണ് ഉചിതം. കശ്യപന്‍ ധനത്തിന് അടിമയാണ്. സമ്പത്തിന്റെ ഉപാസകനാണ്. ഈ സാഹചര്യത്തില്‍ അവസരം പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം. പരസ്പരം മത്സരിച്ചതു കൊണ്ടോ ശക്തിതെളിയിച്ചിട്ടോ ഒന്നും നേടാനില്ല. ലക്ഷ്യമാണ് പ്രധാനം. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും.

തക്ഷകന്‍ ആകാശത്തോളം ഉയര്‍ന്നു നിന്ന ശിരസ്സ് മെല്ലെ താഴ്ത്തി മഹര്‍ഷിയുടെ കാല്‍ക്കല്‍ നമസ്‌കരിച്ചു. കൊത്താനുളള പുറപ്പാടാണെന്ന് ഭയന്ന് കശ്യപന്‍ ഒരടി പിന്നാക്കം മാറി. തക്ഷകന്‍ എളിമയുടെ മഹാമന്ത്രം പോലെ പരമാവധി ശബ്ദം താഴ്ത്തി പറഞ്ഞു.

' മഹാത്മന്‍..അങ്ങയുടെ ശക്തി എന്താണെന്ന് എനിക്ക് പൂര്‍ണ്ണബോധ്യമുണ്ട്. അവിടത്തെ വഴി തടയാന്‍ ഞാനാളല്ല. എന്ന് കരുതി ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാനും കഴിയില്ല. അതിനാല്‍ ഇത് ഒരു അപേക്ഷയായി സ്വീകരിച്ച് അങ്ങ് ഈ ദൗത്യത്തില്‍ നിന്നു പിന്‍മാറണം. തത്കാലം അങ്ങേയ്ക്ക് നല്‍കാന്‍ എന്റെ പക്കല്‍ ഇതേയുളളു. ദയവായി സ്വീകരിച്ചാലും..'

വായുവില്‍ നിന്നെന്നോണം ഒരു പണക്കിഴി പറന്നു വന്ന് തക്ഷകന്റെ പല്ലില്‍ ഉടക്കി. അവന്‍ അത് മഹര്‍ഷിയുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ചു. തുറന്നു നോക്കിയ കശ്യപന്റെ കണ്ണുകള്‍ മഞ്ഞളിച്ചു. അസ്തമയത്തോട് അടുത്തിട്ടും മഞ്ഞ നിറമുളള സൂര്യപ്രഭയേറ്റ് തിളങ്ങുകയാണ് വജ്രക്കല്ലുകള്‍. കശ്യപന്റെ മുഖം തിളങ്ങി. രാജാവ് തന്നെ സമ്പത്ത് കൊണ്ട് അനുഗ്രഹിക്കുമെന്നത് ഒരു സങ്കല്‍പ്പം മാത്രമാണ്. ഇത് കണ്‍കണ്ട യാഥാര്‍ത്ഥ്യമാണ്. ജീവന്‍ തിരിച്ചുകിട്ടിയ ശേഷം പ്രതിഫലമെന്ന് അദ്ദേഹം വ്യവസ്ഥ ചെയ്താല്‍ എതിര്‍ക്കാന്‍ തനിക്ക് കഴിയില്ല. തിരുവായ്ക്ക് എതിര്‍വായില്ലെന്നാണല്ലോ പ്രമാണം. മാത്രമല്ല ഋഷീശ്വരനായ തനിക്ക് എന്തിന് പൊന്നും പണവുമെന്ന് അദ്ദേഹം നിനച്ചാല്‍ അതോടെ തന്റെ പരിശ്രമങ്ങള്‍ വൃഥാവിലാകും. തന്നെയുമല്ല തക്ഷകന്‍ അടക്കമുളള വിഷസര്‍പ്പങ്ങളുടെ ശത്രുനിരയിലാവും പിന്നെ തന്റെ സ്ഥാനം. 

