ADVERTISEMENT

"പാത്തോഫിസിയോഗ്ണോമി എന്നൊന്നില്ല. ഫിസിയോഗ്ണോമി ഗൂഗിൾ സെർച്ചിൽ വന്നിട്ടുണ്ട്. ശരിയാണ്. അയാൾ പറഞ്ഞത് ശാസ്ത്രമാണ്. പക്ഷെ നീയീ പറഞ്ഞ താളിയോല പരിപാടി? അത് വർക്കാവുമോ? ഇത്രയും താളിയോല കൈവശമുള്ള ആ തള്ള എന്തിനു ദാരിദ്ര്യത്തിൽ കഴിയുന്നു? അവർക്കതു വച്ചു കോടികൾ ഉണ്ടാക്കാൻ കഴിയില്ലേ?"

പ്രദീപ്‌ ഫോണിൽ ഫിസിയോഗ്ണോമി ലേഖനം വായിച്ചു കൊണ്ട് പറഞ്ഞു.

"അതിനവര് ദാരിദ്ര്യത്തിൽ കഴിയുകയാണെന്ന് നിന്നോടാരാ പറഞ്ഞത്? അവർക്കാവശ്യത്തിന് സാമ്പത്തികമൊക്കെയുണ്ട്. പിന്നെ കോടികൾ ഉണ്ടാക്കണം എന്ന അതിമോഹം അവർക്കില്ലെങ്കിലോ?"

സുഭാഷ് പ്രദീപിനെ കൗണ്ടർ ചെയ്തു.

പ്രദീപ്‌ അനുകൂലമട്ടിൽ തലയാട്ടി.

"കാര്യത്തിലേക്ക് വരാം. നമുക്ക് മൂവർക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ആ താളിയോലകൾ അതിനൊരു പരിഹാരമാവും എന്നെനിക്കുറപ്പുണ്ട്. "വിനോദ് പറഞ്ഞു.

"താളിയോലകൾ നമ്മുടെ കയ്യിലെത്തി എന്നു കരുതുക. എങ്ങനെ അതിൽ നിന്നും പൈസയുണ്ടാക്കും?"പ്രദീപ്‌ ചോദിച്ചു.

"ഒരു ഹൈടെക് ജ്യോതിഷാലയം! പോരേ?" സുഭാഷ് പറഞ്ഞു.

"അതുക്കും മേലേ." വിനോദ് ചിരിച്ചു.

ഇരുവരും സംശയഭാവത്തിൽ വിനോദിനെ നോക്കി.

"ഇന്റർനാഷണൽ മാർക്കറ്റ്! അവിടെ ഈ സാധനത്തിന്, അമൂല്യങ്ങളായ താളിയോലകൾക്ക് നമ്മളൂഹിക്കുന്നതിനും മേലെയാണ് ഡിമാന്റ്."

വിനോദിന്റെ ശബ്ദം ഉറച്ചതായിരുന്നു.

"ഇന്റർനാഷണൽ മാർക്കറ്റ്! കേൾക്കാൻ സുഖമുണ്ട്. നീ എന്തറിഞ്ഞിട്ടാ?" പ്രദീപ്‌ പുച്ഛത്തോടെ പറഞ്ഞു.

"അതെനിക്ക് വിട്ടേരെ.എനിക്കാളുണ്ട്." വിനോദിന്റെ ഉറച്ച ശബ്ദത്തിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.

.......... ....................................... ...........................

ദാക്ഷായണിയെ താളിയോലകൾ സഹിതം വീടിനു വെളിയിൽ കൊണ്ടു വരുക!

അതായിരുന്നു പ്ലാനിൽ മുഖ്യം.

സുഭാഷിന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിൽ പൂജക്കെന്നും പറഞ്ഞു കൊണ്ടു വരുക.പഴയ വാടകക്കാരൊഴിഞ്ഞിട്ട് ആരും വാടകക്ക് വരുന്നില്ല, വില്പനയും നടക്കുന്നില്ല, അതിന്റെ പരിഹാരപൂജ!

ദാക്ഷായണിയെ വീട്ടിൽ ചെന്ന് വിളിക്കണ്ട എന്നു മൂവരും തീരുമാനിച്ചു. കാരണം താളിയോലകൾ അപഹരിച്ചു എന്നൊരു പൊലീസ് കേസ് ഉണ്ടായാൽ അവർ ചെന്നത് തെളിവാകും.

ദാക്ഷായണി അവരുടെ നിരീക്ഷണത്തിലായി.

അങ്ങനെ ആഴ്ചയിലൊരിക്കൽ ദാക്ഷായണി പൂജാസാധങ്ങൾ വാങ്ങാൻ പുറത്തിറങ്ങാറുണ്ടെന്ന് അവർ മനസ്സിലാക്കി.

ദാക്ഷായണി പുറത്തിറങ്ങിയ ദിവസം റോഡിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന അവരുടെ അടുത്ത് വിനോദ് കാർ കൊണ്ടു നിർത്തി കാറിലിരുന്നു കാര്യം അവതരിപ്പിച്ചു.

താൻ പുറത്ത് പോയി പൂജ ചെയ്യില്ലെന്ന് അവർ പറഞ്ഞപ്പോൾ അയ്യായിരം രൂപ വിനോദ് അപ്പോൾ തന്നെ അവരുടെ കയ്യിൽ പിടിപ്പിച്ചു. പണം കിട്ടിയപ്പോൾ അവരുടെ മനോഭാവത്തിന് വ്യത്യാസം വന്നു.

താൻ പിറ്റേന്ന് വരാമെന്നവർ സമ്മതിച്ചു.

"റോഡിൽ ഇവിടെ നിന്നാൽ മതി. ഞാൻ കാറുമായി വന്നോളാം. പിന്നെ ആ താളിയോലകൾ മൊത്തം എടുത്തോണം. പൂജ കഴിഞ്ഞാൽ രൂപാ പതിനായിരം തരും."

അതു കേട്ടപ്പോൾ അവർക്കുത്സാഹമായി.

"ഞാൻ നാളെ ഈ സമയത്തിവിടെ കാണും. എന്തുവാ മോന്റെ പേര്? ഇവിടെ എവിടാ താമസിക്കുന്നെ?"

"എന്റെ പേര് സുകുമാരക്കുറുപ്പ്. മാവേലിക്കരയാ ശരിക്കും വീട്. നമ്മള് പൂജ ചെയ്യാൻ ഉള്ള വീടിവിടെ അടുത്ത് തന്നാ. അപ്പൊ ശെരി. നാളെ കാണാം."

കാറിന്റെ ചില്ല് കേറ്റിക്കൊണ്ട് വിനോദ് പറഞ്ഞു.

(തുടരും...)

Content Summary: Thaliyolakolapathakam, Episode 04, Malayalam Novelette Written by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com