ഒരിക്കല്‍ തപശക്തി നഷ്ടമായാല്‍ ശിഷ്ടകാലത്ത് സര്‍പ്പദംശനമേറ്റ് മരിക്കാനാവും തന്റെ വിധി.

കശ്യപന്‍ ആലോചനകളുടെ മൗനത്തിലമര്‍ന്നു നിന്ന ഇടവേളയില്‍ അയാളുടെ അന്തരംഗം അന്തര്‍ദൃഷ്ടിയാല്‍ വായിച്ച് തക്ഷകന്‍ പുഞ്ചിരിച്ചു. പിന്നെ സ്വരൂപം വിട്ട് ചുരുങ്ങി ചുരുങ്ങി മനുഷ്യനോളം ചെറുതായി മഹര്‍ഷിയുടെ തോള്‍പൊക്കം സ്വീകരിച്ചു. പിന്നെ വിനയാന്വിതനായി ഇങ്ങനെ ബോധിപ്പിച്ചു.

'അങ്ങയെ ഉപദേശിക്കാന്‍ ഞാനാളല്ല. മഹാജ്ഞാനിയും തപസ്വിയുമായ അങ്ങയുടെ മുന്നില്‍ ഞാന്‍ ഒരു കടുകുമണിയോളം ചെറുതാണ്. എന്നിരിക്കിലും പരിമിതമായ അറിവുകളുടെ പശ്ചാത്തലത്തില്‍ ഉണര്‍ത്തിക്കുകയാണ്. മനുഷ്യാതീതമായ ശ്രമങ്ങള്‍ക്കു പരിമിതിയുണ്ട്. ഞാനടക്കമുളള ജീവജാലങ്ങള്‍ക്കും അത് ബാധകം.

അങ്ങ് എത്ര ശ്രമിച്ചാലും പരീക്ഷിത്തിനെ രക്ഷിക്കാന്‍ സാധിക്കില്ല. കാരണം ഇത് ഈശ്വരനിശ്ചയമാണ്. ആ തീരുമാനം തീരുത്താന്‍ ആര്‍ക്കും സാധ്യമല്ല. മുനികുമാരന്റെ ശാപവും ഞാനുമെല്ലാം കേവലം നിമിത്തങ്ങള്‍ മാത്രം'

കശ്യപന്‍ മെല്ലെ കണ്ണുകള്‍ അടച്ചു. അദ്ദേഹത്തിന്റെ അന്തരംഗത്തില്‍ ചില ചിത്രങ്ങള്‍ തെളിഞ്ഞു.

ആകാശത്തോളം ഉയരമുള്ള മഹാഗ്നിയില്‍ കത്തിയെരിയുന്ന ഖാണ്ഡവ വനം.

ജീവല്‍ഭയത്താല്‍ പിടയുന്ന സര്‍പ്പങ്ങള്‍...

സ്വന്തം ആഗ്രഹപൂര്‍ത്തീകരണത്തിനായി ഒരു ആവാസവ്യവസ്ഥയെ നിഷ്‌കരുണം നശിപ്പിക്കുന്ന മനുഷ്യത്വരാഹിത്യം...

ജലപാനമില്ലാതെ കൊടുംകാട്ടില്‍ കഠിനതപസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശമീക മഹര്‍ഷി. ചത്ത പാമ്പിനെ വില്ലില്‍ തോണ്ടി ആ തോളില്‍ മാല പോലെ അണിയിക്കുന്ന പരീക്ഷിത്ത്.

ഭാഗവത സപ്താഹയജ്ഞം കഴിഞ്ഞ് ദക്ഷിണ വാങ്ങി പിരിയുന്ന സന്ന്യാസിമാര്‍.

അവര്‍ക്ക് യാത്രാമൊഴി നല്‍കുന്ന പരീക്ഷിത്ത്.

ഋഷീശ്വരന്‍മാര്‍ വാതില്‍ കടന്ന് മറഞ്ഞതും പ്രതീക്ഷാപൂര്‍വം മാദ്രിയുടെ അധരങ്ങള്‍ ചലിച്ചു.

'ഇപ്പോള്‍ മനസിന് വല്ലാത്ത ആശ്വാസം തോന്നുന്നു ഭവാന്‍. മരണത്തെ അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസം. ഭഗവാന്റെ ദശാവതാര കഥകള്‍ ശ്രവിക്കാന്‍ കഴിഞ്ഞതു തന്നെ സുകൃതം. ഈ മഹാമുനിമാരുടെ സാന്നിദ്ധ്യം ആപത്തുകള്‍ അകറ്റുമെന്നു മനസ് മന്ത്രിക്കുന്നു'

പരീക്ഷിത്ത് പുച്ഛത്തോടെ ഒന്ന് ചിറികോട്ടി. പിന്നെ നിസാരഭാവത്തില്‍ പറഞ്ഞു.

'അതിപ്പോള്‍ മുനിമാര്‍ വന്നില്ലെങ്കിലും നമുക്ക് ഒന്നും സംഭവിക്കില്ല. ഇത്ര കഠിനമായ സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് ഒരീച്ചയ്ക്ക് പോലും എന്നെ സ്പര്‍ശിക്കാന്‍ കഴിയില്ല'

'ആപത്ത് വരാന്‍ പുറമെ നിന്നുള്ള ആക്രമണം വേണമെന്നുണ്ടോ? സ്വന്തം ശരീരം തന്നെ തിരിഞ്ഞു നിന്നാല്‍ തീര്‍ന്നില്ലേ എല്ലാം..' മാദ്രി സ്ത്രീസഹജമായ സംശയം ഉന്നയിച്ചു.. പരീക്ഷിത്ത് വീണ്ടും സഹജമായ അഹന്തയോടെ ചിരിച്ചു.

'അതെങ്ങനെ? മുടങ്ങാതെ വ്യായാമം ചെയ്തുറച്ച ശരീരം. മഹാരോഗങ്ങള്‍ പോയിട്ട് ചെറുപനി പോലും വരാറില്ല. അമൃതും മൃതസഞ്ജീവനിയും അടക്കമുളള മഹാഔഷധങ്ങള്‍ നിരന്തരം സേവിക്കുന്ന നമ്മെ ഒരു ഹൃദയസ്തംഭനത്തിനും കീഴ്‌പെടുത്താനാവില്ല. വിഢ്ഢിത്തം പുലമ്പാതിരിക്കൂ ദേവീ..''

മാദ്രി മറുപടി പറഞ്ഞില്ല.

അക്ഷമയും അസഹിഷ്ണുതയും അന്യരെ ആദരിക്കാനും അംഗീകരിക്കാനുമുളള വിമുഖതയും അഹന്തയുമെല്ലാം അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളാണ്. 

മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് അവബോധമുണ്ടായെന്ന് ഭാവിക്കുമ്പോഴും മരണത്തിന് തന്നെ സ്പര്‍ശിക്കാനാവില്ലെന്നും എല്ലാം സ്വന്തം നിയന്ത്രണത്തിലാണെന്നും അദ്ദേഹം വൃഥാ ധരിക്കുന്നു. മനുഷ്യന്‍ എത്ര അറിവ് നേടിയാലും ആന്തരികമായ അജ്ഞത അവനെ പിന്നോട്ട് നയിക്കുന്നു.

കശ്യപന്‍ അവര്‍ രണ്ടുപേരുടെയും മനോവിചാരങ്ങള്‍ ഗ്രഹിച്ചു. 

എത്ര ആത്മജ്ഞാനം നേടിയാലും മനുഷ്യനിലെ ഞാന്‍ എന്ന ഭാവം നിലനില്‍ക്കുന്നു.

ആ സമയത്ത് അവന്‍ ഈശ്വരനെ കാണുന്നില്ല. അറിയുന്നില്ല. അതുകൊണ്ട് ആപത്തുകള്‍ അവനെ വേട്ടയാടുന്നു. സ്വയം കൃതാനര്‍ത്ഥം എന്ന പദം അര്‍ത്ഥപൂര്‍ണ്ണമാവുന്നു. 

'അങ്ങെന്താണ് മൗനം പാലിക്കുന്നത്. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും അരുതുകളുണ്ടോ?'

ഇക്കുറി കശ്യപന്‍ ചിരിച്ചു. ആത്മീയമായ തിരിച്ചറിവുകളുടെ ആഴമുളള ചിരി.

'നീ പറഞ്ഞതാണ് ശരി. സമ്പത്തിനോടുളള അമിതപ്രതിപത്തി കൊണ്ട് അല്‍പ്പസമയം ഞാന്‍ അന്ധനായി പോയി. എത്ര ശ്രമിച്ചാലും പരീക്ഷിത്തിന്റെ ആയൂര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക ദുഷ്‌കരമാണ്. അയാളുടെ അനുഭവപാഠം എല്ലാവര്‍ക്കും ബാധകമാണ്. 

ആരുടെയും ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെയും അവഹേളിക്കാനും പാടില്ല. ഞാനും നീയും പരീക്ഷിത്തുമെല്ലാം ഈശ്വരാംശങ്ങള്‍. നാം ഈശ്വനില്‍ നിന്നു ജനിക്കുന്നു. അവിടേക്കു മടങ്ങുന്നു. വീണ്ടും ജനിക്കുന്നു. മണ്ണിലലിയുന്നത് നശ്വരമായ കേവലം ശരീരം മാത്രം. ആത്മഭാവം ഈശ്വരനാണ്. മറ്റൊരു ജീവന്‍ ഹനിക്കുമ്പോഴും അപമാനിക്കുമ്പോഴും ഫലത്തില്‍ നാം ഈശ്വരനെയാണ് മുറിവേല്‍പ്പിക്കുന്നത്'

തക്ഷകന്‍ മഹര്‍ഷിയെ താണുതൊഴുതു. 'ദിവ്യമായ ജ്ഞാനത്തിന്റെ വെളിച്ചം എന്നിലേക്ക് പകര്‍ന്ന മഹാഗുരുവേ പ്രണാമം. അങ്ങ് നീണാള്‍ വാഴട്ടെ. അങ്ങയുടെ പ്രഭാവം ഈരേഴ് ലോകത്തും നിറയട്ടെ'

മഹര്‍ഷിയും തിരികെ പ്രണമിച്ചു.

'ഞാന്‍ മടങ്ങുന്നു. ഭൂമി ഉരുണ്ടതാണ്. നിയതി അനുവദിക്കുമെങ്കില്‍ ഇനിയും കാണാം' മഹര്‍ഷി അത്രയും പറഞ്ഞ് പിന്‍തിരിഞ്ഞ് നടന്നു.

ചാരിതാര്‍ത്ഥ്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് തക്ഷകന്‍ ആ കാഴ്ച നോക്കി നിന്നു. മണ്‍പാതയുടെ അങ്ങേത്തലയ്ക്കല്‍ അനുനിമിഷം വളരുന്ന ഇരുളില്‍ മഹര്‍ഷി മറഞ്ഞു.

തക്ഷകന്‍ എളേളാളം ചുരുങ്ങി കാടിന്റെ  അഗാധതയിലേക്ക് ഒരു പുഴുവിനെ പോലെ അരിച്ചരിച്ച് നീങ്ങി.

കാട് ഇരുളില്‍ മറഞ്ഞു.

രാത്രി വളരുകയായിരുന്നു.

 

Content Summary: Paramapadam, Episode 09, e-Novel written by Sajil Sreedhar